നവീൻ പട്നായിക്

(Naveen Patnaik എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2000 മാർച്ച് 5 മുതൽ 2024 ജൂൺ 12 വരെ തുടർച്ചയായി 24 വർഷമായി ഒഡീഷ മുഖ്യമന്ത്രിയായിരുന്ന[1] മുതിർന്ന ബി.ജെ.ഡി നേതാവാണ് നവീൻ പട്നായിക്.(ജനനം : 16 ഒക്ടോബർ 1946) 1997-ൽ ജനതാദൾ പിളർപ്പിനെ തുടർന്ന് ബിജു ജനതാദൾ എന്ന പാർട്ടി രൂപീകരിച്ച നവീൻ ആറ് തവണ നിയമസഭാംഗം, മൂന്ന് തവണ ലോക്സഭാംഗം, ഒരു തവണ കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[2][3][4][5]

നവീൻ പട്നായിക്
ഒഡീഷ മുഖ്യമന്ത്രി
ഓഫീസിൽ
5 മാർച്ച് 2000 - 12 ജൂൺ 2024
മുൻഗാമിഹേമാനന്ദ ബിശ്വാൾ
പിൻഗാമിമോഹൻ ചരൺ മാഞ്ജി
നിയമസഭാംഗം
ഓഫീസിൽ
2024, 2019, 2014, 2009, 2004, 2000
മണ്ഡലം
  • ഹിഞ്ചിലി(2024,2019,2014,2009,2004,2000)
  • ബീജെപ്പൂർ(2019 : resigned)
കേന്ദ്രമന്ത്രി, ഉരുക്ക്-ഖനന വകുപ്പ്
ഓഫീസിൽ
1998-2000
മുൻഗാമിബി.പി.ബൈശ്യ
പിൻഗാമിസുന്ദർലാൽ പട്വ
ലോക്സഭാംഗം
ഓഫീസിൽ
1999-2000, 1998-1999, 1997-1998
മണ്ഡലംഅസ്ക
ബി.ജെ.ഡി, സംസ്ഥാന അധ്യക്ഷൻ
ഓഫീസിൽ
1997-തുടരുന്നു
മുൻഗാമിനിലവിൽ വന്നത് മുതൽ
വ്യക്തിഗത വിവരങ്ങൾ
ജനനം (1946-10-16) 16 ഒക്ടോബർ 1946  (78 വയസ്സ്)
കട്ടക്ക്, ഒഡീഷ
രാഷ്ട്രീയ കക്ഷി
  • ബിജു ജനതാദൾ (1997-തുടരുന്നു)
പങ്കാളിun-married
വെബ്‌വിലാസംhttp://naveenpatnaik.in/biography
As of 12 ജൂൺ, 2024
ഉറവിടം: സ്റ്റാർസ് അൺഫോൾഡഡ്

ജീവിതരേഖ

ഒഡീഷ മുൻ മുഖ്യമന്ത്രിയായിരുന്ന ബിജു പട്നായിക്കിൻ്റെയും ജ്ഞാൻ ദേവിയുടേയും മകനായി 1946 ഒക്ടോബർ 16ന് ഒഡീഷയിലെ കട്ടക്കിൽ ജനനം. ഡെറാഡൂണിലെ വെൽഹാം, ഡൂൺ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ നവീൻ ഡൽഹി യൂണിവേഴ്സിറ്റിയിലുള്ള സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബി.എ ബിരുദം നേടി. പഠനശേഷം സാഹിത്യ ലോകത്തിലേക്ക് ചുവടുവച്ച് ഒരു എഴുത്തുകാരനായി മാറി.

രാഷ്ട്രീയ ജീവിതം

ഒഡീഷ മുൻ മുഖ്യമന്ത്രിയും ലോക്സഭാംഗവുമായിരുന്ന പിതാവ് ബിജു പട്നായിക് അന്തരിച്ചതിനെ തുടർന്നാണ് മകൻ നവീൻ രാഷ്ട്രീയത്തിലെത്തുന്നത്. 1997-ലെ ലോക്സഭ ഉപ-തിരഞ്ഞെടുപ്പിൽ അസ്ക മണ്ഡലത്തിൽ നിന്ന് ആദ്യമായി ലോക്സഭയിലെത്തിയ നവീൻ 1998, 1999 ലോക്സഭ തിരഞ്ഞെടുപ്പുകളിലും അസ്ക മണ്ഡലത്തിൽ നിന്ന് വീണ്ടും ലോക്സഭാംഗമായി. 1998 മുതൽ 2000 വരെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

1997-ലെ ജനതാദൾ പിളർപ്പിനെ തുടർന്ന് ജനതാദളിൽ നിന്ന് രാജിവെച്ച് നവീൻ ബിജു ജനതാദൾ എന്ന പുതിയ പാർട്ടി രൂപീകരിച്ചു. പിളർപ്പിനെ തുടർന്ന് ജനതാദൾ നാലു വിഭാഗങ്ങളായി ഇന്ത്യയിൽ വിഘടിച്ചു മാറി. നിതീഷ് കുമാർ നേതാവായ ജനതാദൾ യുണൈറ്റഡ്(ജെ.ഡി.യു). ലാലുപ്രസാദ് യാദവിൻ്റെ രാഷ്ട്രീയ ജനതാദൾ(ആർ.ജെ.ഡി). ദേവഗൗഡ നയിക്കുന്ന ജനതാദൾ സെക്യുലർ(ജെ.ഡി.എസ്), ഒഡീഷയിൽ നവീൻ്റെ പാർട്ടിയായ ബിജു ജനതാദൾ.(ബി.ജെ.ഡി)

2000-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.ഡി-ബി.ജെ.പി നയിച്ച എൻ.ഡി.എ സഖ്യം നിയമസഭയിൽ ആദ്യമായി കോൺഗ്രസ് ഇതര സർക്കാർ രൂപീകരിച്ചു. 2004-ലെ നിയമസഭയിലും എൻ.ഡി.എ സഖ്യം ഒഡീഷയിൽ വീണ്ടും അധികാരത്തിലെത്തി. 2009-ൽ ബി.ജെ.ഡി എൻ.ഡി.എ സഖ്യം വിട്ട് ഒറ്റയ്ക്ക് നിയമസഭയിൽ മത്സരിച്ച് വിജയിച്ചു. 147-ൽ 103 സീറ്റ് നേടി നവീൻ പട്നായിക് മുഖ്യമന്ത്രിയായി തുടർന്നു. 2014, 2019 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും ബി.ജെ.ഡി ഒറ്റയ്ക്ക് അധികാരം നിലനിർത്തി.

ഏറ്റവും കൂടുതൽ വർഷം മുഖ്യമന്ത്രിയായവരിൽ രണ്ടാമത്തെയാളാണ് നവീൻ പട്നായിക്. നിലവിൽ മുഖ്യമന്ത്രി പദവിയിൽ 2024 ജൂൺ 12 വരെ 8867 ദിവസം പൂർത്തിയായി. 2024-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.ഡി പരാജയപ്പെട്ടതിനെ തുടർന്ന് 2024 ജൂൺ 5ന് പദവി രാജി വെച്ചു. 1977 ജൂൺ 21 മുതൽ 2000 നവംബർ 5 വരെ തുടർച്ചയായി 23 വർഷം (8539 ദിവസം) പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു, 1994 ഡിസംബർ 12 മുതൽ മുതൽ 2019 മെയ് 26 വരെ തുടർച്ചയായി 25 വർഷം (8932 ദിവസം) സിക്കിം മുഖ്യമന്ത്രിയായ പവൻ കുമാർ ചാംലിംഗ് എന്നിവരാണ് മറ്റുള്ളവർ.

