തെരേസ ന്യൂമാൻ

(Therese Neumann എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇരുപതാം നൂറ്റാണ്ടിലെ (ജനനം 8 അല്ലെങ്കിൽ 9 ഏപ്രിൽ 1898; മരണം 18 സെപ്തംബർ 1962) ഒരു ജർമ്മൻ കത്തോലിക്കാ മിസ്റ്റിക്കും 'പഞ്ചക്ഷതാനുഭവി'-യും (stigmatist) ആയിരുന്നു തെരേസ ന്യൂമാൻ. ജർമ്മനിയിൽ ബവേറിയയിലെ കൊന്നേർസ്രൂത്ത് എന്ന ഗ്രാമത്തിൽ ജനിച്ച അവർ ജീവിതകാലം ചെലവഴിച്ചത് അവിടെയാണ്. ഒരു നിർദ്ധനകുടുംബത്തിൽ 1898-ലെ ദുഃഖവെള്ളിയാഴ്ച ജനിച്ച തെരേസയ്ക്ക് ഇരുപതാം വയസ്സിൽ സംഭവിച്ച വീഴ്ചയെ തുടർന്ന് കാഴ്ച നഷ്ടപ്പെടുകയും ശരീരം തളർന്നു പോവുകയും ചെയ്തു. ക്രമേണ കാഴ്ചശക്തിയും ശരീരസൗഖ്യവും തിരികെ കിട്ടിയ അവർ, 1923-ൽ കത്തോലിക്കാ വിശുദ്ധയായ ലിസ്യൂവിലെ കൊച്ചുത്രേസ്യ തനിക്കു പ്രത്യക്ഷപ്പെട്ട് സൗഖ്യം തന്നതാണെന്ന് അവകാശപ്പെട്ടു.

തെരേസ ന്യൂമാൻ

ദിവസേന പ്രഭാതത്തിൽ സ്വീകരിച്ചിരുന്ന വിശുദ്ധ കുർബ്ബാനയുടെ അപ്പം ഒഴിച്ചുള്ള ഭക്ഷണപാനീയങ്ങൾ അവർ 1923 മുതൽ ഉപേക്ഷിച്ചെന്നും എങ്കിലും ക്ഷീണമോ ശരീരക്ഷയമോ ഇല്ലാതെയിരുന്നെന്നും പറയപ്പെടുന്നു. 1926-ൽ അവരുടെ കൈകാലുകളിലും ഹൃദയഭാഗത്തും, ക്രൂശിതനായ യേശുവിന്റെ പഞ്ചക്ഷതങ്ങൾക്കു സമാനമായ മുറിവുകൾ പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ചകളിൽ പതിവായി ലഭിച്ചിരുന്ന ഒരാത്മീയദർശനത്തിൽ തെരേസ, യേശുവിന്റെ പീഡാസഹനങ്ങളുടെ അനുഭവത്തിലൂടെ കടന്നു പോയി. ജർമ്മൻ ഭാഷ മാത്രം അറിയാമായിരുന്ന അവർ ഈ ദർശനവേളകളിൽ അരമായ, ഗ്രീക്ക്, എബ്രായ ഭാഷകളിലെ വാക്കുകൾ ഉരുവിട്ടിരുന്നതായി പറയപ്പെടുന്നു.[1]

  1. "ഒരു യോഗിയുടെ ആത്മകഥ" പരമഹംസ യോഗാനന്ദൻ, ജെയ്ക്കോ ബുക്കസ് (അദ്ധ്യായം 39 പുറങ്ങൾ 360-61)
"https://ml.wikipedia.org/w/index.php?title=തെരേസ_ന്യൂമാൻ&oldid=1879957" എന്ന താളിൽനിന്ന് ശേഖരിച്ചത്