ധാർവാഡ് പേഡ

(Dharwad pedha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടക സംസ്ഥാനത്ത് ധാർവാഡ് ജില്ലയിൽ നിർമ്മിക്കപ്പെടുന്ന ഒരു മധുരപലഹാരമാണ് ധാർവാഡ് പേഡ. മറ്റ് പേഡകളിൽ നിന്ന് വ്യത്യസ്തമായി കടുത്ത ബ്രൗൺ നിറത്തിലുള്ള ഈ പേഡകളിൽ പഞ്ചസാരയുടെ ചെറുതരികളാലുള്ള ആവരണമുണ്ട്. പരമ്പരാഗത മധുര പേഡകളുടെ ഒരു പരിഷ്കരിച്ച രൂപമാണ് ധാർവാഡ് പേഡയെന്നും അഭിപ്രായമുണ്ട്.[1] ഭൗമസൂചികയിൽ ഇടം നേടിയിട്ടുള്ള ഭക്ഷണ വിഭവങ്ങളിലൊന്നാണിത്.

ധാർവാഡ് പേഡ
ധാർവാഡ് പേഡ
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംഇന്ത്യ
പ്രദേശം/രാജ്യംധാർവാഡ്, കർണ്ണാടക
വിഭവത്തിന്റെ വിവരണം
Courseമധുരപലഹാരം
പ്രധാന ചേരുവ(കൾ)പാൽ, പഞ്ചസാര
മറ്റ് വിവരങ്ങൾGI number: 85

ചരിത്രം

തിരുത്തുക

19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉത്തർപ്രദേശിൽ നിന്നും രാം രത്തൻ സിംഗ് താക്കൂറും കുടുംബവും ധാർവാഡിലെത്തുന്നതോടെയാണ് ധാർവാഡ് പേഡയുടെ ചരിത്രം ആരംഭിക്കുന്നത്. ജീവനോപാധിയായി താക്കൂർ കുടുംബം പേഡകൾ നിർമ്മിച്ച് വിൽക്കുവാൻ തുടങ്ങി. ഈ പേഡ ക്രമേണ പ്രശസ്തമാവുകയും ധാർവാഡ് പേഡ എന്ന പേരിലറിയപ്പെടുവാൻ തുടങ്ങുകയും ചെയ്തു. രത്തൻ സിംഗ് താക്കൂറിന്റെ ചെറുമകൻ ബാബു സിംഗ് താക്കൂർ ധാർവാഡിലെ ലൈൻ ബസാറിൽ താക്കൂർ കുടുംബം ആരംഭിച്ച പേഡ നിർമ്മാണ കേന്ദ്രം ഇപ്പോഴും പ്രസിദ്ധമായി തന്നെ തുടരുന്നു.1913-ൽ അക്കാലത്ത് ബോംബെ പ്രവിശ്യയുടെ ഭാഗമായിരുന്ന ധാർവാഡ് സന്ദർശിച്ച ബോംബേ ഗവർണ്ണർ ഈ പേഡയുടെ രുചിയിൽ ഏറെ സന്തുഷ്ടി പ്രകടിപ്പിക്കുകയും ഒരു മെഡൽ സമ്മാനിക്കുകയുമുണ്ടായി.[2] താക്കൂർ പേഡകൾ എന്നു കൂടി അറിയപ്പെടുന്ന ഈ പേഡകളുടെ ഗുണവും രുചിയും തലമുറകളായി നിലനിർത്തുന്ന താക്കൂർ കുടുംബം പേഡയുടെ നിർമ്മാണ രീതി രഹസ്യമായി സൂക്ഷിക്കുന്നു. രണ്ടു മാസത്തോളം ഈ പേഡകൾ കേടു കൂടാതെ സൂക്ഷിക്കാനാവും.[3]

