കിണ്ടി

(Kindi (vessel) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജലവും പാനീയങ്ങളും പകരുന്നതിന്‌ ദക്ഷിണേന്ത്യയിൽ ഉപയോഗിക്കുന്ന പള്ളയിൽ ഒരു കുഴലുള്ള പാത്രമാണ് കിണ്ടി. കീഴ്ഭാഗത്തേതിനേക്കാൾ വിസ്തൃതി കുറഞ്ഞ വായ, ജലം കുറഞ്ഞ അളവിൽ ഒഴിച്ചുകളയാൻ പാകത്തിലുള്ള വാൽ എന്നു വിളിക്കുന്ന കുഴൽ എന്നിവ ഈ പാത്രത്തിന്റെ പ്രത്യേകതയാണ്‌. വെള്ളോട്, ചെമ്പ് എന്നീ ലോഹങ്ങൾ കൊണ്ടുണ്ടാക്കിയ കിണ്ടിയാണ്‌ സാധാരണ ഉപയോഗിക്കാറുള്ളത്. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടുള്ള കിണ്ടികളും ഇക്കാലത്ത് കണ്ടു വരുന്നു. കിണ്ടിയുടെ നിത്യോപയോഗം ഇക്കാലത്ത് കുറഞ്ഞിട്ടുണ്ടെങ്കിലും ഹിന്ദുമതവിശ്വാസികളുടെ ഇടയിൽ ആചാരപരമായ പ്രാധാന്യം ഈ പാത്രത്തിനുണ്ട്. പൂജകൾക്കും മറ്റു മതപരമായ ചടങ്ങുകളിലും ഇത് പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നു.

കിണ്ടി
Kunjimangalam kiNTi

പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലം ഗ്രാമം. പാരമ്പര്യമൂശാരിമാർ ഉണ്ടാക്കുന്ന പാത്രങ്ങൾ , വിഗ്രഹങ്ങൾ ഇവ എല്ലാം ലഭ്യം ആണ് . നമ്പൂതിരിമാർക്ക് പ്രത്യേകം ഭാഷയിൽ കിണ്ടിയും പൂജാ പാത്രവും ഉണ്ടാക്കി തരും. കിണ്ടി ഗജപ്രിഷ്ഠം സ്റ്റൈൽ ലക്ഷണം ഒത്തത് ആയിരിക്കും. ഇതിനെ കുഞ്ഞിമംഗലം കിണ്ടി എന്ന പേരിൽ അറിയപ്പെടുന്നു.

 
വിവിധയിനം കിണ്ടികൾ

കിണ്ടിക്ക് വളരെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.[അവലംബം ആവശ്യമാണ്] പുറത്തുനിന്നും ഗൃഹത്തിലേയ്ക്ക് പ്രവേശിക്കുന്ന ഒരാൾക്ക് കൈകാൽ കഴുകി ശുദ്ധമാകാനുള്ള ജലം സൂക്ഷിച്ചു വെയ്ക്കുകയാണ് കിണ്ടിയുടെ ഏറ്റവും സാധാരണമായ ഉപയോഗം. കേരളത്തിലെ മിക്കവാറും എല്ലാ വീടുകളിലും സൂക്ഷിച്ചു വരുന്ന ഒരു ചെറിയ ജലപാത്രമാണ്‌ കിണ്ടി. ഹൈന്ദവ പൂജകളും വിശ്വാസങ്ങളുമായി ബന്ധമുള്ള ഒരുപകരണമായതിനാൽ എല്ലാ മലയാളി ഹിന്ദു ഗൃഹങ്ങളിലും കിണ്ടി ഉണ്ടായിരിക്കും. ഇടത്തു കിണ്ടി , വലത്ത് കിണ്ടി, പവിത്രക്കിണ്ടി എന്നിങ്ങനെ മലയാള ആരാധനാ പദ്ധതിയിൽ പരാമർശിക്കപ്പെടുന്നു. എല്ലാ മലയാളി വീടുകളിലും പൊതുവെ കാണുമെങ്കിലും ഹിന്ദുക്കളുടെ ഇടയിലാണ്‌ കിണ്ടി ഒഴിച്ചുകൂടാത്ത ഗൃഹോപകരണമായി സൂക്ഷിക്കാറുള്ളത്. പഴയ മുസ്ലിം തറവാടുകളിലും ഉമ്മറത്തിണ്ണയിൽ ഒന്നോ രണ്ടൊ കിണ്ടികളിൽ വെള്ളം നിറച്ച് വെക്കാറുണ്ട്. ക്ഷേത്രങ്ങളിൽ പൂജക്കുള്ള ജലം കൈകാര്യം ചെയ്യാൻ കിണ്ടി ഉപയോഗിക്കുന്നു. ശ്രീകോവിലിനുള്ളിൽ ജലം നിറച്ച കിണ്ടികൾ സൂക്ഷിക്കും. ഹിന്ദു വിവാഹ വേദികളിലും കിണ്ടി അവശ്യഘടകമാണ്‌. വരനെയും വധുവിനെയും വേദിയിലേക്ക് ആനയിച്ചു കൊണ്ടുവരുമ്പോൾ മുന്നിൽ നടക്കുന്നവരുടെ കയ്യിൽ ജലം നിറച്ച കിണ്ടി , കത്തിച്ച നിലവിളക്ക് എന്നിവ ഉണ്ടാകും. ഹിന്ദുക്കളുടെ ബലിതർപ്പണം നടത്താനും, ശവസംസ്കാര ചടങ്ങുകളിലും കിണ്ടി ഉപയോഗിക്കുന്നു. വീടുകളിൽ പൂജാമുറിയിൽ കിണ്ടി നിത്യേന ജലം നിറച്ച് വെക്കണമെന്നാണ്‌ വിശ്വാസം. ജീവനും ജലവും ശാസ്ത്രീയമായി ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ, ഉറങ്ങുമ്പോഴും ജലസാന്നിധ്യം സമീപത്തുണ്ടാകണമെന്ന പഴമക്കാരുടെ കാഴ്ചപ്പാടാകാം ഇതിനു കാരണം[അവലംബം ആവശ്യമാണ്]. പഴയ തറവാടുകളിലെല്ലാം കിണ്ടികളിൽ ജലം നിറച്ച് പുറത്ത് അതിഥികൾക്ക് ഉപയോഗിക്കാനായി സൂക്ഷിക്കാറുണ്ട്. വീട്ടിലെത്തുന്നവർ ഈ ജലത്താൽ കാലും മുഖവും കഴുകി ശുദ്ധി വരുത്തി മാത്രമേ വീട്ടിൽ കയറാറുള്ളു. വിവാഹത്തിനായി എത്തുന്ന വരനെ, വധുവിന്റെ ബന്ധു കിണ്ടിജലത്താൽ കാൽ കഴുകിക്കുന്ന ചടങ്ങുണ്ട്. ഹിന്ദുപൂജകൾ, ഹോമങ്ങൾ എന്നിവയിൽ കിണ്ടി ഒരു പുണ്യോപകരണമായി ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കിണ്ടി&oldid=3545068" എന്ന താളിൽനിന്ന് ശേഖരിച്ചത്