ക്രിസ്താ സ്പാസിറ്റേല്യാ പള്ളി

(Cathedral of Christ the Saviour എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റഷ്യയിൽ, തലസ്ഥാനനഗരി മോസ്കോയിലുള്ള ഒരു ക്രിസ്തീയദേവാലയമാണ് ക്രിസ്താ സ്പാസിറ്റേല്യാ ഭദ്രാസനപ്പള്ളി (Khrista Spasitelya) അഥവാ രക്ഷകനായ ക്രിസ്തുവിന്റെ ഭദ്രാസനപ്പള്ളി. മോസ്ക്വാ നദിയുടെ വടക്കൻ കരയിൽ ക്രെംലിൻ കൊട്ടാരത്തിൽ നിന്ന് ഏറെ ദൂരെയല്ലാതെയാണ് അതിന്റെ സ്ഥാനം. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഒർത്തഡോക്സ് ക്രിസ്തീയ ദേവാലയമാണത്. നെപ്പോളിയന്റെ ആക്രമണത്തിൽ നിന്നുള്ള റഷ്യയുടെ മോചനത്തിന്റെ സ്മാരകമായി പത്തൊൻപതാം നൂറ്റാണ്ടിൽ പണിചെയ്ത മുൻദേവാലയം, സോവിയറ്റു ഭരണത്തിൽ കീഴിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചു തകർത്തിരുന്നു. സോഷ്യലിസത്തെ ഘോഷിക്കുന്ന "സോവിയറ്റുകളുടെ കൊട്ടാരം" എന്ന സ്മാരകം ദേവാലയത്തിന്റെ സ്ഥാനത്ത് നിർമ്മിക്കാനും താഴികക്കുടത്തിലെ 20 ടൺ സ്വർണ്ണം ഖജനാവിൽ മുതൽക്കുട്ടാനും വേണ്ടിയായിരുന്നു ഈ നശീകരണം നടത്തിയത്.

ക്രിസ്താ സ്പാസിറ്റേല്യാ പള്ളി

പള്ളി നിലംപരിശാക്കിയെങ്കിലും അതിന്റെ സ്ഥാനത്ത് സോവിയറ്റുകളുടെ കൊട്ടാരം പണിയാനുള്ള പദ്ധതി നടപ്പായില്ല. 'കൊട്ടാരത്തിന്റെ' അടിത്തറക്കായി മണ്ണു മാന്തിയ കുഴി, പ്രദേശവാസികൾ നീന്തൽക്കുളമായി ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചക്കു ശേഷം 1990-കളിൽ മോസ്കോയുടെ നഗരപിതാവായിരുന്ന യൂറി ലുഖോവ്, കുഴി നികത്താനും ദേവാലയം പുനർനിർമ്മിക്കാനും മുൻകൈയ്യെടുത്തു. അങ്ങനെ നിർമ്മിക്കപ്പെട്ട ദേവാലയമാണ് ഇപ്പോഴുള്ളത്.[1] കമ്മ്യൂണിസ്റ്റു വിപ്ലവത്തിനു ശേഷം ക്രിസ്തീയാചാരപ്രകാരമുള്ള ദേഹസംസ്കാരം ലഭിച്ച ആദ്യത്തെ റഷ്യൻ ഭരണാധികാരിയായി യെൽറ്റ്സിനെ 2007-ൽ സംസ്കരിച്ചത് ഇവിടെയാണ്.

  1. ഡയർമെയ്ഡ് മക്കല്ലക്ക്, "ക്രിസ്റ്റ്യാനിറ്റി: ഫസ്റ്റ് ത്രീ തൗസന്റ് ഇയേഴ്സ്" (പുറം 1003)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക