മെനിഞ്ചൈറ്റിസ്

(Meningitis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തലച്ചോറിന്റെയും സുഷുമ്നാ നാഡിയുടെയും ആവരണങ്ങളായ മെനിഞ്ചസുകൾക്കുണ്ടാവുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ്. കേന്ദ്ര നാഡീവ്യൂഹത്തെ സംരക്ഷിക്കുക എന്നതാണ് മെനിഞ്ചസുകളുടെ ധർമ്മം. ഏതു പ്രായക്കാർക്കും മെനിഞ്ചൈറ്റിസ് വരാനുള്ള സാധ്യതയുണ്ട്. പ്രധാനമായും വൈറസുകളും ബാക്ടീരിയയും മൂലമാണ് മെനിഞ്ചൈറ്റിസ് ഉണ്ടാവുന്നതെങ്കിലും ഫംഗസ്, പാരസൈറ്റുകൾ, ചില ഔഷധങ്ങൾ എന്നിവ മൂലവും മെനിഞ്ചൈറ്റിസ് ഉണ്ടാകാം. മെനിഞ്ചൈറ്റിസ് മൂലം മരണം വരെ സംഭവിക്കാവുന്നതുകൊണ്ട് എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടത് പ്രധാനമാണ്.[1]

മെനിഞ്ചൈറ്റിസ്
സ്പെഷ്യാലിറ്റിInfectious disease, neurology

രോഗകാരണങ്ങൾ

തിരുത്തുക

ബാക്ടീരിയ, ഫംഗസ്, പ്രോട്ടോസോവ എന്നിവയുടെ ബാധ മൂലമാണ് മെനിഞ്ചൈറ്റിസ് ഉണ്ടാവുന്നതെങ്കിലും, അണുബാധ മൂലമല്ലാതെയും മെനിഞ്ചൈറ്റിസ് ഉണ്ടാകാം. ഇതിനെ അസെപ്റ്റിക് മെനിഞ്ചൈറ്റിസ് എന്നു വിളിക്കുന്നു. സാധാരണഗതിയിൽ ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് ചികിത്സിച്ചു ഭേദമായതിനു ശേഷമാണ് അസെപ്റ്റിക് മെനിഞ്ചൈറ്റിസ് ഉണ്ടാവുന്നത്. ഹൃദയത്തെ ബാധിക്കുന്ന എന്റോകാർഡൈറ്റിസ് എന്ന രോഗത്തിലെ ബാക്ടീരിയ രക്തത്തിലൂടെ തലച്ചോറിലേക്ക് എത്തിച്ചേർന്നാലും അസെപ്റ്റിക് മെനിഞ്ചൈറ്റിസ് ഉണ്ടാവാം. ശിശുക്കളിൽ ഗ്രൂപ്പ് ബി സ്ട്രെപ്റ്റോക്കോക്കൈ, ഇ-കോളി എന്നീ ബാക്ടീരിയയാണ് പ്രധാനമായും മെനിഞ്ചൈറ്റിസ് ഉണ്ടാക്കുന്നത്. കുട്ടികളിലും മുതിർന്നവരിലും നീസീരിയ മെനിഞ്ചൈറ്റിഡിസ്, സ്ട്രെപ്റ്റോക്കോക്കസ് ന്യൂമോണിയേ എന്നീ രോഗകാരികളാണ് മെനിഞ്ചൈറ്റിസ് ഉണ്ടാക്കുന്നത്.

രോഗലക്ഷണങ്ങൾ

തിരുത്തുക

അസഹ്യമായ തലവേദനയാണ് മെനിഞ്ചൈറ്റിസിന്റെ പ്രധാന രോഗലക്ഷണം. കഴുത്തിലെ പേശികളുടെ വലിവ്, തീവ്രമായ പനി, മാനസികവിഭ്രാന്തി, ഓക്കാനം, ഛർദ്ദി എന്നിവയാണ് മറ്റ് രോഗലക്ഷണങ്ങൾ. കുട്ടികളിൽ ഉറക്കക്കൂടുതൽ, അപസ്മാരം, സന്നിപാതം (Delirium) എന്നിവയും കണ്ടുവരുന്നു.

ചികിത്സ

തിരുത്തുക

ലംബാർ പങ്ചർ വഴി സെറിബ്രോ-സ്പൈനൽ ദ്രാവകം കുത്തിയെടുക്കുന്നു. കുത്തിയെടുത്ത ദ്രാവകത്തിൽ സൂക്ഷ്മജീവികളുടെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കുന്നു. അണുക്കളുടെ സാന്നിധ്യമുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടാലോ, രോഗി മെനിഞ്ചൈറ്റിസിന്റെ തനത് രോഗലക്ഷണങ്ങൾ കാണിച്ചാലോ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള ചികിത്സ തുടങ്ങാവുന്നതാണ്. ഇതേ ദ്രാവകം കൾച്ചർ ചെയ്ത് സൂക്ഷ്മജീവികളുടെ കോളനികൾ തിരിച്ചറിയുന്നു. തിരിച്ചറിഞ്ഞ അണുക്കൾക്ക് സംവേദകത്വമുള്ള ആന്റിബയോട്ടിക്കുകളും ചേർത്താണ് ചികിത്സ തുടരുന്നത്. ചില സന്ദർഭങ്ങളിൽ സ്റ്റിറോയിഡുകളും രോഗശമനത്തിനായി നൽകാറുണ്ട്. ആംഫോടെറിസിൻ-ബി, ഫ്ലൂസൈറ്റസിൻ എന്നീ മരുന്നുകളാണ് ഫംഗൽ മെനിഞ്ചൈറ്റിസ് ചികിത്സിക്കാനായി ഉപയോഗിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=മെനിഞ്ചൈറ്റിസ്&oldid=2201341" എന്ന താളിൽനിന്ന് ശേഖരിച്ചത്