മലേഷ്യയുടെ ചരിത്രം
മലേഷ്യയുടെ ചരിത്രം മലയയുടെയും ബോർണിയോയുടെയും ചരിത്രാതീത കാലം മുതൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ചരിത്രം ഉൾക്കൊള്ളുന്നു. ആഗോള വ്യാപാരത്തേയും വിവിധ സംസ്‌കാരങ്ങളേയും പരസ്പരം ബന്ധപ്പെടുന്ന തന്ത്രപ്രധാനമായ കടൽ പാതയിലാണ് മലേഷ്യ സ്ഥിതി ചെയ്യുന്നത്. കൃത്യ്മായി പറഞ്ഞാൽ മലേഷ്യ എന്ന പേര് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ സൃഷ്ടിക്കപ്പെട്ട ഒരു ആധുനിക ആശയമാണ്.
ഈ പ്രദേശത്തിന്റെ ആദ്യകാല പാശ്ചാത്യ വിവരണം ടോളമിയുടെ ജിയോഗ്രാഫിയ എന്ന പുസ്തകത്തിൽ കാണാം, അതിൽ ഇപ്പോൾ മലായ് ഉപദ്വീപ് എന്നറിയപ്പെടുന്ന പ്രദേശം ഈ പുസ്തകത്തിൽ ഗോൾഡൻ ഖെർസോണീസ് എന്ന് പരാമർശിക്കപ്പെടുന്നു.[1] ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഹിന്ദുമതവും ബുദ്ധമതവും മലേഷ്യയുടെ ആദ്യകാല പ്രാദേശിക ചരിത്രത്തിൽ ആധിപത്യം പുലർത്തി, സുമാത്ര ആസ്ഥാനമായുള്ള ശ്രീവിജയ നാഗരികതയുടെ ഭരണകാലത്ത് ഈ പ്രദേശം അതിന്റെ ഉന്നതിയിലെത്തി, അതിന്റെ സ്വാധീനം സുമാത്ര, ജാവ, മലയ ഉപദ്വീപ്, ബോർണിയോയുടെ ഭൂരിഭാഗവും എന്നിവിടങ്ങളിൽ ഏഴാം നൂറ്റാണ്ട് മുതൽ 13-ആം നൂറ്റാണ്ട് വരെ വ്യാപിച്ചു.
പത്താം നൂറ്റാണ്ടിൽ തന്നെ മുസ്‌ലിംകൾ മലായ് ഉപദ്വീപിലൂടെ കടന്നുപോയിരുന്നുവെങ്കിലും, ഇസ്‌ലാം ആദ്യമായി ഇവിടെ പ്രബലമായത് 14-ആം നൂറ്റാണ്ടിലാണ്, തുടർന്ന് നിരവധി സുൽത്താനേറ്റുകൾ സ്ഥാപിക്കപ്പെട്ടതിൽ ഏറ്റവും പ്രമുഖമായത് മലാക്കയിലെ സുൽത്താനേറ്റും ബ്രൂണെ സുൽത്താനേറ്റും ആയിരുന്നു. ഇസ്‌ലാം മലായ് ജനതയിൽ അഗാധമായ സ്വാധീനം ചെലുത്തി. മലായ് പെനിൻസുലയിലും തെക്കുകിഴക്കൻ ഏഷ്യയിലും നിലയുറപ്പിച്ച ആദ്യത്തെ യൂറോപ്യൻ കൊളോണിയൽ ശക്തികൾ പോർച്ചുഗീസുകാരായിരുന്നു, മലാക്കയെ 1511-ൽ പോർച്ചുഗീസുകാരും തുടർന്ന് 1641-ൽ ഡച്ചുകാരും പിടിച്ചെടുത്തു. എന്നിരുന്നാലും, തുടക്കത്തിൽ ജെസെൽട്ടൺ, കുച്ചിംഗ്, പെനാങ് സിംഗപ്പൂർ എന്നിവിടങ്ങളിൽ താവളങ്ങൾ സ്ഥാപിച്ചത് ഇംഗ്ലീഷുകാരായിരുന്ന, ആത്യന്തികമായി അവർ ഇന്നത്തെ മലേഷ്യയിൽ ഉടനീളമായി ആധിപത്യം സ്ഥാപിച്ചു. 1824-ലെ ആംഗ്ലോ-ഡച്ച് ഉടമ്പടി ബ്രിട്ടീഷ് മലയയ്ക്കും ഡച്ച് ഈസ്റ്റ് ഇൻഡീസിനും(പിൽക്കാലത്ത് ഇത് ഇന്തോനേഷ്യയായി മാറി) ഇടയിലുള്ള അതിരുകൾ നിർവചിച്ചു. മറുവശത്ത്, 1909-ലെ ആംഗ്ലോ-സയാമീസ് ഉടമ്പടി ബ്രിട്ടീഷ് മലയയ്ക്കും പിന്നീട് തായ്‌ലൻഡായി മാറിയ സിയാമിനും ഇടയിലുള്ള അതിരുകൾ നിർവചിച്ചു. മലായ് പെനിൻസുലയിലും ബോർണിയോയിലും കൊളോണിയൽ സമ്പദ്‌വ്യവസ്ഥ സൃഷ്ടിച്ച ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ചൈനീസ്, ഇന്ത്യൻ തൊഴിലാളികളുടെ കുടിയേറ്റമായിരുന്നു വിദേശ സ്വാധീനത്തിന്റെ നാലാം ഘട്ടം.[2]
രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാൻ നടത്തിയ ആക്രമണം മലയയിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചു. 1942 മുതൽ 1945 വരെ മലയ, നോർത്ത് ബോർണിയോ, സരവാക്ക് എന്നിവിടങ്ങളിലെ തുടർന്നുള്ള അധിനിവേശം ദേശീയവാദത്തിന്റെ ഒരു തരംഗം അഴിച്ചുവിട്ടു. സഖ്യകക്ഷികളാൽ പരാജയപ്പെട്ടതിനാൽ മലയയിൽ നിന്ന് ജാപ്പനീസ് കീഴടങ്ങിയതിനുശേഷം, 1946-ൽ ബ്രിട്ടീഷ് ഭരണകൂടം മലയൻ യൂണിയൻ സ്ഥാപിച്ചു, എന്നാൽ വംശീയ മലയക്കാരുടെ എതിർപ്പിനെത്തുടർന്ന്, യൂണിയൻ 1948-ൽ ഫെഡറേഷൻ ഓഫ് മലയ എന്ന പേരിൽ 1957 വരെ ഒരു സംരക്ഷിത സംസ്ഥാനമായി പുനഃസംഘടിപ്പിക്കപ്പെട്ടു. പെനിൻസുലയിൽ, മലയൻ കമ്മ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്തു, പിരിമുറുക്കം 1948 മുതൽ 1960 വരെ 12 വർഷക്കാലം അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലേക്ക് നയിച്ചു. കമ്മ്യൂണിസ്റ്റ് കലാപത്തിനെതിരായ സൈനിക അടിച്ചമർത്തലുകൾ 1955 ലെ ബാലിംഗ് ചർച്ചകളിലേക്ക് നയിച്ചു. ബ്രിട്ടീഷുകാരുമായുള്ള നയതന്ത്ര ചർച്ചയിലൂടെ 1957 ഓഗസ്റ്റ് 31-ന് മലയയുടെ സ്വാതന്ത്ര്യം സ്ഥാപിച്ചു. തുങ്കു അബ്ദുൽ റഹ്മാൻ മലേഷ്യയുടെ ആദ്യ പ്രധാനമന്ത്രിയായി. 1960-ൽ, കമ്മ്യൂണിസ്റ്റ് ഭീഷണി കുറയുകയും മലയയ്ക്കും തായ്‌ലൻഡിനുമിടയിലുള്ള അതിർത്തികളിലേക്ക് അവർ പിന്മാറുകയും ചെയ്തതോടെ അടിയന്തരാവസ്ഥ അവസാനിപ്പിച്ചു.
ഫെഡറേഷൻ ഓഫ് മലയ, സിംഗപ്പൂർ, സരവാക്ക്, നോർത്ത് ബോർണിയോ (സബാഹ്) എന്നിവയുടെ ലയനത്തെ തുടർന്ന് 1963 സെപ്റ്റംബർ 16 ന് ഫെഡറേഷൻ ഓഫ് മലേഷ്യ രൂപീകരിച്ചു. ഏകദേശം രണ്ട് വർഷത്തിന് ശേഷം, മലേഷ്യൻ പാർലമെന്റ് 1963 ലെ മലേഷ്യ ഉടമ്പടിയിൽ ഒപ്പുവെച്ചവരുടെ അനുമതിയില്ലാതെ സിംഗപ്പൂരിനെ ഫെഡറേഷനിൽ നിന്ന് വേർപെടുത്താനുള്ള ബിൽ പാസാക്കി.[3] 1960-കളുടെ തുടക്കത്തിൽ ഇന്തോനേഷ്യയുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായി. 1969-ലെ വംശീയ കലാപങ്ങൾ നിമിത്തം സംഭവിച്ച അടിയന്തരാവസ്ഥ, പാർലമെന്റ് സസ്‌പെൻഷൻ, നാഷണൽ ഓപ്പറേഷൻസ് കൗൺസിൽ (എൻഒസി) സ്ഥാപിക്കൽ, 1970-ൽ എൻഒസി മുഖേന രുകുൻ നെഗാരയുടെ പ്രഖ്യാപനം എന്നിവ, പൗരന്മാർക്കിടയിൽ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിൽ ദേശീയ തത്വശാസ്ത്രമായി മാറി[4][5] 1971-ൽ പുതിയ സാമ്പത്തിക നയം അംഗീകരിച്ചു, അത് 1991 വരെ ഉപയോഗിച്ചിരുന്നു, അത് ദാരിദ്ര്യം ഇല്ലാതാക്കാനും സമൂഹത്തെ പുനഃക്രമീകരിക്കാനും ശ്രമിച്ചു.[6][7][8] 1991 മുതൽ 2000 വരെ ദേശീയ വികസന നയത്തിൽ ഈ നയം തുടർന്നു. മഹാതീർ മുഹമ്മദ് (1981-2003) നയിച്ചിരുന്ന സമയത്ത്, മലേഷ്യ മികച്ച സാമ്പത്തിക പുരോഗതിയും ആധുനികവത്കരണവും കൈവരിച്ചു.
