ഇളമ്പൽ
കേരളത്തിൽ കൊല്ലം ജില്ലയിൽ, വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഇളമ്പൽ. പത്തനാപുരം താലൂക്കിലെ വിളക്കുടി റവന്യൂവില്ലേജിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്.
നാഷണൽ ഹൈവേ 208 ഇളമ്പൽ വഴിയാണ് കടന്നുപോകുന്നത്. ഇളമ്പൽ നിന്ന് ഹൈവേയിലൂടെ 5 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ പുനലൂർ പട്ടണത്തിലെത്താം; 13 കിലോമീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ കൊട്ടാരക്കര പട്ടണത്തിലും. രാഷ്ട്രീയഭൂപടമനുസരിച്ച് പത്തനാപുരം നിയമസഭാ മണ്ഡലത്തിലും മാവേലിക്കര ലോക്സഭാമണ്ഡലത്തിലുമാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. വിവിധ മതവിഭാഗത്തിൽപ്പെടുന്ന ജനങ്ങൾ സൗഹൃദത്തോടെ സഹകരിച്ച് ജീവിക്കുന്നു. ഇളമ്പൽ ശ്രീമഹാദേവക്ഷേത്രം, നിരവധി ക്രിസ്ത്യൻ, മുസ്ലീം പള്ളികൾ ഇവ നാടിനെ അലങ്കരിക്കുന്നു.
ഇളമ്പൽ പ്രദേശത്തിൻറെ പ്രധാന പ്രത്യേകത ഇവിടെയുള്ള ഇലഞ്ഞിമരങ്ങളും, ആൽമരങ്ങളുമാണ്. ക്ഷേത്രമുറ്റത്ത്, ക്ഷേത്രകവാടത്തിനു മുന്നിൽ ഹൈവേ റോഡിനു വശത്ത്, ഇതിനു 50 മീറ്റർ മാറി നരിക്കൽ റോഡിൽ ഇങ്ങനെ നിരവധി. ഈ വൻവൃക്ഷങ്ങൾ പ്രദേശത്തിൻറെ അന്തരീക്ഷം വളരെ പരിശുദ്ധമായി സൂക്ഷിച്ചുവരുന്നു. നാട്ടിൽ ശുദ്ധവായു ലഭ്യമാക്കുന്നതിൽ ഇവ ഗണ്യമായ പങ്ക് വഹിക്കുന്നു.