ജി.എൻ. ബാലസുബ്രഹ്മണ്യം

(G N Balasubramaniam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടകസംഗീത ലോകത്തെ തിളക്കമാർന്ന വ്യക്തിത്വങ്ങളിലൊന്നാണ് ജി.എൻ.ബി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജി.എൻ. ബാലസുബ്രഹ്മണ്യം (G. N. Balasubramaniam) (6 ജനുവരി 1910 - 1 മേയ് 1965).

ജി.എൻ. ബാലസുബ്രഹ്മണ്യം
പശ്ചാത്തല വിവരങ്ങൾ
ജനനം(1910-01-06)6 ജനുവരി 1910
ഉത്ഭവംഗുഡലൂർ, തഞ്ചാവൂർ ജില്ല, മദ്രാസ് പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യ
മരണം1 മേയ് 1965(1965-05-01) (പ്രായം 55)
മദ്രാസ്, തമിഴ്‌നാട്, ഇന്ത്യ
വിഭാഗങ്ങൾകർണാടക സംഗീതം
തൊഴിൽ(കൾ)ഗായകൻ
വർഷങ്ങളായി സജീവം1920–1965

ജീവിതരേഖ

തിരുത്തുക

തഞ്ചാവൂർ ജില്ലയിലുൾപ്പെട്ട മയിലാടുതുറൈ താലൂക്കിലെ ഒരു ചെറുഗ്രാമമായ ഗുഡലൂരിൽ ജി.വി. നാരായണസ്വാമി അയ്യരുടെയും വിശാലാക്ഷി അമ്മാളുടെയും മകനായി ജനനം. ഹൈസ്കൂൾ അധ്യാപകനായിരുന്ന പിതാവ് നാരായണസ്വാമി അയ്യർ സംഗീത തത്പരനുമായിരുന്നു. പിതാവ് തന്നെയായിരുന്നു ആദ്യഗുരു. തുടർന്നുള്ള സംഗീതപഠനം മധുരൈ സുബ്രഹ്മണ്യ അയ്യരുടെ ശിക്ഷണത്തിലായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ബാലസുബ്രഹ്മണ്യം അക്കാലത്തെ പ്രമുഖ സംഗീതജ്ഞരുടെയെല്ലാം ആലാപനശൈലികൾ സസൂക്ഷ്മം വീക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് ഏറ്റവും അധികം ആരാധന തോന്നിയിരുന്നത് അരിയക്കുടി രാമാനുജ അയ്യങ്കാരോട് ആയിരുന്നു. അങ്ങനെയിരിക്കെ മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള സംഗീതകച്ചേരി നടത്താമെന്നേറ്റിരുന്ന പ്രമുഖനായ സംഗീതജ്ഞൻ എത്തിച്ചേരാത്തതിനെ തുടർന്ന് പ്രസ്തുത ദിവസത്തെ കച്ചേരി നടത്തുവാനുള്ള അവസരം അപ്രതീക്ഷിതമായി ബാലസുബ്രഹ്മണ്യത്തിന് ലഭിച്ചു. ബാലസുബ്രഹ്മണ്യത്തിന്റെ കീർത്തി ഏറെ വർദ്ധിപ്പിച്ച ഒരു സംഭവമായിരുന്നു അത്.

അനേകം കീർത്തനങ്ങളും ജി.എൻ.ബി. രചിച്ചിട്ടുണ്ട്. സംസ്കൃതം, തെലുഗു, തമിഴ് ഭാഷകളിലായി 250-ലേറെ രചനകൾ പരമ്പരാഗത രാഗങ്ങളിലും തന്റേതായ രാഗങ്ങളിലും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഇവയിൽ 75 എണ്ണം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

 
ശകുന്തള എന്ന ചിത്രത്തിൽ സുബ്ബലക്ഷ്മിയോടൊപ്പം ജി.എൻ.ബി.

ഒരു അഭിനേതാവ് കൂടിയായിരുന്നു ജി.എൻ.ബി. സ്കൂളിലെ കലാമത്സരങ്ങളിൽ സംഗീതത്തോടൊപ്പം നാടകങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. പിൽക്കാലത്ത് ശകുന്തള എന്ന ചലച്ചിത്രത്തിൽ ദുഷ്യന്തന്റെ വേഷം ഇദ്ദേഹം അവതരിപ്പിച്ചു. ഈ ചിത്രത്തിൽ നായികാവേഷം അവതരിപ്പിച്ചത് എം.എസ്. സുബ്ബലക്ഷ്മി ആയിരുന്നു. ഭാമവിജയം, സതി അനസൂയ തുടങ്ങി ഏതാനും ചിത്രങ്ങളിൽ കൂടി ഇദ്ദേഹം അഭിനയിച്ചു. തുടർന്ന് സംഗീതരംഗത്ത് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഓൾ ഇന്ത്യാ റേഡിയോയുടെ മദ്രാസ് നിലയത്തിൽ കർണാടക സംഗീത വിഭാഗത്തിൽ ഏറെ വർഷങ്ങൾ പ്രൊഡ്യൂസറായി പ്രവർത്തിച്ചു. 1964 മാർച്ചിൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാദമിയുടെ പ്രിൻസിപ്പാളായി ചുമതലയേറ്റു.

സംഗീതകലാനിധി പട്ടം, രാഷ്ട്രപതിയുടെ സംഗീത പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.[1]

  1. "Positions Held and Awards, gnbalasubramaniam.com". Archived from the original on 2014-05-25. Retrieved 2012-09-22.
"https://ml.wikipedia.org/w/index.php?title=ജി.എൻ._ബാലസുബ്രഹ്മണ്യം&oldid=3631915" എന്ന താളിൽനിന്ന് ശേഖരിച്ചത്