മാക്ബെത്ത്
മാക്ബെത്തിന്റെ ദുരന്തം (അല്ലെങ്കിൽ മാക്ബെത്ത്) വില്യം ഷെയ്ക്സ്പിയറിന്റെ ഒരു ദുരന്ത നാടകമാണ്. ഒരു രാജാവിന്റെ വധവും അതിന്റെ പരിണത ഫലങ്ങളുമാണ് നാടകത്തിന്റെ ഇതിവൃത്തം. ഷേയ്ക്സ്പിയറിന്റെ ഏറ്റവും ചെറിയ ദുരന്ത നാടകമായ മാക്ബെത്ത്, 1603 - 1607 കാലഘട്ടത്തിൽ എഴുതപ്പെട്ടതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. സൈമൺ ഫോർമാൻ എന്ന വ്യക്തി 1611 ഏപ്രിൽ മാസത്തിന്റെ നാടകത്തിന്റെ അവതരണം ദർശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഷെയ്ക്സ്പിയർ കൃതികളുടെ ആദ്യ ശേഖരത്തിൽത്തന്നെ മാക്ബെത്ത് ഇടം നേടിയിരുന്നു.
റാഫേൽ ഹോളിൻഷെഡിന്റെ ‘ഇംഗ്ലണ്ടിന്റെയും സ്കോട്ട്ലണ്ടിന്റെയും ഐർലണ്ടിന്റെയും ചരിത്രം‘ എന്ന കൃതിയിൽ നിന്നാണ് ഷേക്സ്പിയർ ഈ നാടകത്തിലെ കഥാപാത്രങ്ങളായ മാക്ബെത്, മാക്ഡഫ്, ഡങ്കൻ തുടങ്ങിയ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയത്. എന്നാൽ സ്കോട്ട്ലണ്ട് ചരിത്രത്തിലെ സംഭവങ്ങളുമായി കഥയിലെ സംഭവങ്ങൾക്കുള്ള സാമ്യം തുച്ഛമാണ്. നാടകത്തിൽ നിന്ന് വ്യത്യസ്തമായി മക്ബെത്ത് എന്ന രാജാവ് യഥാർത്തിൽ കാര്യപ്രാപ്തിയുള്ളവനും ജനസമ്മതനുമായിരുന്നു..
ശപിക്കപ്പെട്ട ഒരു നാടകമായാണ് മക്ബെത്തിനെ നാടകരംഗത്തുള്ള പലരും കണക്കാക്കുന്നത്. ഇവർ നാടകത്തിന്റെ പേര് പറയുന്നതിന് പകരം സ്കോട്ടിഷ് നാടകം എന്നാണ് പറയുക. എങ്കിലും നൂറ്റാണ്ടുകളായിത്തന്നെ, പല പ്രശസ്തരായ നടീനടന്മാർ ഈ നാടകത്തിൽ മക്ബെത്തിന്റെയും ലേഡി മാക്ബെത്തിന്റെയും അവതരിപ്പിച്ചിട്ടുണ്ട്. അനേകം തവണ ചലച്ചിത്രമായും ടെലിവിഷൻ നാടകമായും ഒപേറയായും, അവതരിക്കപ്പെട്ടിട്ടുള്ള മാക്ബെത് നോവൽ, ചിത്രകഥാ തുടങ്ങിയ മറ്റ് രൂപങ്ങളിലും അവതരിക്കപ്പെട്ടിട്ടുണ്ട്.
കഥാപാത്രങ്ങൾ
തിരുത്തുക
|
|
ഇതിവൃത്തം
തിരുത്തുകമൂന്ന് മന്ത്രവാദിനികൾ മക്ബെത്തിനെ കാണുവാൻ തീരുമാനിക്കുന്ന രംഗത്തോടുകൂടിയാണ് നാടകം ആരംഭിക്കുന്നത്. അതിനുശേഷം, ഡങ്കൻ രാജാവ് യുദ്ധത്തിൽ തന്റെ സൈന്യാധിപന്മാരായ മാക്ബെത്തിന്റെയും ബാങ്ക്വോയുടെയും നേതൃത്വത്തിൽ തന്റെ സൈന്യം നേടിയ വിജയത്തെക്കുറിച്ചറിയുന്നു.
