എം.സി. ജോസഫ്

(M. C. Joseph എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ തുടക്കകാരിലൊരാളാണ് മൂക്കഞ്ചേരിൽ ചെറിയാൻ ജോസഫ് എന്ന എം.സി. ജോസഫ് (6 ജനുവരി 1887 – 26 ഒക്ടോബർ 1981). മതനിയമങ്ങളെ ധിക്കരിക്കാനും ദിവ്യാത്ഭുതങ്ങളെ വെല്ലു വിളിക്കാനും അദ്ദേഹം തയ്യാറായി. ഇന്ത്യൻ റാഷനലിസ്റ്റ് അസോസിയേഷന്റെ പ്രസിഡൻറായിരുന്നു.

എം.സി. ജോസഫ്

ജീവിതരേഖ

തിരുത്തുക

എറണാകുളം, തൃപ്പൂണിത്തുറയിൽ മൂക്കഞ്ചേരി കുഞ്ഞിച്ചെറിയയുടെയും കുഴിയാഞ്ഞാൽ കുഞ്ഞാമ്മറിയയുടെയും മകനായി ജനിച്ചു. 4 വയസ്സുള്ളപ്പൊൾ കുശലൻ എന്ന നാട്ടെഴുത്തച്ഛൻ പഠിപ്പിച്ചു. അഞ്ചുവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.

ആദ്യകാലങ്ങളിൽ തൃപ്പൂണിത്തുറ സ്ക്കൂളിലും, എറണാകുളം സെൻറ്ആൽബർട്സ് സ്കൂളിലും ആയിരുന്നു വിദ്യാഭ്യാസം. കോളേജ് പഠനം ആരംഭിച്ചെങ്കിലും അതു തുടരാനായില്ല. . മലബാർ ഹെറാൾഡ്, കൊച്ചിൻ ആർഗസ്സ് എന്നീ പത്രങ്ങളുടെ ലേഖകനായി കുറച്ചുനാൾ ജോലി നോക്കി. പിന്നീട് ദിവാൻ പേഷ്കർ ഓഫീസിൽ ഗുമസ്തനായി. എന്നാൽ ഏറെ താസിയാതെ അതു രാജിവച്ച് തിരുവനന്തപുരത്തുപോയി പ്ളീഡർ പരീക്ഷക്കു പഠിച്ചു. 1913ൽ പ്ളീഡർ പരീക്ഷ ജയിച്ചു. അഭിഭാഷകവൃത്തി ആരംഭിച്ചത് ചേർത്തലയിലാണ്. പിന്നീട് ഇരിങ്ങാലക്കുടയിൽ അഭിഭാഷകനായി[1]. യുക്തിവാദി എന്ന നിലയിലെ പ്രവർത്തനത്തിനു പുറമെ സഹോദര സംഘത്തിലെ പ്രവർത്തനത്തിലും, മിശ്രവിവാഹസംഘം പ്രവർത്തനത്തിലും അദ്ദേഹം ഏർപ്പെട്ടിരുന്നു. കുറച്ചു കാലം കൊച്ചിൻ കോൺഗ്രസ്സിലും. എസ്.എൻ.ഡി.പി.യിലും അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. ഇരിങ്ങാലക്കുട സഹകരണ ബാങ്ക്, കർഷകസംഘം എന്നിവയുടെ പ്രവർത്തനത്തിലും സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു.

1981 ഒക്ടോബർ 26ന് എം.സി.ജോസഫ് മരിച്ചു. നേരത്തെ അദ്ദേഹം ആവശ്യപ്പട്ടതനുസരിച്ച് മരണശേഷം ഉടൽ, കോഴിക്കോട് മെഡിക്കൽ വൈദ്യശാസ്ത്ര വിദ്യാർത്ഥികളുടെ പഠനത്തിന് വിട്ടുകൊടുത്തു.

ചേച്ചകുഞ്ഞ് ആണ് എം.സി.യുടെ ഭാര്യ.

യുക്തിവാദ സംഘം

തിരുത്തുക

സഹോദരൻ അയ്യപ്പൻ, കുറ്റിപ്പുഴ കൃഷ്ണപിള്ള, തുടങ്ങിയ സമാനമനസ്കരും ആയുള്ള ബന്ധം, കരുത്തുറ്റ ഒരു യുക്തിവാദി പ്രസ്ഥാനം കേരളത്തിൽ പടുത്തുയർത്തുന്നതിന് എം.സി.ക്ക് സഹായകമായി. 1929ൽ സഹോദരൻ അയ്യപ്പൻ തുടങ്ങിയ യുക്തിവാദി മാസികയുടെ പത്രാധിപസമിതിയിൽ എം.സിയും ഉണ്ടായിരുന്നു, കെ. രാജവർമ്മതമ്പാൻ, സി. കൃഷ്ണൻ, സി.വി. കുഞ്ഞുരാമൻ എന്നിവരോടൊപ്പം പിന്നീട് അതിന്റെ പത്രാധിപരായും ചുമതല വഹിച്ചു. 1975വരെ അതു നടത്തി. അതിൽ അതതുകാലത്ത് മതം കൊട്ടിഘോഷിക്കുന്ന ദിവ്യാത്ഭുതങ്ങളെ അദ്ദേഹം വെല്ലു വിളിക്കുയും പലതിന്റെയും പൊള്ളത്തരം തുറന്നുകാണിക്കുകയും ചെയ്തു.[2]

  1. പ്രബോധനം (1947)
  2. യുക്തിപ്രകാശം (1966)
  3. ആശയസമരം (1976)
  4. തിരഞ്ഞെടുത്ത കുറിപ്പുകൾ (1976)
  5. ചിന്താവിപ്ളവം (1976)
  6. നാസ്തികചിന്ത (1977)
  7. സ്വതന്ത്ര ചിന്ത (1978)
  8. കുട്ടിച്ചാത്തൻ (1983)
  9. എം.സിയുടെ ലേഖനങ്ങൾ (ഉപന്യാസങ്ങൾ)(1991)
  10. എം.സിയുടെ ദർശനങ്ങൾ (1995)
  11. ജ്യോത്സ്യം ഒരു കപട ശാസ്ത്രം (2004) ഇന്ത്യൻ എത്തീസ്റ്റ് പബ്ളീഷേഴ്സ്
  12. പുനർജന്മ സ്മരണകൾ (2004) ഇന്ത്യൻ എത്തീസ്റ്റ് പബ്ളീഷേഴ്സ്
  13. കാലത്തിനു മുൻപെ നടന്നവർ (2005) ഇന്ത്യൻ എത്തീസ്റ്റ് പബ്ളീഷേഴ്സ്
  • കല-സാഹിത്യരംഗത്ത് മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന പ്രതിഭകൾക്കായി ഭാരതീയ യുക്തിവാദി സംഘം എം.സി. ജോസഫ് അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.
  1. എം.കെ. സാനു (May 2002). യുക്തിവാദി എം.സി. ജോസഫ്. (May 2002) (Department of Cultural Publications, Government of Kerala, Thiruvananthapuram -14).
  2. ജോസഫ് ഇടമറുക് (1959). എം.സി എന്ന മനുഷ്യൻ. ജയ് ഹിന്ദ് പബ്ളിക്കേഷൻസ്.
"https://ml.wikipedia.org/w/index.php?title=എം.സി._ജോസഫ്&oldid=4092657" എന്ന താളിൽനിന്ന് ശേഖരിച്ചത്