ഇൻകുനാബുല

(Incunabula എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ നിലവിലുണ്ടായിരുന്ന, പുനർമുദ്രണങ്ങളടക്കം അച്ചടിക്കപ്പെട്ട, നാൽപ്പതിനായിരത്തോളം കൃതികളുടെ രണ്ടുകോടിയോളം വരുന്ന പ്രതികളുടെ മൊത്തം പുസ്തകസമുച്ചയത്തിനെയാണ് ഇൻകുനാബുല എന്നു വിളിക്കുന്നത് [1]. അക്കാലത്തു് യൂറോപ്പിലെ മുന്നൂറോളം നഗരങ്ങളിലായി ആയിരത്തി എഴുനൂറ് അച്ചുകൂടങ്ങളുണ്ടായിരുന്നു. ഇവയിൽ മൊത്തം അച്ചടിക്കപ്പെട്ട പുസ്തകങ്ങളാണ് 'ഇൻകുനാബുല'യിൽ അടങ്ങിയിരിക്കുന്നത്.

പിള്ളത്തൊട്ടിൽ എന്നർത്ഥമുള്ള ലത്തീൻ പദത്തിൽ നിന്നാണണ് ഇൻകുനാബുല എന്ന ഇംഗ്ലീഷ് വാക്ക് ആവിർഭവിച്ചത്. യൂറോപ്പിലെ ദേശീയഗ്രന്ഥശാലകളടക്കം എല്ലാ പ്രധാന ഗ്രന്ഥശാലകളിലും ഇൻകുനാബുലയുടെ മാതൃകകൾ ലഭ്യമാണ്.

ഇൻകുനാബുലയിലെ പകുതിയോളം ഗ്രന്ഥങ്ങൾ മതം, ആത്മീയം, ആദർശം എന്നീ വിഷയങ്ങളെക്കുറിച്ചുള്ളവയായിരുന്നു. ഇതുകൂടാതെ, ക്രൈസ്തവസഭകളെക്കുറിച്ചുള്ള കൃതികളും ക്രിസ്ത്യൻ നിയമപാഠങ്ങളും അവയുടെ പുനർവ്യാഖ്യാനങ്ങളുമായി മറ്റൊരു പത്തു ശതമാനവും അച്ചടിപ്പുസ്തകങ്ങൾ ഉണ്ടായി. ഏകദേശം ഇരുപതു ശതമാനം മാത്രമാണു് സാഹിത്യസംബന്ധമായി ഉണ്ടായിരുന്നതു്. കൃതികളിൽ മുക്കാൽ പങ്കും ലത്തീൻ ഭാഷയിലായിരുന്നു രചിക്കപ്പെട്ടിരുന്നതു്. ഇംഗ്ലണ്ടും സ്പെയിനും മാത്രമാണു് സ്വന്തം ദേശീയഭാഷകളിൽ പുസ്തകങ്ങൾ അച്ചടിക്കാനും പ്രചരിപ്പിക്കാനും ഉത്സാഹിച്ചിരുന്നത്.[1]

യൂറോപ്യൻ സംസ്കാരചരിത്രത്തിൽ ഇൻകുനാബുലയുടെ പ്രാധാന്യം

തിരുത്തുക

വിജ്ഞാനവ്യാപനത്തിൽ അച്ചടി ഏറ്റവും പ്രമുഖമായ ഒരു മാദ്ധ്യമമായി മാറിയ കാലഘട്ടമായിരുന്നു ഇൻകുനാബുലയുടേതു്. അക്കാലം വരെയും യൂറോപ്പിലെ എല്ലാ രാജ്യങ്ങൾക്കും സമൂഹങ്ങൾക്കും സാമാന്യം പൊതുവായി ഉണ്ടായിരുന്ന സാംസ്കാരികപൈതൃകങ്ങൾ ഭൂരിഭാഗവും ലത്തീൻഭാഷയെ അടിസ്ഥാനമാക്കിയായിരുന്നു എന്നു പറയാം. ഭാരതത്തിൽ സംസ്‌കൃതകൃതികൾക്കെന്നപോലെ, ലത്തീൻ ഭാഷയിൽ എഴുതപ്പെട്ട കൃതികൾക്കു് അവിടെ സ്വമേധയാ ഒരു ഔന്നത്യം കൽപ്പിക്കപ്പെട്ടിരുന്നു.

കുറഞ്ഞ വിലയിൽ താരതമ്യേന സുലഭമായി ലഭിക്കാവുന്ന അച്ചടിച്ച പുസ്തകങ്ങൾ വന്നതോടെ, വിജ്ഞാനവ്യാപനം താഴേക്കിടയിലുള്ള സമൂഹത്തിലേക്കും ഇറങ്ങിവന്നു. ഇതോടെ, ഓരോ രാഷ്ട്രസമൂഹങ്ങളും തനതായ ചിന്താധാരകൾക്കു് ഊന്നൽ കൊടുത്തുകൊണ്ടു് സ്വന്തം ഭാഷാമണ്ഡലത്തിലൂടെത്തന്നെ അറിവുകളും ചിന്തകളും പങ്കുവെക്കാൻ തുടങ്ങി. ഫലത്തിൽ ഇതു മൂലം അവർക്കിടയിൽ പുതിയ ഭാഷാമതിലുകളും സ്വതന്ത്രസംസ്കാരധാരകളും സൃഷ്ടിക്കപ്പെട്ടു. ഈ വിധത്തിൽ വിവിധ യൂറോപ്യൻ ഭാഷകളുടെ സ്വതന്ത്രവികാസം ത്വരിതപ്പെടുത്തുവാൻ അച്ചടിച്ച പുസ്തകങ്ങൾ വളരെയധികം സഹായിച്ചു.[1]

അതേ സമയം ഭൂഖണ്ഡങ്ങൾ തമ്മിലുള്ള ആശയവിനിമയങ്ങൾ വർദ്ധിപ്പിക്കുവാനും ഒപ്പം തന്നെ, ആഗോളക്രിസ്തുമതപ്രചാരണത്തിനും 'ഇൻകുനാബുല'യിലെ പുസ്തകസഞ്ചയം സഹായിച്ചു. കോളനി അധിഷ്ഠിത സാമ്രാജ്യത്വത്തിനു് ശക്തമായ അടിത്തറ പാകിയ ഒരു ഘടകം ഇൻകുനാബുലയായിരുന്നു.[1]

  1. 1.0 1.1 1.2 1.3 കെ. എം., ഗോവി (1998). "2". ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും. കേരളസാഹിത്യ അക്കാദമി. p. 19-20. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); More than one of |author= and |last= specified (help); More than one of |pages= and |page= specified (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=ഇൻകുനാബുല&oldid=3761312" എന്ന താളിൽനിന്ന് ശേഖരിച്ചത്