രാഷ്ട്രീയത്തിലെയും പാർട്ടിയിലെയും മിതവാദി, അഴിമതിക്കെതിരായ നിലപാട്, സമൂഹത്തിലെ താഴെക്കിടയിലുള്ളവർക്ക് വേണ്ടിയുള്ള പ്രവർത്തനം എന്നീ ഘടകങ്ങളാണ് ഒഡീഷ രാഷ്ട്രീയത്തിൽ നവീനെ ജനപ്രിയമാക്കുന്ന മറ്റ് ഘടകങ്ങൾ. ചുഴലിക്കൊടുങ്കാറ്റ് മൂലം നശീകരണം നേരിടുന്ന ഒഡീഷയെ അതിൽ നിന്ന് വിമുക്തമാക്കാൻ പ്രത്യേക പരിപാടി രൂപീകരിച്ച് നടപ്പിലാക്കിയതും കളഹന്ദി എന്ന ജില്ലയെ ദാരിദ്ര്യത്തിൻ്റെയും പട്ടിണിയുടേയും കാലത്തിൽ നിന്ന് മോചിപ്പിച്ച് വികസിത കളഹന്ദിയാക്കിയതും നവീൻ്റെ ജനപ്രിയത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

ഒഡീഷ മുഖ്യമന്ത്രി

2000 മാർച്ച് അഞ്ചിന് ആദ്യമായി ഒഡീഷ മുഖ്യമന്ത്രിയായ നവീൻ മുഖ്യമന്ത്രി പദത്തിൽ 24 വർഷം പൂർത്തിയാക്കി 2024 ജൂൺ 5ന് സ്ഥാനമൊഴിഞ്ഞു.

1995-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വൻവിജയം(80/147) നേടി കോൺഗ്രസ് ഒഡീഷയിൽ അധികാരം പിടിച്ചെങ്കിലും പാർട്ടിയിലെ തമ്മിലടിയിൽ അഞ്ച് വർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരാണ് കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ഒഡീഷ ഭരിച്ചത്. 2000-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട കോൺഗ്രസ് പിന്നീട് സംഘടന തലത്തിൽ ഒഡീഷയിൽ ദുർബലരായപ്പോൾ ബി.ജെ.ഡി 2024 വരെ തുടർച്ചയായി 24 വർഷം സംസ്ഥാനം ഭരിച്ചു.

1997 മുതൽ 2009 വരെ 12 വർഷം ബി.ജെ.പിയുമായി കൂട്ടുചേർന്ന് എൻ.ഡി.എ സഖ്യം ഒഡീഷ ഭരിച്ചെങ്കിലും 2009 മുതൽ ബി.ജെ.ഡി എൻ.ഡി.എ സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിച്ച് പോരുന്നു. 2024-ലെ നിയമസഭ തെരഞ്ഞെടുപ്പ് വരെ ഒഡീഷയിൽ ഏറ്റവും ജനപിന്തുണയുള്ള പാർട്ടി ബി.ജെ.ഡി ആയിരുന്നു.

2014, 2019 നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.ഡി വീണ്ടും ഭൂരിപക്ഷം നേടിയതിനെ തുടർന്ന് മുഖ്യമന്ത്രിയായി തുടർന്ന നവീൻ 2024-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

147 അംഗ നിയമസഭയിൽ 78 സീറ്റിലും 2024-ൽ ബി.ജെ.പി വിജയിച്ചപ്പോൾ 51 സീറ്റുകളാണ് നവീൻ പട്നായിക്കിൻ്റെ പാർട്ടിക്ക് നേടാൻ കഴിഞ്ഞത്. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ആകെ 21-ൽ 20 സീറ്റുകളിലും ബി.ജെ.പി ജയിച്ചപ്പോൾ ഒരു സീറ്റിൽ പോലും നവീൻ്റെ പാർട്ടിക്ക് ജയിക്കാൻ കഴിഞ്ഞില്ല.

ഒഡീഷയുടെ ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന ഭരണവും 20 ലോക്‌സഭ സീറ്റുകളും ബി.ജെ.പിയ്ക്ക് ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് തിരിച്ചടിയെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം 2024 ജൂൺ 5ന് നവീൻ പട്നായിക് രാജി വെച്ചു.[6]

2024 ഒഡീഷ നിയമസഭ

  • ബി.ജെ.പി  : 78 (40.07 %)
  • ബി.ജെ.ഡി : 51 (40.22 %)
  • കോൺഗ്രസ് : 14 (13.26 %)
  • സി.പി.എം  : 01 (00.37 %)
  • സ്വതന്ത്രർ  : 03 (05.06 %)

അവലംബങ്ങൾ

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=നവീൻ_പട്നായിക്&oldid=4114160" എന്ന താളിൽനിന്ന് ശേഖരിച്ചത്