കലകൾ (ജീവശാസ്ത്രം)

(Tissue (biology) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കലകൾ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കലകൾ (വിവക്ഷകൾ) എന്ന താൾ കാണുക. കലകൾ (വിവക്ഷകൾ)

ഒരേയിനം ഘടനയും ഒരേ പൂർവ്വിക കോശത്തിൽ നിന്നും രൂപം കൊണ്ടതുമായ കോശസമൂഹമാണ് കലകൾ. കലകളെക്കുറിച്ചുള്ള പഠനം ഹിസ്റ്റോളജി എന്നറിയപ്പെടുന്നു. സസ്യങ്ങളിലും ജന്തുക്കളിലും വിവിധതരത്തിലുള്ള കലകൾ കാണപ്പെടുന്നു. ആവരണകല, പേശീകല, നാഡീകല, യോജകകല എന്നിവയാണ് മുഖ്യ ജന്തുകലകൾ.[1] പാരൻകൈമ, കോളൻകൈമ, സ്ക്ലീറൻകൈമ,സൈലം, ഫ്ലോയം എന്നിവ മുഖ്യ സസ്യകലകളാണ്. ഇതിൽ സൈലവും ഫ്ലോയവും സംവഹനകലകളാണ്. സസ്യകലകൾ രൂപപ്പെടുന്നത് മെരിസ്റ്റമികകലകളിൽ നിന്നാണ്. ജന്തുകലകൾ പൊതുവേ ഭ്രൂണകോശങ്ങളുടെ കോശവൈവിധ്യവൽക്കരണം വഴി രൂപപ്പെടുന്നു.

ജന്തുകലകൾ

തിരുത്തുക

സ്പോഞ്ചുകൾ മുതൽ മനുഷ്യൻ വരെയുള്ള വിവിധജന്തുതലങ്ങളിൽ കാണപ്പെടുന്ന കലകളെ സാധാരണയായി നാലുവിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു.അവ ആവരണകല, നാഡീകല, പേശീകല, യോജകല എന്നിങ്ങനെ അറിയപ്പെടുന്നു.

എപ്പിത്തീലിയ കലകൾ (ആവരണ കലകൾ)

തിരുത്തുക

ശരീരകലകളുടെ സംരക്ഷണാവരണമായി നിലകൊള്ളുകയോ സ്രവങ്ങൾ ഉത്പാദിപ്പിക്കുന്നതിനനുയോജ്യമായി രൂപപ്പെടുകയോ ചെയ്തിട്ടുള്ള കലകളാണിവ. ശരീരത്തിൽ സംവേദനകോശങ്ങൾ അഥവാ ഗ്രാഹികളായും ഇവ കാണപ്പെടുന്നു. ആവരണ കലകൾക്ക് താഴെപ്പറയുന്ന പൊതു സവിശേഷതകളുണ്ട്.[2]

നേരിയ കോശാന്തര സ്ഥലം

തിരുത്തുക

ആവരണകലയിലെ കോശങ്ങളെ നന്നായി അടുക്കി ക്രമീകരിച്ചിരിക്കുന്നതിനാൽ കോശങ്ങൾക്കിടയിൽ കോശാന്ത്ര സ്ഥലം കുറവാണ്. അടുത്തടുത്ത രണ്ട് കോശങ്ങളുടെ പ്ലാസ്മാ സ്തരങ്ങൾ ചിലയിടങ്ങളിൽ കൂട്ടിയുറപ്പിച്ചിരിക്കുന്നു. ഇത്തരം സ്ഥാനങ്ങൾ കോശസന്ധികൾ (cell junctions). ടൈറ്റ് ജംങ്ഷനുകൾ ഉദാഹരണം. ഇത്തരം കോശസന്ധികൾ പദാർത്ഥസംവഹനത്തെ വൃതിവ്യാപനം (ഓസ്മോസിസ്), അന്തർവ്യാപനം (ഡിഫ്യൂഷൻ) എന്നിവ വഴി പദാർത്ഥസംവഹനത്തെ തടയുന്നു. അതിനാൽത്തന്നെ പദാർത്ഥങ്ങളുടെ സഞ്ചാരത്തെ സ്തരങ്ങൾക്കിരുവശത്തേയ്ക്കും കടന്നുപോകുന്നതിനെ നിയന്ത്രിക്കുന്നതിന് ആവരണകലകൾക്ക് കഴിയുന്നു. ഈ പ്രത്യേകതകൾ അവയ്ക്ക് സ്രവണത്തിനും വിസർജ്ജനത്തിനും ആഗിരണത്തിനും തക്കതായ സവിശേഷതകൾ നൽകുന്നു.

