ഉപഭോക്തൃ സംരക്ഷണ നിയമം 1986

(Consumer protection എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി 1986-ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയ നിയമമാണ് ഉപഭോക്തൃ സംരക്ഷണ നിയമം. ഈ നിയമത്തെപ്പോലെ ലളിതമായ ഒരു നിയമ സംഹിത ഇന്നോളം ഇന്ത്യയിൽ വേറെ ഉണ്ടായിട്ടില്ല.[അവലംബം ആവശ്യമാണ്]

ലക്ഷ്യം

തിരുത്തുക

ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ഈ നിയമത്തിന്റെ മുഖ്യലക്ഷ്യം.

ഗുണങ്ങൾ

തിരുത്തുക

സാധനത്തേയോ സേവനത്തെയോ സംബന്ധിച്ച് സ്പെഷ്യൽ ആക്ടുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ അധികാരങ്ങളെ ബാധിക്കുകയില്ല. അയതിനാൽ പ്രതിഫലം നൽകി ഉപഭോക്താവ് സ്വന്തമാക്കുന്ന സാധനത്തിനോ സേവനത്തിനോ എന്തു പോരായ്മ ഉണ്ടായാലും ഈ നിയമം ഉപഭോക്താവിനു സംരക്ഷണം നൽകും.

സാധനങ്ങൾ വാങ്ങുമ്പോഴോ, സേവനങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴോ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ല എന്നുറപ്പാക്കുന്നതിനാണ് ഉപഭോക്തൃസംരക്ഷണ നിയമം സ്വീകരിച്ചിരിക്കുന്നത്. വളരെ വേഗത്തിലും ലളിതമായ നടപടിക്രമങ്ങളിലൂടെയും കുറഞ്ഞ ചെലവിലും ഉപഭോക്താക്കളെ തർക്കങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതാണ് ഈ നിയമം. ദേശീയതലത്തിൽ ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ, സംസ്ഥാന തലത്തിൽ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ജില്ലകൾ തോറും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങൾ എന്നിങ്ങനെ മൂന്നുതരം സ്ഥാപനങ്ങളാണ് ഈ നിയമം നടപ്പാക്കാനുള്ള സംവിധാനങ്ങളായി പ്രവർത്തിക്കുന്നത്.

ഉപഭോക്താവ്

തിരുത്തുക

ഉപഭോക്തൃ സംരക്ഷണ നിയമം 1986 ന്റെ 2 (ഡി) (i) വകുപ്പ് പ്രകാരം ഒരു സാധനം വിലകൊടുത്തോ, ഭാഗികമായി വിലകൊടുത്തോ, വിലകൊടുക്കാമെന്ന ധാരണയിലോ വാങ്ങിയ ആൾ ഉപഭോക്താവ് ആകുന്നു. എന്നാൽ മൊത്തക്കച്ചവടം പോലുള്ള വാണിജ്യ ആവശ്യങ്ങൾക്കായി സാധനങ്ങൾ വാങ്ങുന്നയാൾ ഇതിന്റെ പരിധിയിൽ വരില്ല. ഇതേ വകുപ്പിന്റെ ഉപവകുപ്പ് (ii) പ്രകാരം ഒരു സേവനം വിലകൊടുത്തോ, ഭാഗികമായി വിലകൊടുത്തോ, വിലകൊടുക്കാമെന്ന ധാരണയിലോ വാങ്ങിയ ആളും ഉപഭോക്താവ് ആകുന്നു. എന്നാൽ മൊത്തക്കച്ചവടം പോലുള്ള വാണിജ്യ ആവശ്യങ്ങൾക്കായി സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നവരും ഉപഭോക്താവ് എന്ന നിർവ്വചനത്തിൽ വരില്ല. 'വാണിജ്യാവശ്യം' എന്നതിൽ, ഒരു വ്യക്തി, ജീവസന്ധാരണത്തിനായി സ്വയം തൊഴിൽ ചെയ്യുന്നതിലേക്ക് സാധനങ്ങൾ വാങ്ങുന്നതും സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതും വരില്ല എന്ന് ഈ വകുപ്പിന്റെ വീശദീകരണത്തിൽ പറയുന്നുണ്ട്. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ്, ട്രാൻസ്പോർട്ട്, ടെലിഫോൺ സർവീസ്, ഡോക്ടറുടെ സേവനം, വക്കീലിന്റെ സേവനം, ജല വിതരണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫ്ലാറ്റ് നിർമാതാക്കൾ, ഇൻഡ്യൻ റെയിൽ വേ, ട്രാവൽ ഏജൻസി, ഹോട്ടൽ, പോസ്റ്റൽ സർവീസ്, ഇലക്ട്രിസിറ്റി ബോർഡ്, കൊറിയർ സർവീസ് തുടങ്ങിയ സർവീസുകളെല്ലാം ഈ നിയമത്തിന്റെ പരിധിയിലുള്ളതാണ്.

