ഇടനാട്

ആലപ്പുഴ ജില്ലയിലെ ഗ്രാമം
(Idanadu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുണ്യനദിയെന്നറിയപ്പെടുന്ന പമ്പയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് ഇടനാട്. ആലപ്പുഴ ജില്ലയുടെ കിഴക്ക് അതിർത്തിയായ ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിൽ പെട്ടതാണ് ഈ ഗ്രാമം. ഒരു ദ്വീപായി എന്ന കാരണം വികസന പ്രവർത്തനങ്ങൾ പരിമിതമായിരുന്നു. കടത്തുവള്ളങ്ങളെമാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ജീവിത ക്രമത്തിന് പുത്തൻ ഉണർവ്വ് ഉണ്ടാക്കിയത് തൂക്കുപാലത്തിന്റെ നിർമ്മാണത്തോടെയാണ്. തുടർന്ന് 1988 ൽ പുത്തൻകാവ് പാലം എന്ന സ്വപ്നം സാക്ഷാത്കരിച്ചപ്പോൾ ഗതാഗതസൗകര്യം ഏറെ മെച്ചപ്പെട്ടു. അതിനുമുമ്പ് പമ്പയുടെ കൈവഴിയായ വരട്ടാറിന്റെ ഉത്ഭവസ്ഥാനത്തു പണിതീർത്ത ചപ്പാത്ത് ആയിരുന്നു ഏകമാർഗ്ഗം. ഇടനാട്ടിൽ നിന്നും ഓതറയിലേലേക്കുള്ള പാലത്തിന്റെ നിർമ്മാണത്തോടുകൂടി ഗതാഗത സൗകര്യം തീരെ ഇല്ലാതിരുന്ന ഈ പ്രദേശത്ത് ഇപ്പോൾ സർക്കാർ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും സർവ്വീസ് നടത്തുന്നതുകാരണം ചുരുങ്ങിയ ചെലവിൽ ചെങ്ങന്നൂർ - തിരുവല്ല - പത്തനംതിട്ട ഭാഗങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്നു. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ വക ജെ.ബി.എസ്. ഉം, എൻ.എസ്.എസ്. ഹൈസ്‌കൂളുമാണ് ഉള്ളത്. എസ്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി 100 മേനി നേടിയെടുത്തു എന്ന ഖ്യാതി എൻ.എസ്.എസ്. ഹൈസ്‌കൂളിന് സ്വന്തം. ഉന്നത വിദ്യാഭ്യാസം നേടാൻ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നവർ വളരെ കൂടുതൽ ആണ്. കാർഷിക മേഖലയ്ക്കും ക്ഷീരകർഷകർക്കും സഹായത്തിനായി മൃഗസംരക്ഷണ വകുപ്പിന്റെ സബ്ബ് സെന്റർ പ്രവർത്തിച്ചു വരുന്നുണ്ട്. പോസ്റ്റൽ ഡിപ്പാർട്ടുമെന്റുവക ഒരു സബ്ബ് പോസ്റ്റ് ഓഫീസ് ജനങ്ങൾക്ക് പ്രയോജനപ്രദമാണ്. സാമ്പത്തികാവശ്യങ്ങൾക്കും മറ്റും ചെങ്ങന്നൂരിനെയും, പുത്തൻകാവിനെയും ആശ്രയിച്ചിരുന്നവർക്ക് കാനറാ ബാങ്കിന്റെ ശാഖ പ്രവർത്തനമാരംഭിച്ചത് ഏറെ പ്രയോജനകരമാണ്. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന വളരെയധികം ആളുകൾ ഈ പ്രദേശത്ത് ഉണ്ട്. പ്രവാസി മലയാളി സംഘടന നാടിനുവേണ്ടി പല നല്ല കാര്യങ്ങളും ചെയ്തുവരുന്നു. എല്ലാ രാഷ്ട്രീയത്തിലും വിശ്വസിക്കുന്നവർ പരസ്പര വിദ്വേഷം കൂടാതെ പ്രവർത്തിക്കുന്നു. നാടിന്റെ പൊതു പ്രശ്‌നങ്ങളിൽ കക്ഷി - രാഷ്ട്രീയം ഒരു തടസ്സമുണ്ടാക്കിയിട്ടില്ല. മത സൗഹാർദ്ദത്തിന് ഒരു ഉത്തമ മാതൃകയാണ് ഈ നാട്. ഇടനാട് 570-ാം നമ്പർ എൻ.എസ്.എസ്. കരയോഗം വക അരത്തകണ്ഠൻകാവ് ശിവക്ഷേത്രം, കവലയിൽ ദേവീക്ഷേത്രം, താമരമംഗലത്തു വക ധർമ്മശാസ്താക്ഷേത്രം, കല്ലൂർ കുടുംബവക ശിവക്ഷേത്രം, എന്നിവ ഹൈന്ദവാരാധനാലയങ്ങൾ ആണ്. മാർത്തോമ്മാ സഭ വക പള്ളി, സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഇവ ക്രിസ്തീയ ദേവാലയങ്ങളുമാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും രണ്ടു മത വിഭാഗങ്ങളുടേയും വിശേഷ ദിവസങ്ങൾ ആഘോഷിക്കുന്നുണ്ട്. കലാ-കായിക-സാംസ്‌കാരിക മേഖലയിൽ യുവജന സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കേരള സംസ്ഥാന പെൻഷണേഴ്‌സ് അസോസിയേഷൻ, വിമുക്ത ഭടന്മാരുടെ സംഘടന തുടങ്ങിയ സംഘടനകളും സജീവമാണ്.

"https://ml.wikipedia.org/w/index.php?title=ഇടനാട്&oldid=2402506" എന്ന താളിൽനിന്ന് ശേഖരിച്ചത്