ഗദ്ദർ പാർട്ടി

(Ghadar Party എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രവാസി ഇന്ത്യക്കാരുടെ കൂട്ടായ്മയിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ അവസാനിപ്പിക്കാനായി രൂപീകരിച്ച സംഘടനയാണ് ഗദ്ദർ പാർട്ടി. വടക്കെ അമേരിക്കയിലെ ദേശസ്‌നേഹികളായ (പ്രവാസി) ഇന്ത്യക്കാരാണ് ഗദ്ദർ പാർട്ടി രൂപീകരണത്തിന് നേതൃത്വം നൽകിയത്. ആശയപ്രചരണത്തിനായി “ഹിന്ദുസ്ഥാൻ ഗദ്ദർ’ എന്ന പത്രവും ഗദ്ദർപാർട്ടി നടത്തിയിരുന്നു. പത്രത്തിന് ഉർദ്ദുപതിപ്പും ഗുരുമുഖി എന്ന പേരിൽ പഞ്ചാബി പതിപ്പുമുണ്ടായിരുന്നു.

ഗദ്ദർ പാർട്ടി
രൂപീകരിക്കപ്പെട്ടത്1913
പിരിച്ചുവിട്ടത്1919
മുൻഗാമിPacific Coast Hindustan Association
പ്രത്യയശാസ്‌ത്രംRevolutionary Socialism
Indian Nationalism
നിറം(ങ്ങൾ)Red, Saffron and Green

ചരിത്രം

തിരുത്തുക

ഗദ്ദർ എന്ന പഞ്ചാബി/ഉറുദു വാക്കിന്റെ അർത്ഥം കലാപം/ലഹള എന്നാണ്. 1913-ൽ അമേരിക്കൻ ഐക്യനാടുകളിലെ സാൻഫ്രാൻസിസ്‌കോയിലാണ് ഗദ്ദർ പാർട്ടി സ്ഥാപിക്കപ്പെട്ടത്. ലാലാ ഹർദയാലായിരുന്നു മുഖ്യ സംഘാടകനും സ്ഥാപകനും. ‘പസിഫിക് കോസ്റ്റ് ഹിന്ദു അസോസിയേഷൻ’ എന്നായിരുന്നു സംഘടനയുടെ ആദ്യപേര്. സോഹൻസിംഗ് ബാക്നയായിരുന്നു ആദ്യ പ്രസിഡന്റ്.

അമേരിക്കയിൽ രൂപം കൊണ്ട ഈ പാർട്ടിക്ക് മെക്‌സിക്കോ, ജപ്പാൻ, ചൈന, ഫിലിപ്പിൻസ്, മലയ, സിംഗപ്പൂർ, തായ്‌ലാന്റ്, ഇൻഡോ-ചൈന, പൂർവ്വ ആഫ്രിക്ക, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ സജീവ അംഗങ്ങളുണ്ടായിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളിൽനിന്ന് ആവേശമുൾക്കൊണ്ട് പ്രവർത്തിച്ച ഗദർ പാർടിയുടെ നേതാക്കൾ പലരും ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും കനഡയിലും അവരവരുടെ രാജ്യങ്ങളിൽ കമ്യൂണിസ്റ്റ് പാർടികളുടെ നേതാക്കളായി മാറി. 1914-ൽ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ പ്രവാസികളായ വിപ്ലവകാരികളുടെ പിന്തുണയോടെ ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ ജനകീയവിപ്ലവം സംഘടിപ്പിക്കാൻ ഗദ്ദർ പാർട്ടി തീരുമാനിച്ചു. ഇന്ത്യയിൽ 1915 ഫെബ്രുവരി 21 ന് പഞ്ചാബിൽ കലാപം ആരംഭിക്കുവാനാണ് തീരുമാനിച്ചത്. ഇതിനായുള്ള യാത്രാ ചിലവിലേക്കും ആയുധങ്ങൾക്കുമായി ലക്ഷക്കണക്കിന് ഡോളർ ശേഖരിക്കപ്പെട്ടു. ധാരാളം പ്രവാസി ഇന്ത്യക്കാർ തങ്ങളുടെ ഭൂമിയടക്കമുള്ള ആയുഷ്ക്കാല സമ്പാദ്യങ്ങൾ ഗദ്ദർവിപ്ലവകാരികൾക്ക് നൽകി. ബർലിനിൽ കേന്ദ്രീകരിച്ച വിപ്ലവകാരികൾ ഒന്നാം ലോകയുദ്ധസമയത്ത് ആയുധസാമഗ്രികൾ ആൻഡമാനിലും ഒറീസയിലെ തുറമുഖങ്ങളിലും എത്തിച്ചെങ്കിലും ഇവ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞില്ല.[1]

