എലിജി റിട്ടൻ ഇൻ എ കൻട്രി ചർച്ച്‌യാർഡ്

തോമസ് ഗ്രേ രചിച്ച കവിത
(Elegy Written in a Country Churchyard എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആംഗലകവി തോമസ് ഗ്രേ രചിച്ച ഒരു കവിതയാണ് എലിജി റിട്ടൻ ഇൻ എ കൻട്രി ചർച്ച്‌യാർഡ് അല്ലെങ്കിൽ ഗ്രാമശ്മശാനത്തിൽ എഴുതപ്പെട്ട വിലാപകാവ്യം. 32 ഖണ്ഡങ്ങളായി 128 വരികളാണ് ഇതിന്റെ ദൈർഘ്യം.[1] ഇതിന്റെ രചനാപശ്ചാത്തലം വ്യക്തമല്ല. എങ്കിലും 1742-ൽ മരിച്ച റിച്ചാർഡ് വെസ്റ്റ് എന്ന കവിയുടെ ഓർമ്മ ഇതിനു പ്രചോദനം ആയിരിക്കാം എന്നു കരുതപ്പെടുന്നു. "ഗ്രാമശ്മശാനത്തിൽ എഴുതിയ ഖണ്ഡങ്ങൾ" എന്ന പേരായിരുന്നു കവിതയ്ക്ക് ആദ്യം. 1742-ൽ ദക്ഷിണ ഇംഗ്ലണ്ടിൽ ബക്കിങ്ങാംഷയറിലെ സ്റ്റോക്ക് പോജെസ് ദേവാലയപ്പരിസരത്തിനടുത്തു താമസിക്കുമ്പോഴാണ് കവി ഇതിന്റെ രൂപരേഖ എഴുതിയതെന്നു കരുതപ്പെടുന്നു.[൧] എങ്കിലും എട്ടുവർഷം കഴിഞ്ഞ് 1750-ലാണ് കവിത പൂർത്തിയായത്. ആദ്യപ്രസിദ്ധീകരണം നടന്നതാകട്ടെ 1751-ൽ ആയിരുന്നു.

'എലിജി': ലഘുലേഖയായി പ്രസിദ്ധീകരിച്ച ആദ്യപതിപ്പിന്റെ ഒന്നാം പുറം

പ്രസിദ്ധീകരണം

തിരുത്തുക

സുഹൃത്ത് ഹൊറേസ് വാൾപ്പോളിന് ഗ്രേ അയച്ചു കൊടുത്ത കവിത അദ്ദേഹം ലണ്ടണിലെ സാഹിത്യവൃത്തങ്ങളിൽ പ്രചരിപ്പിച്ചു. അതിനിടെ നിലവാരം കുറഞ്ഞ ഒരു ആനുകാലികം തന്റെ കവിത അനുമതിയില്ലാതെ അച്ചടിക്കാൻ ഒരുങ്ങുന്നുവെന്ന് അറിഞ്ഞതോടെ സ്വയം അതു പ്രസിദ്ധീകരിക്കുമയല്ലാതെ കവിയ്ക്കു വഴിയില്ലെന്നായി. 1751 ഫെബ്രുവരി 15-ന് എലിജി അങ്ങനെ വെളിച്ചം കണ്ടു. കാൽത്താൾ ലഘുലേഖയുടെ (Quarto Pamphlet) രൂപത്തിൽ അതു പ്രസിദ്ധീകരിച്ചത് റിച്ചാർഡ് ഡോഡ്സ്ലി ആയിരുന്നു.[2]

ഉള്ളടക്കം

തിരുത്തുക
 
'എലിജി'-യുടെ കർത്താവ് തോമസ് ഗ്രേ

ഗ്രാമശ്മശാനത്തിൽ സംസ്കരിക്കപ്പെട്ടിരിക്കുന്നവരുടെ ജീവന്മരണങ്ങളുടെ വിസ്മൃതമായ സാധാരണതയെക്കുറിച്ച് പരിതപിക്കുന്ന കവി അതിനെ അലംഘ്യമായ മരണവിധിയുടെ നിഴൽ വീണ മനുഷ്യാവസ്ഥയുടെ പശ്ചാത്തലത്തിൽ കാണുന്നു. എല്ലാ മനുഷ്യരുടേയും കാര്യത്തിൽ, പാരമ്പര്യത്തിന്റെ പൊങ്ങച്ചവും അധികാരത്തിന്റെ ഗർവും, സമ്പത്സ്യന്ദര്യങ്ങളുടെ നേട്ടങ്ങളും ചെന്നെത്തുന്നത് മരണത്തിന്റെ അന്തിമനാഴികയിലും ശവക്കുഴിയിലുമാണ്.[൨]

