ഫൈറ്റോറെമഡിയേഷൻ

(Phytoremediation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മണ്ണിലും വായുവിലും വെള്ളത്തിലും അടങ്ങിയിട്ടുള്ള മാലിന്യങ്ങളെ സസ്യങ്ങളുടെ സഹായത്തോടെ നീക്കംചെയ്യുന്നതിനെയാണ്‌ ഫൈറ്റോറെമഡിയേഷൻ (Phytoremediation /ˌfaɪtəʊrɪˌmiːdɪˈeɪʃən/ (from Ancient Greek φυτό (phyto), meaning "plant", and ലത്തീൻ remedium, meaning "restoring balance") എന്നു വിളിക്കുന്നത്‌. ചുറ്റുപാടും നിന്നു പലമൂലകങ്ങളെയും സംയുക്തങ്ങളെയും സാന്ദ്രീകരിച്ച്‌ തങ്ങളുടെ കോശങ്ങളിലാക്കാനും ചിലവയെ വിഘടിപ്പിച്ച്‌ അപകടരഹിതമാക്കാനും പലതിനെയും കുഴപ്പമില്ലാത്തമറ്റു സംയുക്തങ്ങളാക്കിമാറ്റാനും ചെടികൾക്ക്‌ കഴിയുന്നു. വിഷകാരികളായ ഘനലോഹങ്ങളും ജൈവമാലിന്യങ്ങളുമാണ്‌ ഇങ്ങനെ നീക്കംചെയ്യപ്പെടുന്നതിൽ മുന്നിൽ. താരതമ്യേന പുതുതായ ഒരു സാങ്കേതികവിദ്യയായതിനാൽ ഇതേപ്പറ്റി കൂടുതൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

Phytoremediation process

പലതരം അയിരുകളിൽ നിന്നും ധാതുക്കൾ വേർതിരിച്ചുകഴിഞ്ഞുവരുന്ന മാലിന്യങ്ങൾ ഉപേക്ഷിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന ഘനലോഹങ്ങൾ പരിസ്ഥിതിക്ക്‌ വലിയതോതിലുള്ള നാശമാണ്‌ ഉണ്ടാക്കുന്നത്‌. ഘനലോഹങ്ങളൊന്നും തന്നെത്താൻ നശിക്കുന്നവയല്ലെന്നതിനാൽ കാലം ചെല്ലുന്തോറും ഇത്തരം പ്രദേശങ്ങളിൽ അവയുടെ സാന്ദ്രത കൂടിക്കൂടിവന്നുകൊണ്ടിരിക്കുകയും അവ ഭക്ഷ്യശൃഖലയിലേക്ക്‌ കടന്നുചെന്ന് അതിൽ കലരുകയും ചെയ്യും. പരിസ്ഥിതിക്കും മനുഷ്യർക്കും മറ്റിജീവികൾക്കും ഇത്‌ വൻകുഴപ്പങ്ങൾ ആണ്‌ ഉണ്ടാക്കുന്നത്‌. പല ഘനലോഹങ്ങളും കാൻസർ ഉണ്ടാക്കാനും മ്യൂടേഷൻ ഉണ്ടാക്കാനും ജനനവൈകല്യംപോലുമുണ്ടാക്കാനും പോന്നതുമാണ്‌. ഇവയെ പരിസ്ഥിതിയിൽ നിന്നും അരിച്ചുമാറ്റുന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. ചെലവുമാത്രമല്ല ഇത്‌ വളരെ ശ്രമകരവുമാണ്‌. ഇവിടെയാണ്‌ സസ്യങ്ങളെ ഉപയോഗിച്ച്‌ ഈ ഘനലോഹങ്ങളെ ഒഴിവാക്കുന്ന ഫൈറ്റോറെമഡിയേഷന്റെ പ്രസക്തി.

