ബ്രിഡ്ജ് ക്യാമറ
ബ്രിഡ്ജ് ക്യാമറ എന്നു വെച്ചാൽ പോയിന്റ് ആൻഡ് ഷൂട്ട് ക്യാമറ യിൽ നിന്നും മികച്ചതും എന്നാൽ ഡിജിറ്റൽ സിംഗിൾ-ലെൻസ് റിഫ്ലക്സ് ക്യാമറകളെ അപേക്ഷിച്ച് മികവ് കുറഞ്ഞതുമായ ക്യാമറ ശ്രേണികളെ സൂചിപ്പിക്കുന്നു. ഇത്തരം ക്യാമറകളുടെ രൂപം സിംഗിൾ ലെൻസ് റിഫ്ലക്സ് ക്യാമറകളുടേതിന് സമാനമായിരിക്കും. എന്നാൽ ഈ ക്യാമറകളിൽ കാചം അഥവാ ലെൻസ് ഊരി മാറ്റാനോ മറ്റൊരു കാചം ഘടിപ്പിക്കാനോ സാധിക്കുന്നതല്ല.
ബ്രിഡ്ജ് ക്യാമറകളിൽ പോയന്റ് ആൻഡ് ഷൂട്ട് വിഭാഗത്തിൽപ്പെട്ട ക്യാമറകളേക്കാൾ വൈദഗ്ദ്ധ്യമുള്ള സൗകര്യങ്ങൾ ലഭ്യമാണ്. ഇത്തരം വൈദഗ്ദ്യങ്ങളിൽ ചിലത് താഴെ കൊടുത്തിരിക്കുന്നു :
- എക്സ്പോഷർ ക്രമങ്ങളിൽ കൂടുതൽ കരകൃതമായ ഹിതങ്ങൾ നടത്താനുള്ള സൗകര്യം
- റോ സമ്പ്രദായത്തിലുള്ള ചിത്രങ്ങളെടുക്കുന്നതിനുള്ള സൗകര്യം
- അധിക സൂം സൗകര്യം (വിദൂരതകളിലുള്ള ചിത്രങ്ങൾ തെളിമയിൽ എടുക്കുന്നതിനുള്ള സൗകര്യം)
ചിലവേറിയ ഡിജിറ്റൽ സിംഗിൾ റിഫ്ലക്സ് ക്യാമറകളെ അപേക്ഷിച്ചു വിലക്കുറവുള്ളതും എന്നാൽ പോയന്റ് ആൻഡ് ഷൂട്ട് ശ്രേണിയിൽ പെട്ട ക്യാമറകളെക്കാൾ സൗകര്യങ്ങളുള്ളതുമായ ക്യാമറയെന്ന നിലയ്ക്ക് ബ്രിഡ്ജ് ക്യാമറകൾ കുറഞ്ഞ ചിലവിൽ ഉൽകൃഷ്‌ടതയാർന്ന ഛായാഗ്രഹണം നടത്താൻ താല്പര്യമുള്ളവർക്ക് അഭിലഷണീയമായ ഒരു ഉപകരണമാണെന്നതിൽ തർക്കമില്ല.
ഡിജിറ്റൽ സിംഗിൾ ലെൻസ് റിഫ്ലക്സ് ക്യാമറകളെ അപേക്ഷിച്ചു ബ്രിഡ്ജ് ക്യാമറകൾക്കുള്ള ചില മേന്മകൾ താഴെ പറയും വിധമാണ് :
- വിലക്കുറവ്
- അധിക സൂം സൗകര്യം
- ഭാരക്കുറവ്
മുൻപ് പ്രതിപാദിച്ചത് പോലെ, ബ്രിഡ്ജ് ക്യാമറകളിലുള്ള ലെൻസ് അഥവാ കാചം ക്യാമറ ചട്ടക്കൂട്ടിനോട് സ്ഥായിയായി ഘടിപ്പിച്ചിരിക്കുന്നതിനാൽ ഊരി മാറ്റാൻ സാധ്യമല്ല. പക്ഷെ, ഇത്തരം കാചങ്ങളുടെ സൂം സൗകര്യം മറ്റേത് ക്യാമറകളിലുള്ളതിനേക്കാൾ അധികവും മെച്ചപ്പെട്ടതുമായിരിക്കും.
ഉദാഹരണത്തിന് നിക്കോൺ കമ്പനിയുടെ കൂൾപിക്‌സ് പി 900 എന്ന ബ്രിഡ്ജ് ക്യാമറയിൽ 83x സൂമിങ് സൗകര്യം ലഭ്യമാണ്. ഈ സൗകര്യമുപയോഗിച്ചു ദീർഘദൂരത്തിലുള്ള ചിത്രങ്ങൾ വ്യക്തതയോടെയും തെളിവോടെയും എടുക്കാവുന്നതാണ്.