ഗ്രാമശ്മശാനത്തിൽ വിസ്മരിക്കപ്പെട്ടു കഴിയുന്ന സാധാരണക്കാരിൽ, ജോൺ ഹാംപ്ഡണും ജോൺ മിൽട്ടണും ഒലിവർ ക്രോംവെല്ലിനും ഒപ്പം പ്രതിഭയുള്ളവർ ഉണ്ടാകാം. എന്നിട്ടും സമുദ്രത്തിന്റെ അഗാധതകളിൽ ശ്രദ്ധിക്കപ്പെടാതെ കഴിയുന്ന രന്തങ്ങളുടേയും, ആരും കാണാതെ വാടിക്കൊഴിഞ്ഞുപോകുന്ന വനസുഗന്ധികളുടേയും വിധിയാണ് അവർക്കുണ്ടായത്. എങ്കിലും അവരുടെ അവരുടെ നേട്ടങ്ങളെ പെരുപ്പിക്കാതിരുന്ന അപ്രശസ്തി അവരുടെ പാപങ്ങളേയും പരിമിതപ്പെടുത്തി. അവർക്ക് കൊലപാതങ്ങൾ നടത്തി സിംഹാസനങ്ങൾ പിടിച്ചെടുക്കുകയോ മനുഷ്യവർഗ്ഗത്തിനു മേൽ കരുണയുടെ വാതിൽ അടക്കുകയോ ചെയ്യേണ്ടി വന്നില്ല. ഭ്രാന്തുപിടിച്ച ആൾക്കൂട്ടത്തിന്റെ നെറികെട്ട പോരാട്ടങ്ങളിൽ നിന്നകന്ന് സുബോധത്തോടെയിരുന്നതിനാൽ അവരുടെ ആഭിലാഷങ്ങൾക്ക് വഴിപിഴച്ചില്ല.[൩]

ഈ കവിതയുടെ ഒരു പാഠഭേദവും നിലവിലുണ്ടെങ്കിലും സാധാരണപാഠത്തിൽ അത് അവസാനിക്കുന്നത്, മരണവുമായി മുഖാമുഖം നിൽക്കുന്ന ആഖ്യാതാവ് സങ്കല്പിക്കുന്ന സ്വന്തം ചരമഫലകത്തിലാണ്. "ഭാഗ്യത്തിനും പ്രശസ്തിക്കും അന്യനും, വിഷാദചിന്തയ്ക്ക് ബന്ധുവും ആയിരുന്നവൻ ഭൂമിയുടെ മടിയിൽ തലവച്ച് ഇവിടെ ശയിക്കുന്നു" എന്നാണ് അതിന്റെ തുടക്കം.

വിലയിരുത്തൽ

തിരുത്തുക
 
സ്റ്റോക്ക് പോജെസ് ശ്മശാനത്തിൽ കവിയുടെ സ്മാരകം

ഗ്രേയുടെ കവിതയ്ക്ക് വിലാപകാവ്യം എന്ന പേരുണ്ടെങ്കിലും അതിന്റെ ഉള്ളടക്കം വിലാപമെന്നതിനു പകരം മരണത്തെക്കുറിച്ചുള്ള പരിചിന്തനമാണ്. കവിതയുടെ നിലവിലുള്ള രണ്ടു പാഠങ്ങൾ മരണത്തെ സമീപിക്കുന്നത് രണ്ടു രീതിയിലാണ്; ആദ്യപാഠം താരതമ്യേന നിർമ്മമമായ മരണചിന്തയാണ്. എന്നാൽ സാധാരണ അച്ചടിക്കപ്പെടാറുള്ള അന്തിമപാഠം അവസാനിക്കുന്നത് ആഖ്യാതാവ് മരണഭയം അകറ്റാൻ തനിക്കായി സങ്കല്പിക്കുന്ന ചരമലിഖിതത്തിലാണ്.

