എൻഡോസ്കോപ്പി

(Endoscopy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശരീരത്തിലെ അവയവങ്ങളുടെ ഉൾഭാഗത്തെയോ കുഴൽ ആകൃതിയിലുള്ള ഭാഗങ്ങളെയോ നേരിട്ടു പരിശോധിക്കുന്ന അന്തർദർശനവിദ്യയാണ് എൻഡോസ്കോപ്പി. ഇതിനായി ഉപയോഗിക്കപ്പെടുന്ന അന്തർദർശിനികളെ എൻഡൊസ്കോപ്പുകൾ എന്നു പറയുന്നു. ആധുനിക വൈദ്യശാസ്ത്രത്തിലെ വൈവിധ്യമാർന്ന രോഗനിരീക്ഷണ ഉപകരണങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്തവയാണ് എൻഡോസ്കോപ്പുകൾ. ഈ ഉപകരണ സമുച്ചയത്തിന്റെ സം‌‌വിധാനവും കാര്യക്ഷമമായ ഉപയോഗവും ആധുനിക ശസ്ത്രക്രിയകളുടെ ക്ഷമത വർദ്ധിപ്പിക്കുന്നതിന് വളരെ സഹായകമായിട്ടുണ്ട്.[1]

എൻഡോസ്കോപ്

മനുഷ്യശരീരത്തിൽ നിരവധി അവയവങ്ങൾക്ക് ഉള്ളറകളും കുഴലുകളുമുണ്ട്. അവയെല്ലാം പ്രത്യേകതരം സ്കോപ്പുകൾ (ദർശികൾ) കൊണ്ട് പരിശോധിക്കാവുന്നതാണ്. ഉദാഹരണമായി ചില എൻഡോസ്കോപ്പുകൾ താഴെ പരാമർശിക്കപ്പെടുന്നു:

  • അന്നപ്ഥത്തിന്റെ ആദ്യഭാഗമായ ഇസൊഫാഗസിൽ വ്രണങ്ങളോ, അർബുദമോ, വികസിത രക്തധമനികളോ ഉണ്ടോ എന്നു നോക്കുവാനും ഉപയോഗിക്കുന്ന ദർശിയാണ് ഇസൊഫാഗൊസ്കോപ്പ്.
  • ആമാശയത്തിലെ അനേകം രോഗങ്ങളെ നിരീക്ഷിക്കുവൻ പറ്റിയ ഉപകരണമാണ് ഗാസ്ട്രോസ്കോപ്പ്.
  • അന്നപഥത്തിന്റെ അന്തിമ ഭാഗമായമായ ഗുദത്തിലുണ്ടാകാവുന്ന പല രോഗങ്ങളെയും ശരിക്കു മനസ്സിലാക്കുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ് പ്രോക്ടോസ്കോപ്പ്.

പ്രധാന ആശുപത്രികളിലെ ഗാസ്ട്രോഎന്ററോളജി വിഭാഗത്തിൽ ഈ നവീനോപകരണങ്ങൾ പ്രയോജനപ്പെടുത്തി വരുന്നുണ്ട്.[2]

എൻഡൊസ്കോപ്പ് ഉപയോഗിക്കുന്ന ഒരു ഭിഷഗ്വരൻ

ശ്വസനവ്യൂഹത്തിന്റെ ഉൾഭാഗത്തെ രോഗങ്ങൾ സാധാരണ വൈദ്യപരിശോധനകൊണ്ട് നിർണയിക്കുവൻ പ്രയാസമാണ്. ഇവയ്ക്കായി പ്രത്യേകം ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ബ്രോങ്കൊസ്കോപ്പ്, ലാറിൻ‌‌ഗൊസ്കോപ്പ് എന്നിവ. ശ്വാസകോശത്തിന്റെ ആദ്യഭാഗങ്ങളായ ട്രക്കിയ, ബ്രോങ്കസ്, ബ്രോങ്കിയോളുകൽ എന്നിവയുടെ സൂക്ഷ്മപരിശോധനയ്ക്ക് ബ്രോങ്കൊസ്കോപ്പും, ശബ്ദതരംഗങ്ങളെ സൃഷ്ടിക്കുന്ന ലാറിൻ‌‌ഗിസ് പരിശോധിക്കുന്നതിനു ലാറിൻ‌‌ഗൊസ്കോപ്പും സഹായിക്കുന്നു.[3] [4] ഔരസശസ്ത്രക്രിയയുടെയും (thoracic surgery) കർണ-നാസാ-ഗള (E.N.T.)രോഗചികിത്സകളുടെയും രംഗത്തിൽ ഈ ദർശികളുടെ പ്രയോജനം കാര്യക്ഷമമാണ്. മൂത്രാശയം, പ്രോസ്റ്റേറ്റുഗ്രന്ഥി, വൃക്കകളിൽ നിന്നു മൂത്രം മൂത്രാശയത്തിലേക്കു വഹിക്കുന്ന യൂറിറ്റർ എന്നിവയ്ക്കുണ്ടാകുന്ന രോഗങ്ങൾ എന്നിവ പരിശോധിക്കുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സിസ്റ്റോസ്കോപ്പ്.[5]

ഇപ്പറഞ്ഞ എൻഡോസ്കോപ്പുകൾ ഇന്ന് നവ്യങ്ങളായ ഫൈബർഗ്ലാസും മറ്റും ഉപയോഗിച്ചാണ് നിർമ്മിക്കപ്പെടുന്നത്. ഈ ഉപകരണങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ചെറിയ ബൾബുകൾ ബാറ്ററികളെക്കൊണ്ടു പ്രകാശിപ്പിച്ച് ശരീരത്തിന്റെ ഉൾഭാഗങ്ങളിലെ വൈകല്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുവാൻ കഴിയുന്നതാണ്. മാത്രമല്ല ഇവയിൽ ഘടിപ്പിച്ചിട്ടുള്ള ബ്ലേഡുകൊണ്ടും മറ്റു ചെറിയ ആയുധങ്ങൾ കൊണ്ടും ആന്തരികാവയവങ്ങളിൽ നടത്തേണ്ടതായ സൂക്ഷ്മസങ്കീർണ ശസ്ത്രക്രിയകൾ നടത്തുവാനും സാധ്യമാണ്. അതിനും പുറമേ ഈ അവയവഭാഗങ്ങളുടെ ഛായാഗ്രഹണത്തിനുള്ള റോബോട്ട്-ക്യാമറ സം‌‌വിധാനവും ഈ ഉപകരണങ്ങളുടെ പ്രയോജനത്തെ വളരെ വർദ്ധിപ്പിച്ചിരിക്കുന്നു.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എൻഡോസ്കോപ്പി&oldid=3802223" എന്ന താളിൽനിന്ന് ശേഖരിച്ചത്