ഉദാരതാവാദം
പുതിയ ആശയങ്ങളെ സ്വീകരിക്കുക, തുറന്ന കാഴ്ചപ്പാടുണ്ടാവുക എന്നീ അർത്ഥങ്ങളിൽ പലപ്പോഴും ഉപയോഗിക്കാറുള്ളതാണ് ഉദാരതാവാദം (ലിബറലിസം - Liberalism) എന്ന വാക്ക്. 16 - 17 നൂറ്റാണ്ടുകളിൽ ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ - സാമ്പത്തിക ചിന്താധാരയെയാണ് യഥാർത്ഥത്തിൽ ഇത് സൂചിപ്പിക്കുന്നത്. ലാറ്റിൻ ഭാഷയിലെ "സ്വാതന്ത്ര്യത്തെക്കുറിച്ച്" എന്നർഥം വരുന്ന "ലിബറാലിസ് (Liberalis) എന്ന വാക്കിൽ നിന്നുമാണ് ലിബറലിസം അഥവാ ഉദാരതാവാദം എന്ന വാക്കുത്ഭവിച്ചത്. സ്വാതന്ത്ര്യത്തിന്റെയും തുല്യാവകാശത്തിന്റെയും പ്രാധാന്യത്തിലൂന്നിയുള്ളതായിരുന്നു ഉദാരതാവാദത്തിന്റെ വ്യക്താക്കളുടെ ചിന്താഗതി. ഇവയോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ നിലപാടുകളിൽ നിരവധി വ്യത്യാസങ്ങളുണ്ടായിരുന്നുവെങ്കിലും ഉദാരജനാധിപത്യം, സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പ്, സ്വതന്ത്രവ്യാപാരം, മനുഷ്യാവകാശങ്ങൾ, ഭരണഘടനാവാദം, മതസ്വാതന്ത്ര്യം തുടങ്ങിയവയെ സംബന്ധിച്ച നിലപാടുകളിൽ ഒട്ടുമിക്ക ഉദാരതാവാദികളും യോജിക്കുന്നതായി കാണാം. ഉദാരതാവാദം അംഗീകരിക്കാത്ത സാമൂഹ്യ - രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുപോലും ഈ നിലപാടുകൾ സ്വീകാര്യമായിട്ടുമുണ്ട്. ഉദാരതാവാദം പല ധാരകളായി വളർന്നുവെങ്കിലും 18-ാം നൂറ്റാണ്ടിൽ പ്രചാരം നേടിയ ക്ലാസ്സിക്കൽ ഉദാരതാവാദം 20-ാം നൂറ്റാണ്ടിൽ പ്രചാരം നേടിയ സാമൂഹ്യ ഉദാരതാവാദം (നവഉദാരതാവാദം) എന്നീ രണ്ട് ചിന്താപദ്ധതികളാണ് അതിൽ പ്രധാനം. [1]
നവോത്ഥാനകാലത്ത് ഭരണകൂടത്തിന്റെയും ക്രൈസ്തവസഭയുടെയും അധികാരസ്രോതസ്സുകളെയും നിലനിൽപ്പിനെയും വെല്ലുവിളിച്ചുകൊണ്ടാണ് ഉദാരതാവാദ ചിന്താഗതികൾ ശക്തമായ ഇടപെടലുകൾ നടത്തുന്നത്. പരമ്പരാഗത പദവി, വ്യവസ്ഥാപിത മതം, ജന്മിത്തം, രാജാക്കന്മാരുടെ ദൈവദത്താധികാരങ്ങൾ തുടങ്ങിയവ ഇത്തരത്തിൽ ചോദ്യം ചെയ്യപ്പെട്ട നിലപാടുകളായിരുന്നു. ത്രിദശവത്സരയുദ്ധങ്ങളുടെയും ഫ്രഞ്ചുവിപ്ലവത്തിന്റെയും പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെയും പശ്ചാത്തലത്തിലാണ് ഉദാരതാവാദം വളർന്നുവന്നത്. ജീവിൻ, സ്വാതന്ത്ര്യം, സ്വത്ത് തുടങ്ങിയവയ്ക്കുള്ള അവകാശം ഒരു 'വ്യക്തിയുടെ' മൌലികാവകാശമാണെന്നും, സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും പൌരജീവിതത്തിലും സമൂഹത്തിലും ഭരണകൂടത്തിന്റെയും മതത്തിന്റെയും ഇടപെടലുകൾ പരമാവധി ഒഴിവാക്കണമെന്നുമുള്ള ചിന്താഗതികളാണ് ഇപ്രകാരം ക്ലാസ്സിക്കൽ ഉദാരതാവാത്തിന്റെ കാലത്ത് പ്രബലപ്പെട്ടത്. ജോൺ ലോക്ക്, മൊണ്ടെസ്ക്യൂ, ആഡംസ്മിത്, ഡേവിഡ് റിക്കാർഡോ, തുടങ്ങയവരുടെ ചിന്തകളിൽ നിന്നാണ് ക്ലാസിക്കൽ ഉദാരതാവാദം ഊർജ്ജം സ്വീകരിച്ചത്.
രണ്ട് ലോകമഹായുദ്ധങ്ങളിൽ ലിബറൽ ജനാധിപത്യ രാജ്യങ്ങളുടെ മുന്നേറ്റവും, ലോക സാമ്പത്തിക കുഴപ്പങ്ങളും, ഫാസിസം, കമ്മ്യൂണിസം, കൺസർവേറ്റിസം, ഏകാധിപത്യം തുടങ്ങിയവ ഉയർത്തിയ രാഷ്ട്രീയ - ദാർശനിക വെല്ലുവിളികളും ഉദാരതാവാദ നിലപാടുകളിൽ സമൂലമായ മാറ്റങ്ങൾ വരുത്തി. സമൂഹത്തിലെയും കമ്പോളത്തിലെയും നീതിപൂർവ്വകമായ ഭരണകൂട ഇടപെടലുകളെ അത് അംഗീകരിച്ചു. ഇപ്രകാരമാണ് ഇരുപതാം നൂറ്റാണ്ടിൽ നവ ഉദാരതാവാദ ചിന്താഗതി ഉയർന്നുവന്നത്. ജെ.എസ് മിൽ , ടി. എച്ച് ഗ്രീൻ, ജെ.എം കെയിൻസ്, തുടങ്ങയ ചിന്തകരാണ് നവഉദാരതാവാദത്തിന്റെ അടിത്തറ പാകിയത്.
പരമാധികാര രാഷ്ട്രം, പൗരാവകാശങ്ങൾ, പൗരസ്വാതന്ത്ര്യം, ക്ഷേമരാഷ്ട സങ്കല്പം, മതസഹിഷ്ണത, മതസ്വാതന്ത്ര്യം, ആഗോളവൽക്കരണം തുടങ്ങയവയുടെ വളർച്ചയിൽ ഉദാരതാവാദം വളരെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.