കോളറാകാലത്തെ പ്രണയം
പ്രശസ്ത കൊളംബിയൻ സാഹിത്യകാരൻ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ഒരു നോവലാണ് കോളറാകാലത്തെ പ്രണയം. പ്രണയത്തോടൊപ്പം മരണവും മഹാമാരിയും വാർദ്ധക്യവും ഗൃഹാതുരത്വവും ഈ നോവലിന്റെ പ്രമേയങ്ങളാണ്.
കർത്താവ് | ഗബ്രിയേൽ ഗർസിയ മാർക്വേസ് |
---|---|
യഥാർത്ഥ പേര് | El amor en los tiempos del cólera |
പരിഭാഷ | എഡിത്ത് ഗ്രോസ്സ്മാൻ |
രാജ്യം | കൊളംബിയ |
ഭാഷ | സ്പാനിഷ് |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകർ | Editorial Oveja Negra (Columbia) Alfred A. Knopf (US) ഡി.സി. ബുക്ക്സ് (മലയാളം) |
പ്രസിദ്ധീകരിച്ച തിയതി | 1985 (ഇംഗ്ലീഷ് പരിഭാഷ: 1988, മലയാളം പരിഭാഷ: 1997) |
മാധ്യമം | പ്രിന്റ് (ഹാർഡ് കവർ & പേപ്പർബാക്ക്) |
ഏടുകൾ | 348 പേജ് |
കഥാപാത്രങ്ങൾ
തിരുത്തുക- ഫ്ലോറന്റിനോ അരിസ - നായകൻ.
- ഫെർമിന ഡാസ - നായിക.
- ഡോ. ജുവനാൽ അർബിനോ - നായികയുടെ ഭർത്താവ്.
- ട്രാൻസിറ്റോ അരിസ - നായകന്റെ മാതാവ്.
- ഡോൺ പയസ് V ലയോസ - നായകന്റെ പിതാവ്.
- ലൊട്ടേറിയൊ തുഗട്ട് - നായകന്റെ സഹപ്രവർത്തകൻ. ടെലഗ്രഫ് ഓപ്പറേറ്റർ.
- ലോറൻസോ ഡാസ - നായികയുടെ പിതാവ്.
- എസ്കൊലാസ്തിക്ക - നായികയുടെ പിതൃസഹോദരി.
- ലിയോണ കാസ്സിയാനി - കരീബിയൻ റിവർ കമ്പിനിയിൽ ഫ്ലോ.അരിസയുടെ സഹപ്രവർത്തക
കഥാസംഗ്രഹം
തിരുത്തുകട്രാൻസിറ്റോ അരിസയ്ക്ക് ഡോൺ പയസ് V ലയോസയിലുണ്ടായ അവിഹിതബന്ധത്തിലെ ഏകസന്താനമായ ഫ്ലോറന്റിനോ അരിസ തന്റെ മാതാവിനോടൊപ്പമാണ് ജീവിച്ചിരുന്നത്. മകന് 10 വയസ്സായപ്പോൾ ഡോൺ പയസ് V ലയോസ മരിച്ചു. മകന്റെ ചെലവുകളെല്ലാം അയാൾ രഹസ്യമായി വഹിച്ചുപോന്നിരുന്നുവെങ്കിലും നിയമത്തിന്റെ മുൻപിൽ അവനെ തന്റെ മകനായി അംഗീകരിച്ചിരുന്നില്ല.
പിതാവിന്റെ മരണശേഷം ഫ്ലോറന്റിനോ അരിസ പഠനം ഉപേക്ഷിച്ചു. പിന്നെ അയാൾ ഒരു പോസ്റ്റൽ ഏജൻസിയിൽ അപ്രന്റീസായി പോയി. ലോറൻസോ ഡാസയ്ക്ക് ഒരു കമ്പിസന്ദേശം കൊടുക്കാൻ അയാളുടെ വീട്ടിൽ ചെന്നപ്പോളാണ് ഫ്ലോറന്റിനോ അരിസ ഫെർമിന ഡാസയെ ആദ്യമായി കാണുന്നത്. ആദ്യദർശനത്തിൽതന്നെ ഫ്ലോറന്റിനോ അരിസ അവളിൽ ആകൃഷ്ടനായി.