1970 മുതൽ, യുണൈറ്റഡ് മലേഷ്യൻ നാഷണൽ ഓർഗനൈസേഷന്റെ (UMNO) നേതൃത്വത്തിലുള്ള ബാരിസാൻ നാഷനൽ സഖ്യം 2018 മലേഷ്യൻ പൊതുതെരഞ്ഞെടുപ്പിൽ പക്കാട്ടൻ ഹരപ്പൻ സഖ്യത്തോട് പരാജയപ്പെടുന്നതുവരെ മലേഷ്യ ഭരിച്ചിരുന്നു. 2020 ഫെബ്രുവരിയിൽ, ബെർസറ്റു, ബിഎൻ, പിഎഎസ്, ജിപിഎസ്, ജിബിഎസ് പാർട്ടി അംഗങ്ങൾ ചേർന്ന് ബെർസത്തു നേതാവ് മുഹിയിദ്ദീൻ യാസിൻ നയിക്കുന്ന ഗവൺമെന്റ് രൂപീകരിക്കുന്നതിനായി പക്കാട്ടൻ ഹരപ്പൻ സഖ്യം തകർന്നതോടെയാണ് മലേഷ്യയിൽ സമീപകാല രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചത്.
അവലംബം
തിരുത്തുക- ↑ Imago Mvndi. Brill Archive. 1958.
- ↑ Annual Report on the Federation of Malaya: 1951 in C.C. Chin and Karl Hack, Dialogues with Chin Peng pp. 380, 81.
- ↑ "Road to Independence". US Government. Retrieved 3 August 2013.
- ↑ Othman, Al-Amril; Ali, Mohd Nor Shahizan (2018-09-29). "Misinterpretation on Rumors towards Racial Conflict: A Review on the Impact of Rumors Spread during the Riot of May 13, 1969". Jurnal Komunikasi: Malaysian Journal of Communication (in ഇംഗ്ലീഷ്). 34 (3): 271–282. doi:10.17576/JKMJC-2018-3403-16. ISSN 2289-1528.
- ↑ Esa, Mohd Sohaimi; Ationg, Romzi (2020-12-02). "Majlis Gerakan Negara (MAGERAN): Usaha Memulihkan Semula Keamanan Negara Malaysia" [National Operations Council (NOC): Efforts to Restore Malaysia's National Peace]. Malaysian Journal of Social Sciences and Humanities (in ഇംഗ്ലീഷ്). 5 (12): 170–178. doi:10.47405/mjssh.v5i12.585. ISSN 2504-8562.
- ↑ Shuib, Md Shukri; Keling, Mohamad Faisol; Osman, Nazariah (2020-12-10). "Mahathiriskonomism: Memperjelas Peranan Mahathir Mohamad dalam Pengurusan Krisis Ekonomi 1997/98" [Mahathiriskonomism: Clarifying the Role of Mahathir Mohamad in the Management of the 1997/98 Economic Crisis]. Malaysian Journal of Social Sciences and Humanities (in ഇംഗ്ലീഷ്). 5 (12): 374–391. doi:10.47405/mjssh.v5i12.621. ISSN 2504-8562. Retrieved 17 May 2021.
- ↑ Ali, Abdul Halim (2019-10-02). "Reformasi 1998: Satu Momentum Gerakan Sosial" [1998 Reformasi: A Social Movement Momentum]. Naratif Malaysia. Archived from the original on 2020-09-29. Retrieved 2021-05-17.
- ↑ WEISS, MEREDITH L. (1999). "What Will Become of Reformasi? Ethnicity and Changing Political Norms in Malaysia". Contemporary Southeast Asia. 21 (3): 424–450. doi:10.1355/CS21-3F. ISSN 0129-797X. JSTOR 25798468.