ജോസ്ഫൈൻ ദു ബുവാർണ്യെ

(Joséphine de Beauharnais എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോസ്ഫൈൻ ദു ബുവാർണ്യെ (Joséphine de Beauharnais)‌ (1763-1814) നെപ്പോളിയന്റെ ആദ്യ പത്നിയായിരുന്നു. ഭീകരവാഴ്ചക്കാലത്ത് ഗില്ലോട്ടിന് ഇരയായ ഫ്രഞ്ചു ജനറൽ അലക്സാൻഡ്ര് ദു ബുവാർണ്യേയുടെ വിധവയായിരുന്ന ജോസ്ഫൈനിൽ നെപ്പോളിയൻ ആകൃഷ്ടനാവുകയും ആ ബന്ധം വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. ജോസ്ഫൈൻ-നെപ്പോളിയൻ കത്തിടപാടുകൾ ഏറെ പ്രസിദ്ധി നേടിയ പ്രേമലേഖനങ്ങളാണ്.[1] പക്ഷെ പിന്നീട് ജോസ്ഫൈനിൽ പുത്രസന്തതി ഉണ്ടായില്ലെന്ന കാരണത്താൽ 1809-ൽ നെപ്പോളിയൻ, ജോസ്ഫൈനിൽ നിന്ന് വിവാഹമോചനം നേടി, ഓസ്ട്രിയൻ രാജകുമാരി മേരി ലൂയിസയെ വിവാഹം ചെയ്തു. എങ്കിലും ജോസ്ഫൈന്റെ മരണം വരെ, നെപ്പോളിയനുമായുള്ള സ്നേഹബന്ധം നിലനിന്നു.

ജോസ്ഫൈൻ ദു ബുവാർണ്യെ
Empress consort of the French
Tenure 18 May 1804 – 10 January 1810
കിരീടധാരണം 2 December 1804
Queen consort of Italy
Tenure 26 May 1805 – 10 January 1810
ജീവിതപങ്കാളി Alexandre de Beauharnais
Napoleon I
മക്കൾ
Eugène, Duke of Leuchtenberg
Hortense, Queen of Holland
പേര്
Marie Josèphe Rose Tascher de La Pagerie
രാജവംശം Beauharnais
പിതാവ് Joseph Gaspard Tascher de La Pagerie
മാതാവ് Rose Claire des Vergers de Sannois
കബറിടം St Pierre-St Paul Church, Rueil-Malmaison, France
മതം Roman Catholicism

ജനനം, ബാല്യം

തിരുത്തുക

യൂറോപ്യൻ വൻകരയിൽ നിന്ന് ഏതാണ്ട് ആറായിരത്തി നാനൂറു കിലോമീറ്ററകലെ കരീബിയൻ ദ്വീപസമൂഹത്തിലെ തീരെ ചെറിയ മാർട്ടിനിക് ദ്വീപിനെച്ചൊല്ലി (വിസ്തീർണം 64x24 ചതുരശ്ര കിലോമീറ്റർ) ഇംഗ്ലണ്ടും ഫ്രാൻസും നിരന്തരം തർക്കിച്ചു കൊണ്ടിരുന്നു. അവസാനം ഇരു രാജ്യങ്ങളും ഒരു ഒത്തുതീർപ്പിലെത്തുകയും, മാർട്ടിനിക് ഫ്രഞ്ചു കോളണിയായി അംഗീകരിക്കപ്പെടുകയും ചെയ്തത് 1763-ന്റെ തുടക്കത്തിലായിരുന്നു[2]. മാർട്ടിനിക്കിലെ സമ്പന്നകുടുബങ്ങളിലൊന്നായിരുന്നു ദൂ ടാഷർ ദുലാ പാഷെറി. ഈ കുടുംബത്തിലെ ജോസെഫ്-റോസ് ക്ലെയർ ദമ്പതികളുടെ മൂത്ത പുത്രിയായി 1763 ജൂൺ 23-ന് ജോസ്ഫൈൻ ജനിച്ചു. മുഴുവൻ പേര് മാരി-ജോസെഫ് റോസ് ദൂ ടാഷർ ദുലാ പാഷെറി. പക്ഷെ ഈവെറ്റ് എന്നോ റോസ് എന്നോ ആണ് പൊതുവെ അറിയപ്പെട്ടത്. ജോസ്ഫൈൻ എന്നു സംബോധന ചെയ്തിരുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു നെപ്പോളിയൻ. ജോസ്ഫൈന്റെ ഇളയ ഹോദരിമാരായിരുന്നു കാതറിനും, ഫ്രാൻസ്വായും. 1766-ലെ കൊടിയ ചുഴലിക്കാറ്റിൽ ദൂ ടാഷർ ദുലാ പാഷെറിന് സർവസ്വത്തുക്കളും നഷ്ടമായി അവരുടെ സാമ്പത്തിക നില അതിശോചനീയമായി. 1773-ൽ പത്തു വയസ്സുകാരി റോസ് ഫോർട്ട് റോയാലിലെ പ്രോവിഡൻസ് കോൺവെന്റിൽ വിദ്യാർഥിനിയായി ചേർന്നു. ജോസ്ഫൈൻ പഠനത്തിൽ പിന്നോക്കമായിരുന്നെങ്കിലും പാട്ടിലും നൃത്തത്തിലും അഭിരുചി പ്രകടിപ്പിച്ചു.[3]. നാലു വർഷത്തെ സ്കൂൾ ജീവിതത്തിനുശേഷം ജോസ്ഫൈൻ വീട്ടിൽ തിരിച്ചെത്തി.

ആദ്യ വിവാഹം

തിരുത്തുക

ദു ബുവാർണ്യെ കുടുംബം

തിരുത്തുക

മെസ്സിർ ഫ്രാൻസ് ദു ബുവാർണ്യെ ഫ്രഞ്ചു കരീബിയൻ നാടുകളുടെ ഗവർണറും ഉന്നതങ്ങളിൽ സ്വാധീനമുള്ളയാളും ആയിരുന്നു.[4]. ഭാര്യയുടെ ചങ്ങാതിയായിത്തീർന്ന, ഇളം പ്രായക്കാരിയായ ഡിസെറി ദൂ ടാഷർ ദുലാ പാഷെറിയിൽ ( ജോസ്ഫൈന്റെ പിതൃസഹോദരി) ഗവർണർ അനുരക്തനായി. ഈ ബന്ധം മുതലെടുത്ത് ഡിസേറി സഹോദരകുടുംബത്തിന് ഒട്ടേറെ ഒത്താശകൾ ചെയ്തു കൊടുത്തു[5]. പക്ഷെ ഭരണത്തിൽ വരുത്തിയ ക്രമക്കേടുകൾ കാരണം ഗവർണർക്ക് ജോലി നഷ്ടമായി. അധികാരികളെ അനുനയിപ്പിക്കാൻ ഗവർണർ കുടുംബസമേതം പാരിസിലേക്കു യാത്രയായപ്പോൾ ഡിസേറിയേയും കൂടെക്കൂട്ടി. സ്ഥാനം തിരിച്ചു കിട്ടിയില്ലെങ്കിലും തന്റെ പേരിലുള്ള കേസ് ഒതുക്കിത്തീർക്കാൻ ദു ബുവാർണ്യെക്കു കഴിഞ്ഞു. ഡിസെറി കൗശലക്കാരിയായിരുന്നു. ദു ബുവാർണ്യെ പ്രഭുവിന്റെ മരണശേഷം സ്വത്തിന്റെ വലിയൊരു ഭാഗത്തിന് അവകാശി പുത്രൻ അലെക്ലാൻഡ്ര് ദു ബുവാർണ്യെ ആയിരിക്കുമെന്നതിനാൽ സഹോദരന്റെ മൂന്നു പുത്രിമാരിൽ ഒരാളെക്കൊണ്ട് അലെക്സാൻഡ്രിനെ വിവാഹം ചെയ്യിക്കാൻ ഡിസേറി പദ്ധതിയിട്ടു.[6]

വിവാഹം,വേർപിരിയൽ,ജയിൽവാസം, വൈധവ്യം

തിരുത്തുക

ദു ബുവാർണ്യെ പ്രഭുവിന്റെ പുത്രൻ അലെക്സാൻഡ്ര് വിവാഹം ചെയ്യാനിരുന്നത് ഇവെറ്റിന്റെ ഇളയ സഹോദരി കാതറീനെ ആയിരുന്നു. എന്നാൽ 1777 -ൽ കാതറീൻ അകാലമരണമടഞ്ഞതോടെ[7] ജോസ്ഫൈൻ വധു ചമഞ്ഞു. 1779-ഒക്റ്റോബറിൽ ജോസ്ഫൈൻ പിതാവിനോടൊപ്പം ഫ്രാൻസിലെത്തി, ഡിസമ്പറിൽ വിവാഹം നടന്നു[8]. അലക്സാൻഡ്ര് മിക്കവാറും സമയം സൈനികദൗത്യങ്ങളിലായിരുന്നു[9]. ജോസ്ഫൈൻ -അലെക്സാൻഡ്ര് ദമ്പതിമാർക്ക് രണ്ടു കുട്ടികളുണ്ടായി- പുത്രൻ ഓജീനും (യൂജീൻ എന്നും പറയും) പുത്രി ഹോർട്ടെൻസും.

വൈവാഹികജീവിതത്തിൽ തുടക്കത്തിൽ കാര്യമായ അസ്വാരസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ബന്ധം ഊഷ്മളമായിരുന്നില്ല.[10]. പിന്നീട് അലക്സാൻഡ്രിന് ഭാര്യയുടെ വിശ്വസ്തതയിലും ഓർട്ടെൻസിന്റെ പിതൃത്വത്തിലും സംശയം തോന്നി[11]. വിവാഹമോചനം നടന്നില്ലെങ്കിലും നിയമാനുസൃതമായി പിരിഞ്ഞു ജീവിക്കാൻ 1785 മാർച്ച് 3-ന് കോടതി അനുമതി നല്കി. ജോസ്ഫൈനും, മക്കൾക്കും ചെലവിനു കൊടുക്കാൻ അലെക്സാൻഡ്ര് നിർബന്ധിതനായി[12]

ദുബുവാർണ്യെ പ്രഭ്വി എന്ന പേരിൽ സ്വതന്ത്രജീവിതം നയിക്കാൻ തുടങ്ങിയതോടെ ജോസ്ഫൈൻ പരിഷ്കൃത സമൂഹത്തിലെ ചിട്ടവട്ടങ്ങൾ പെട്ടെന്നു തന്നെ പഠിച്ചെടുത്തു, കുറേയേറെ പുരുഷസുഹൃത്തുക്കളേയും സമ്പാദിച്ചു.[13]. എന്നാൽ അലക്സാൻഡ്ര് സാമ്പത്തികഞെരുക്കങ്ങളിൽ പെട്ടതോടെ ജോസ്ഫൈന്റെ മാസിക വരുമാനം മുടങ്ങി[14]. March 2, 1794 രാജദ്രോഹക്കുറ്റം ചുമത്തി അലെക്സാൻഡ്ര്, പാരിസിലെ കാർമെ ജയിലടക്കപ്പെട്ടു[15].വിവാഹബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടിട്ടില്ലെന്ന നിലക്ക്, തനിക്കും കുട്ടികൾക്കും വന്നേക്കാവുന്ന ആപത്തു മണത്തറിഞ്ഞ് ജോസ്ഫൈൻ കുട്ടികളെ ബന്ധുഗൃഹങ്ങളിലേക്കു മാറ്റി. ഏപ്രിൽ 21-ന് ജോസ്ഫൈനും സംശയാസ്പദയെന്ന പേരിൽ (Law of Suspects) കാർമെ കാരാഗ്രഹത്തിലായി [16]. ജയിലിൽ വെച്ച് ജോസ്ഫൈനും അലെക്സാൻഡ്രും കണ്ടുമുട്ടിയതായും പരസ്പരധാരണയിലെത്തിയതായും സൂചനകളുണ്ട്[17].

ജൂലൈ 23-ന് അലെക്സാൻഡ്ര് ഗില്ലോട്ടിനിലേക്കു നയിക്കപ്പെട്ടു. റോബേസ്പിയറുടെ പതനത്തോടെ ഭീകരവാഴ്ച അവസാനിച്ചതിനാൽ ജോസ്ഫൈൻ ഗില്ലോട്ടിനിൽ നിന്നു രക്ഷപ്പെട്ടു. ആഗസ്റ്റ് 6-ന് നൂറ്റിയെട്ടു ദിവസത്തെ കാരാവാസത്തിനുശേഷം ജോസ്ഫൈൻ വിമോചിതയായി. [18]. പിന്നീടുള്ള ജീവിതം എളുപ്പമായിരുന്നില്ല. പരേതനായ ഭർത്താവിന്റെ കുടുംബസ്വത്തുക്കൾ വിപ്ലവസമിതി കണ്ടുകെട്ടിയതിനാൽ, ജോസ്ഫൈന് കുട്ടികളുടേയും തന്റേയും ആഡംബരജീവിതരീതി നിലനിർത്തുന്നതിനായി എമ്പാടും കടം വാങ്ങേണ്ടി വന്നു. [19]. നിർദ്ധനയും നിരാധാരയുമായ ജോസ്ഫൈന് സഹായഹസ്തം നീട്ടിയത് പ്രമുഖ ഭരണത്തലവൻ പോൾ ബറാസ്സ് ആയിരുന്നു[20]. ജോസ്ഫൈൻ ബറാസ്സിന്റെ പ്രണയിനി ആയിരുന്നെന്ന വസ്തുത പരസ്യമായിരുന്നു[21].

നെപ്പോളിയനോടൊത്തുള്ള ജീവിതം

തിരുത്തുക

പ്രണയം, വിവാഹം

തിരുത്തുക

അധികാരികൾ അനധികൃതമായി എടുത്തുകൊണ്ടുപോയ അലെക്സാൻഡ്രിന്റെ പരമ്പരാഗതമായ പടവാൾ തിരിച്ചു കിട്ടാനായി ജോസ്ഫൈൻ തന്റെ പുത്രൻ ഒജീൻ ദു ബുവാർണ്യെയെ സൈനികത്തലവന്റെ ഓഫീസിലേക്കയച്ചു. ഇത്തരം കാര്യങ്ങൾ ജനറൽ നെപ്പോളിയന്റെ അധികാരപരിധിയിലായിരുന്നു. ബാലന്റെ അന്തസ്സുറ്റ പെരുമാറ്റവും സ്വഭാവഗുണവും നെപ്പോളിയനെ ഏറെ ആകർഷിച്ചു, ആവശ്യം നിറവേറ്റിക്കൊടുക്കുകയും ചെയ്തു[22],[23]. ഇതേത്തുടർന്ന് ജോസ്ഫൈൻ നേരിട്ട് നെപ്പോളിയനെ കണ്ട് കൃതജ്ഞത പ്രകടിപ്പിക്കാനെത്തി[24]. ഈ കൂടിക്കാഴ്ച നടന്നത് 1795 ഒക്റ്റോബർ 14-ന് ആയിരിക്കണമെന്ന് ഊഹിക്കപ്പെടുന്നു.[25].

നെപ്പോളിയന്റെ വർദ്ധിച്ചു വരുന്ന ജനപ്രിയതയിൽ അസ്വസ്ഥനായ ബറാസ് ബോധപൂർവ്വം ഒരുക്കിയ കെണിയായിരുന്നു ജോസ്ഫൈൻ-നെപ്പോളിയൻ വിവാഹമെന്ന് പലരും അഭിപ്രായപ്പെടുന്നു[26]. അതല്ല, ജോസ്ഫൈനിലൂടെ ബറാസ്സിൽ സ്വാധീനം ചെലുത്തി ഉന്നതസ്ഥാനത്ത് എത്താനായിരുന്നു നെപ്പോളിയന്റെ പദ്ധതിയെന്നും അഭിപ്രായമുണ്ട്[26]. എന്നാൽ കിംവദന്തികളെ അലക്ഷ്യപ്പെടുത്തി നെപ്പോളിയൻ ഇപ്രകാരം പ്രസ്താവിച്ചതായും പറയപ്പെടുന്നു. "എന്റെ പടവാൾ കൊണ്ട് ഞാനെന്റെ വഴിതെളിക്കും"[26]

1796 ഫെബ്രുവരി 24-ന് ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചു. [27], { നെപ്പോളിയന്റെ കുടുംബക്കാർ, പ്രത്യേകിച്ച് സഹോദരന്മാർ ഈ വിവാഹബന്ധത്തെ പൂർണമനസ്സോടെ അനുകൂലിച്ചില്ലെന്നു പറയപ്പെടുന്നു[26],[28]. ജോസ്ഫൈന്റെ മക്കൾക്കും തുടക്കത്തിൽ എതിർപ്പുണ്ടായിരുന്നു[29]. മാർച്ച് 10-ന് സിവിൽ നടപടിപ്രകാരം വിവാഹം നടന്നു.[30],[22]. വിവാഹസമയത്ത് ജോസ്ഫൈന് മുപ്പത്തിരണ്ടു വയസ്സായിരുന്നു. പക്ഷെ വിവാഹ റജിസ്റ്ററിൽ ജോസ്ഫൈൻ ഇരുപത്തിയെട്ടെന്നാണ് രേഖപ്പെടുത്തിയത്[31].

ദാമ്പത്യജീവിതം

തിരുത്തുക

വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിനകം ഇറ്റാലിയൻ നാട്ടുരാജ്യങ്ങൾക്കെതിരെ സൈന്യസന്നാഹങ്ങളുമായി നെപ്പോളിയൻ പടക്കളത്തിലിറങ്ങി. ഈ പടനീക്കം വമ്പിച്ച വിജയവുമായി. യുദ്ധത്തിരക്കിനിടയിലും ജോസ്ഫൈന് പ്രണയലേഖനങ്ങളെഴുതാൻ നെപ്പോളിയൻ മറന്നില്ല[32]. [33]. ജൂലൈയിൽ നെപ്പോളിയനും സൈന്യവും താത്കാലികമായി മിലാനിൽ തമ്പടിച്ചു. ജോസ്ഫൈനെ മിലാനിലേക്ക് വരുത്താനുള്ള ഏർപ്പാടുകൾ ചെയ്തു. പാരിസിലെ ഉല്ലാസഭരിതമായ ജീവിതം ഉപേക്ഷിച്ച് യുദ്ധസംഘർഷങ്ങൾ നിലനിന്ന മിലാനിലേക്കു പോകാൻ ജോസ്ഫൈന് തീരെ താത്പര്യമുണ്ടായിരുന്നില്ല[34]. എങ്കിലും നെപ്പോളിയന്റെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു[35]. ബൊളോണ, മോണ്ട് ബെല്ലോ,വെനിസ്,ടുറിൻ എന്നിങ്ങന പലയിടങ്ങളിലേക്കും ജോസ്ഫൈൻ നെപ്പോളിയനെ അനുഗമിച്ചു. ജോസ്ഫൈന്റെ ചപലസ്വഭാവം ചില്ലറ പ്രണയകലഹങ്ങൾക്ക് വഴിവെച്ചുവെങ്കിലും പൊതുവേ ജോസ്ഫൈൻ സന്തുഷ്ടയായിരുന്നു[36].

തന്റെ ഇറ്റാലിയൻ വിജയം ആഘോഷിക്കാനായി ഫ്രഞ്ചുഭരണകൂടം ഒരുക്കിയ വിരുന്നിൽ പങ്കെടുക്കെ, നെപ്പോളിയൻ ഇപ്രകാരം പ്രസ്താവിച്ചത്രെ "ഞാൻ ഏറ്റവുമധികം ആരാധിക്കുന്ന സ്ത്രീ എന്റെ പത്നിയാണ്"[37].

1796 മുതൽ 1809 വരെ, പതിനാലു വർഷങ്ങൾ നെപ്പോളിയന്റെ ജീവിതത്തിലെ ഏറ്റവും തിരക്കു പിടിച്ച കാലമായിരുന്നു. യുദ്ധ വിജയങ്ങളിലൂടേയും , സമർഥമായ കരുനീക്കങ്ങളിലൂടേയും 1799-ൽ പ്രഥമകൗൺസിലറെന്ന പദവിയും , 1802-ൽ ആജീവനാന്തം കൗൺസിലെറെന്നും 1804- ഫ്രഞ്ചു ചക്രവർത്തിയെന്നുമുള്ള സ്ഥാനമാനങ്ങൾ നെപ്പോളിയൻ നേടിയെടുത്തത് ഈ കാലഘട്ടത്തിലാണ്.

സ്വതസ്സിദ്ധമായ രീതിയിൽ ജോസ്ഫൈൻ ടുയിലെറി കൊട്ടാരത്തിലേക്ക് പഴയ രാജകീയ ശൈലിയും ആചാരക്രമങ്ങളും തിരികെ കൊണ്ടുവന്നു. പൗരൻ/ പൗര എന്നീ സംബോധനകൾക്കു പകരം മദാം, മോൺസ്യെ, വികോംട് എന്നീ ഉപചാര സംബോധനകൾ വീണ്ടും നടപ്പിലായി.[38]


നെപ്പോളിയന്റെ അസൂയാവഹമായ ഉയർച്ച ജോസ്ഫൈനിൽ അരക്ഷിതാബോധം ഉളവാക്കി. കാരണം നെപ്പോളിയൻ തന്റെ പിന്തുടർച്ചാവകാശിയെ നാമനിർദ്ദേശം ചെയ്യണമെന്ന ആവശ്യം ഫ്രഞ്ചുജനത ഉന്നയിച്ചു. ജോസ്ഫൈനിൽ സന്തതികളില്ലാത്ത സ്ഥിതിക്ക്, ബോണപാർട്ട് കുടുംബത്തിലെ മറ്റേതെങ്കിലും തായ്വഴിയിൽ നിന്ന് ദത്തെടുക്കുകയായിരുന്നു പ്രായോഗിക പരിഹാരം. അതല്ലെങ്കിൽ ജോസ്ഫൈനുമായുള്ള വിവാഹം റദ്ദാക്കി മറ്റൊരു വിവാഹത്തിന് നെപ്പോളിയൻ തയ്യാറാവേണ്ടിയിരുന്നു. [39]. പ്രശ്നം തനിക്കു അനുകൂലമായ വിധത്തിൽ പരിഹരിക്കാനായി ജോസ്ഫൈൻ കണ്ടുപിടിച്ച പോംവഴി, സ്വന്തം മകൾ ഹോർട്ടെൻസ് ബുവാർണ്യയെ നെപ്പോളിയന്റെ ഇളയ സഹോദരൻ ലൂയിസിനെക്കൊണ്ടു വിവാഹം ചെയ്യിക്കുകയായിരുന്നു. വധൂവരൻമാർക്ക് ഒട്ടും സമ്മതമില്ലായിരുന്നെങ്കിലും വിവാഹം നടന്നു, അവർക്ക് ഒരു പുത്രനും പിറന്നു നെപ്പോളിയൻ ചാൾസ് ബോണപാർട്ട്. പക്ഷെ പിൻഗാമി പ്രശ്നം തീർന്നില്ല[40]. 1807-ൽ അഞ്ചു വയസു തികയുംമുമ്പ് ഈ കുഞ്ഞ് അകാലചരമമടഞ്ഞത് ജോസ്ഫൈനെ കൂടുതൽ ദുഃഖത്തിലാഴ്ത്തി.[41]

വിവാഹമോചനം

തിരുത്തുക

നെപോളിയന്റെ സന്തതി തന്നേയാവണം നെപോളിയനുശേഷം ഫ്രഞ്ചുസിംഹാസനത്തിലേറേണ്ടത് എന്ന അഭിപ്രായം ശക്തിപ്പെട്ടു വന്നതോടെ നെപോളിയൻ രണ്ടാം വിവാഹത്തിന് തയ്യാറായി[42]. പുതിയൊരു വിവാഹത്തിലൂടെ തന്റേയും ഫ്രാൻസിന്റേയും രാഷ്ട്രീയസൈനിക സ്ഥിതി ഭദ്രമാക്കാമെന്നും നെപോളിയൻ കണക്കുകൂട്ടിയതായി പറയപ്പെടുന്നു[43]. അത്യന്തം ദുഃഖത്തോടെയെങ്കിലും ജോസ്ഫൈൻ വിവാഹമോചനത്തിനു സമ്മതിച്ചു.[44] ജോസ്ഫൈനും നെപോളിയനുമായുള്ള വിവാഹബന്ധം നിയമപരമായി വേർപെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു.ഫ്രാൻസിന്റെ ഭാവിയെക്കരുതി താനും കുടുംബവും വ്യക്തിഗതതാത്പര്യങ്ങൾ ത്യജിക്കാൻ തീരുമാനിച്ചുവെന്ന് ഡിസമ്പർ പത്തിന് നിയമസഭക്കു മുമ്പാകെ നെപോളിയൻ പ്രസ്താവിച്ചു.[45].1809 ഡിസമ്പർ 15-ന് കുടുംബാംഗങ്ങളും പള്ളിയധികാരികളും നിയമമേധാവികളുമടങ്ങുന്ന സഭക്കു മുന്നിൽ വെച്ച് വിവാഹമോചനം സ്ഥിരീകരിക്കപ്പെട്ടു.[46],[47],[48].

വിവാഹമോചനക്കരാർ അനുസരിച്ച്, ചക്രവർത്തിനി എന്ന പദവി ജോസ്ഫൈന് തുടർന്നും ഉപയോഗിക്കാനുള്ള അനുമതി നല്കപ്പെട്ടു. സർക്കാർ ഖജാനയിൽ നിന്ന് രണ്ടു മില്യൺ ഫ്രാങ്ക് വാർഷിക വേതനം ജോസ്ഫൈന് നല്കാൻ ഉത്തരവായി. നെപോളിയന്റെ വക ചക്രവർത്തിയുടെ തനതായ ഭണ്ഡാരത്തിൽ നിന്ന് പ്രതിവർഷം മറ്റൊരു മില്യൺ ഫ്രാങ്കും. എലീസി അരമനയും മാൽമിസോൻ ഭവനവും, നെവാറിലെ കൊച്ചു വീടും ജോസ്ഫൈന്റെ ഉപയോഗത്തിനായി വിട്ടുകൊടുത്തു.ജോസ്ഫൈന്റെ കടബാദ്ധ്യതകൾ തീർക്കാനുള്ള ചുമതലയും ചക്രവർത്തി ഏറ്റെടുത്തു.{{sfn|Sargeant|p= [49].

പിന്നീടുള്ള ജീവിതം

തിരുത്തുക

ബന്ധം വേർപെടുത്തിയശേഷവും നെപോളിയൻ ജോസ്ഫൈനുമായി നിരന്തരം കത്തിടപാടുകൾ നടത്തുകയും ഇടക്കിടെ സന്ദർശിക്കുകയും ചെയ്തിരുന്നു.[50].1811 മാർച്ചിൽ നെപോളിയനും മരിയാ ലൂയിസയിൽ മകൻ പിറന്നപ്പോൾ നെപോളിയന് ജോസ്ഫൈൻ ആശംസകളയച്ചു[51]. ഇത്തരം സൗഹൃദം, മരിയാ ലൂയിസയെ അസ്വസ്ഥയാക്കിയെങ്കിലും നെപോളിയൻ അതു കാര്യമായെടുത്തില്ല[52] റഷ്യൻ ആക്രമണത്തിനുതൊട്ടുമുമ്പ് നെപോളിയൻ ജോസ്ഫൈനെ സന്ദശിച്ചതായും ഈ ഉദ്യമത്തിൽനിന്നു പിരിയാൻ ജോസ്ഫൈൻ ഉപദേശിച്ചതായും സൂചിപ്പിക്കപ്പെടുന്നു.[50].

അന്ത്യം

തിരുത്തുക

നെപോളിയന്റെ സ്ഥാനത്യാഗവും എൽബയിലേക്കുള്ള നാടുകടത്തലും ജോസ്ഫൈനിൽ അരക്ഷിതാബോധം സൃഷ്ടിച്ചു, വിഷാദരോഗത്തിന് അടിമയാക്കി. [53]. എന്നാൽ റഷ്യൻ ചക്രവർത്തി സർ അലെക്സാൻഡർക്ക് ജോസ്ഫൈനോടു സഹതാപം തോന്നിയിരുന്നു. കുടുംബസമേതം പലപ്പോഴും ജോസ്ഫൈനെ സന്ദർശിക്കുകയും ചെയ്തിരുന്നു. ജോസ്ഫൈന്റെ ആരോഗ്യനില മോശമായപ്പോൾ അലെക്സാൻഡർ സ്വന്തം വൈദ്യനെ ചികിത്സക്കായി നിയോഗിച്ചു. 1814 മെയ് 29-ന് ജോസ്ഫൈൻ നിര്യാതയായി.[54]. ജൂൺ രണ്ടിനായിരുന്നു ശവമടക്ക്. ജോസ്ഫൈന്റെ മരണവാർത്ത കുടുംബക്കാരാരും തന്നെ നെപോളിയനെ നേരിട്ടറിയിച്ചില്ല,എൽബയിലേക്ക് ഒളിച്ചു കടത്തപ്പെട്ട പത്രത്തിലൂടേയാണ് നെപോളിയൻ വിവരമറിഞ്ഞത്[55]. 1815 മാർച്ചിൽ പാരിസിലെത്താൻ അവസരം ലഭിച്ചപ്പോൾ നെപോളിയൻ മാൽമിസോൻ സന്ദർശിച്ചതായും ജോസ്ഫൈൻ മരിച്ച മുറിക്കകത്ത് ഏറെ നേരം ചെലവിട്ടതായും പറയപ്പെടുന്നു[56]'.