ധാർവാഡ പേഡകളിലെ മറ്റൊരിനമാണ് മിശ്ര പേഡ. അവധ്ബിഹാറി മിശ്ര 1933-ൽ ധാർവാഡിലെ ലൈൻബസാറിലെത്തി ചെറിയ രീതിയിൽ പേഡ വ്യാപാരം തുടങ്ങുന്നതോടെയാണ് ധാർവാഡ് മിശ്ര പേഡകൾക്ക് തുടക്കമാകുന്നത്. അദ്ദേഹത്തിന് ശേഷം മകൻ ഗണേശ് മിശ്ര വ്യാപാരം വിപുലപ്പെടുത്തുകയും ഹുബ്ലി ബസ് സ്റ്റാൻഡിൽ ഒരു കട കൂടി തുടങ്ങുകയും ചെയ്തു. ഇന്ന് കർണ്ണാടകയിലെ വിവിധ ഭാഗങ്ങളിലും പൂനയിലും ഇവർക്ക് ശാഖകളുണ്ട്.

ഇന്ന് താക്കൂർ-മിശ്ര കുടുംബങ്ങൾക്ക് പുറമേ മറ്റനവധി വ്യാപാരികൾ കൂടി ധാർവാഡ് പേഡ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നു. ഇതിനു പുറമേ കർണ്ണാടക ക്ഷീരോത്പാദന സഹകരണ സംഘവും ധാർവാഡ് പേഡ നിർമ്മിച്ച് വിതരണം ചെയ്യുന്നുണ്ട്.

നിർമ്മാണ രീതി

തിരുത്തുക

ശുദ്ധമായ പാലിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കോവയോടൊപ്പം ചെറിയ അളവിൽ പഞ്ചസാര ചേർത്ത് ഉരുളിയിൽ വെച്ച് ചെറിയ തീയിൽ ചൂടാക്കുക. ബ്രൗൺ നിറം എത്തുന്നത് വരെ ഈ മിശ്രിതം ഇളക്കിക്കൊണ്ടിരിക്കണം. ഈ 'നിറം കടുപ്പിക്കൽ' പ്രക്രിയയാണ് ധാർവാഡ് പേഡയെ മറ്റിനം പേഡകളിൽ നിന്ന് വ്യത്യസ്തമാക്കുന്ന മുഖ്യഘടകം. വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുമ്പോൾ ഒന്നര മണിക്കൂറോളം നീളുന്ന ഒരു പ്രക്രിയയാണിത്. ഈ ഘട്ടത്തിന് ശേഷം ഇതിലേക്ക് വലിയ അളവിൽ പഞ്ചസാര ചേർത്ത് ഇളക്കി ലയിപ്പിച്ചെടുക്കുന്നു. ഈ മിശ്രിതം തണുപ്പിച്ച് ചെറു കഷണങ്ങളായി മുറിച്ചെടുക്കുന്നു. ഈ ചെറുകഷണങ്ങൾ പഞ്ചസാരപ്പൊടിയിലൂടെ ഉരുട്ടിയെടുക്കുന്നതാണതിന്റെ നിർമ്മാണത്തിന്റെ അവസാന ഘട്ടം.[4]

  1. Dharwad Peda: A Regional Favourite from Karnataka's Sweet Repertoire, എൻ.ഡി.ടി.വി.കോം എന്ന വെബ്‌സൈറ്റ്, 2016 ജനുവരി 26
  2. Centurian pedha faces growth pangs, ബിസിനസ് സ്റ്റാൻഡേർഡ്, 2015 ജനുവരി 13
  3. "ധാർവാഡ് ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റ്". Archived from the original on 2016-02-07. Retrieved 2016-01-30.
  4. In search of Dharwad Pedha, , ദ ഹിന്ദു, 2012 സെപ്റ്റംബർ 1
"https://ml.wikipedia.org/w/index.php?title=ധാർവാഡ്_പേഡ&oldid=3654762" എന്ന താളിൽനിന്ന് ശേഖരിച്ചത്