ഡിജിപിൻ

(DIGIPIN എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പോസ്റ്റൽ ഇടപാടുകളിൽ ഉപയോഗിച്ചു വരുന്ന പിൻ സംവിധാനം പോലെ ഡിജിറ്റലായി വിലാസങ്ങൾ അടയാളപ്പെടുത്താനും കണ്ടെത്താനും സഹായിക്കുന്ന സങ്കേതമാണ് ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ (ഡിജിപിൻ). ഇത് ഇന്ത്യയിലെ ഡിജിറ്റൽ നാഷണൽ അഡ്രസ്സിംഗ് ഗ്രിഡിനുള്ള സംവിധാനമാണ്. തപാൽ വകുപ്പും ഐഐടി ഹൈദരാബാദും വികസിപ്പിച്ചെടുത്ത ഈ സംവിധാനം എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ ഉൾപ്പെടെ രാജ്യത്തെ മുഴുവൻ 4mX4m വലുപ്പമുള്ള ചെറുയൂണിറ്റുകളായി മാറ്റി, അവ ഓരോന്നിനും യൂണിറ്റിന്റെ അക്ഷാംശ, രേഖാംശ കോർഡിനേറ്റുകളിൽ നിന്ന് ഉരുത്തിരിഞ്ഞ സവിശേഷമായ 10 അക്ക ആൽഫാന്യൂമെറിക് കോഡ് നൽകും. ഡിജിപിൻ സിസ്റ്റത്തിനുള്ളിലെ ഏതെങ്കിലും നിർദ്ദിഷ്ട ലൊക്കേഷനായി ഈ കോഡ് "ഓഫ് ലൈൻ അഡ്രസ്സിംഗ് റഫറൻസ്" ആയി ഉപയോഗിക്കും.

രൂപകല്പന

തിരുത്തുക

നിലവിലുള്ള ജിഐഎസ് ആപ്ലിക്കേഷനുകളുമായി പൊരുത്തപ്പെടുന്നതും സംയോജിപ്പാക്കാവുന്നതുമായ ആശയമാണ് ഡിജിപിൻ. ദിശാപരമായ സവിശേഷതകൾ ഉപയോഗിച്ച് യുക്തിസഹമായ രീതിയിൽ വിലാസങ്ങൾ കണ്ടെത്തുന്നതിനുള്ള നാമകരണരീതിയാണ് ഇതിലുള്ളത്. അതിനാൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ, വെള്ളപ്പൊക്കം പോലുള്ള ദേശീയ ദുരന്തങ്ങൾ എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ ഡിജിപിൻ ഉപയോഗിക്കാം. ഡിജിപിൻ പൊതു ഡൊമെയ്നിൽ ലഭ്യമാകും എന്നതിനാൽ എല്ലാവർക്കും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയും. സ്വകാര്യ വിലാസങ്ങളോ വ്യക്തിവിവരങ്ങളോ ഒന്നും തന്നെ ഡിജിപിൻ ഗ്രിഡ് നിർണയത്തിൽ ഇല്ലാത്തതിനാൽ ഇതുമായി ബന്ധപ്പെട്ട് സ്വകാര്യതാ ആശങ്കകളില്ല. ഡിജിപിൻ ഗ്രിഡ് സിസ്റ്റം ഒരു റഫറൻസിംഗ് സിസ്റ്റമായതിനാൽ, അഡ്രസിങ് അനിവാര്യമായിട്ടുള്ള ഇതര ഇക്കോസിസ്റ്റങ്ങളുടെ വികസനത്തിനുള്ള അടിസ്ഥാന അവലംബ മാർഗമായും ഇതിനെ ഉപയോഗിക്കാം.

ഡിജിപിൻ അടിസ്ഥാനപരമായി അക്ഷാംശത്തിന്റെയും രേഖാംശത്തിന്റേയും അക്ഷരാക്കത്തിലുള്ള ഒരു ശ്രേണിയാണ്. 2, 3, 4, 5, 6, 7, 8, 9, G, J, K, L, M, P, W, X എന്നീ 16 അക്ഷരങ്ങളും അക്കങ്ങളും പ്രതീകമായി ഉപയോഗിച്ചാണ് അവ നിർമിക്കുന്നത്.

10 ലെവൽ വിഭജനം

തിരുത്തുക

ഡിജിപിൻ എന്നാൽ ഒരു പ്രദേശത്തിന്റെ ഡിജിറ്റൽ വിലാസമായി അടയാളപ്പെടുത്തുന്ന പത്തക്ക ചിഹ്നങ്ങളുടെ ശ്രേണിയാണ്. ഇത് എങ്ങനെ കണ്ടെത്തുന്നു എന്നു നോക്കാം.