ഒന്നിലധികം കോശപാളികൾ

തിരുത്തുക

മിക്ക എപ്പിത്തീലിയ കലകളും ഒന്നിലധികം കോശപാളികളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. മിക്കതരം ആവരണകലകളും വിവിധപാളികൾ പരസ്പരം ഒന്നിനുമുകളിൽ ഒന്നായി ചേർത്തുവച്ച് അടുക്കിയ പോലെ കാണപ്പെടുന്നു. വൃതിവ്യാപനം, അന്തർവ്യാപനം എന്നീ ധർമ്മങ്ങൾ നിർവ്വഹിക്കപ്പെടുന്നതിന് ഏകപാളീകോശസവിശേഷത സഹായിക്കുന്നു. എന്നാൽ മുറിവുകൾ, ഘർഷണം, മററ് ഘടകങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണത്തിന് ഒന്നിലേറെ പാളികൾ സഹായിക്കുന്നു.

സ്വതന്ത്രമായ പുറംഭാഗം

തിരുത്തുക

ആവരണകലകളുടെ ഒരു വശം എപ്പോഴും സ്വതന്ത്രമാണ്. മിക്കപ്പോഴും കുഴലുകളുടെ ഉൾവശത്തേയ്ക്കോ ഗ്രന്ഥികൾ, വായ് എന്നിവ പോലെ കുഴലുകൾ ബാഹ്യഭാഗത്തേയ്ക്ക് തുറക്കുന്ന അവസരങ്ങളിലോ കലകളുടെ ഒരു വശം സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്നു. ഇതിനുവിപരീത ഭാഗത്താണ് കോശങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്ന ബേയ്സ്മെൻറ് മെംബ്രെയ്ൻ. യോജകകലയുമായി ഈ ഭാഗം ആവരണകലയെ ബന്ധിപ്പിക്കുന്നു. കോശങ്ങളുടെ സ്വതന്ത്രഭാഗമാണ് സ്രവണത്തിനും ആഗിരണത്തിനും വിസർജ്ജനത്തിനും സഹായിക്കുന്നത്.

രക്തപ്രവാഹമില്ലായ്മ

തിരുത്തുക

ആവരണകലകളിൽ രക്തപ്രവാഹം ഇല്ലാത്തതിനാൽ അവ എവാസ്കുലാർ കലകളായി അറിയപ്പെടുന്നു.തൊട്ടടുത്തുള്ള യോജകകലകളിലെ രക്തക്കുഴലുകളിലൂടെയാണ് ഭൗതിക പ്രതിഭാസങ്ങളായ വൃതിവ്യാപനം, അന്തർവ്യാപനം, മറ്റ് ആക്ടീവ് ട്രാൻസ്പോർട്ട് മാർഗ്ഗങ്ങൾ എന്നിവയിലൂടെ പദാർത്ഥസംവഹനം സാധ്യമാകുന്നത്.

ക്രമഭംഗശേഷി

തിരുത്തുക

ആവരണകലകളിലെ കോശങ്ങൾക്ക് തുടർച്ചയായ ക്രമഭംഗം വഴി കോശതലമുറകൾ സൃഷ്ടിക്കുവാനുള്ള കഴിവുണ്ട്. ആയതിനാൽ പുനരുത്പത്തി കൈവരിക്കുന്നതിനും കോശനാശം പരിഹരിക്കുന്നതിനും തുടർച്ചയായ പ്രക്രിയയകൾ ഇവയിൽ നിലനിൽക്കുന്നു.

ആവരണകലകളുടെ ധർമ്മവൈവിധ്യം

തിരുത്തുക

ആവരണകല പേരുസൂചിപ്പിക്കുന്നതുപോലെ ശരീരത്തിന്റെ ബാഹ്യ, ആന്തരഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. ശരീരത്തിനുള്ളിൽ വായ്, അന്നനാളം എന്നീ കുഴൽ ഭാഗങ്ങൾ പോലുള്ള ആന്തരസ്ഥലങ്ങളെ ആവരണം ചെയ്യുന്നു. കൂടാതെ, ജലം, മറ്റ് പോഷകഘടകങ്ങൾ എന്നിവയെ ആഗിരണം ചെയ്യുന്നതിനും ഇവ സഹായിക്കുന്നു. ശരീരത്തിൽ നിന്നും മാലിന്യങ്ങളെ പുറംതള്ളുക എന്ന ധർമ്മവും ആവരണ കല നിർവ്വഹിക്കുന്നു. വിയർക്കുന്നതും സേബഗ്രന്ഥികളുടെ പ്രവർത്തനവും ഇതിനുദാഹരണമാണ്. മുഖ്യമായും ആവരണകലകളെ താഴെത്തന്നിരിക്കുന്ന രീതിയിൽ തരംതിരിച്ചിരിക്കുന്നു.

  1. സ്‍ക്വാമസ് എപ്പിത്തീലിയം (Squamous epithelium)
  2. ക്യൂബോയിഡൽ എപ്പിത്തീലിയം (Cuboidal epithelium)
  3. കോളമ്നാർ എപ്പിത്തീലിയം (Columnar epithelium
  4. ഗ്ലാൻഡ്യുലാർ എപ്പിത്തീലിയം (Glandular epithelium)
  5. സിലിയേറ്റഡ് എപ്പിത്തീലിയം (Ciliated epithelium)
"https://ml.wikipedia.org/w/index.php?title=കലകൾ_(ജീവശാസ്ത്രം)&oldid=3930466" എന്ന താളിൽനിന്ന് ശേഖരിച്ചത്