ഉപഭോക്തൃ തർക്ക പരിഹാര വേദികൾ

തിരുത്തുക

സാധനങ്ങളുടെ മൂല്യവും നഷ്ടപരിഹാരമുണ്ടെങ്കിൽ അതും ചേർത്ത് ഒരു കോടി രൂപയിൽ കവിയാത്ത പരാതികൾ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിൽ സമർപ്പിക്കാവുന്നതാണ്. ഒരു കോടിക്ക് മുകളിൽ പത്ത് കോടി വരെയുള്ളവ സംസ്ഥാന കമ്മീഷനിലും പത്ത് കോടിയിൽ അധികമാണെങ്കിൽ ദേശീയ കമ്മീഷനിലും ആണ് പരാതി കൊടുക്കേണ്ടത്.

എവിടെ വെച്ചാണോ പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത് അവിടെയൊ, എതർകക്ഷി (കച്ചവടക്കാരൻ) താമസിക്കുന്നതോ പ്രവൃത്തി നടത്തുന്നതോ ആയ സ്ഥലം, അയാളുടെ ശാഖ പ്രവർത്തിക്കുന്ന സ്ഥലം എന്നിവിടങ്ങളിലെവിടെയെങ്കിലുമൊ ഉള്ള ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിലാണ് പരാതി സമർപ്പിക്കേണ്ടത്.

പരാതി നൽകേണ്ട വിധം

തിരുത്തുക

പരാതി വെള്ളക്കടലാസിൽ എഴുതി നൽകിയാൽ മതിയാകും. പരാതിക്കാരന്റെ വിലാസം എതിർകക്ഷിയുടെ (കച്ചവടക്കാരൻ/സേവനദാതാവ്) വിലാസം എന്നിവ രേഖപ്പെടുത്തിയിരിക്കണം. ഉത്പന്നം വാങ്ങിയതിന്റെ വിശദവിവരങ്ങൾ പരാതിയിൽ രേഖപ്പെടുത്തണം. ഉല്പന്നത്തിന് നിലവാരക്കുറവ്‌, കേടുപാട്, പ്രവർത്തനരാഹിത്യം, മായം തുടങ്ങി എന്താണോ ഉപഭോക്താവിന് തർക്കമായിട്ടുള്ളത് അവ അല്ലെങ്കിൽ അയാൾ തേടിയ സേവനത്തിന്റെ ന്യൂനത എന്താണോ അത് പരാതിയിൽ രേഖപ്പെടുത്തണം. ഉപഭോക്താവ് ആവശ്യപ്പെടുന്ന നിവർത്തികളും എഴുതാം. ജില്ലാ ഫോറത്തിൽ പരാതികൾ സമർപ്പിക്കുന്നത് ഉപഭോക്തൃ നിയമത്തിന്റെ 12-ം വകുപ്പ് പ്രകാരമാണ്. പരാതിയോടൊപ്പം നിശ്ചിത ഫീസും നൽകേണ്ടതുണ്ട്. 1 ലക്ഷം രൂപവരയുള്ള പരാതികൾക്ക് 100 രൂപയും 1 ലക്ഷം മുതൽ 5 ലക്ഷം രൂപയ്ക്കു താഴെവരെയുള്ളതിന് 200 രൂപയും 5 ലക്ഷം മുതൽ 10 ലക്ഷത്തിന് താഴെവരെയുള്ളതിന് 400 രൂപയും 10 ലക്ഷം മുതൽ 20 ലക്ഷത്തിന് താഴെ വരെയുള്ളതിന് 500 രൂപയും ഫീസ് നൽകണം. അതിന് മുകളിൽ 50 ലക്ഷം വരെ 2000, 1 കോടി വരെ 4000, 1 കോടിക്ക് മുകളിൽ 5000 എന്നിങ്ങനെയും ഫീസ് നൽകണം. ദാരിദ്ര്യ രേഖക്ക് താഴെയുള്ള അന്ത്യോദയ അന്നയോജന കാർഡുള്ളവർക്ക് 1 ലക്ഷം രൂപ വരെയുള്ള പരാതികൾക്ക് യാതൊരു ഫീസും നൽകേണ്ടതില്ല. എതിർകക്ഷികൾക്ക് അയയ്കുന്നതിനായി പരാതിയുടെ കോപ്പികളും പരാതിക്കാരൻ അവലംബിക്കുന്ന തെളിവുകളെന്തെങ്കിലുമുണ്ടെങ്കിൽ അവയും (രസീത്, ബില്ല്, കരാർ മുതലായവ) പരാതിക്കൊപ്പം ഹാജരാക്കാം. പരാതിക്കൊപ്പം രേഖകളുടെ ഫോട്ടോസ്റ്റാറ്റ് ഹാജരാക്കിയാൽ മതി. അസ്സൽ പിന്നീട് ഹാജരാക്കിയാൽ മതി.

