വധശിക്ഷയുടെ വിവിധ വശങ്ങൾ
ലോകത്ത് മിക്ക സ്ഥലങ്ങളിലും വധശിക്ഷയുടെ പ്രയോഗം വിവാദങ്ങൾ നിറഞ്ഞതാണ്. ആംനസ്റ്റി ഇന്റർനാഷണൽ, ഹാൻഡ്സ് ഓഫ് കൈൻ എന്നിവ പോലെ പല സംഘടനകളും വധശിക്ഷ നിർത്തലാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നുണ്ട്. [1][2] വധശിക്ഷയ്ക്കനുകൂലമായും എതിരായും പല വാദങ്ങളും നിലവിലുണ്ട്. ഇതെപ്പറ്റിയുള്ള പൊതുജന ചർച്ച കഴിഞ്ഞ കുറച്ചു കാലമായി ശക്തിപ്പെടുകയും വധശിക്ഷ ഉപേക്ഷിക്കുക എന്ന നിലപാടിന് പിന്തുണ ഏറിവരുകയും ചെയ്യുന്നുണ്ട്.
തത്ത്വശാസ്ത്രപരമായ വാദങ്ങൾ
തിരുത്തുകപകരത്തിനു പകരം
തിരുത്തുകകൊലപാതകക്കുറ്റം (പ്രത്യേകിച്ച് കൂട്ടക്കൊല, ശിശുഹത്യ, പീഡനത്തോടെയുള്ള കൊല, തീവ്രവാദം, വംശഹത്യ എന്നിങ്ങനെയുള്ള അക്രമസാഹചര്യങ്ങൾ നിലവിലുള്ളപ്പോൾ) വധശിക്ഷയെ ന്യായീകരിക്കുന്നെ എന്നാണ് വധശിക്ഷയെ അനുകൂലിക്കുന്നവരുടെ വാദം. ചിലരുടെ വാദം ഇത്തരം കേസുകളിൽ വധശിക്ഷ നടപ്പാക്കാതെയിരിക്കുന്നത് നീതിനിഷേധമാണെന്നാണ്. ന്യൂ യോർക്കിലെ നിയമാദ്ധ്യാപകൻ റോബർട്ട് ബ്ലെക്കർ എന്നയാൾ ഈ വാദഗതിയെ ശക്തമായി പിന്താങ്ങുന്ന ഒരാളാണ്. [3] കുറ്റത്തിനനുസൃതമായി ശിക്ഷ കൂടുതൽ വേദനാജനകമാവണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇത്തരം ഹീനമായ കുറ്റങ്ങൾ ചെയ്തവർ ജീവിച്ചിരിക്കുക എന്നതു തന്നെ നീതിനിഷേധമാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
വധശിക്ഷ നിർത്തലാക്കണം എന്ന അഭിപ്രായമുള്ളവർ പകരത്തിനു പകരം ശിക്ഷിക്കുക എന്നത് പ്രതികാരം മാത്രമാണെന്നും ഇത് അംഗീകരിക്കാനാവില്ല എന്നുമാണ്. പകരത്തിനു പകരം ശിക്ഷ നൽകാമെന്ന് അംഗീകരിക്കുന്ന ചിലർ വാദിക്കുന്നത് ജീവിതകാലം മുഴുവൻ പരോൾ ലഭിക്കാതെ തടവിൽ കഴിയുക വധശിക്ഷയ്ക്ക് പകരം നൽകാവുന്ന മതിയായ ശിക്ഷയാണ് എന്നാണ്.
മനുഷ്യാവകാശങ്ങൾ
തിരുത്തുകവധശിക്ഷ നിർത്തലാക്കാൻ ശ്രമിക്കുന്നവരുടെ വാദം മരണശിക്ഷയാണ് ഏറ്റവും വലിയ മനുഷ്യാവകാശലംഘനം എന്നാണ്. ജീവിക്കാനുള്ള അവകാശമാണ് ഏറ്റവും പ്രാധാന്യമുള്ളത് എന്നും വധശിക്ഷ ഈ അവകാശത്തെ ആവശ്യമില്ലാതെ ഹനിക്കുന്നും എന്നും ശിക്ഷ വിധിക്കപ്പെട്ടയാളെ മാനസികമായ പീഡനത്തിനിരയാക്കുന്നു എന്നുമാണ് ഇവരുടെ വാദം. ആൽബേർ കമ്യു 1956-ൽ "റിഫ്ലക്ഷൻസ് ഓൺ ദി ഗില്ലറ്റിൻ, റസിസ്റ്റൻസ്, റെബല്ലിയൺ ആൻഡ് ഡെത്ത്" എന്ന പുസ്തകത്തിൽ ഇപ്രകാരം എഴുതിയിട്ടുണ്ട്:
“ | വധശിക്ഷ വെറും മരണമല്ല. കോൺസൺട്രേഷൻ കാമ്പ് ജയിലിൽ നിന്ന് എന്തുമാത്രം വ്യത്യസ്തമാണോ അത്രമാത്രം വ്യത്യസ്തമാണ് വധശിക്ഷ തടവുശിക്ഷയിൽ നിന്ന്. [...] (കൊലപാതവും വധശിക്ഷയും തമ്മിൽ) തുല്യതയുണ്ടാവാൻ കൃത്യം നടക്കുന്നതിന് മാസങ്ങൾക്കുമുമ്പ് ഇരയെ ഇന്ന തീയതി ഞാൻ നിന്നെ കൊല്ലാൻ പോവുകയാണെന്നു മുൻകൂട്ടി അറിയിക്കുകയും അത്ര നാൾ ഇരയെ തന്റെ ദയയിൽ ജീവിക്കാനനുവദിക്കുകയും ചെയ്ത കൊലപാതകിയെയാവണം വധശിക്ഷയ്ക്ക് വിധിക്കുന്നത്. ഇത്തരമൊരു ഭീകരസത്വത്തെ ജീവിതത്തിൽ കണ്ടുമുട്ടാൻ സാദ്ധ്യമല്ല. [4] | ” |
പ്രായോഗികവശം സംബന്ധിച്ച വാദങ്ങൾ
തിരുത്തുകതെറ്റായ വധശിക്ഷ
തിരുത്തുകനിരപരാധികളെ മരണശിക്ഷയ്ക്കിരയാക്കാൻ സാദ്ധ്യതയുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ വധശിക്ഷ എതിർക്കപ്പെടുന്നുണ്ട്. 1973 മുതൽ 2005 വരെ, അമേരിക്കയിൽ 25 സംസ്ഥാനങ്ങളിലെ ജയിലുകളിൽ നിന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 123 ആൾക്കാരെ നിരപരാധിത്വം തെളിഞ്ഞതിനാൽ വെറുതേ വിട്ടിട്ടുണ്ട്. [5] എന്നിരുന്നാലും കണക്കുകൾ ഈ പ്രശ്നത്തിന്റെ യധാർത്ഥ വലിപ്പം കാണിക്കുന്നുണ്ടാവില്ല. വധശിക്ഷ നടപ്പായിക്കഴിഞ്ഞാൽ കേസ് തുടർന്നുകൊണ്ടുപോകാനുള്ള പണമോ പ്രേരണയോ ഉണ്ടാവാറില്ല. ശിക്ഷ നടപ്പാക്കിയശേഷം തെറ്റായ നടപടിയാണ് നടന്നത് എന്ന് പുറത്തറിയാനുള്ള സാദ്ധ്യത ഇതിനാൽ കുറവാണ്.
സർക്കാർ നിയമിച്ച അഭിഭാഷകനാണ് പ്രതിക്കുവേണ്ടി വാദിക്കുന്നത്ങ്കിൽ അയാൾക്ക് ലഭിക്കാവുന്ന നിയമസഹായത്തിന്റെ ഗുണനിലവാരമാണ് മറ്റൊരു പ്രശ്നം. തെളിവുകളേക്കാളും വസ്തുതകളേക്കാളും കൂടുതൽ വധശിക്ഷ വിധിക്കാനോ വിധിക്കാതിരിക്കാനോ കാരണമാകുന്നത് പ്രതിഭാഗം വക്കീലിന്റെ കഴിവാണത്രേ.[6]
ശരിയായ നടപടിക്രമം പാലിക്കാതിരിക്കുന്നത് തെറ്റായ വധശിക്ഷയ്ക്ക് കാരണമായേക്കാം. ഉദാഹരണത്തിന് ആംനസ്റ്റി ഇന്റർനാഷണൽ വാദിക്കുന്നത് സിങ്കപ്പൂരിൽ, മയക്കുമരുന്നു സംബന്ധിച്ച നിയമം ഒരു കൂട്ടം നിലപാടുകളിലൂടെ കുറ്റം തെളിയിക്കാനുള്ള ബാദ്ധ്യത പ്രോസിക്യൂഷൻ ഭാഗത്തിനു നൽകുന്നതിനു പകരം കുറ്റം ചെയ്തിട്ടില്ല എന്ന് പ്രതിഭാഗത്തിനോട് തെളിയിക്കാനാവശ്യപ്പെടുന്ന തരത്തിലാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത് എന്നാണ്. ഇത് കുറ്റം തെളിയിക്കുന്നതുവരെ നിരപരാധിയായി കണക്കാക്കണം എന്ന ലോകവ്യാപകമായി അംഗീകരിച്ച തത്ത്വത്തിനെതിരാണ്.[7] എങ്കിലും ഈ നിയമങ്ങൾ കൈവശം മയക്കുമരുന്നുമായി പിടിക്കപ്പെടുന്ന ഒരാൾക്കാണ് ബാധകം. മിക്ക നിയമവ്യവസ്ഥകളിലും ഈ അവസ്ഥയിൽ പ്രതിക്കെതിരേ പ്രധമദൃഷ്ട്യാ കേസുണ്ടെന്നാവും കോടതിയുടെ നിലപാട് എന്നാണ് ഈ ആരോപണത്തിനെതിരായ വാദം.
അമേരിക്കൻ ഐക്യനാടുകളിൽ വംശവും ലിംഗഭേദവും വധശിക്ഷ നടപ്പാക്കുന്നതിലെ ഘടകങ്ങൾ എന്ന നിലയിൽ
തിരുത്തുകആഫ്രിക്കൻ അമേരിക്കൻ വംശജർ ജനസംഖ്യയിൽ 12 ശതമാനം മാത്രമാണെങ്കിലും വധശിക്ഷ കാത്തു കഴിയുന്നവരിൽ 41 ശതമാനവും 1976നു ശേഷം വധിക്കപ്പെട്ടവരിൽ 34 ശതമാനവും ഇവരാണത്രേ. [8]
മേരിലാന്റ് നിയമനിർമ്മാണസഭയിലെ അംഗമായ കറുത്ത വംശജനായ ക്രൈഗ് റൈസിന്റെ അഭിപ്രായത്തിൽ: "ശരിയായ ചോദ്യം കൂടുതൽ കറുത്തവംശജർ വധശിക്ഷ കാത്തു കഴിയുന്നത് നിലവിലുള്ള സംവിധാനം അവരെ അവിടെയെത്തിക്കുന്നതുകൊണ്ടാണോ അതോ അവർ വിദ്യാഭ്യാസത്തിനും അവസരങ്ങൾക്കുമുള്ള അസമത്വം കാരണം കൂടുതൽ കുറ്റങ്ങൾ ചെയ്യുന്നതുകോണ്ടാണോ എന്നതാണ്. എന്നെ വളർത്തിയ സാഹചര്യമനുസരിച്ച് സ്വന്തം കൃത്യങ്ങൾക്ക് ഞാൻ എപ്പോഴും ഉത്തരം പറയേണ്ടതുണ്ടായിരുന്നു."[9]
2010-ൽ വധശിക്ഷ കാത്തു കഴിയുന്നവരിൽ 1.7% (55 ആൾക്കാർ) മാത്രമാണ് സ്ത്രീകൾ. 1976 മുതൽ നോക്കിയാൽ വധിക്കപ്പെട്ടവരിൽ 1.0% (12) മാത്രമാണ് സ്ത്രീകൾ. [10]
