തരുണാസ്ഥി

(Cartilage എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വളരെയധികം വഴക്കമുള്ള (flexible), ശരീരഭാഗങ്ങളെ ബന്ധിപ്പിക്കുന്ന കലയാണ് (tissue) തരുണാസ്ഥികൾ. മനുഷ്യശരീരത്തിലും മറ്റ് ജന്തുശരീരങ്ങളിലും ഇത് കാണപ്പെടുന്നു. ശരീരത്തിന് താങ്ങും ബലവും നൽകുകയാണിവയുടെ മുഖ്യധർമ്മം. പ്രധാനമായും എല്ലുകൾ, ചെവി, മൂക്ക്, കൈമുട്ട്, കാൽമുട്ട്, കണങ്കാൽ, ശ്വാസനാളം, കശേരുകൾക്കിടയിലെ ഡിസ്കുകൾ (intervertebral dics) എന്നീ ഭാഗങ്ങളിൽ തരുണാസ്ഥികൾ കാണപ്പെടുന്നു. ഇവയ്ക്ക് എല്ലുകളേക്കാൾ കാഠിന്യം കുറവും പേശികളേക്കാൾ വഴക്കം കുറവുമാണ്. കോൺഡ്രോബ്ലാസ്റ്റ് എന്നറിയപ്പെടുന്ന കോശങ്ങളാണ് തരുണാസ്ഥികലയുടെ മാട്രിക്സ് ഉത്പാദിപ്പിക്കുന്നത്. കൊളാജൻ തന്തുക്കൾ, പ്രോട്ടിയോഗ്ലൈക്കനും ഇലാസ്റ്റിൻ തന്തുക്കളും ചേർന്ന അടിസ്ഥാനപദാർത്ഥഭാഗം എന്നിവ ഉൾക്കൊള്ളുന്ന കോശബാഹ്യദ്രവ്യം (Extracellular matrix) ഈ കോശങ്ങൾ ഉത്പാദിപ്പിക്കുന്നു. ഇവയുടെ കോശബാഹ്യദ്രവ്യത്തിന് കാഠിന്യം നൽകുന്നത് ഹ്യാലുറോനിക് അമ്ലത്തോട് (Hyaluronic acid) കൂടിച്ചേർന്നിരിക്കുന്ന ധാന്യകമാംസ്യമായ (Proteoglycan or mucoprotein) കോൺഡ്രിൻ (Chondrin) ഉള്ളതുകൊണ്ടാണ്.

തരുണാസ്ഥി
കോൺട്രോസൈറ്റുകൾ കാണാവുന്ന, ഹ്യാലിൻ തരുണാസ്ഥിയുടെ ഒരു ചിത്രം

തരുണാസ്ഥിയുടെ ഘടന

തിരുത്തുക

തരുണാസ്ഥിയിലെ മുഖ്യകോശങ്ങൾ കോൺഡ്രോസൈറ്റുകൾ (Chondrocytes) എന്നറിയപ്പെടുന്നു. ലാക്യുനേ എന്നറിയപ്പെടുന്ന അറകളിൽ രണ്ടോ മൂന്നോ നാലോ കോശങ്ങളുടെ കൂട്ടമായാണ് കോൺഡ്രോസൈറ്റുകൾ കാണപ്പെടുന്നത്. ലാക്യുനേയിൽ അകപ്പെട്ട കോൺഡ്രോബ്ലാസ്റ്റുകളാണ് കോൺഡ്രോസൈറ്റുകൾ. [1]വൈറ്റ് ഫൈബ്രസ് കണക്ടീവ് കലയായ പെരികോൺഡ്രിയം എന്ന ബാഹ്യാവരണത്താൽ ഓരോ തരുണാസ്ഥികലയും ചുറ്റപ്പെട്ടിരിക്കുന്നു. ഇവയിൽ മാത്രമാണ് രക്തപ്രവാഹമുള്ളത്. മാട്രിക്സിലൂടെ നടക്കുന്ന ഡിഫ്യൂഷൻ (വൃതിവ്യാപനം) വഴിയാണ് രക്തവും കോൺഡ്രോസൈറ്റുകളും തമ്മിലുള്ള പദാർത്ഥവിനിമയം നടക്കുന്നത്. അതിനാൽ തരണാസ്ഥികൾ വളരെ പതുക്കെയേ വളരുകയും തകരാറുകൾ പരിഹരിക്കപ്പെടുകയുംചെയ്യുകയുള്ളൂ.