വിജയകരമായി ഫൈറ്റോറെമഡിയേഷൻ നടപ്പിലാക്കിയവയിൽ ലോഹങ്ങൾ കുഴിച്ചെടുത്ത്‌ ഉപേക്ഷിച്ച ഖനിപ്രദേശങ്ങളും കൽക്കരിഖനനശേഷം മാലിന്യങ്ങളൊഴുകി ഉപയോഗശൂന്യമായ ഇടങ്ങളും ഉൾപ്പെടുന്നു. ഇവിടങ്ങളിലെ ലോഹങ്ങൾ, കീടനാശിനികൾ, രാസപദാർത്ഥങ്ങാൾ, സ്ഫോടകവസ്തുക്കൾ എന്നിവയെല്ലാം സസ്യങ്ങൾ വിജയകരമായ നിർവ്വീര്യമാക്കുകയോ അവയുടെ സാന്ദ്രതയിൽ വലിയതോതിൽ കുറവുവരുത്തുകയോ ചെയ്തിട്ടുണ്ട്‌. ഏറ്റവും അധികം ഈ രീതി ഉപയോഗിക്കുന്നതിൽ പെട്രോളിയം ഉൽപ്പാദനവുമായി ബന്ധപ്പെട്ടവ്യവസായങ്ങളാണ്‌ മുന്നിൽ. കടുക്‌, കാബേജ്‌, ഹെമ്പ്‌, ചീരവർഗങ്ങളിൽപ്പെട്ട ചിലചെടികൾ എന്നിവ വിഷം അടിഞ്ഞുകൂടിയ ഇടങ്ങളെ ശുദ്ധീകരിക്കാൻ ഉപയോഗിച്ചുവരുന്നു. കഴിഞ്ഞ രണ്ടുദശകങ്ങളായി ഈയം, യുറേനിയം, ആർസനിക്‌ എന്നീ മാലിന്യങ്ങൾ അടങ്ങിയ മണ്ണിൽനിന്നും ഇവയുടെ അംശം നീക്കം ചെയ്യുന്നതിൽ ഈ രീതിവ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌. ഇന്നുള്ള മറ്റുപലരീതികളെയും അപേക്ഷിച്ച്‌ സസ്യങ്ങളെ ഇതിനുപയോഗിക്കുന്നതിൽ ചെലവ്‌ തീരെക്കുറവാണ്‌. അവയെ എളുപ്പത്തിൽ നിരീക്ഷിക്കാനും കഴിയും. വിലയേറിയ ലോഹങ്ങളെ ഈ രീതിയിൽ വേർതിരിക്കാനും ആവുന്നുണ്ട്‌. യാതൊരു പരിസ്ഥിതി ആഘാതങ്ങളും ഇല്ലാത്ത സ്വാഭാവികമായ ഈ പ്രകൃതിസംരക്ഷണരീതിയിൽ സൌരോർജ്ജമാണ്‌ ഉപയോഗിക്കുന്നതെന്നു മാത്രമല്ല സസ്യങ്ങൾ മറ്റു പലരീതിയിലും ഉപയോഗപ്പെടുകയും ചെയ്യുന്നുണ്ട്‌. മറ്റുരീതിയിൽ മണ്ണിൽ നിന്നും ഘനലോഹങ്ങളെ വേർതിരിക്കുന്നതിൽ മണ്ണ് ആകെ ഇളക്കിമറിച്ച്‌ ആ പ്രദേശത്തിന്റെ സ്വഭാവംതന്നെ മാറ്റേണ്ടിവരുമ്പോൾ സസ്യങ്ങൾ യഥാർത്ഥത്തിൽ മണ്ണിനെ അനക്കം കൂടാതെ സംരക്ഷിക്കുകയാണു ചെയ്യുന്നത്‌.

എന്നാൽ സസ്യങ്ങളുടെ വേരുകൾക്ക്‌ എത്താവുന്ന ഇടങ്ങളിൽനിന്നേ അവയ്ക്ക്‌ എന്തെങ്കിലും വലിച്ചെടുക്കാനാവുകയുള്ളൂ. പതിയെ വളരുന്നതിനാൽ യന്ത്രങ്ങൾ ഉപയോഗിച്ചുചെയ്യുന്നതുപോലെ പെട്ടെന്നു ഫലം കാണാനുമാവില്ല. പലമാലിന്യങ്ങളും അടങ്ങിയ ഇടങ്ങൾ സസ്യങ്ങളുടെ വളർച്ചയ്ക്ക്‌ അനുകൂലമാവണമെന്നുമില്ല, മാത്രമല്ല മാലിന്യങ്ങൾ സസ്യങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കുമെല്ലാം ദോഷവുമാവാം. ഈ സസ്യങ്ങളെ ഭക്ഷണത്തിന്‌ ഉപയോഗിച്ചാൽ മാലിന്യങ്ങൾ ശരീരത്തിൽ എത്താവുന്നതിനാൽ ഇവ ഭക്ഷ്യശൃംഖലയിൽ എത്താതെ തടയേണ്ടതുമുണ്ട്‌. സസ്യങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള മാലിന്യസംസ്കരണം വളരെയേറെ സാധ്യതകളുള്ളതും പലതരത്തിൽ ഉപയോഗിക്കുന്നതുമാണ്‌. മണ്ണിലെ ആവശ്യമുള്ള ഘടകങ്ങൾ സസ്യങ്ങൾ ഉപയോഗിച്ച്‌ സാന്ദ്രീകരിച്ചെടുക്കുന്നുണ്ട്‌. വേരുകൾ വലിച്ചെടുത്ത്‌ സസ്യശരീരത്തിലെത്തിക്കുന്ന വസ്തുക്കൾ വേർതിരിച്ചെടുക്കുകയാണ്‌ ഇതിൽ ചെയ്യുന്നത്‌. ദോഷകരമായ പദാർത്ഥങ്ങൾ സസ്യത്തിന്റെ ഉപാപചയത്തിൽക്കൂടി കടന്ന് കുഴപ്പമില്ലാത്ത പദാർത്ഥങ്ങൾ ആക്കാനും കഴിയുന്നുണ്ട്‌. ചെടികളുടെ വേരുകളിൽ ജീവിക്കുന്ന ചിലസൂക്ഷ്മജീവികൾക്ക്‌ പലപദാർത്ഥങ്ങളെയും വിഘടിപ്പിച്ച്‌ നിർവ്വീര്യമാക്കാനുള്ള കഴിവും ഇവിടെ ഉപയോഗിക്കുന്നു. ചില ദോഷകരമായ വസ്തുക്കളെവലിച്ചെടുത്ത്‌ ബാഷ്പമാക്കി ഇലയിൽക്കൂടി പുറത്തുകളയാനും ചെടികൾക്ക്‌ കഴിയും. രാസപദാർത്ഥങ്ങൾ ഉപയോഗിച്ച്‌ മാലിന്യങ്ങളെ അലിയിച്ച്‌ അവയെ മണ്ണിൽനിന്നും വലിച്ചെടുക്കാനുള്ള സസ്യങ്ങളുടെ ശേഷിവർദ്ധിപ്പിക്കാറുമുണ്ട്‌.-

"https://ml.wikipedia.org/w/index.php?title=ഫൈറ്റോറെമഡിയേഷൻ&oldid=3196729" എന്ന താളിൽനിന്ന് ശേഖരിച്ചത്