ഹാനി ജനങ്ങൾ

(Hani People എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനയിലും വിയറ്റ്നാമിലും ലാവോസിലും കാണുന്ന ഒരു ജനവംശമാണ് ഹാനി ജനങ്ങൾ (ചൈനീസ്: 哈尼族; പിൻയിൻ: Hānízú). ചൈനയിലെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 56 ജനവിഭാഗങ്ങളിൽ ഒന്നും, വിയറ്റ്നാമിലെ 54 ഔദ്യോഗിക വംശങ്ങളിൽ ഒന്നുമാണ് ഹാനി. ലാവോസിൽ ഹാനി ജനങ്ങളെ, ഹോ വംശജർ എന്ന് വിളിക്കപ്പെടുന്നു.

ഹാനി
ഹാക്നിക് Haqniq, ഹാ നി Hà Nhì
ഹാനി കുട്ടികളുടെ പരമ്പരാഗത ശിരോവസ്ത്രമണിഞ്ഞിരിക്കുന്ന ഹാനി വംശജയായ പെൺകുട്ടി. യുന്നാൻ പ്രവിശ്യയിലെ യുവാന്യാങ് കൗണ്ടിയിൽ നിന്നുള്ള ചിത്രം
ഹാനി കുട്ടികളുടെ പരമ്പരാഗത ശിരോവസ്ത്രമണിഞ്ഞിരിക്കുന്ന ഹാനി വംശജയായ പെൺകുട്ടി. യുന്നാൻ പ്രവിശ്യയിലെ യുവാന്യാങ് കൗണ്ടിയിൽ നിന്നുള്ള ചിത്രം
Total population
About 1,750,000
Regions with significant populations
 ചൈന1,440,029 (2000)
 Myanmar200,000 (2007)
 ലാവോസ്60,000 (2007)
 തായ്‌ലാന്റ്60,000 (2007)
 വിയറ്റ്നാം21,725 (2009)[1]
Languages
Hani, Hanoish languages
Religion
Animism, Buddhism, Christianity
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Akha, Yi, Lahu
ഹാനികളുടെ ദൈനംദിന വസ്ത്രധാരണം
ലാവോസിലെ ഒരു ഹാനി യുവതിയും കുഞ്ഞും 2003 ലെ ചിത്രം

വിയറ്റ്നാമിലെ ലൈ ചോ, ലാവോ കായ് പ്രവിശ്യകളിലായി ഏകദേശം 12,500 ഹാനി വംശജർ അധിവസിക്കുന്നു. ലാവോസിന്റെ ചൈനീസ്, വിയറ്റ്നാമീസ് അതിർത്തികൾക്കരികെ ഫോങ്സാലി പ്രവിശ്യയിലാണ് ഹോ ജനങ്ങൾ വസിക്കുന്നത്.

ഇന്നത്തെ തൊണ്ണൂറു ശതമാനത്തിലധികം ഹാനി ജനങ്ങൾ വസിക്കുന്നത് ചൈനയുടെ യുന്നാൻ പ്രവിശ്യയിലാണ്. യുന്നാനിൽ ഐലാവൊ മലനിരകൾക്ക് കുറുകെ മീകോങ്ങ് നദിക്കും ചുവന്ന നദിക്കും ഇടയിലായാണ് ഇവരുടെ വാസം.

യുന്നാനിലെ ഹാനി സ്വയംഭരണ പ്രദേശങ്ങൾ ഇനി പറയുന്നവയാണ്:

  • മോജിയാങ് ഹാനി സ്വയംഭരണ കൗണ്ടി
  • ജിയാങ്ചെങ് ഹാനി, യി സ്വയംഭരണ കൗണ്ടി
  • നിങെർ ഹാനി, യി സ്വയംഭരണ കൗണ്ടി
  • യുവാൻജിയാങ് ഹാനി, യി, ഡായ് സ്വയംഭരണ കൗണ്ടി
  • ജെന്യുവാൻ യി, ഹാനി, ലാഹു സ്വയംഭരണ കൗണ്ടി
  • ഹോങ്ഹേ ഹാനി, യി പ്രേഫെക്ചർ

ഉല്പത്തി

തിരുത്തുക

ഹാനി വംശജരുടെ ഉല്പത്തിയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നിരുന്നാലും അവരുടെ മുൻഗാമികളായ പ്രാചീന ഖിയാങ് ജനങ്ങൾ ബിസി മൂന്നാം നൂറ്റാണ്ടിനു മുമ്പുതന്നെ ക്വിങ്ഹായ് - ടിബറ്റൻ പീഠഭൂമിയിൽ നിന്നും തെക്കോട്ട് കുടിയേറിയവരാണെന്ന് കരുതപ്പെടുന്നു.