രംഗം മാറുന്നു. മാക്ബെത്തും ബാങ്ക്വോയും അവരുടെ വിജയത്തെയും പ്രതികൂലമായ കാലവസ്ഥയെയും കുറിച്ച് പ്രതികരിച്ചുകൊണ്ട് രംഗത്തേക്ക് വരുന്നു. അപ്പോൾ മൂന്ന് മന്ത്രവാദിനികൾ കടന്ന് വരികയും അവരുടെ പ്രവചനങ്ങൾ അറിയിക്കുകയും ചെയ്യുന്നു. എന്നാൽ അവരെ എതിർത്ത ബാങ്ക്വോയെ മറികടന്ന്കൊണ്ട് മക്ബെത്തിനെ അവർ സംബോധന ചെയ്യുകയും ചെയ്തു. ഒന്നാമത്തെ മന്ത്രവാദിനി അദ്ദേഹത്തെ ‘ഗ്ലാമിസിന്റെ പ്രഭൂ’ എന്നും രണ്ടാമത്തെ മന്ത്രവാദിനി അദ്ദേഹത്തെ ‘കാവ്ഡോറിന്റെ പ്രഭു’ എന്നും മൂന്നാമത്തെ മന്ത്രവാദിനി അദ്ദേഹത്തെ ‘രാജാവാകുവാൻ പോകുന്നയാൾ’ എന്നും വിശേഷിപ്പിക്കുന്നു. ഈ അഭിസംബോധനകൾ കേട്ട് മക്ബെത്ത് സ്തബ്ധനായിപ്പോവുകയും ബാങ്ക്വൊ മന്ത്രവാദിനികളെ വെല്ലുവിളിക്കുകയും ചെയ്യുന്നു. അതിനു മറുപടിയായി അദ്ദേഹം ഒരു രാജവംശത്തിന്റെ മുൻഗാമിയാവും എന്ന് അറിയിക്കുന്നു. രണ്ട് സൈനാധിപന്മാരും ഈ പ്രവചനങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ മന്ത്രവാദിനികൾ അപ്രത്യക്ഷരാവുന്നു. അതിനു ശേഷം രാജാവിന്റെ ഒരു ദൂതനായ റോസ് രംഗത്തെത്തുകയും മാക്ബെത്തിനെ കാവ്ഡോറിന്റെ പ്രഭുവാക്കിക്കൊണ്ടുള്ള രാജാവിന്റെ കല്പന അവരെ അറിയിക്കുകയും ചെയ്യുന്നു. അങ്ങനെ മന്ത്രവാദിനികളുടെ ഒന്നാമത്തെ പ്രവചനം സത്യമായിത്തീർന്നു. അപ്പോൾമുതൽ മക്ബെത്ത് രാജാവാകുവാനുള്ള ആഗ്രഹങ്ങൾ താലോലിക്കുവാൻ തുടങ്ങുന്നു.
മക്ബെത്ത് ഈ പ്രവചനങ്ങളെക്കുറിച്ച് തന്റെ ഭാര്യയെ കത്തെഴുതി അറിയിക്കുന്നു. ഡങ്കൻ രാജാവ് മക്ബെത്തിന്റെ കൊട്ടാരം സന്ദർശിച്ച് അവിടെ താമസിക്കുവാൻ തീരുമാനിച്ചപ്പോൾ ലേഡി മാക്ബെത്ത് അദ്ദേഹത്തെക്കൊല്ലുവാനുള്ള തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. തുടക്കത്തിൽ മക്ബെത്ത് ഈ പദ്ധതിക്ക് എതിരായിരുന്നെങ്കിലും ലേഡി മാക്ബെത്ത് അദ്ദേഹത്തിന്റെ ആണത്തത്തെ ചോദ്യം ചെയ്യുകയും അതിലൂടെ അവരുടെ പദ്ധതിയനുസരിച്ച് പ്രവർത്തിക്കുവാൻ നിർബന്ധിക്കുന്നു.
രാജാവ് മക്ബെത്തിന്റെ കൊട്ടാരത്തിൽ താമസിക്കുമ്പോൾ, മാക്ബെത്ത് ഡങ്കനെക്കൊല്ലുന്നു. ഈ പ്രവൃത്തി രംഗത്ത് കാണിക്കുന്നില്ല, എങ്കിലും ഈ കൊലപാതകം മക്ബെത്തിനെ മാനസികമായി തകർക്കുന്നു. അതിന് ശേഷം ലേഡി മക്ബെത്ത് ശേഷമുള്ള കാര്യങ്ങൾ ചെയ്യുന്നു.ഡങ്കന്റെ അംഗരക്ഷകരാണ് അദ്ദേഹത്തെ കൊന്നത് എന്ന് വരുത്തിത്തീർക്കാനായി കൊലക്കുപയോഗിച്ച കത്തി അവരുടെ കൈവശമാക്കുന്നു. അടുത്ത ദിവസം പുലർച്ചക്ക്, മക്ബെത്തിന്റെ കൊട്ടാരത്തിൽ എത്തിച്ചേരുന്ന സ്കോട്ലണ്ടുകാരനായ ലെനോക്സും മക്ഡഫും രാജാവിന്റെ അറയിലേക്ക് ആനയിക്കപ്പെടുന്നു. അവിടെ ഡങ്കന്റെ ശവശരീരം കണ്ടെത്തിയ സാഹചര്യത്തിൽ മക്ബെത്ത് രാജാവിന്റെ അംഗരക്ഷകന്മാരെ കൊല്ലുന്നു. മക്ഡഫ് മക്ബെത്തിനെ സംശയിക്കാൻ തുടങ്ങുന്നുവെങ്കിലും അത് പ്രകടമാക്കുന്നില്ല. അതേസമയം ഡങ്കന്റെ മക്കളായ മാൽക്കമും ഡോണൽബെയ്നും പ്രാണരക്ഷാർത്ഥം നാടുവിടുന്നു. എന്നാൽ ഇവരുടെ നാടുവിടൽ ഇവർക്ക് കൊലയിൽ പങ്കുള്ളവരായി സംശയിക്കുവാൻ ഇടയാക്കുകയും രാജാവിന്റെ ബന്ധു എന്ന നിലയിൽ മക്ബെത് രാജസ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്നു.
രാജാവാകുവാൻ സാധിച്ചുവെങ്കിലും ബാങ്ക്വോയെക്കുറിച്ചുള്ള പ്രവചനത്തിൽ അസ്വസ്ഥനായ മാക്ബെത്ത് ഒരു രാജകീയ വിരുന്നിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നു. വിരുന്നിലേക്ക് എത്തിച്ചേരുന്ന ബാങ്ക്വോയെയും പുത്രൻ ഫ്ലിയൻസിനെയും കൊല്ലുവാൻ വാടകക്കൊലയാളികളെ ഒരുക്കുകയും ചെയ്യുന്നുണ്ട് മക്ബെത്. ഇവർ ബാങ്ക്വോയെ കൊല്ലുന്നു. അദ്ദേഹത്തിന്റെ പുത്രനായ ഫ്ലിയൻസ് രക്ഷപെടുന്നു. രാജകീയ വിരുന്നിൽ ബാങ്ക്വോയുടെ പ്രേതം പങ്കെടുക്കുകയും മക്ബെത്തിന്റെ കസേരയിൽ ഇരിക്കുകയും ചെയ്യുന്നു. ഇത് പക്ഷെ മക്ബെത്തിനു മാത്രമേ കാണുവാൻ കഴിയൂ. പ്രേതത്തെ കണ്ടിട്ടുള്ള മക്ബെത്തിന്റെ ബഹളം മാത്രം കാണുന്ന മറ്റുള്ളവരെ ലേഡി മക്ബെത് വിരുന്നുമുറിക്ക് പുറത്താക്കുന്നു. അസ്വസ്ഥനായ മക്ബെത്ത് മൂന്ന് മന്ത്രവാദിനികളെ ഒരിക്കൽക്കൂടി പോയിക്കാണുന്നു. അവർ പ്രത്യക്ഷപ്പെടുത്തുന്ന മൂന്ന് അരൂപികൾ മൂന്ന് താക്കീതുകളും മുന്ന് പ്രവചനങ്ങളും മക്ബെത്തിനെ അറിയിക്കുന്നു. 'മക്ഡഫിനെ സൂക്ഷിക്കുക';'സ്ത്രീ പ്രസവിച്ചവരാരും മക്ബെത്തിനെ അപായപ്പെടുത്തില്ല'; 'ബിർനാം വനം ദഡൻസിനൻ കുന്ന് കയറിവരുന്ന കാലം വരെ മക്ബെത്ത് സുരക്ഷിതനായിരിക്കും' എന്നിവയായിരുന്നു ആ പ്രവചനങ്ങൾ. മക്ഡഫ് ഇംഗ്ലണ്ടിലായിരുന്നതിനാൽ താൻ സുരക്ഷിതനാണെന്ന് മക്ബെത്ത് കരുതുന്നു. എങ്കിലും മക്ഡഫിന്റെ കൊട്ടാരത്തിൽ ഉണ്ടായിരുന്ന എല്ലാവരെയും - മക്ഡഫിന്റെ ഭാര്യയെയും മക്കളെയും ഉൾപ്പെടെ കൊന്നുകളയുന്നു.
തങ്ങൾ ചെയ്ത് തെറ്റുകളുടെ പാപബോധം മൂലം ലേഡി മക്ബെത്തിന് സ്ഥിരബോധം നഷ്ടപ്പെടുന്നു. ഉറക്കത്തിൽ എഴുന്നേറ്റു നടക്കുകയും, ഇല്ലാത്ത രക്തക്കറ കൈകളിൽ നിന്ന് കഴുകിക്കളയാനും അവർ ശ്രമിക്കുന്നു. ഒപ്പം തങ്ങൾ ചെയ്ത തെറ്റുകളെക്കുറിച്ച് ഉറക്കെ വിലപിക്കുകയും ചെയ്യുന്നു.
ഇംഗ്ലണ്ടിലായിരുന്ന മക്ഡഫ് തന്റെ ഭാര്യയും കുഞ്ഞുങ്ങളും അതിക്രൂരമായി വധിക്കപ്പെട്ടതിനെക്കുറിച്ച് തന്റെ ആശ്രിതനായ റോസിൽ നിന്ന് അറിയുന്നു. ഇതിനകം ഒരു സ്വേച്ഛാധിപതിയായി പെരുമാറിത്തുടങ്ങിയിരുന്ന മക്ബെത്തിനെതിരെ കലഹങ്ങൾ പൊട്ടിപ്പുറപ്പെടുവാൻ തുടങ്ങി. ഇംഗ്ലിഷുകാരനായ സീവാർഡിന്റെയും മക്ഡഫിന്റെയും ഒപ്പം മാൽക്കം ഡൻസിനൻ കൊട്ടാരം അക്രമിക്കാൻ പുറപ്പെടുന്നു. ബിർനാം വനത്തിലായിരുന്നപ്പോൾ അവരുടെ എണ്ണം കുറച്ചുകാട്ടുവാനായി മരച്ചില്ലികൾ മുറിച്ച് മറയായിപ്പിടിച്ചുകൊണ്ട് കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. ഇതിനാൽ മന്ത്രവാദിനികളുടെ മൂന്നാം പ്രവചനം സത്യമായി വന്നു. അതേസമയം ലേഡി മക്ബെത്തിന്റെ ആത്മഹത്യയെക്കുറിച്ച് മനസ്സിലാക്കുന്നു മക്ബെത്.
മക്ഡഫുമായി ഉള്ള യുദ്ധത്തിൽ സീവാർഡ് മരിക്കുന്നു. അതിനുശേഷം മക്ഡഫ് മക്ബെത്തുമായി ഏറ്റുമുട്ടാൻ തയ്യാറെടുക്കുമ്പോൾ സ്ത്രീ പ്രസവിച്ചവർക്കാർക്കും തന്നെ കൊല്ലുവാൻ കഴിയുകയില്ല എന്ന പ്രവചനം മക്ബെത്ത് അറിയിക്കുന്നു. എന്നാൽ താൻ തന്നെ പ്രസവിക്കുകയല്ലായിരുന്നു എന്നും, പ്രസവസമയത്തിനു മുൻപ് തന്നെ വയറ് പിളർന്ന് പുറത്തെടുക്കുകയായിരുന്നു എന്നും അറിയിച്ചു. പ്രവചനം മനസ്സിലാക്കുന്നതിൽ തനിക്കു പറ്റിയ പിഴവ് മക്ബെത്ത് മനസ്സിലാക്കുന്നുവെങ്കിലും മക്ഡഫ് മക്ബെത്തിന്റെ തല വെട്ടിയെടുക്കുന്നു. (ഇത് സദസ്സിൽ കാണിക്കുന്നില്ല)
മക്ബെത്തിന് ശേഷം മാൽക്കം രാജാവാകുന്നുണ്ടെങ്കിലും ബാങ്ക്വോയെക്കുറിച്ചുള്ള പ്രവചനം സത്യമാകുന്നുണ്ട് എന്ന് ഷെയ്ക്സ്പിയറിന്റെ കാലത്തെ കാണികൾക്ക് വ്യക്തമാവുന്നു. കാരണം ഇംഗ്ലണ്ടിന്റെ ജെയിംസ് ഒന്നാമൻ രാജാവ് ബാങ്ക്വോയുടെ പിൻഗാമി ആണ് എന്ന് കരുതപ്പെട്ടിരിക്കുന്നു.
ഉറവിടങ്ങൾ
തിരുത്തുകഷേക്സ്പിയറിന്റെ തന്നെ ആന്റണി ആന്റ് ക്ലിയോപാട്ര എന്ന നാടകവുമായി മക്ബെത്ത് താരതമ്യപ്പെടുത്താറൂണ്ട്. ആന്റണി എന്ന കഥാപാത്രവും മക്ബെത്ത് എന്ന കഥാപാത്രവും പുതിയ ഒരു ലോകത്തെ തേടുന്നവരാണ്. എങ്കിലും ഇതിനാൽ അവർക്ക് അവരുടെ പഴയ ജീവിതം നഷ്ടമാകുന്നു. രണ്ടുപേരും അധികാരം നേടുന്നതിനായി പ്രയത്നിക്കുന്നു. ഈ പ്രയത്നത്തിൽ ഇവർക്കൊപ്പം ഓരോ എതിരാളികളും ഉണ്ട്. അന്റണിക്കത് ഒക്ടേവിയസ് ആണെങ്കിൽ മക്ബെത്തിനത് ബാങ്ക്വോ ആണ്. നാടകത്തിലൊരു അവസരത്തിൽ മക്ബെത്ത് തന്നെ ആന്റണിയുമായി താരതമ്യപ്പെടുത്തുന്നുണ്ട്. അതുമാത്രമല്ല ശക്തകളും കൗശലക്കാരികളുമായ ഓരോ സ്ത്രീ കഥാപാത്രങ്ങലും ഈ നാടകങ്ങളിലുണ്ട്. മക്ബെത്തിൽ അത് ലേഡി മക്ബെത്താണെങ്കിൽ ആന്റണി ആന്റ് ക്ലിയോപാട്രയിൽ അത് ക്ലിയോപാട്രയാണ്.
ഹോളിൻഷെഡിന്റെ ചരിത്രക്ർ^തിയിൽ നിന്നുള്ള പല കഥകൾ കൂട്ടിച്ചേർത്തുകൊണ്ടാണ് ഷേക്സ്പിയർ മക്ബെത്തിന്റെ കഥ ഉണ്ടാക്കിയിരിക്കുന്നത്.