ഇന്ത്യ ഉൾപ്പെടുന്ന ഭൂഭാഗത്തെ (അക്ഷാംശം 1.5 - 39 ഡിഗ്രി വടക്കിനും രേഖാംശം 63.5 - 99 ഡിഗ്രി കിഴക്കിനും ഇടയിൽ) മുഴുവനായി ഉൾക്കൊള്ളുന്ന സമചതുരാകൃതിയിലുള്ള ഒരു 'ബൗണ്ടിങ് ബോക്സ്' ആണ് ആദ്യമായി സങ്കല്പിക്കുന്നത്. ഇതിനെ ആദ്യം 16 ചെറിയ (അതായത്, 4x4) പ്രദേശങ്ങളായി വിഭജിക്കുന്നു. ഓരോ പ്രദേശത്തിനും മുൻനിശ്ചയിച്ചിട്ടുള്ള 2, 3, 4, 5, 6, 7, 8, 9, G, J, K, L, M, P, W, X എന്നിവയിൽ ഒരു ചിഹ്നം ലേബൽ കൊടുക്കുന്നു. അതായത്, ഡിജിപിന്നിന്റെ ആദ്യത്തെ അക്കം/അക്ഷരം ഈ പ്രദേശങ്ങളിലൊന്നിനെ തിരിച്ചറിയുന്നതാണ്. ഒന്നാം ലെവൽ വിഭജനം എന്നാണ് ഇതിനെ വിളിക്കുക.

ഒന്നാം ലെവലിലെ ഓരോ പ്രദേശവും മേൽപ്പറഞ്ഞ പ്രകാരം വീണ്ടും 4x4=16 ഉപമേഖലകളായി വിഭജിക്കുന്നു. ഈ 16 ഉപമേഖലകളെ മേൽപറഞ്ഞ 16 ചിഹ്നങ്ങളാൽ ലേബൽ ചെയ്തിരിക്കുന്നു. ഡിജിപിന്നിന്റെ രണ്ടാമത്തെ അക്കം/അക്ഷരം ഈ ഉപമേഖലയെയാണ് സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ, ഡിജിപിൻ കോഡിലെ ആദ്യത്തെ രണ്ട് അക്ഷരങ്ങൾ 16^2=256 ഉപമേഖലകളിലൊന്നിനെ സവിശേഷമായി തിരിച്ചറിയുന്നു. ഇതാണ് രണ്ടാം ലെവൽ വിഭജനം.

ഇപ്രകാരം ബാക്കിയുള്ള 8 അക്കങ്ങൾ അടുത്ത 8 ലെവലുകളെ സൂചിപ്പിക്കുന്നു. അതായത് ഒരു നിശ്ചിത പ്രദേശത്തെ സംബന്ധിച്ചിടത്തോളം, ഡിജിപിൻ എന്ന 10-ചിഹ്ന കോഡ് ബൗണ്ടിംഗ് ബോക്സിനുള്ളിലെ 16^10 സെല്ലുകളിൽ ഒന്നിനെ സവിശേഷമായി തിരിച്ചറിയുന്നു.

ലളിതവും ആഗോള കവറേജും അംഗീകാരവുമുള്ള EPSG:4326 (WGS84 എന്നും അറിയപ്പെടുന്നു) എന്ന കോർഡിനേറ്റ് റഫറൻസ് സിസ്റ്റം (CRS) ആണ് നിർദ്ദിഷ്ട കോഡ് രൂപകൽപ്പനയിൽ ഉപയോഗിക്കുന്നത്.

ഇന്ത്യയിൽ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഇതിന്റെ നടപ്പിലാക്കലിന് മുന്നോടിയായുള്ള അഭിപ്രായരൂപീകരണവും ചർച്ചകളും നടന്നുകൊണ്ടിരിക്കുന്നു.[1]

  1. https://www.indiapost.gov.in/vas/Pages/digipin.aspx
  2. https://www.indiapost.gov.in/Navigation_Documents/Static_Navigation/DIGIPIN%20Technical%20Document%20Final%20English.pdf
  1. "DIGIPIN". Retrieved 2024-09-29.
"https://ml.wikipedia.org/w/index.php?title=ഡിജിപിൻ&oldid=4117446" എന്ന താളിൽനിന്ന് ശേഖരിച്ചത്