ഇന്ത്യയിൽ മതിയായ പിന്തുണ ലഭിക്കാത്ത അവർ വിപ്ലവത്തിനായി റാഷ് ബിഹാരി ബോസിനെ[2],[3] പോലുള്ള നേതാക്കളെ കണ്ടെത്തിയെങ്കിലും കലാപശ്രമങ്ങളെക്കുറിച്ച് അറിവ് ലഭിച്ച ബ്രിട്ടീഷ് ഭരണകൂടം, കലാപകാരികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും പഞ്ചാബിലെ ഗദ്ദർപാർട്ടിയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിചാരണക്ക് ശേഷം 42 പേർക്ക് വധശിക്ഷ വിധിച്ചു നടപ്പാക്കി. പത്തൊൻപതാം വയസിൽ ലാഹോർ ജയിലിൽ കർത്താർ സിംഗ് തൂക്കിലേറ്റപ്പെട്ടു. 114 പേരെ ജീവപര്യന്തം ശിക്ഷ വിധിച്ച് നാടുകടത്തി. 93 പേർക്ക് ഭീകരമായ തടവുശിക്ഷ നൽകപ്പെട്ടു. ഗദ്ദർ പ്രസ്ഥാനത്തിലെ മുന്നണി നേതാക്കന്മാർ ജയിൽ മോചിതരായതിനുശേഷം പഞ്ചാബിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.

1919-നുശേഷം ഇന്ത്യൻ ദേശീയതയിൽ ഗദ്ദർ പാർട്ടിക്കുള്ള സ്വാധീനം ക്രമേണ നഷ്ടപ്പെട്ടു.

ഗദ്ദർ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കൾ

തിരുത്തുക

ലാലാ ഹർദയാൽ, സോഹൻസിംഗ് ഭക്‌നാ, കർത്താ സിംഗ് സാരാബാ, റഹ്മാൻ അലിഷാ, ബാബു ഗുരുമുഖ് സിംഗ്, മൌലാനാ ബർക്കത്തുള്ള, ദയാ പരമാനന്ദ്, വിഷ്ണു സിംഗ് പിംഗഌ, ബാബ ഹർനംസിംഗ്, രഘുബാർദയാൽ ഗുപ്ത. സച്ചീന്ദ്രനാഥ് സന്ന്യാൽ എന്നിവരായിരുന്നു പ്രധാന നേതാക്കൾ.

ലക്ഷ്യങ്ങൾ

തിരുത്തുക
  • ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപം സംഘടിപ്പിക്കുക
  • ഇന്ത്യയെ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചിപ്പിക്കുക
  1. "ഗദ്ദർ വിപ്ലവത്തിന്റെ നൂറ്റാണ്ട്". keralabhooshanam. May 5th, 2013. Archived from the original on 2013-06-29. Retrieved 2013 ജൂൺ 7. {{cite news}}: Check date values in: |accessdate= and |date= (help)
  2. http://www.hindujagruti.org/articles/90.html#5
  3. "Ghadr (Sikh political organization)" (in ഇംഗ്ലീഷ്). Encyclopædia Britannica. Retrieved 18 September 2010.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗദ്ദർ_പാർട്ടി&oldid=3970563" എന്ന താളിൽനിന്ന് ശേഖരിച്ചത്