പരാതിയിന്മേലുള്ള നടപടികൾ

തിരുത്തുക

ലഭിക്കുന്ന പരാതികൾ ഉപഭോക്തൃഫോറം, എതിർകക്ഷിക്ക് അയച്ചുകൊടുക്കുകയും അയാളോട് 30 ദിവസത്തിനകം മറുപടി ബോധിപ്പിക്കണമെന്നും നിർദ്ദേശിക്കുന്നു. മറുപടി ലഭിച്ചാലും ഇല്ലെങ്കിലും തുടർന്ന് തർക്ക വിചാരണക്കായി തീയതി നിശ്ചയിക്കുകയും പരാതിക്കാരന്റെയും എതിർകക്ഷിയുടെയും ഭാഗം കേട്ട് തെളിവ് രേഖപ്പെടുത്തുകയും ചെയ്യും. മൂന്നുമാസത്തിനകം പരാതികളിൽ തീർപ്പുകല്പിക്കുണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഉപഭോക്തൃ കേസുകൾ അഭിഭാഷകന്റെ സഹായമില്ലാതെ, ഉപഭോക്താവിന് നേരിട്ട് നടത്താവുന്നതാണ്. ഈ കേസുകളിൽ തെളിവ് നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന നിബന്ധനയില്ല.ജില്ലാ ഫോറം വിധിക്കെതിരെ സംസ്ഥാന കമ്മീഷണിലും സംഥാന കമ്മീഷൻ വിധിക്കെതിരെ ദേശീയ കമ്മീഷനിലും ദേശീയ കമ്മീഷൻ വിധിക്കെതിരെ സുപ്രീം കോടതിയിലും അപ്പീൽ ബോധിപ്പിക്കാം. വിധി പറഞ്ഞ് 30 ദിവസത്തിനുള്ളിൽ അപ്പീൽ ബോധിപ്പിക്കാവുന്നതാണ്. എന്നാൽ മതിയായ കാരണങ്ങൾ ഉണ്ടായാൽ 30 ദിവസം കഴിഞ്ഞുള്ള അപ്പീലുകളും സ്വീകരിക്കുന്നതാണ്. വിധി തിയ്യതി എന്ന് ഉദ്ദേശിക്കുന്നത് വിധിയുടെ കോപ്പി കയ്യിൽ കിട്ടുന്ന ദിവസമാണ്. എതിർകക്ഷിയെ ശല്യം ചെയ്യുന്നതിനു വേണ്ടിയുള്ളതോ ബാലിശമായതോ ആയ പരാതികൾ തള്ളിക്കളയാൻ ഫോറങ്ങൾക്കും മറ്റും അധികാരമുണ്ട്. കള്ള പരാതി നൽകുന്നവർക്കെതിരെ ശിക്ഷണ നടപടികൽ സ്വീകരിക്കാനും ഫോറങ്ങൾക്കും മറ്റും അധികാരമുണ്ട്.

ഉപഭോക്താവിന്റെ നിവൃത്തികൾ

തിരുത്തുക

ഉത്പന്നത്തിന്റെ കേടുപാടുകൾ പരിഹരിച്ച് നൽകുവാനും ഉപയോഗശൂന്യമായവ മാറ്റി പുതിയത് നൽകാനും വാങ്ങിയ വില തിരികെ നൽകുവാനും ഏതെങ്കിലും തരത്തിൽ ഒരു തുക പറഞ്ഞു മാസം പ്രീമിയം അടയ്ക്കാൻ ഉപഭോക്താവിനെ വിശ്വസിപ്പിക്കുകയും മറ്റൊരു തുക അടയ്ക്കുകയും വരുന്ന സാഹചര്യം തുക നഷ്ടപ്പെടുന്നു എന്ന സാഹചര്യത്തിൽനഷ്ടമുണ്ടാകുകയാണെങ്കിൽ ആയതിന് നഷ്ടപരിഹാരം നൽകുവാനും നിർദ്ദേശിക്കുന്നതിനുള്ള അധികാരം ഉപഭോക്തൃ ഫോറങ്ങൾക്കുണ്ട്. ഈ ഉത്തരവുകൾ ലംഘിക്കപ്പെട്ടാൽ അറസ്റ്റ് ചെയ്ത് ജയിലിലേക്കയയ്ക്കുവാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

വ്യക്തികൾക്ക് നേരിട്ടോ, കൂട്ടായോ, അംഗീകൃത ഉപഭോക്തൃ സംഘടനകൾക്കോ പരാതികൾ നൽകാവുന്നതാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക