റഷ്യയുടെ രൂപവാദം

(Russian formalism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രതിഭാശാലികളായ ഒട്ടനവധി സാഹിത്യകാരന്മാരെ ലോകത്തിനു സംഭാവന ചെയ്തിട്ടുള്ള നാടാണ് റഷ്യ. ടോൽസ്റ്റൊയ്, ഗോർകി, ദസ്തെയൊവ്സ്കി, ചെഖോവ് മുതലായ നാമങ്ങൾ റഷ്യയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ നമ്മുടെ മനസ്സുകളിലേക്ക് ഓടി എത്തുന്നു. റഷ്യ സാഹിത്യകാരന്മാരെ മാത്രമല്ല സംഭാവന ചെയ്തിട്ടുള്ളത്. വലിയ സാഹിത്യ പണ്ഡിതന്മാരും നിരൂപകരും റഷ്യയിൽനിന്നു വന്നിട്ടുണ്ട്. സാഹിത്യ നിരൂപണ സിദ്ധാന്തങ്ങളിലും റഷ്യക്കാർ തങ്ങളുടെ സംഭാവനകൾ നല്കിയിട്ടുണ്ട്. അവയിൽ പ്രഥമ സ്ഥാനമാണ് രൂപവാദത്തിന്. രൂപവാദം രണ്ടിടങ്ങളിലായാണ് തഴച്ചു വളർന്നത്. റഷ്യയിലും പിന്നെ ആംഗലേയ-അമേരിക്കയുടെ മണ്ണിലും. ഈ ലേഖനത്തിൽ റഷ്യയുടെ രൂപവാദത്തെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്.

രൂപവാദം

തിരുത്തുക

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ രൂപംകൊണ്ടൊരു സാഹിത്യ മുന്നേറ്റമായിരുന്നു രൂപവാദം. 1914-ൽ റഷ്യയിലാണ് രൂപവാദം ആരംഭിച്ചത്. അതുവരെ വിശ്വസാഹിത്യത്തെ വിശിഷ്യ ആംഗലേയ സാഹിത്യലോകത്തെ നിയന്ത്രിച്ചു പോന്നിരുന്ന കാല്പനികതാ വാദക്കാർക്കെതിരായിട്ടുള്ള ഒരു സാഹിത്യ മുന്നേറ്റമായിരുന്നു രൂപവാദം. ആംഗലേയ-അമേരിക്കക്കാരുടെ നവനിരൂപണ സിദ്ധാന്തത്തിന്റെ യൂറോപ്പിലുള്ള പകർപ്പായിട്ടാണ് രൂപവാദം ഉടലെടുത്തത്. സാഹിത്യത്തിലുള്ള സ്റ്റാലിന്റെ അധിനിവേശത്തെ പ്രതിരോധിക്കാനായി 1930-ൽ രൂപവാദം ചെക്കൊസ്ലോവാക്യയുടെ തലസ്ഥാനമായ പ്രാഗിലെക്കു പറിച്ചു നടപ്പെട്ടു. വിക്ടർ ഷ്ലോവ്സ്കി, യൂറി ടിയാനോവ്, ബോറിസ് ഐക്കൻബാം, റൊമൻ യാക്കൊബ്സൻ, പീറ്റർ ബൊഗാട്ടിരെവ്, ഓസിവ് ബ്രിക്, ബോറിസ് തൊമഷെവ്സ്കി, മിഖയിൽ ബഖ്തിൻ മുതലായവരാണ് ഈ മേഖലയിലെ സുപ്രസിദ്ധ സൈദ്ധാന്തികർ. ഒരു കൃതിയുടെ മൂല്യം അതിൻറെ കർത്താവിന്റെ പ്രതിഭയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന കാല്പനികത വാദക്കാരുടെ ആശയത്തെ പൊളി ച്ചെഴുതിക്കൊണ്ട് കൃതിയെ മുഖ്യധാരയിലേക്കു കൊണ്ടുവരികയും കൃതിയുടെ രൂപത്തെ ഏവരുടെയും സവിശേഷ ശ്രദ്ധയ്ക്ക് പാത്രമാക്കുകയുമാണ് രൂപവാദികൾ ചെയ്തത് . ഒരു കൃതിയുടെ ഉള്ളടക്കത്തെക്കാളുപരി അതിന്റെ രൂപത്തിനാണ് രൂപവാദികൾ പ്രാമുഖ്യം നല്കിയത്. സാഹിത്യ ഭാഷയും സാഹിത്യേതര ഭാഷയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും അവർ ധാരാളം പഠനങ്ങൾ നടത്തി. ഒരു കൃതിയെ സമീപിക്കുമ്പോൾ ഗ്രന്ഥകാരന്റെ എഴുതപ്പെട്ട കൃതിയെ മാത്രം മുൻനിർത്തി വേണം അന്വേഷണങ്ങളും, വ്യാഖ്യാനങ്ങളും, നിരൂപണങ്ങളും നടത്തുവാൻ. പ്രത്യയശാസ്ത്രങ്ങളുടെയോ, ചരിത്രപരമായ താത്പര്യങ്ങളുടെയോ, മനശാസ്ത്ര നിഗമനങ്ങളുടെയോ സഹായമില്ലാതെ നിഷ്പക്ഷമായി വേണം സാഹിത്യത്തെ സമീപിക്കേണ്ടതെന്നു കരുതുന്നവരാണ് റഷ്യയുടെ രൂപവാദികൾ. സാഹിത്യത്തെയും കാവ്യഭാഷയെയും പഠിക്കുവാനായി തികച്ചും ശാസ്ത്രീയമായ ഒരു വഴി കണ്ടെത്തുകയാണ് രൂപവാദികൾ ചെയ്തത്. ഒരു ഗ്രന്ഥകാരന്റെ കൃതിയെ സമീപിക്കുമ്പോൾ വായനക്കാരുടെ മനസ്സിലുള്ള അനേകം മുൻ ധാരണകളെയും മുന്നനുഭവങ്ങളെയും മാറ്റിനിറുത്തിക്കൊണ്ട് ആ കൃതിയുടെ രൂപത്തിലൂടെ ഇതൾവിരിയുന്ന ഗ്രന്ഥകാരന്റെ ഭാവനയെ മനസ്സിലാക്കാനാണ് വായനക്കാർ ശ്രമിക്കേണ്ടത്.

അപരിചിതവത്കരണം

തിരുത്തുക

സാഹിത്യ നിരൂപണത്തിൽ രൂപവാദികളുടെ സവിശേഷ സംഭാവനയാണ് അപരിചിതവത്കരണം എന്ന ആശയം. അപരിചിതവത്കരണത്തിലൂടെ സാഹിത്യത്തെ മറ്റു മനുഷ്യ ശ്രമങ്ങളിൽ നിന്നും വ്യത്യസ്തമായി മനസ്സിലാക്കാനാണ് രൂപവാദികൾ ശ്രമിച്ചത്. ഇതുവരെ അന്യമായിരുന്ന നവീനവും ചിരപരിചിതമല്ലാത്തതുമായ വഴികളിൽ സാഹിത്യം ഭാഷയെ ഉപയോഗിക്കുന്ന ഒരു പ്രക്രിയയായാണ് അപരിചിതവത്കരണത്തെ നാം മനസ്സിലാക്കേണ്ടത്. വിക്ടർ ഷ്ലോവ്സ്കിയാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. അപരിചിതവത്കരണം എന്നാൽ അപരിചിതമാക്കൽ എന്നു തന്നെയാണ് അർഥം. ദൈനംദിന ജീവിതത്തിൽ നമ്മൾ അഭിമുഖീകരിക്കുന്ന കാര്യങ്ങളെ പുതുമയുള്ളതായി നമുക്ക് തോന്നാറില്ല. കാരണം അവ നമുക്ക് ചിരപരിചിതങ്ങളാണ്. മനുഷ്യർ ചിലപ്പോൾ യാന്ത്രികമായി കാര്യങ്ങൾ ചെയ്തുപോകാറുണ്ട്. അവബോധമില്ലാത്ത ഒരു യാന്ത്രിക ജീവിതമാണ് ഇതിന്റെ ഫലം. ഈ നിരന്തര അവബോധത്തെ നമുക്ക് തിരികെത്തരുന്നതു കലയും സാഹിത്യവുമൊക്കെയാണ്. തത്ഫലമായി നമുക്ക് ചിരപരിചിതങ്ങളായി തോന്നേണ്ട കാര്യങ്ങൾ യാതൊരു പരിചയവുമില്ലാത്തതായി നമുക്കു തോന്നുന്നു. അവയ്ക്കു മുമ്പിൽ നമ്മൾ തീർത്തും അപരിചിതരായി മാറുന്നു. നമ്മൾ നിത്യേന കണ്ടുമുട്ടുന്ന കാര്യങ്ങളുടെ മുമ്പിൽ പരിചയമില്ലാത്തവരായി നാം നില്ക്കുകയും തത്ഫലമായി ഈ ലോകം തന്നെ നമുക്ക് നൂതനമായി തോന്നുകയും ചെയ്യുന്നു. ഒരു ഗ്രന്ഥകർത്താവ് താൻ തന്നെ രൂപം കൊടുക്കുന്ന നവീന പ്രപഞ്ചത്തെ വരുതിയിൽ നിർത്താൻ കഴിവുള്ളവനാണ്. താൻ തന്നെ തിരഞ്ഞെടുക്കുന്ന വാക്കുകളിലൂടെയും കഥാഖ്യാനരീതിയിലൂടെയും ഇതുവരെയും ആരും നടന്നിട്ടില്ലാത്ത വഴികളിലൂടെ നടക്കാൻ എല്ലാ ഗ്രന്ഥകർത്താക്കൾക്കും സ്വാതന്ത്ര്യമുണ്ട്. ഗ്രന്ഥകർത്താവ് എന്തു പറയുന്നുവെന്നതും അയാൾ അത് എങ്ങനെ പറയുന്നുവെന്നതും തമ്മിൽ അഭേദ്യമായൊരു നാഭീനാള ബന്ധമുണ്ട്. അതായത് ഒരു എഴുത്തുകാരന്റെ സന്ദേശവും ആ സന്ദേശത്തെ ഇതരരിലേക്കു സന്നിവേശി പ്പിക്കാനായി അയാൾ ഉപയോഗിക്കുന്ന രീതിയും ഒരുപോലെതന്നെ നമുക്ക് പ്രിയങ്കരമാവേണ്ടാതാണ്. സാഹിത്യത്തിനു തനതായൊരു ചരിത്രവും അതിന് അതിന്റേതു മാത്രമായൊരു പുതുമയുമുണ്ടെന്നു വിശ്വസിക്കുന്നവരാണ് രൂപവാദക്കാർ. അപരിചിതവത്കരണത്തിനുള്ള നൂതന വഴികൾ തേടുകയെന്ന ഉദ്യമം ഗ്രന്ഥകാരനിൽ മാത്രം നിക്ഷിപ്തവുമാണ്.

സാഹിതീയത

തിരുത്തുക

രൂപവാദം സാഹിത്യ നിരൂപണത്തിനു നല്കിയ ഒരു സമ്മാനമാണ് സാഹിതീയത എന്ന നൂതനാശയം. യാകോബ്സൻ ആണ് ഈ ആശയത്തിന്റെ ഉപജ്ഞാതാവ്. ഒരു സാഹിത്യ എഴുത്തിനെ സാധാരണ എഴുത്തിൽ നിന്നും വ്യത്യസ്തമാക്കുന്ന അതിന്റെ പ്രത്യേകതയെയാണ് സാഹിതീയത കൊണ്ട് ഉദ്ദേശിക്കുന്നത്. രൂപവാദം സാഹിത്യത്തെക്കാളുപരി സാഹിതീയതെയെ പഠിക്കാനാണ് ശ്രമിച്ചത്. സാഹിത്യ ഭാഷയെ സാധാരണ ഭാഷയിൽനിന്നും വ്യത്യസ്തമാക്കുന്ന ഘടകങ്ങളെയാണ് സാഹിതീയത സൂചിപ്പിക്കുന്നത്. സാഹിത്യ ഭാഷയിലും കാവ്യഭാഷയിലും സാഹിതീയത ഉണ്ട്. സാഹിതീയതയുടെ അഭാവമാണ് സാധാരണ ഭാഷയുടെ സവിശേഷത. സാധാരണ ഭാഷയിൽ സാഹിതീയത കലരുമ്പോളാണ് സാഹിത്യഭാഷ ഉടലെടുക്കുന്നത്. സാധാരണ ഭാഷയിൽനിന്നും സാഹിത്യഭാഷയെ വേർതിരിച്ചു നിറുത്തുന്ന ഈ സാഹിതീയതയുടെ പഠനത്തിലൂടെ ഒരു കൃതിയെത്തന്നെ വിലയിരുത്തനാവുമെന്ന് റഷ്യയിലെ രൂപവാദികൾ മനസ്സിലാക്കി. ഒരു സാഹിത്യ ശകലത്തെ കലാസൗന്ദര്യമുള്ള ഒരു സാഹിത്യമാക്കി മാറ്റുന്നത് അതിന്റെ സാഹിതീയത അഥവാ കലാസൗകുമാര്യമാണ്. ഇത് അടങ്ങിയിരിക്കുന്നത് ഒരു സാധാരണ എഴുത്തിനെ സാഹിത്യമാക്കി മാറ്റാനായി എഴുത്തുകാരൻ ഉപയോഗിച്ചിരിക്കുന്ന ഉപായങ്ങളിലാണ്. എഴുത്തുകാരന്റെ ഈ ഉപായങ്ങളാണ് സാഹിത്യ പഠനങ്ങളുടെ ഏക വിഷയമായി ഭവിക്കേണ്ടത്. രൂപവാദ നിരൂപകർ ഒരു കൃതി വായിക്കുന്നത് അതിലെ സാഹിതീയത അഥവാ എഴുത്തുകാരന്റെ പ്രത്യേക ഉപായങ്ങൾ കണ്ടെത്താനാണ്. ഭാഷയെ സാഹിത്യ ഭാഷയായി മാറ്റാനായി ഒരു എഴുത്തുകാരൻ പ്രയോഗിച്ച ഉപായങ്ങളെ കണ്ടെത്തി വിശകലനം ചെയ്യുന്നതിലൂടെ സാഹിത്യ നിരൂപണം പൂർത്തിയാകുന്നു.

ഉപസംഹാരം

തിരുത്തുക

കാല്പനികവാദത്തിനും അതോടൊപ്പം പത്തൊൻപതാം നൂറ്റാണ്ടിൽ സാഹിത്യ ലോകത്തെ നിയന്ത്രിച്ചു പോന്നിരുന്ന മറ്റു പ്രധാന സിദ്ധാന്തങ്ങൾക്കും ഉള്ള ഒരു ബദൽ ആയിട്ടാണ് രൂപവാദം ജന്മം കൊണ്ടത്. വായനയെയും നിരൂപണത്തെയും പുതിയ രീതിയിൽ അവതരിപ്പിക്കുകയാണ് രൂപവാദം ചെയ്തത്. തുറന്ന മനസ്സോടെ ഒരു കൃതിയെ സമീപിക്കണമെന്നും മുൻ ധാരണകളോ മറ്റു സിദ്ധാന്തങ്ങളുടെ സ്വാധീനമോ ഇല്ലാതെ വേണം സാഹിത്യ പഠനം നടത്തുവാനുമെന്നു രൂപവാദം നമ്മളെ പഠിപ്പിച്ചു. ഒരു സാഹിത്യ ഉദ്യമത്തെ യഥാർത്തത്തിൽ സാഹിത്യമാക്കുന്നത് അതിന്റെ സാഹിതീയത ആണ്. അതിനാൽത്തന്നെ സാഹിതീയതെയാണ് നാം പ്രഥമഥാ ലക്ഷ്യം വയ്ക്കേണ്ടത്. ദൈനം ദിനം നാം അഭിമുഖീകരിക്കുന്ന ജീവിത യാതർഥ്യങ്ങളെ നമുക്കു യാതൊരു മുൻ പരിചയവും ഇല്ലാത്ത വണ്ണം അവതരിപ്പിക്കാൻ കഴിയുമ്പൊളാണ് ഒരു എഴുത്തുകാരൻ വിജയം കൈവരിക്കുന്നത്. ഇത് തന്നെയാണ് അപരിചിതവത്കരണവും. അതുപോലെതന്നെ സാധാരണ ഭാഷയെ സാഹിത്യ ഭാഷയാക്കി മാറ്റാനായി ഒരു എഴുത്തുകാരൻ അവലംബിക്കുന്ന ചില പ്രത്യേക ഉപായങ്ങളെ വളരെ അവധാനപൂർവം പഠിക്കുമ്പോളാണ് സാഹിത്യ പഠനവും നിരൂപണവുമെല്ലാം പൂർണമാകുന്നത്.

"https://ml.wikipedia.org/w/index.php?title=റഷ്യയുടെ_രൂപവാദം&oldid=2589844" എന്ന താളിൽനിന്ന് ശേഖരിച്ചത്