കുറ്റം തടയുക എന്ന ലക്ഷ്യത്തോടെയുള്ള താക്കീത്
തിരുത്തുകവധശിക്ഷയ്ക്ക് കുറ്റം ചെയ്യാതിരിക്കുക എന്ന താക്കീത് കുറ്റവാളികൾക്ക് നൽകാൻ സാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പൊതുസമ്മതമായ ഉത്തരം ലഭിച്ചിട്ടില്ല. ഉദ്ദേശം 300 കൊലപാതകങ്ങളിലൊന്നിൽ മാത്രമേ അമേരിക്കൻ ഐക്യനാടുകളിൽ വധശിക്ഷ നടപ്പാകുന്നുള്ളൂവത്രേ. ഇതായിരിക്കണം ഈ ചോദ്യത്തിനുത്തരം ലഭിക്കാത്തതിന്റെ ഒരു കാരണം. [11]
നാസി മോകാൻ എന്ന ഒരു സാമ്പത്തികശാസ്ത്രവിദഗ്ദ്ധ അമേരിക്കൻ ഐക്യനാടുകളിൽ 3,054 കൗണ്ടികളിൽ രണ്ടു പതിറ്റാണ്ടു നടത്തിയ പഠനശേഷം കണ്ടെത്തിയത് ഒരു വധശിക്ഷ അഞ്ചു ജീവിതങ്ങൾ രക്ഷിക്കുന്നുണ്ടെന്നാണ്. മോകാൻ പറയുന്നത്, "ഞാൻ വ്യക്തിപരമായി വധശിക്ഷയ്ക്കെതിരാണ്... പക്ഷേ എന്റെ പഠനം കാണിക്കുന്നത് വധശിക്ഷയ്ക്ക് താക്കീത് എന്ന നിലയിൽ ഉപയോഗമുണ്ട് എന്നാണ്."[11]
ജൊആന എം. ഷെപ്പാർഡ് എന്ന നിയമ പ്രഫസർ പറയുന്നത് 1977-നും 1996-നും ഇടയിൽ അഞ്ചാൾക്കാരെയെങ്കിലും വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുള്ള സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഈ ശിക്ഷയ്ക്ക് പങ്കുണ്ട് എന്നാണ്. "പാതി മനസ്സോടെയുള്ള വധശിക്ഷ കാരണം കുറ്റകൃത്യങ്ങളെ തടയാനാവില്ല" എന്നാണ് ജൊആനയുടെ അഭിപ്രായം.[11]
ഗണിതശാസ്ത്രമുപയോഗിച്ചുള്ള സ്ഥിതിവിവരക്കണക്കുകളുടെ പഠനമാണ് കൊലപാതകങ്ങൾ തടയാൻ വധശിക്ഷാനിയമത്തിന് സാധിക്കുമോ എന്ന് മനസ്സിലാക്കാനുപയോഗിക്കുന്നത്. പല പഠനങ്ങളും വ്യക്തമായ ഫലങ്ങളിലെത്തിച്ചേർന്നിട്ടില്ല. [12] ചില പഠനങ്ങൾ വധശിക്ഷയും കൊലപാതകങ്ങളുടെ നിരക്കും തമ്മിൽ ബന്ധമുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. [13] അതായത് വധശിക്ഷയുടെ അളവ് ഒരു പരിധിവരെ കൂടുമ്പോൾ കൊലപാതകങ്ങളും കൂടുന്നുണ്ടത്രേ. വധശിക്ഷകൾ സമൂഹത്തിനെ അടിച്ചമർത്തുകയാണ് എന്ന തോന്നൽ കൊലപാതകങ്ങൾ കൂടാൻ കാരണമാകുമെന്നും, കൊലപാതകങ്ങൾ കൂടുന്നത് നിർത്തലാക്കിയ വധശിക്ഷ വീണ്ടും കൊണ്ടുവരാൻ ഭരണകൂടത്തിനെ നിർബന്ധിതമാക്കുന്നുവെന്നും ഈ പഠനഫലം വിശകലനം ചെയ്ത് വാദിക്കാം.
