2021-ലെ ദത്ത് വിവാദം

(Kerala Adoption Row എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം സ്വദേശിനി അനുപമ എസ് ചന്ദ്രൻ തന്റെ കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് 2021 ഏപ്രിൽ 19 ന് തിരുവനന്തപുരം ജില്ലയിലെ പേരുർക്കട പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുമായി ബന്ധപ്പെട്ടുണ്ടായ വ്യവഹാരങ്ങളും അതിനെ തുടർന്നുണ്ടായ വിവാദങ്ങളുമാണ് ദത്ത് വിവാദം എന്ന് അറിയപ്പെടുന്നത്. സെക്രട്ടറിയറ്റ് പടിക്കൽ നിരാഹാരസമരമുൾപ്പടെയുള്ള മാസങ്ങളുടെ നിയമപരവും സാമൂഹ്യപരവുമായ പോരാട്ടങ്ങൾക്കൊടുവിൽ 2021 നവംബർ 24 ന് അനുപമക്ക് കുഞ്ഞിനെ തിരിച്ചുകിട്ടി. കേരളത്തിൻറെ സാമൂഹ്യ രാഷ്ട്രീയ പൊതുരംഗത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു ഈ ദത്ത് വിവാദം. സിപിഎം സംസ്ഥാന സമിതി അംഗവും സി ഐ .ടി യു നേതാവുമായിരുന്ന പേരൂർക്കട സദാശിവന്റെ പൗത്രിയാണ് അനുപമ എസ് ചന്ദൻ.[1][2]

നിയമ-സമര പോരാട്ടങ്ങളുടെ നാൾവഴി

തിരുത്തുക

പേരൂർക്കട സ്വദേശിയും സിപിഎഎമ്മിന്റെ പ്രാദേശിക നേതാവുമായ പി എസ് ജയചന്ദ്രന്റെയും സ്മിത ജെയിംസിന്റെയും മകളും എസ്.എഫ്.ഐ പ്രവർത്തകയുമായ അനുപമ എസ് ചന്ദ്രനും ഡി.വൈ എഫ് ഐ പ്രാദേശിക നേതാവും വിവാഹിതനുമായ അജിത്കുമാറും തമ്മിൽ തങ്ങളുടെ രാഷ്ട്രീയ പൊതുപ്രവർത്തനങ്ങൾക്കിടെ പ്രണയത്തിലാവുന്നു. 2020 ഒക്ടോബർ 19 ന് അനുപമ ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നു.[3] വിവാഹബന്ധം വേർപെടുത്താത്ത അജിത്തുമായുള്ള ബന്ധം ഇഷ്ടപെടാതിരുന്ന അനുപമയുടെ പിതാവ് ജയചന്ദ്രൻ, കുഞ്ഞിനെ സംസ്ഥാന ശിശു ക്ഷേമ സമിതിക്ക് കൈമാറാൻ തീരുമാനിക്കുകയും അനുപമയെക്കൊണ്ട് സമ്മതപത്രം ഒപ്പിട്ടു വാങ്ങിക്കുകയും ചെയ്യുന്നു. തന്നെക്കൊണ്ട് അച്ഛൻ നിർബന്ധിച്ച് സമ്മതപത്രത്തിൽ ഒപ്പിടുവിച്ചു എന്നാണ് അനുപമ പറയുന്നത്. 2020 ഒക്ടോബർ 22 ന് കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറുന്നു. കുഞ്ഞ് ആൺകുട്ടിയായിരുന്നെങ്കിലും ശിശുക്ഷേമ സമിതി കുഞ്ഞിന്റെ പേര് മലാല എന്നാണ് രേഖപ്പെടുത്തിയത്.