ലോറൻസോ ഡാസ തന്റെ ഏകമകളോടും അവിവാഹിതയായ സഹോദരി എസ്കൊലാസ്തിക്കയോടും ഒപ്പമാണ് താമസിച്ചിരുന്നത്. 13 വയസ്സുള്ള ഫെർമിന ഡാസ എന്നും സ്കൂളിൽ പോയിരുന്നത് എസ്കൊലാസ്തിക്കയോടൊപ്പമായിരുന്നു. ഫെർമിന ഡാസയോടുള്ള പ്രേമാതിരേകത്താൽ ഫ്ലോറന്റിനോ അവൾ എന്നും സ്കൂളിൽ പോകുമ്പോൾ കടന്നുപോയിരുന്ന ചെറിയ പാർക്കിൽ ഏറ്റവും ഒഴിഞ്ഞ ഒരു ബെഞ്ചിൽ പുസ്തകം വായിക്കുകയാണെന്ന് നടിച്ചുകൊണ്ട് ആ സുന്ദരി വരുന്നതു കാണുംവരെ ഇരുന്നു. അവളോട് തന്റെ മാനസാഭിലാഷം പങ്കുവെയ്ക്കാൻ പറ്റുന്ന ഒരു അവസരം വരുന്നതു വരെ കാത്തിരുന്നുകൊണ്ട് അവനങ്ങനെ തന്നെ മാസങ്ങളോളം കാത്തിരുന്നു.
ഒടുവിൽ അയാൾ അവൾക്കൊരു കത്തുകൊടുത്തു. ദിവസങ്ങൾക്കുശേഷം ഇരുവരും അഗാഥപ്രണയത്തിലകപ്പെട്ടു. എന്നാൽ അധികം താമസിയാതെ അവർ പിടികൂടപ്പെട്ടു. തന്റെ സഹോദരിയുടെ ഒത്താശയോടെയല്ലാതെ ഈ ബന്ധം സാധ്യമല്ല എന്നു മനസ്സിലാക്കിയ ലോറൻസോ ഡാസ അവരെ നാടുകടത്തി. ആത്മഹത്യാഭീഷണി മുഴക്കിയ ഫെർമിന ഡാസയ്ക്കു വഴങ്ങാതെ ലോറൻസോ ഡാസ അവളേയും കൂട്ടി ദൂരദേശത്തേയ്ക്ക് പലായനം ചെയ്തു. എന്നാൽ ഫ്ലോറന്റിനോ അവരുടെ ലക്ഷ്യം അവരറിയാതെ അറിഞ്ഞുകൊണ്ടിരുന്നു. വർഷങ്ങൾക്കുശേഷം തന്റെ മകൾ എല്ലാം മറന്നെന്നു കരുതിയ ലോറൻസോ ഡാസ നാട്ടിൽ തിരിച്ചെത്തി. എന്നാൽ ഇക്കാലയളവിൽ അവരിരുവരും ടെലഗ്രാഫ് സന്ദേശങ്ങളാൽ തങ്ങളുടെ പ്രണയം കൈമാറിവന്നിരുന്നു.
നാട്ടിൽ തിരിച്ചെത്തിയതിന്റെ പിറ്റേദിവസം ഫെർമിന ഡാസ ചന്തയിൽ വെച്ച് ഫ്ലോറന്റിനോ അരിസയെ വീണ്ടും കണ്ടുമുട്ടുന്നു. എന്നാൽ താൻ മനസ്സിൽ സങ്കൽപ്പിച്ചുകൊണ്ടുനടന്ന ആളേയല്ല തന്റെ മുൻപിൽ നിൽക്കുന്നതെന്ന് ഫെർമിന ഡാസ സങ്കടത്തോടെ തിരിച്ചറിയുന്നു. ഇത്രയും ദീർഘകാലത്തെ പ്രേമബന്ധം അവിടെവെച്ച് അവൾ അവസാനിപ്പിക്കുന്നു. "ഇന്ന് നിങ്ങളെക്കണ്ടപ്പോൾ നാം തമ്മിലുള്ളത് വെറുമൊരു വ്യാമോഹത്തിനപ്പുറം മറ്റൊന്നുമല്ലെന്ന് എനിക്ക് ബോധ്യമായി" എന്നെഴുതിയ ഒരു കത്തുമായി, കൂടെ ഇതുവരെ അയാളയച്ച ടെലഗ്രാമുകളും കവിതകളുമെല്ലാം വേലക്കാരിയുടെ അയാളെ ഏൽപ്പിക്കാനായി അവൾ കൊടുത്തുവിടുന്നു. ഫ്ലോറന്റിനോ അരിസ പലതവണ അവൾക്ക് കത്ത് കൊടുക്കാൻ ശ്രമിച്ചെങ്കിലും അവളതു സ്വീകരിക്കുവാൻ കൂട്ടാക്കിയില്ല.