ഹാനി ജനങ്ങളുടെ വാമൊഴിയായി കൈമാറിവരുന്ന ഐതിഹ്യങ്ങളനുസരിച്ച് അവർ യി ജനങ്ങളുടെ പിന്തുടർച്ചക്കാരാണ്. അമ്പത് തലമുറ മുൻപ് അവർ പ്രത്യേക ഗോത്രമായി വിഭജിച്ചു മാറിയതാണ്. ആദ്യ ഹാനി കുടുംബം മുതൽ താൻ വരെയുള്ള പിതാമഹന്മാരുടെ പേരുകൾ ചൊല്ലുന്നത് ഹാനി ജനങ്ങളുടെ ഒരു ആചാരമാണ്.

സംസ്കാരം

തിരുത്തുക
 
വിയറ്റ്നാമിലെ ഒരു ഹാനി വീട്

ഹാനി വീടുകൾ സാധാരണയായി മുള, ചെളി, മണ്ണ്, മരം എന്നിവ കൊണ്ടുണ്ടാക്കുന്നവയാണ്. രണ്ടോ മൂന്നോ നിലകളാണ് ഈ വീടുകൾക്ക് ഉണ്ടാവുക.

ഇരുണ്ട നീല നിറത്തിലുള്ള തുണി കൊണ്ടാണ് പരമ്പരാഗത ഹാനി വസ്ത്രം തുന്നുന്നത്. പുരുഷന്മാർ നീളം കുറഞ്ഞ ജാക്കറ്റുകളും വീതിയുള്ള പാന്റുകളും ധരിക്കുന്നു. വെള്ളയോ കറുപ്പോ നിറത്തിലുള്ള ശിരോവസ്ത്രവും അവർ ധരിക്കുന്നു. സ്ത്രീകൾ അവരുടെ ഗോത്രത്തിനനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത്. ഏഴു വയസ്സിനു താഴെയുള്ള കുട്ടികളിൽ ലിംഗഭേദമില്ലാതെ വസ്ത്രം ധരിപ്പിക്കുന്നു.

ബഹുസ്വരമായ വായ്പ്പാട്ടിന് പേരുകേട്ടവരാണ് ഹാനി വംശജർ.1990 എട്ടു ഭാഗങ്ങളുള്ള ബഹുസ്വരത റെക്കോർഡ് ചെയ്യപ്പെട്ടു.[2] പരമ്പരാഗത സംഗീതോപകരണങ്ങളാണ് അവരുപയോഗിക്കുന്നത്. ലാബി എന്നു വിളിക്കുന്ന ഓടക്കുഴലും ലാഹി എന്നു വിളിക്കപ്പെടുന്ന മൂന്നു തന്ത്രികളുള്ള തന്ത്രിവാദ്യവുമാണവ.

തട്ടുതട്ടായുള്ള കൃഷി സ്ഥലങ്ങളും അവരുടെ ആയിരക്കണക്കിനു വർഷത്തെ സംസ്കാരത്തിൽ അലിഞ്ഞു ചേർന്നവയാണ്.

 
ചന്തയിൽ ഐസ്ക്രീം ആസ്വദിക്കുന്ന ഹാനി അമ്മൂമ്മമാർ

ബഹുദൈവ വിശാസികളാണ് ഹാനി വംശജർ. പൂർവികരുടെ ആത്മാവിനെയും അവർ ആരാധിക്കുന്നു. വിവിധ ദൈവങ്ങളെ പ്രീതിപ്പെടുത്താനായി വഴിപാടുകൾ കഴിക്കുന്നത് ഹാനി വംശജരുടെ ശീലമാണ്.

മൂന്നു പ്രധാന വ്യക്തികളാണ് ഹാനി ജനതയുടെ മത ചട്ടക്കൂടിനെ നയിക്കുന്നത്. സുയിമ എന്നു വിളിക്കുന്ന പ്രധാന പുരോഹിതനാണ് എല്ലാ പ്രധാന ആഘോഷങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്. മാന്ത്രിക വിധികളും ബാധയൊഴിപ്പിക്കലും ചെയ്യാൻ ബൈമ എന്നു വിളിക്കുന്ന പുരോഹിതനുണ്ട്. ഔഷധപ്രയോഗങ്ങളും ഭാവിപ്രവചനവും നടത്തുന്നത് നിമ എന്ന് വിളിക്കുന്ന പുരോഹിതനാണ്. നിമ ആവാൻ സ്ത്രീ-പുരുഷ ഭേദമില്ല. ആദ്യ രണ്ട് സ്ഥാനങ്ങളും പുരുഷന്മാർക്കാരം സംവരണം ചെയ്തു മാറ്റി വെച്ചിരിക്കുന്നു.

സിനോ-ടിബറ്റൻ ഭാഷാകുടുംബത്തിലെ ലോലോ-ബർമ്മീസ് ശാഖയിലാണ് ഹാനി ജനത സംസാരിക്കുന്ന ഹാനി ഭാഷയുടെ സ്ഥാനം. ഇതിനോട് ബന്ധപ്പെട്ട മറ്റ് ലോലോ-ബർമ്മീസ് ഭാഷകളും പല ഹാനി ജനങ്ങളും സംസാരിക്കുന്നു. ഐതിഹ്യങ്ങളിൽ ഒരു പ്രാചീന ലിപിയെ പറ്റി പറയുന്നു. സിചുവാനിൽ നിന്നുള്ള കുടിയേറ്റകാലത്ത് നഷ്ടപ്പെട്ടുപോയതാണ് ഇതെന്നാണ് ഐതിഹ്യം പറയുന്നത്. ലുച്ചുവാൻ ഭാഷാഭേദത്തിന്റെ റോമൻ വത്കൃത ലിപിയാണ് ഇപ്പോൾ അവർ ഉപയോഗിക്കുന്നത്.

ഉപവിഭാഗങ്ങൾ

തിരുത്തുക

1954-ൽ ഹാനി ജനങ്ങളെ 11 പ്രധാന ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇവയും അവരുടെ വാസസ്ഥലങ്ങളും താഴെ കൊടുത്തിരിക്കുന്നു.

  1. ഹാനി - ക്സിൻപിങ്, മോജിയാങ്
  2. യെനി - മോജിയാങ്, ക്സിൻപിങ്, പ്യുർ, ജെന്യുവാൻ, ജിങ്ഡോങ്, ജിങ്ഗു, സിപ്സോങ്പന്ന
  3. ബിയൂ - മോജിയാങ്, പ്യൂർ, ഹോങ്ഹേ, ക്സിൻപിങ്, ജെന്യുവാൻ, ജിങ്ഡോങ്, ജിങ്ഗു, സിപ്സോങ്പന്ന, സിമാവോ
  4. ഹനോനി
  5. ഗെകുവോ - മോജിയാങ്, പ്യൂർ, ഹോങ്ഹേ, ക്സിൻപിങ്, ജെന്യുവാൻ, ജിങ്ഡോങ്, ജിങ്ഗു, സിപ്സോങ്പന്ന, ജിൻപിങ്, യുവാന്യാങ്, ഷുവാങ്ബായ്
  6. ആക്സിലൂമ - മോജിയാങ്, പ്യൂർ, ഹോങ്ഹേ, ജെന്യുവാൻ, ജിങ്ഡോങ്, ജിങ്ഗു, സിപ്സോങ്പന്ന, സിമാവോ
  7. ഡുവോനി - ജിൻപിങ്, യുവാന്യാങ്
  8. അമു - മോജിയാങ്, പ്യൂർ, ജെന്യുവാൻ
  9. സുവോനി - ജിൻപിങ്
  10. ലുവൊമെയ് - ക്സിൻപിങ്
  11. ബൂകോങ്ങ് - മോജിയാങ്, പ്യൂർ, ഹോങ്ഹേ, ജെന്യുവാൻ, ജിങ്ഡോങ്, സിപ്സോങ്പന്ന

ബാഹ്യ കണ്ണികൾ

തിരുത്തുക
  1. "The 2009 Vietnam Population and Housing Census: Completed Results". General Statistics Office of Vietnam: Central Population and Housing Census Steering Committee. June 2010. p. 135. Retrieved 26 November 2013.
  2. Zhang, Xingrong (1997). ‘A New Discovery: Traditional 8-Part Polyphonic Singing of the Hani of Yunnan’. Chime 10/11 (Spring/Autumn), pg 145–52. http://contemporary_chinese_culture.academic.ru/306/Han_Shaogong
"https://ml.wikipedia.org/w/index.php?title=ഹാനി_ജനങ്ങൾ&oldid=3622010" എന്ന താളിൽനിന്ന് ശേഖരിച്ചത്