തോമസ് മിൽട്ടൺ റിവേഴ്‌സ്
തോമസ് മിൽട്ടൺ റിവേഴ്‌സ് (ജീവിതകാലം: സെപ്റ്റംബർ 3, 1888 - മെയ് 12, 1962) ഒരു അമേരിക്കൻ ബാക്ടീരിയോളജിസ്റ്റും വൈറോളജിസ്റ്റുമായിരുന്നു. "ആധുനിക വൈറോളജിയുടെ പിതാവ്" എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.[1]
തോമസ് മിൽട്ടൺ റിവേർസ് | |
---|---|
ജനനം | സെപ്റ്റംബർ 3, 1888 ജോൺസ്ബറോ, ജോർജിയ, യു.എസ്. |
മരണം | മേയ് 12, 1962 | (പ്രായം 73)
ദേശീയത | അമേരിക്കൻ |
കലാലയം | ജോൺസ് ഹോപ്കിൻസ് സർവ്വകലാശാല എമോരി കോളജ് |
അറിയപ്പെടുന്നത് | first description of the Haemophilus parainfluenzae |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | virology |
സ്ഥാപനങ്ങൾ | Rockefeller Institute |
ജീവിതരേഖ
തിരുത്തുകജോർജിയയിലെ ജോൺസ്ബോറോയിൽ ജനിച്ച തോമസ് മിൽട്ടൺ റിവേർസ് 1909 ൽ എമോറി കോളേജിൽ നിന്ന് ബിരുദം നേടി. ബിരുദം നേടിയയുടനെ അദ്ദേഹം ജോൺസ് ഹോപ്കിൻസ് മെഡിക്കൽ സ്കൂളിൽ ചേർന്നു. അദ്ദേഹത്തിൽ ഒരു ന്യൂറോ മസ്കുലർ ഡീജനറേഷൻ കണ്ടെത്തിയതിനാൽ വൈദ്യനായിത്തീരാനുള്ള പദ്ധതികൾ ആദ്യം സാക്ഷാത്കരിക്കാൻ കഴിയാതിരുന്ന അദ്ദേഹം മെഡിക്കൽ സ്കൂൾ വിട്ട് പനാമ കനാൽ മേഖലയിലെ ഒരു ആശുപത്രിയിൽ ലബോറട്ടറി അസിസ്റ്റന്റായി ജോലി ചെയ്യാൻ നിർബന്ധിതനായി. 1912 ആയപ്പോഴേക്കും അസുഖം വഷളാകാതിരുന്നതിനാൽ ജോൺസ് ഹോപ്കിൻസ് മെഡിക്കൽ സ്കൂളിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം 1915 ൽ അവിടനിന്ന് ബിരുദം നേടി. 1919 വരെ അദ്ദേഹം ജോൺസ് ഹോപ്കിൻസിലുണ്ടായിരുന്നു.
1922 മാർച്ചിൽ റോക്ക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ചിലെ പകർച്ചവ്യാധി വാർഡിന് നേതൃത്വം നൽകിയ അദ്ദേഹം 1937 ജൂണിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ടു. 1956 ൽ ഔദ്യോഗിക സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം റോക്ക്ഫെല്ലർ ഫൌണ്ടേഷനിൽ അദ്ദേഹം സജീവമായി തുടർന്നു. 1930 കളിലും 1940 കളിലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വൈറസ് ഗവേഷണത്തിൽ സ്ഥാപനം മുൻനിരയിലെത്തുന്നതിന് കാരണമായി. 1934 ൽ നാഷണൽ അക്കാദമി ഓഫ് സയൻസസിലെ 10-ാം സെക്ഷനിലേയ്ക്ക് (പാത്തോളജി, മൈക്രോബയോളജി) തോമസ് റിവേർസ് തിരഞ്ഞെടുക്കപ്പെട്ടു.[2]
നാഷണൽ ഫൌണ്ടേഷൻ ഫോർ ഇൻഫാന്റ്റൈൽ പരാലിസിസിന്റെ (മാർച്ച് ഓഫ് ഡൈംസ്) ഗവേഷണ, വാക്സിൻ ഉപദേശക സമിതികളുടെ ചെയർമാൻ എന്ന നിലയിൽ, ജോനാസ് സാൽക്കിന്റെ വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചിരുന്നു. രണ്ട് ലോകമഹായുദ്ധങ്ങളിലും അദ്ദേഹം സായുധ സേനയിലെ മെഡിക്കൽ കോർപുകളിൽ സേവനമനുഷ്ഠിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത്, ദക്ഷിണ പസഫിക്കിലെ നേവൽ മെഡിക്കൽ റിസർച്ച് യൂണിറ്റ് രണ്ടിനെ (NAMRU-2) നയിച്ചിരുന്ന തോമസ് റിവേർസ് റിയർ അഡ്മിറൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
1948 ൽ വൈറൽ, റിക്കറ്റ്‌സിയൽ അണുബാധകളെക്കുറിച്ചുള്ള ഒരു സാധാരണ പുസ്തകം അദ്ദേഹം എഡിറ്റുചെയ്തു.[3] 1958 ൽ ജോർജിയയിലെ വാം സ്പ്രിംഗ്സിലെ പോളിയോ ഹാൾ ഓഫ് ഫെയിമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി.
ബാൾട്ടിമോറിൽനിന്നുള്ള തെരേസ ജേക്കബിന റൈഫിളിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 1962 ൽ ന്യൂയോർക്കിലെ ഫോറസ്റ്റ് ഹിൽസിൽവച്ച് അന്തരിച്ച സൈനിക പദവി വഹച്ചിരുന്ന റിവേർസിന്റെ മൃതദേഹം ആർലിംഗ്ടൺ ദേശീയ സെമിത്തേരിയിൽ സംസ്കരിച്ചു.
അവലംബം
തിരുത്തുക- ↑ Oshinsky p. 18
- ↑ Archives of NAS
- ↑ THOMAS M. RIVERS, Editor: Viral and Rickettsial Infections of Man, J. B. Lippincott Company, Philadelphia,1949.