തരുണാസ്ഥികളുടെ വിഭജനം

തിരുത്തുക

തരുണാസ്ഥികളെ മുഖ്യമായും നാലായി തരംതിരിക്കാം. [2]

ഫൈബ്രോകാർട്ടിലേജ്

തിരുത്തുക

ഫൈബ്രസ്/ വൈറ്റ് ഫൈബ്രോകാർട്ടിലേജ് എന്നിങ്ങനെ ഇവ അറിയപ്പെടുന്നു. വൈറ്റ് ഫൈബറുകൾ(വെളുത്ത കൊളാജൻ തന്തുക്കൾ) വളരെക്കൂടുതൽ കാണപ്പെടുന്ന ഇവയുടെ മാട്രിക്സ് സുതാര്യമാണ്. വരികളായി ലാക്യുനേ അറകൾ കാണപ്പെടുന്നു. പ്യുബിക് സിംഫൈസിസ് (ഗുഹ്യഭാഗത്തുള്ള പ്യുബിക് അസ്ഥി), നട്ടെല്ലിലെ കശേരുകൾക്കിടയിലുള്ള ഇന്റർവെർട്ടിബ്രൽ ഡിസ്കുകൾ എന്നിവയിൽ ഇവ കാണപ്പെടുന്നു.

ഇലാസ്റ്റിൻ കാർട്ടിലേജ്

തിരുത്തുക

ഇലാസ്റ്റിക്/ എല്ലോ ഫൈബ്രോകാർട്ടിലേജ് എന്നിങ്ങനെ അറിയപ്പെടുന്നു. മഞ്ഞ നിറമുള്ളതും സുതാര്യമായതുമായ മാട്രിക്സാണ് ഇവയ്ക്കുള്ളത്. എല്ലോ ഫൈബറുകളാൽ സമ്പന്നമാണിവ. നാസാഗ്രം, ചെവിക്കുട, ക്ലോമപിധാനം(Epiglottis), യൂസ്റ്റേക്യൻ നാളി, ബാഹ്യകർണ്ണനാളം എന്നിവയിൽ ഇവ കാണപ്പെടുന്നു.

ഹയാലിൻ കാർട്ടിലേജ്

തിരുത്തുക

ആർട്ടിക്കുലാർ കാർട്ടിലേജ് എന്നും അറിയപ്പെടുന്നു. ഏകാത്മകത്വമുള്ള(homogenous), സുതാര്യമായ, ഏകദേശം നീലനിറമുള്ള, വഴക്കമുള്ള തരുണാസ്ഥികലയാണിത്. തന്തുക്കളെ സാധാരണഗതിയിൽ ദൃശ്യഗോചരമല്ല. ശ്വാസനാളം, ശ്വസനികകൾ, മാറെല്ല്, വാരിയെല്ല്, നാവിനടിയിലെ ഹോയിഡ്, നാസികയുടെ പാലം, ശബ്ദപേടകം, അസ്ഥികളുടെ അഗ്രഭാഗം എന്നിവിടങ്ങളിൽ കാണപ്പടുന്നു.

കാൽസിഫൈഡ് കാർട്ടിലേജ്

തിരുത്തുക

ഇലാസ്തികത ഇല്ലാത്ത കാർട്ടിലേജാണിത്. മാട്രിക്സിൽ കാൽസ്യം ലവണങ്ങൾ കാണപ്പെടുന്നു. തവളകളിലെ ഇടുപ്പെല്ലിലെ പ്യുബിസ് അസ്ഥി, അവയിലെ തോളെല്ലിലെ സുപ്രാസ്ക്യപ്പുല, നീളമുള്ള അസ്ഥികളുടെ അഗ്രഭാഗം (Head of humerus and femur) എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

തരുണാസ്ഥികളുടെ വളർച്ചയും വികാസവും

തിരുത്തുക

രോഗങ്ങളും ചികിത്സയും

തിരുത്തുക
  1. http://en.wikipedia.org/wiki/Cartilage
  2. Dinesh Objective Biology, Dinesh and Co., Page: 1241

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
  • Cartilage.org, ഇന്റേണൽ കാർട്ടിലേജ് റിപ്പെയർ സൊസൈറ്റി.
  • KUMC.edu Archived 2011-04-08 at the Wayback Machine., കാർട്ടിലേജ് ട്യൂട്ടോറിയൽ, കാൻസാസ് മെഡിക്കൽ സെന്റർ യൂണിവേഴ്സിറ്റി.
  • Bartleby.com, ഗ്രേയ്സ് അനാട്ടമി പേജ്.
  • MadSci.org, ചെവിയും മൂക്കും ഒരിക്കലും വളരുന്നില്ല. ഇത് ശരിയാണോ?
  • CartilageHealth.com, ആർട്ടിക്യുലാർ കാർട്ടിലേജിനുണ്ടാകുന്ന മുറിവുകൾ തടയുന്നതിനുള്ള വിവരങ്ങൾ, അവയുടെ പരിചരണം, പുനരധിവാസം.
  • About.com, ഓസ്റ്റിയോആർത്രൈറ്റിസ്.
"https://ml.wikipedia.org/w/index.php?title=തരുണാസ്ഥി&oldid=4004706" എന്ന താളിൽനിന്ന് ശേഖരിച്ചത്