കൂടുതലും സാമ്പത്തികശാസ്ത്രവിദഗ്ദ്ധർ നടത്തിയ സമീപകാല പഠനങ്ങൾ കാണിക്കുന്നത് വധശിക്ഷയ്ക്ക് കുറ്റകൃത്യങ്ങളെ തടയാൻ കഴിയും എന്നാണ്. [14] ഇത്തരം പഠനങ്ങളിൽ ഗുരുതരമായ നടപടിപ്പിശകുകളുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് ഈ കണ്ടെത്തലുകൾ നടത്താൻ സാധിക്കില്ല എന്നാണ് വിമർശകരുടെ അഭിപ്രായം. [15]
കഴിഞ്ഞ 15 വർഷക്കാലം നടന്ന അഭിപ്രയസർവേകളും വോട്ടെടുപ്പുകളും കാണിക്കുന്നത് പോലീസുദ്യോഗസ്ഥർ വധശിക്ഷയ്ക്ക് കുറ്റകൃത്യങ്ങളെ ഇല്ലാതാക്കാനുള്ള കഴിവില്ല എന്നാണ്. മയക്കുമരുന്നു കച്ചവടം തടയുക, വിചാരണയിലെ സാങ്കേതികതടസ്സങ്ങൾ ഇല്ലാതാക്കുക, പോലീസുദ്യോഗസ്ഥരുടെ എണ്ണം കൂട്ടുക, ശിക്ഷാകാലയളവ് കൂട്ടുക എന്നീ കാര്യങ്ങളാണത്രേ വധശിക്ഷയേക്കാൾ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ നല്ലതെന്നാണ് നിയമപാലകരുടെ അഭിപ്രായം. സാമ്പത്തികനില മെച്ചപ്പെടുന്നതും കൂടുതൽ ജോലികൾ ലഭ്യമാകുന്നതും കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കാരണമാകുമത്രേ. (ഡൈറ്റർ 25).
കൊലപാതകികൾ തങ്ങളുടെ പ്രവൃത്തിയുടെ ഫലമെന്താവുമെന്ന് കൃത്യത്തിനു മുൻപ് ചിന്തിക്കുന്നുണ്ടോ എന്ന വസ്തുത മനഃശാസ്ത്രപഠനത്തിന് വിധേയമാക്കപ്പെട്ടിട്ടുണ്ട്. മിക്ക കൊലപാതകങ്ങളും സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ പെട്ടെന്നെടുക്കുന്ന തീരുമാനത്താലുണ്ടാകുന്നതാണ്. ഇത്തരം സാഹചര്യത്തിൽ കൊലപാതകികൾ തങ്ങളുടെ ഭാവിയെയും മറ്റും പറ്റി വിശദമായി ആലോചിക്കാറില്ലത്രേ. (ജാക്സൺ 27). കൊലപാതകികൾ കൃത്യത്തിനു മുൻപ് ശിക്ഷയെപ്പറ്റി വിശദമായി ആലോചിക്കുമോ എന്ന കാര്യം സംശയമാണത്രേ. (റോസ്സ് 41).
ജോൺ മകാഡംസിനെപ്പോലെ മറ്റു ചിലർ കുറ്റകൃത്യം തടയാനുള്ള സാദ്ധ്യത വ്യക്തമല്ലെങ്കിൽ പോലും വധശിക്ഷ നടപ്പാക്കാവുന്നതാണ് എന്ന് വാദിക്കുന്നുണ്ട്: "നാം കൊലപാതകികളെ വധിക്കുകയും അതിനാൽ മറ്റു കുറ്റകൃത്യങ്ങൾ തടയപ്പെടാതിരിക്കുകയും ചെയ്യുകയാണെങ്കിൽ കുറച്ചു കൊലപാതകികൾ വധിക്കപ്പെട്ടു എന്നേയുള്ളൂ. നാം കൊലപാതകികളെ വധിക്കാതിരിക്കുകയും അതുമൂലം തടയപ്പെടുമായിരുന്ന കൊലപാതകങ്ങൾ നടക്കുകയും ചെയ്താൽ നാം ചില നിരപരാധികളുടെ കൊലപാതകം അനുവദിക്കുകയാണ് ചെയ്യുന്നത്. ആദ്യത്തെ മാർഗ്ഗം തിരഞ്ഞെടുക്കാനാണ് എനിക്കു കൂടുതൽ താല്പര്യം. ഈ തീരുമാനമെടുക്കുന്നത് എനിക്കത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. "[16]
കുറ്റസമ്മതം നേടിയെടുക്കാനുള്ള വിലപേശലിൽ വധശിക്ഷയുടെ ഉപയോഗം
തിരുത്തുകവധശിക്ഷയെ അനുകൂലിക്കുന്നവർ, പ്രത്യേകിച്ച് വധശിക്ഷ കുറ്റങ്ങൾ തടയാനുപകരിക്കുമെന്ന് വിശ്വാസമില്ലാത്തവർ വധശിക്ഷ നടപ്പാക്കിയേക്കാമെന്ന ഭീതി കാരണം കുറ്റാരോപിതരെ കൂട്ടുപ്രതികൾക്കെതിരേ മൊഴി കൊടുക്കാൻ പ്രേരിപ്പിക്കുമെന്നും മറവു ചെയ്തിരുന്ന ശവശരീരവും മറ്റും കാട്ടിക്കൊടുക്കാൻ പ്രേരിപ്പിക്കുമെന്നും വാദിക്കുന്നുണ്ട്. ജീവപര്യന്തശിക്ഷയും മറ്റും സ്വീകരിച്ച് കുറ്റം സമ്മതിക്കാൻ ഇത് പ്രതികളെ പ്രേരിപ്പിക്കുന്നുണ്ടത്രേ. [17][18][19][20]
ചെലവ്
തിരുത്തുകസമീപകാല പഠനങ്ങൾ കാണിക്കുന്നത് അമേരിക്കൻ ഐക്യനാടുകളിൽ ഒരു കുറ്റവാളിയെ കൊല്ലുന്നതിന് അയാളെ ജീവപര്യന്തം തടവിൽ വയ്ക്കുന്നതിനേക്കാൾ കൂടുതൽ ചെലവുവരുമെന്നാണ്. കാലിഫോർണിയയിലെ ഡൊണാൾഡ് മകാർട്ടിൻ എന്ന നിയമവിദഗ്ദ്ധൻ വധശിക്ഷ നടപ്പാക്കുന്നത് ജീവപര്യന്തത്തേക്കാൾ പത്തിരട്ടി ചെലവുള്ളതാണെന്നാണ്. [21] ഈ കണക്കിനേക്കാളും അധികമായിരിക്കുമത്രേ വധശിക്ഷ നടപ്പാക്കാനുള്ള ചിലവ്. വധശിക്ഷ ആവശ്യമായ കേസുകളിലെ വിചാരണയ്ക്ക് മറ്റു കേസുകളേക്കാൾ 20 മടങ്ങ് ചെലവുവരുമത്രേ. [22]
ഈ കണക്കുകൂട്ടലിനെ വധശിക്ഷയെ പിന്തുണയ്ക്കുന്നവർ എതിർക്കുന്നുണ്ട്. [23]
കുറിപ്പുകൾ
തിരുത്തുക- ↑ Brian Evans, "The Death Penalty In 2011: Three Things You Should Know" Archived 2013-07-31 at the Wayback Machine., Amnesty International, March 26, 2012, in particular the map, "Executions and Death Sentences in 2011" Archived 2013-02-17 at the Wayback Machine.
- ↑ ACLU Capital Punishment Project (CPP)
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-02. Retrieved 2012-08-23.
- ↑ http://people.smu.edu/rhalperi/
- ↑ Death Penalty Information Center, Innocence and the Death Penalty Archived 2007-02-08 at the Wayback Machine.
- ↑ Barbara McCuen, "Does DNA Technology Warrant a Death Penalty Moratorium?" (May 2000)
- ↑ Amnesty International, "Singapore – The death penalty: A hidden toll of executions" (January 2004)
- ↑ "United States of America: Death by discrimination – the continuing role of race in capital cases. | Amnesty International". Archived from the original on 2013-01-12. Retrieved 2012-08-23.
- ↑ Fisher, Marc (8 March 2009). "Delegate's Stance On Death Penalty Informed by Tragedy". The Washington Post.
- ↑ "Death pentaly for female offenders, January 1, 1973, through October 31st, 2010" (PDF). Retrieved 2011-12-22.
- ↑ 11.0 11.1 11.2 Does Death Penalty Save Lives? A New Debate, New York Times, November 18, 2007
- ↑ Death Penalty Information Center, Facts about Deterrence and the Death Penalty Archived 2006-10-09 at the Wayback Machine.
- ↑ Joanna M. Shepherd, Capital Punishment and the Deterrence of Crime Archived 2008-02-29 at the Wayback Machine. (Written Testimony for the House Judiciary Committee, Subcommittee on Crime, Terrorism, and Homeland Security, April 2004.)
- ↑ Criminal Justice Legal Foundation, Articles on Death Penalty Deterrence Archived 2012-07-04 at the Wayback Machine.
- ↑ Death Penalty Information Center, Discussion of Recent Deterrence Studies Archived 2008-05-01 at the Wayback Machine.
- ↑ http://www.prodeathpenalty.com/
- ↑ (in English)Killing Time : Dead Men Waiting on Oregon’s Death Row Archived 2008-01-24 at the Wayback Machine. « Even though we don’t execute people, Frink considers capital punishment a valuable tool for prosecutors. The threat of death, he says, leads defendants to enter plea deals for life without parole or life with a minimum of 30 years—the two other penalties, besides death, that Oregon allows for aggravated murder. »
- ↑ (in English)Harvey case's shock recalled « Whalen worked out a much-criticized plea bargain arrangement with then-county prosecutor Arthur M. Ney Jr. in which Harvey would be spared the death penalty in exchange for pleading guilty to 21 murders. Later, Harvey confessed to four more murders at Drake. In September 1987, he pleaded guilty in his hometown of London, Ky., to nine more murders. »
- ↑ Death Penalty Information Center
- ↑ Death penalty proves useful
- ↑ Associated Press. "To execute or not: A question of cost?". MSNBC. Retrieved 5 February 2012.
- ↑ Alarcón, Mitchell. "Executing the Will of the Voters?: A Roadmap to Mend or End the California Legislature's Multi-Billion-Dollar Death Penalty Debacle" (PDF). Archived from the original (PDF) on 2012-11-04. Retrieved 2012-08-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-11. Retrieved 2012-08-23.
അവലംബം
തിരുത്തുകഡൈറ്റർ, റിച്ചാർഡ്. “ദി ഡെത്ത് പെനാൽറ്റി ഈസ് നോട്ട് അൻ എഫക്ടീവ് ലോ എൻഫോഴ്സ്മെന്റ് ടൂൾ.” എഡി. സ്റ്റീഫൻ ഇ. ഷോൺബോം. ഡസ് കാപ്പിറ്റൽ പണിഷ്മെന്റ് ഡിറ്റർ ക്രൈം? സാൻ ഡിയെഗോ, കാലിഫോർണിയ: ഗ്രീൻഹെവൻ പ്രെസ്സ്, 1998