  1. Napoleon's letters to Josephine, 1796-1812
  2. Sergeant, പുറം. 13.
  3. Sergeant, പുറം. 18.
  4. Sergeant, പുറം. 11.
  5. Sargeant, പുറം. 15.
  6. Sargeant, പുറം. 23.
  7. Sargeant, പുറം. 25.
  8. Sargeant, പുറം. 30.
  9. Sargeant, പുറം. 38-39.
  10. Sargeant, പുറം. 38.
  11. sargeant, പുറം. 40-43.
  12. sargeant, പുറം. 44.
  13. Sargeant, പുറം. 46.
  14. Sargeant, പുറം. 47.
  15. Sargeant, പുറം. 53.
  16. Sargeant, പുറം. 59.
  17. Sargeant, പുറം. 61.
  18. Sargeant, പുറം. 60-66.
  19. Sargeant, പുറം. 71-74.
  20. Lockhart, പുറം. 33.
  21. Sargeant, പുറം. 75-78.
  22. 22.0 22.1 Bourrienne, പുറം. 35.
  23. Lockhart, പുറം. 32.
  24. Sargeant, പുറം. 80-81.
  25. Sargeant, പുറം. 81.
  26. 26.0 26.1 26.2 26.3 Sargeant, പുറം. 89.
  27. Sargeant, പുറം. 85.
  28. Bourrienne, പുറം. 74.
  29. Sargeant, പുറം. 87.
  30. Sargeant, പുറം. 90.
  31. Sargeant, പുറം. 85-86.
  32. Barnell, പുറം. 46.
  33. Sargeant, പുറം. 91.
  34. Saegant, പുറം. 94-96, 105-106.
  35. Sargeant, പുറം. 97-98,100-101.
  36. Sargeant, പുറം. 117.
  37. Sargeant, പുറം. 121.
  38. Sargeant, പുറം. 147,154).
  39. Sargeant, പുറം. 158-159, 162-4,170.
  40. Sargeant, പുറം. 198, 201-202.
  41. Abbott, പുറം. 282.
  42. Sergeant, പുറം. 265-67,270.
  43. Sergeant, പുറം. 280,282.
  44. Abbott, പുറം. 287-295.
  45. Sergeant, പുറം. 292.
  46. Lockhart, പുറം. 94-6.
  47. Bourienne, പുറം. 394.
  48. Abbott, പുറം. 295-8.
  49. Abbott, പുറം. 300.
  50. 50.0 50.1 Abbott, പുറം. 301-316.
  51. Abbott, പുറം. 305.
  52. Abbott, പുറം. 309,328.
  53. Sargeant, പുറം. 343.
  54. Sargent, പുറം. 347-351.
  55. Sargent, പുറം. 353.
  56. Sargeant, പുറം. 353.

ഗ്രന്ഥസൂചിക

തിരുത്തുക
  • Abbott,John S.C (2009). History of Josephine:Makers of History Series. Cosimo, Inc. ISBN 9781605208312.
  • Barnett, Correlli (1978). Bonaparte. Hi;; and Wang,Mew York.
  • Bourrienne (1851). Memoirs of Napoleon Bonaparte. Silas Andrus and Son. Bourrienne's Memoirs of Napoleon
  • Lockhart,John Gibson (1830). The History of Napoleon Bonaparte, Volume 1. J&J Harper.,The History of Napoleon Bonaparte, Volume 1
  • O'Meara, Barry Edward (1889). Napoleon at St. Helena Volume I. Scribner& Welford, New York. Napoleon at St Helena Volume I
  • Sergeant,Philip. The Empress Josephine -Napoleon's Enchantress. Hutchinson&Co,London. The Empress Josephine -Napoleon's Enchantress
  • Williams, Kate (2013). Josephine: Desire, Ambition, Napoleon. Random House,. ISBN 9781409036982.{{cite book}}: CS1 maint: extra punctuation (link)
"https://ml.wikipedia.org/w/index.php?title=ജോസ്ഫൈൻ_ദു_ബുവാർണ്യെ&oldid=3088619" എന്ന താളിൽനിന്ന് ശേഖരിച്ചത്