നീരുറവ

(Spring (hydrology) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂമിക്കുള്ളിൽ ഉദ്ഭവിച്ച് ബാഹ്യപ്രേരണകളില്ലാതെ സ്വയം ബഹിർഗമിക്കുന്ന ജലമാണ് നീരുറവ.

മിസ്സൗറിയിലെ ബിഗ് സ്പ്രിങ് നീരുറവ

ഉൽപ്പത്തി

തിരുത്തുക

ഭൂതലത്തിൽ പതിക്കുന്ന മഴവെള്ളം ഭൂവൽക്കത്തിനുള്ളിലേക്ക് ഊർന്നിറങ്ങുന്നു. താഴോട്ടു പോയാൽ ഒടുവിൽ അത് അന്തർവ്യാപകത്വം ഇല്ലാത്ത ശിലാതലങ്ങളിലെത്തുന്നു. അന്തർവ്യാപകത്വം ഇല്ലാത്തതും ഉള്ളതുമായ ശിലാപടലങ്ങൾ സന്ധിക്കുന്ന ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നു. കൂടുതൽ ജലം വന്നു ചേരുന്നതിനനുസരിച്ച് ജലപീഠത്തിന്റെ നിരപ്പ് ക്രമേണ ഉയരും. ഈ ജലം ഒരു ജലശീർഷമായി രൂപപ്പെടുന്നു. ഭൂഗുരുത്വാകർഷണത്തിനു വിധേയമായി, പാറയിടുക്കുകളുടെ ചായ്വനുസരിച്ച് ചലീക്കാൻ തുടങ്ങുന്ന ഈ ജലം കുന്നിൻ ചെരിവുകളിൽ കണ്ടെത്തുന്ന ബഹിർഗമന മാർഗ്ഗങ്ങളിലൂടെ നീരുറവയായി പുറത്തുവരുന്നു. തടസ്സമില്ലാതെ ജലം പുറത്തു വരാൻ സൗകര്യം നൽകുന്ന സന്ധികൾ, വിള്ളലുകൾ, സൂക്ഷ്മരന്ധ്രങ്ങളുള്ള ശിലാതലങ്ങൾ എന്നിവയുള്ള പ്രദേശങ്ങളിലാണ് നീരുറവകൾ സാധാരണയായി കാണപ്പെടുന്നത്. ഭൂവൽക്കത്തുള്ള ഭ്രംശങ്ങളുടെ ഫലമായും നീരുറവകൾ കാണപ്പെടാം.[1]

നീർവ്യാപ്തി

തിരുത്തുക

നീരുറവയിലെ വെള്ളത്തിൽ അനേകം ലവണങ്ങൾ കണ്ടുവരുന്നു. പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്നതുകൊണ്ടാണിത്. ചില നീരുറവകളിൽ കാർബൺ ഡൈ ഓക്സൈഡ് കുമിളകൾ കാണപ്പെടുന്നു. നീരുറവകളിൽ നിന്നും ലഭിക്കുന്ന വെള്ളം മിനറൽ വാട്ടർ എന്ന പേരിൽ വിപണിയിൽ ലഭ്യമാണ്. സോഡിയം ലവണങ്ങൾ അടങ്ങിയിരിക്കുന്ന നീരുറവകളെ സോഡാ നീരുറവകൾ എന്ന് വിളിക്കുന്നു. നീരുറവകൾക്ക് ചുറ്റും സ്പാ ടൗണുകൾ രൂപംകൊള്ളാറുണ്ട്.

ഉപയോഗങ്ങൾ

തിരുത്തുക

നീരുറവയിൽ നിന്നുള്ള ജലം കുടിക്കാനും, ഗാർഹിക ആവശ്യങ്ങൾക്കും, നനയ്ക്കാനും, വൈദ്യുതി ഉത്പാദിപ്പിക്കാനും, സഞ്ചാരത്തിനും ഉപയോഗിക്കുന്നു. ചില നീരുറവകൾ പുണ്യ ഉറവകളായി കണക്കാക്കപ്പെടുന്നതിനാൽ ഇവിടങ്ങളിൽ കുളിക്കാൻ ധാരാളം വിശ്വാസികൾ എത്താറുണ്ട്.

  1. "Ga.water.usgs.gov". Archived from the original on 2009-05-09. Retrieved 2015-08-12.
"https://ml.wikipedia.org/w/index.php?title=നീരുറവ&oldid=3654899" എന്ന താളിൽനിന്ന് ശേഖരിച്ചത്