'അമ്മത്തൊട്ടിലിൽ' കുഞ്ഞിനെ കിട്ടിയിട്ടുണ്ടെന്നും ദത്തിന് ലഭ്യമാണെന്നും കാണിച്ച് സമിതി പത്രങ്ങളിൽ പരസ്യവും നൽകി. ഇതിനിടെ കുഞ്ഞിന്റെ അച്ഛനും അനുപമയുടെ പങ്കാളിയുമായ അജിത് തന്റെ വിവാഹിതയായ പങ്കാളിയിൽ നിന്ന് വിവാഹമോചനം നേടി. അനുമപയുമായുള്ള അജിത്തിന്റെ ബന്ധമാണ് അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങി ബന്ധം വേർപെടുത്തുന്നതിലേക്ക് നയിച്ചതെന്ന് മുൻ ഭാര്യ പറയുന്നു. 2021 ഏപ്രിൽ 19 ന് അനുപമ പേരൂർക്കട പോലീസ് സ്റ്റേഷനിൽ കുഞ്ഞിനെ കാണുന്നില്ല എന്ന പരാതി നൽകുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് (FIR) സമർപ്പിക്കാത്തതിനാൽ ഡിഐജി ലോക്നാഥ് ബെഹ്‌റക്ക് അനുപമ പരാതി നൽകുന്നു. സിപിഎം സംഘടനയിലും അനുമപ ഈ വിഷയം ഉന്നയിക്കുന്നു. വൃന്ദ കാരാട്ട്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരെയും അനുപമ സമീപിച്ചു. കുഞ്ഞിനായുള്ള അനുപമയുടെ തിരച്ചിൽ നടക്കുന്നതിനിടെ, ശിശുക്ഷേമ സമിതി, ദത്ത് നൽകുന്ന വെബ്‌സൈറ്റിയിൽ വിവരങ്ങൾ നൽകുന്നതോടെ ആന്ധ്രയിൽ നിന്നുള്ള ഒരു ദമ്പതിമാർ കുഞ്ഞിനെ ദത്തെടുക്കുന്നു. കുഞ്ഞിന്റെ ബയോളജിക്കൽ രക്ഷിതാക്കൾ കുഞ്ഞിനായി തിരച്ചിൽ നടത്തുന്നുണ്ട് എന്ന വിവരം ഈ ദമ്പതികൾക്കറിയില്ലായിരുന്നു.

2021 ആഗസ്ററ് പത്തിന് കുഞ്ഞ് ശിശു ക്ഷേമ സമിതിയിലുണ്ടെന്ന് പോലീസ് അനുപമയെ അറീക്കുന്നു. 2021 ആഗസ്ത് 11 ന് തന്റെ കുഞ്ഞെന്ന് സംശയിക്കുന്ന കുഞ്ഞിന്റെ DNA ടെസ്റ്റ് നടത്തണമെന്ന് അനുപമ ആവശ്യപ്പെട്ടത് പ്രകാരം DNA ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. 2021 ഒക്ടോബർ 13 ന് ദത്ത് നടപടികൾ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഷിജുഖാൻ തിരുവനന്തപുരം കുടുംബകോടതിയിൽ സത്യവാങ്ങ്മൂലം നൽകി.ഇതിനിടെ ഈ വിഷയം കൂടുതൽ വിവാദമാവുകയും പൊതുരംഗത്ത് ചർച്ചചെയ്യപ്പെടുകയും ചെയ്തതോടെ പോലീസ് അനുപയുടെ മാതാപിതാക്കൾക്കെതിരെ FIR ഫയൽ ചെയ്തു. 2021 ഒക്ടോബർ 25 ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് സംസ്ഥാന ശിശു ക്ഷേമ സമിതിയെ നിയമസഭയിൽ പ്രതിരോധിക്കുകയും സമിതി നിയമപ്രകാരമാണ് പ്രവർത്തിച്ചത് എന്ന് അവകാശപ്പെടുകയും ചെയ്തു. 2021 നവംബർ 1 ന് വിഷയം കുടുബകോടതിയുടെ അടുത്ത് പരിഗണനയിലുള്ള കേസായതിനാൽ കേരള ഹൈക്കോടതി അനുപമയുടെ ഹേബിയസ് കോർപസ് ഹരജി തള്ളി.നവംബർ 18 ന് കുഞ്ഞിനെ ആന്ധ്രായിൽ നിന്നും കേരളത്തിലേക്ക് എത്തിക്കാനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. നവംബർ 21 ന് കുഞ്ഞിനെ കേരളത്തിൽ കൊണ്ടുവന്നു. നവംബർ 23 ന് നടത്തിയ DNA ടെസ്റ്റിൽ ഫലം പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് ചെയ്‌തു. 2021 നവംബർ 24 ന് കുടുംബ കോടതിയിൽ എത്തിച്ച കുഞ്ഞിനെ അനുപമക്ക് കൈമാറാൻ ഉത്തരവിടുന്നു. ഐഡൻ അനു അജിത് എന്ന് അവർ അവന് പേര് നൽകി.

"https://ml.wikipedia.org/w/index.php?title=2021-ലെ_ദത്ത്_വിവാദം&oldid=3935416" എന്ന താളിൽനിന്ന് ശേഖരിച്ചത്