അതിവേഗം പ്രചരിച്ച 'എലിജി' ഏറെ ജനപ്രീതി നേടി. അതു തുടരെ അച്ചടിക്കപ്പെടുകയും ഒട്ടേറെ ഭാഷകളിൽ അതിനു മൊഴിമാറ്റങ്ങൾ ഉണ്ടാവുകയും ചെയ്തു. ഗ്രേയുടെ ഇതരകവിതകൾ വിസ്മരിക്കപ്പെട്ട ശേഷവും വിമർശകർ 'എലിജി'-യെ പുകഴ്ത്തി. ഈ കവിതയെ വിലയിരുത്തുന്നതിൽ താൻ, "സാഹിത്യലോകത്തിലെ മുൻവിധികളുടെ കളങ്കമേശാത്ത സാധാരണ വായനക്കാരുടെ സാമാന്യബോധം അതിനു കല്പിച്ച മതിപ്പിൽ ആഹ്ലാദപൂർവം പങ്കുപറ്റുന്നു" എന്നാണ് സാഹിത്യനിരൂപകൻ സാമുവൽ ജോൺസൺ നിരീക്ഷിച്ചത്. "എല്ലാ മനസ്സുകളിലും പ്രതിഫലിക്കുന്ന ബിംബങ്ങളും, എല്ലാ വക്ഷസ്സുകളിലും പ്രതിധ്വനിക്കുന്ന ഭാവങ്ങളും നിറഞ്ഞ സ്ഥലമാണ് ഗ്രേയുടെ ഗ്രാമശ്മശാനം" എന്നും ജോൺസൺ കരുതി.[3]

ഭാഷയുടെ മേന്മയുടേയും ഭാവുകതയുടെ സാർവലൗകികതയുടേയും പേരിൽ 'എലിജി' ഇന്നും പ്രകീർത്തിക്കപ്പെടുന്നു. അറിയപ്പെടാത്തവരും അശക്തരുമായ ഗ്രാമീണരുടേയും പ്രതാപികളായ ഉപരിവർഗ്ഗത്തിന്റേയും ജീവിതഗതികളുടെ താരതമ്യം അടങ്ങുന്ന ഈ കവിതയ്ക്ക് രാഷ്ട്രീയമാനം ഉണ്ടാകാമെങ്കിലും അത് അവ്യക്തമായിരിക്കുന്നു. ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് സമാധാനം നിർദ്ദേശിക്കാതെ സമാപിക്കുന്ന 'ഏലിജി' ആത്മാർത്ഥതയില്ലാത്ത രചനായാണെന്നു കരുതുന്നവരുമുണ്ട്; കവിതയിലെ കേന്ദ്രബിംബമായ അജ്ഞാതഗ്രാമീണന്റെ രക്ഷയ്ക്കുതകുന്ന രാഷ്ട്രീയനിലപാട് അവതരിപ്പിക്കുന്നതിൽ കവി പരാജയപ്പെട്ടുവെന്നാണ് വിമർശനം.

കുറിപ്പുകൾ

തിരുത്തുക

^ കവി തോമസ് ഗ്രേയുടെ സംസ്കാരസ്ഥാനവും ഇവിടമാണ്.

^ "The Boast of heraldry, the pomp of power,/And all that beauty, all that wealth e'er gave,/Awaits alike the inevitable hour./The Paths of glory lead but to the grave." (വരികൾ 33-36)

^ "Far from the madding crowd's ignoble strife,/Their sober wishes never learned to stray." ഇതിൽ ആദ്യത്തെ വരിയുടെ തുടക്കത്തെ ആശ്രയിച്ചാണ് ഇംഗ്ലീഷ് നോവലിസ്റ്റ് തോമസ് ഹാർഡിയുടെ "ഫാർ ഫ്രം ദ മാഡിങ്ങ് ക്രൗഡ്" നോവലിന്റെ പേര്.

  1. Poetry Foundation-ൽ എലിജിയുടെ പാഠം
  2. ഓക്സ്ഫോർഡ് സർവകലാശാലയുടെ തോമസ് ഗ്രേ ആർക്കൈവിലുള്ള കവിയുടെ ജീവചരിത്രം
  3. സാമുവൽ ജോൺസൺ "ഗ്രേയുടെ ജീവിതം" Archived 2012-01-06 at the Wayback Machine.