ഹോളോഗ്രഫി

(Holography എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ലേസർ രശ്മികൾ ഉപയോഗിച്ച് വസ്തുക്കളുടെ ത്രിമാന പ്രതിബിംബങ്ങൾ സൃഷ്ടിക്കുകയും, തത്ഫലമായുണ്ടാകുന്ന വ്യതികരണ ശ്രേണികൾ ഫോട്ടോഗ്രഫിക് പ്ലേറ്റിൽ രേഖപ്പെടുത്തി പ്രതിബിംബം പുനരാവിഷ്കരിക്കുകയും ചെയ്യുന്ന ഛായാഗ്രഹണ രീതിയാണ്‌ ഹോളോഗ്രഫി. ഹോളോഗ്രഫിയിലൂടെ പുനരാവിഷ്കരിക്കപ്പെട്ട പ്രതിബിംബം ഹോളോഗ്രാം എന്നറിയപ്പെടുന്നു.

രണ്ടു ഘട്ടങ്ങളാണ്‌ ഹോളോഗ്രഫിയ്ക്കുള്ളത്.

  1. പ്രതിബിംബം സൃഷ്ടിക്കൽ
  2. പ്രതിബിംബത്തിന്റെ പുനരാവിഷ്കരണം

പ്രതിബിംബം സൃഷ്ടിക്കൽ

തിരുത്തുക

ഒരേ ലേസർ സ്രോതസ്സിൽ നിന്നു പുറപ്പെടുന്ന ലേസർ രശ്മികളെ രണ്ടു ചെറു ഭാഗങ്ങളായി തിരിക്കുന്നു.ഒരു ഭാഗം നേരിട്ട് ഫോട്ടോഗ്രഫിക് പ്ലേറ്റിൽ പതിയ്ക്കാനനുവദിക്കുന്നു. രണ്ടാമത്തെ ഭാഗം ചിത്രമെടുക്കേണ്ട വസ്തുവിൽ തട്ടിച്ച്, പ്രതിഫലനത്തിനു ശേഷമാണ്‌ പ്ലേറ്റിലെത്തുന്നത്. രണ്ടു ഭാഗങ്ങളും ഒരേ സ്രോതസ്സിൽ നിന്നുള്ളവയായതിനാൽ ഒരേ സ്വഭാവവിശേഷങ്ങളുള്ളവയാണ്‌. അവ വ്യതികരണത്തിനു ശേഷം ഒരു സങ്കീർണമായ വ്യതികരണ ശ്രേണി സൃഷ്ടിക്കുന്നു. വസ്തുവിന്റെ രൂപവുമായി നേരിട്ട് ഒരു ബന്ധവുമില്ലെങ്കിലും,അതിന്റെ രൂപമനുസരിച്ച് ഫോട്ടോഗ്രഫിക് പ്ലേറ്റിലുണ്ടാകുന്ന ശ്രേണിയുടെ‍ തീവ്രത വ്യത്യാസപ്പെട്ടിരിക്കുന്നു.

പ്രതിബിംബത്തിന്റെ പുനരാവിഷ്കരണം

തിരുത്തുക

ഒന്നാം ഘട്ടത്തിൽ ലഭിയ്ക്കുന്ന വ്യതികരണശ്രേണിയിലൂടെ ലേസർ രശ്മികൾ ലംബമായി കടത്തിവിടുന്നു. വലിയ പങ്കു രശ്മികളും നേരിട്ട് കടന്നു പോകുമെങ്കിലും ഒരു ചെറിയ പങ്ക് ഡിഫ്രാക്ഷനു വിധേയമായി നേർരേഖാപാതയിൽ നിന്നു മാറി സഞ്ചരിക്കുന്നു.അവയിൽ നിന്ന് വസ്തുവിന്റെ പ്രതിബിംബം പുനർസൃഷ്ടിക്കാം.

പ്രത്യേകതകൾ

തിരുത്തുക

സാധാരണ ചിത്രങ്ങളിൽനിന്നും വ്യത്യസ്തമായി ഹോളോഗ്രാഫിക്ക് വളരെ അധികം പ്രത്യേകതകളുണ്ട്. സാധാരണ ഫോട്ടോഗ്രാഫിന്റെ മുഴുവൻ ഭാഗവും ഉണ്ടെങ്കിൽ മാത്രമേ ചിത്രം എന്തെന്ന് മനസ്സിലാകാൻ സാധിക്കൂ, എന്നാൽ ഹോളോഗ്രാഫിയിലൂടെ ഏതെങ്കിലും ഒരുഭാഗം മതി പൂർണമായ ചിത്രം കാണുവാൻ. അതായത് ഫോട്ടോഗ്രാഫിൽ പകർത്തുന്ന ചിത്രത്തിലെ ഒരു പോയിന്റിനു പകരം മറ്റൊരു ബിന്ദുവാണ് രേഖപ്പെടുത്തുക. എന്നാൽ ഹോളോഗ്രാഫിയിൽ ദൃശ്യത്തിന്റെ ഒരു ബിന്ദുവിനു പകരം എല്ലാ ബിന്ദുക്കളിലും രേഖപ്പെടുത്തുന്നു. അതിനാൽ കേവലം ഒരു ഭാഗം ഉപയോഗിച്ചു പൂർണ്ണമായ ദൃശ്യം കാണുവാൻ സാധിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഹോളോഗ്രഫി&oldid=3802485" എന്ന താളിൽനിന്ന് ശേഖരിച്ചത്