ഓർഗാനിക് ലൈറ്റ് എമിറ്റിങ്ങ് ഡയോഡ്
ഒരു പ്രത്യേക തരം ലൈറ്റ് എമിറ്റിങ്ങ് ഡയോഡ് ആണ് ഓർഗാനിക് ലൈറ്റ് എമിറ്റിങ്ങ് ഡയോഡ്.ഓ.എൽ.ഇ.ഡി (OLED) എന്ന പേരിലാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. ഇതിന്റെ പ്രകാശത്തിനു കാരണമായ പാളി ഒരു ഓർഗാനിക് മിശ്രിതം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. അതിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാകുമ്പോൾ പ്രകാശം പുറത്തുവരുന്നു. ഈ ഓർഗാനിക് പാളി രണ്ടു ഇലക്ട്രോഡുകൾക്കിടയിലാണ് സ്ഥാപിച്ചിരിക്കുന്നത്. പൊതുവേ ഇലക്ട്രോഡുകളിൽ ഒന്ന് സുതാര്യം ആയിരിക്കും.
പ്രധാനമായും ഡിസ്പ്ലേകൾ നിർമ്മിക്കുന്നതിനാണ് ഓ.എൽ.ഇ.ഡി ഉപയോഗിക്കുന്നത്. ഓ.എൽ.ഇ.ഡി ഡിസ്പ്ലേകൾക്ക് ബാക്ക് ലൈറ്റ് ആവശ്യമില്ല.അതിനാൽ കറുത്ത നിറം പ്രദർശിപ്പിക്കുന്നതിൽ കൂടുതൽ വ്യക്തത പുലർത്തുന്നു.(ഡിസ്പ്ലേകളുടെ മികവിനെ അളക്കുന്നതിനുള്ള ഒരു പ്രധാന ഘടകം ആണ് കറുത്ത നിറം പ്രദർശിപ്പിക്കുന്നതിനുള്ള കഴിവ്. അതിനാൽ ഓ.എൽ.ഇ.ഡി ഡിസ്പ്ലേകൾ എൽ.സി.ഡി. ഡിസ്പ്ലേയെക്കാൾ മികച്ച ദൃശ്യങ്ങൾ പ്രദാനം ചെയ്യുന്നു. അതോടൊപ്പം വലിപ്പവും കുറവായിരിക്കും.
രണ്ടു തരം ഓ.എൽ.ഇ.ഡി നിലവിലുണ്ട്. 1.പി.എം.ഓ.എൽ.ഇ.ഡി. (PMOLED) 2.എ.എം.ഓ.എൽ.ഇ.ഡി. (AMOLED). ഇപ്പോൾ എ.എം.ഓ.എൽ.ഇ.ഡി മൊബൈൽ ഫോണുകളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സാധാരണ എൽ.സി.ഡി. ഡിസ്പ്ലേയെക്കാൾ മികച്ച ദൃശ്യങ്ങളും കുറഞ്ഞ വൈദ്യുത ഉപയോഗവും ഇതിന്റെ പ്രചാരത്തിന് പ്രധാന കാരണമാണ്.