സുശ്രുതൻ

(Sushruta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രി.മു. ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു സുശ്രൂതൻ. സുശ്രൂതസംഹിത എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവുമാണ്. 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് സുശ്രൂതൻ അറിയപ്പെടുന്നത്. ഗംഗാനദിയുടെ തീരത്ത് ഇന്നത്തെ വരാണസിയിലാണ് സുശ്രൂതൻ ജീവിച്ചിരുന്നതെന്നു കരുതുന്നു.[3]

സുശ്രുതൻ
ഹരിദ്വാരിൽ സ്ഥപികാപ്പെട്ട സുശ്രുതന്റെ പ്രതിമ
ജനനംക്രി.മു 1200-600 ഇടയിൽ[1]
അറിയപ്പെടുന്നത്സുശ്രുതസംഹിതയുടെ കർത്താവ്‌
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം

ജീവിത രേഖ

തിരുത്തുക

ശുശ്രുതൻ ആയുർവേദ വിദഗ്ദ്ധനായ കാശിരാജാവ്‌ ദിവോദാസയുടെ ശിഷ്യനായിരുന്നു. വാരണാസിയിൽ വെച്ച്‌ സുശ്രുതൻ ഗുരുമുഖത്തുനിന്ന്‌ വൈദ്യം അഭ്യസിച്ചു.ചികിത്സക്ക് ആവശ്യമായ ഉപകാരങ്ങൾ അദ്ദേഹം സ്വന്തമായി ഉണ്ടാക്കുകയാണ് ചെയ്തത്ശസ്ത്രക്രിയയിൽ മാത്രമല്ല, ഇതര വൈദ്യശാസ്ത്രശാഖകളിലും പിൽക്കാലത്ത്‌ അദ്ദേഹം വിദഗ്ധനായിരുന്നു. ശല്യചികിത്സാ പ്രധാനമായ ആയുർവേദം വികസിപ്പിച്ചത്‌ സുശ്രുതനാണ്‌. അദ്ദേഹം തന്റെ കണ്ടെത്തലുകൾ 'ശല്യതന്ത്രം' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി സൂക്ഷിച്ചു. അത്‌ ക്രി.പി. മൂന്നോ നാലോ ശതകത്തിൽ നാഗാർജുനൻ എന്നയാൾ പരിഷ്ക്കരിച്ചതാണ്‌ ഇന്നു ലഭ്യമായ 'സുശ്രുതസംഹിത'.

സവിശേഷതകൾ

തിരുത്തുക

ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ്‌ പ്ലാസ്റ്റിക്‌ സർജറി. എന്നാൽ, ഇന്ന്‌ ലോകമെങ്ങുമുള്ള പ്ലാസ്റ്റിക്‌ സർജൻമാർ ചെയ്യുന്നത്‌, 26 നൂറ്റാണ്ട്‌ മുമ്പ്‌ സുശ്രുതൻ ചെയ്ത ശസ്ത്രക്രിയകളിൽ നിന്ന്‌ വലിയ വ്യത്യാസമില്ലാത്ത കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന ആ വൈദ്യശാസ്ത്രപ്രതിഭയെ പ്ലാസ്റ്റിക്‌ സർജറിയുടെ പിതാവായും ലോകം അംഗീകരിക്കുന്നു. സിസേറിയൻ ശാസ്ത്രക്രിയ അഥവാ സി സെക്ഷൻ നടത്താൻ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രുതനാണെന്നു കരുതുന്നു. അനസ്തേഷ്യയുടെ ആദിമരൂപം ചികിത്സയിൽ പ്രായോഗിമാക്കിയതും അദ്ദേഹം തന്നെ. മദ്യമായിരുന്നു ശുശ്രുതൻ ബോധം കെടുത്താനായി ഉപയോഗിച്ചിരുന്നത്.

തിമിര ശസ്ത്രക്രിയയിലും, മൂത്രാശയക്കല്ലുകൾ നീക്കം ചെയ്യുന്നതിലും, എല്ലിനുണ്ടാകുന്ന ഒടിവുകൾ കണ്ടെത്തി ചികിത്സിക്കുന്നതിലും അതീവ പ്രാവിണ്യം നേടിയ വ്യക്തിയായിരുന്നു സുശ്രുതൻ. ശസ്ത്രക്രിയയ്ക്ക്‌ കത്തികളുൾപ്പെടെ 101 തരം ഉപകരണങ്ങൾ സുശ്രുതൻ ഉപയോഗിച്ചിരുന്നു എന്നാണ്‌ കരുതുന്നത്‌. പ്രഗല്ഭനായ അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. വൈദ്യൻമാർ പാലിക്കേണ്ട ധർമ്മങ്ങളും മര്യാദകളും ശിഷ്യൻമാർക്ക്‌ ഉപദേശിച്ചു കൊടുക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പഠനത്തിന്റെ ഭാഗമായി മൃഗശരീരങ്ങളും മാതൃകകളും കീറിമുറിച്ചു പരിശോധിക്കാനാണ്‌ അദ്ദേഹം ശിഷ്യർക്കു നൽകിയിരുന്ന നിർദ്ദേശം.

സുശ്രുതൻ ഉപയോഗിച്ചതായി കരുതുന്ന ശസ്ത്രക്രിയ ഉപകരണങ്ങൾ

തിരുത്തുക

ചരകത്തെക്കാൾ ആധുനികമാണ്‌ സുശ്രുതം. സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നിങ്ങനെ അഞ്ചുഭാഗങ്ങളിലായി 120 അധ്യായങ്ങൾ കൂടാതെ, 66 അധ്യായങ്ങളുള്ള ഉത്തരതന്ത്രവും ഉൾപ്പെട്ടതാണ്‌ 'സുശ്രുതസംഹിത'. അഥർവേദത്തിന്റെ ഉപാംഗമാണ്‌ ആയുർവേദമെന്ന്‌ സുശ്രുതസംഹിത പറയുന്നു. ശസ്ത്രക്രിയയ്ക്കാണ്‌ സുശ്രുതസംഹിതയിൽ പ്രാധാന്യം. എട്ടുതരത്തിലുള്ള ശസ്ത്രക്രിയകളെക്കുറിച്ച്‌ സുശ്രുതസംഹിത വിവരിക്കുന്നു-ഛേദ്യം(മുറിക്കൽ), ഭേദ്യം(പിളർക്കൽ), ലേഖ്യം(മാന്തൽ), വേധ്യം(തുളയ്ക്കൽ), ഏഷ്യം(ശസ്ത്രം കടത്തൽ), ആഹാര്യം(പിടിച്ചെടുക്കൽ), വിസ്രാവ്യം(ചോർത്തിയെടുക്കൽ), സീവ്യം(തുന്നൽ) എന്നിങ്ങനെ.

ചരക-സുശ്രുതസംഹിതകളുയെ സംഗ്രഹമാണ്‌ വാഗ്ഭടന്റെ 'അഷ്ടാംഗഹൃദയം'. സുശ്രുതത്തിലെ നിദാനസ്ഥാനം, കൽപകസ്ഥാനം എന്നീ ഭാഗങ്ങൾ മലയാളത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത്‌ സി.കെ. വാസുദേവശർമയാണ്‌. സൂത്രസ്ഥാനം ‍വടക്കേപ്പാട്ട് നാരായണൻ ‍നായരും ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നീ ഭാഗങ്ങൾ എം. നാരായണൻ വൈദ്യനും മലയാളിത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്‌. സുശ്രുതന്റെ ജീവിതകാലത്തെക്കുറിച്ച്‌ പണ്ഡിതർക്കിടയിൽ വ്യത്യസ്ത അഭിപ്രായമുണ്ട്‌. 2600 വർഷം മുമ്പാണ്‌ ഈ മഹാവൈദ്യൻ ജിവിച്ചിരുന്നത്‌ എന്നത്‌ ഒരു ഏകദേശ ധാരണയാണ്‌. സുശ്രുതൻ എന്നപേര്‌ ഗോത്രത്തിന്റെയോ കുലത്തിന്റെയോ പേരാകാമെന്നും അഭിപ്രായമുണ്ട്‌.

  1. David O. Kennedy. Plants and the Human Brain. Oxford. p. 265.
  2. Amaresh Datta, various. The Encyclopaedia Of Indian Literature (Volume One (A To Devo)). Sahitya academy. p. 311.
  3. ഇൻഫിനിറ്റ്യ് ഫൌണ്ടേഷനിൽ ശുശ്രുതനെപ്പറ്റിയുള്ള ലേഖനം. ശേഖരിച്ച തിയ്യതി 2007 മാർച്ച് 12

കൂടുതൽ അറിവിന്

തിരുത്തുക
  • Sankaran P. S. and P.J. Deshpande. 1990. Susruta. In V. Raghvan (Ed.) Scientists. Delhi: Publications Division (Govt of India).
"https://ml.wikipedia.org/w/index.php?title=സുശ്രുതൻ&oldid=3952122" എന്ന താളിൽനിന്ന് ശേഖരിച്ചത്