പിന്നീട് ഡോ. ജൂവനാൽ അർബിനോ ഫെർമിന ഡാസയെ വിവാഹം ചെയ്യുന്നു.
ആറ് മാസം ഗർഭിണിയായ ഫെർമിന ഡാസയെ ഒരിക്കൽ ഫ്ലോ. അരിസ കത്തീഡ്രലിൽ വെച്ചു കാണുന്നു. അന്ന് അവനൊരു പ്രതിജ്ഞയെടുക്കുന്നു. "തന്നെ അവൾക്ക് സ്വീകാര്യനാക്കുംവിധം താൻ സമ്പത്തും പ്രശസ്തിയും നേടും" അങ്ങനെ ഫ്ലോ. അരിസ തന്റെ അമ്മാവന്റെ ഉടമസ്ഥതയിലുള്ള കരീബിയൻ റിവർ കമ്പനിയിൽ ജോലിയ്ക്ക് ചേരുന്നു. തൂപ്പുകാരനായി പണിയാരംഭിച്ച അയാൾക്കർഹമായ സ്ഥാനം കണ്ടെത്തുന്നതുവരെ പടിപടിയായ ഉദ്യോഗക്കയറ്റം നൽകുമെന്ന് അങ്കിൾ അയാൾക്ക് വാക്ക് കൊടുക്കുകയും ആ വാക്ക് പാലിക്കുകയും ചെയ്തു.
ഫെർമിന ഡാസയെ വീണ്ടെടുക്കുകയെന്നതായി അയാളുടെ ഏക ജീവിതലക്ഷ്യം. ഇന്നല്ലെങ്കിൽ നാളെ ആ ലക്ഷ്യം നേടാൻ സാധിക്കുമെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു.
“ അമ്മമാർ പ്രസവിക്കുന്ന ദിവസമല്ല മനുഷ്യൻ എന്നെന്നേക്കുമായി ജനിക്കുന്നതെന്നും വീണ്ടും വീണ്ടും സ്വയം ജനിക്കാനായി ജീവിതം അവരെ നിരന്തരം പ്രേരിപ്പിക്കുകയാണെന്നും അയാൾ ഉറപ്പായും വിശ്വസിച്ചിരുന്നു ”
കോളറാകാലത്തെ പ്രണയം
കാലം കടന്നുപോയി. അവസാനം നഗരത്തിലെ ഏറ്റവും യോഗ്യനായ ഡോക്ടർ, ഡോ. ജൂവനാൽ അർബിനോ തന്റെ എൺപത്തിയൊന്നാമത്തെ വയസ്സിലൊരു തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരു മാവിന്റെ കമ്പിൽ നിന്നും വീണ് താഴെവീണ് നടുവൊടിഞ്ഞ് മരിച്ചുപോകുന്നു. ഭർത്താവിന്റെ മരണരാത്രിയിൽ തന്നെ ഫെർമിന ഡാസയോട് ഫ്ലോ.അരിസ തന്റെ പ്രണയപ്രതിജ്ഞ ആവർത്തിക്കുന്നു. കടുത്താരിശത്തോടെയാണ് ഫെർമിന ഡാസ അതിനു മറുപടി നൽകിയത്.
ഫ്ലോ.അരിസ വീണ്ടും കാത്തിരുന്നു. ഒടുവിൽ അവൾ അയാളുടെ ക്ഷണം സ്വീകരിക്കുകയും അൻപത്തിമൂന്നു വർഷങ്ങളും ഏഴുമാസങ്ങളും പതിനൊന്ന് ദിനരാത്രങ്ങളും പിന്നിട്ട് കാത്തിരുന്ന പ്രണയത്തിനുമുൻപിൽ അവൾ കീഴടക്കപ്പെടുകയും ചെയ്യുന്നു.
പ്രമേയം
തിരുത്തുകകാലം ഈ കൃതിയിൽ സർവ്വസ്പർശിയായി നിറയുന്നു.എല്ലാത്തരത്തിലുള്ള പ്രണയത്തിന്റേയും രതിയുടെയും സർഗ്ഗാത്മകമായ സൌന്ദര്യാവിഷ്കാരമെന്ന് ഈ കൃതിയെ വിശേഷിപ്പിക്കാം.കുടുംബജീവിതത്തിന്റെയും അതിനു പുറമെയുള്ള സ്ത്രീ-പുരുഷബന്ധത്തിന്റെയും ജൈവചൈതന്യവും ആഴത്തിലുള്ള ഉൾക്കാഴ്ചയും മാന്ത്രികസ്പർശമുള്ള മാർകേസ് ഭാഷയിലൂടെ നോവലിൽ നിറയുന്നു.
കോളറയും ഗൃഹാതുരതയും ഓർമ്മയും മറവിയുമെല്ലാം നിറഞ്ഞു നിൽക്കുമ്പോഴും നോവലിന്റെ യഥാർത്ഥ പ്രമേയമെന്നു പറയാവുന്നത് കാലമാണ്. പ്രണയം പോലും ഓർമ്മയുടെ സാന്ത്വനമായാണ് അനുഭവവേദ്യമാകുന്നത്.ചരിത്രത്തിന്റെ ഉള്ളിൽ നിൽക്കുന്നതും ചരിത്രത്തെ അതിജീവിക്കുന്നതുമായ കാലബോധം നോവൽ വായനയെ ഉടനീളം ആവേശിക്കുന്നു.പ്രണയത്തിന്റെയും രതിയുടെയും ഉജ്ജ്വലമുഹൂർത്തങ്ങളാൽ സമ്പന്നമാണ് നോവൽ. പ്രണയം കാത്തിരിക്കുന്നു.അത് ത്യാഗങ്ങൾ സഹിക്കുന്നു.താൻ പ്രേമിക്കുന്ന ഫെർമിന ഡാസയ്ക്കായി അൻപത് വർഷങ്ങൾ കാത്തിരിക്കുന്ന ഫ്ലോറന്റീന അരീസയെന്ന കഥാപാത്രം തെളിയിക്കുന്നത് ഈ യാഥാർത്ഥ്യമാണ്. ചുളിഞ്ഞ തൊലിയും ആകൃതി നഷ്ടപ്പെട്ട ശരീരവും വാർദ്ധക്യത്തിന്റേതായ അസ്വസ്ഥതകളും അയാളുടെ പ്രണയദാഹത്തിന് പ്രതിബന്ധമായില്ല.ഈ വൃദ്ധപ്രേമത്തിന് അഭൌമമായ ലാവണ്യമുണ്ട്.ജരാനരകൾ ബാധിച്ച ശരീരങ്ങളെ പ്രണയം അതിജീവിക്കുന്നു.പ്രണയത്തിന്റെ നാനാഭാവങ്ങളെ പാപബോധത്തിൽ നിന്നും മോചിപ്പിച്ച് നഗ്നസരീരങ്ങളുടെ ഉർവ്വരതയെ പ്രകീർത്തിക്കുന്നു നോവൽ. വേദനകളെ ആഹ്ലാദത്തോടെ സ്വീകരിച്ചുകൊണ്ട് ജീവിതത്തെ സീമാതീതമാക്കുന്ന പ്രണയം മർകേസിന്റെ കലയുടെ ആൽകെമിയാണ്. മതത്തിനും ദൈവത്തിന്റെ ഉണ്മയിലുള്ള സന്ദേഹത്തിനും അതീതമായ ഒരു പ്രേമ സങ്കല്പത്തിലേക്കാണ് നോവലിസ്റ്റ് നമ്മെ നയിക്കുന്നത്. ആ മാന്ത്രികസങ്കല്പനത്തിൽ അനുവാചകരും ലയിച്ചു ചേരുന്നു.
മലയാളത്തിൽ
തിരുത്തുകഈ നോവൽ കോളറാകാലത്തെ പ്രണയം എന്നപേരിൽമലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.[1] നോവലിന്റെ ഗാംഭീര്യവും സൗന്ദര്യവും ഒട്ടും ചോരാതെയുള്ള വിവർത്തനമാണ് മലയാളത്തിൽ ലഭിച്ചിട്ടുള്ളത്. ഉചിതപദങ്ങളുടെ വിന്യസനത്തിലൂടെ വി.കെ ഉണ്ണിക്കൃഷ്ണൻ മാർകേസിന്റെ മാന്ത്രികഭാഷയുടെ മഹത്ത്വം ഒട്ടുംചോരാതെ മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നു