സെവൻ സമുറായി

(7 സമുറായ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പർവത അടിവാരത്തിൽ കർഷകർ മണ്ണിൽ പൊന്നുവിളയിക്കുന്ന ഒരു ഗ്രാമം. വിളവെടുപ്പ് കഴിഞ്ഞ് അവിടം കൊള്ളയടിക്കാൻ പദ്ധതി തയ്യാറാക്കുകയാണ് ഒരു കൊള്ളസംഘം. ഇവരെ നേരിടാനിറങ്ങിയ ഏഴു യോദ്ധാക്കളുടെ കഥ സെവൻ സമുറായി എന്ന പേരിൽ വിഖ്യാത ചലച്ചിത്രകാരൻ അകിര കുറസോവ വെള്ളിത്തിരയിലെത്തിച്ചത് 1954 ലായിരുന്നു. നാലു നൂറ്റാണ്ടിന് മുമ്പ് ജപ്പാനിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയായിട്ടാണ് കുറസോവ സെവൻ സമുറായീസ് അവതരിപ്പിച്ചത്. ലോകം മുഴുവൻ സമുറായികൾ സംസാര വിഷയമായപ്പോൾ കടുത്ത വിമർശകർക്ക് പോലും അതിനെ വാഴ്‌ത്തേണ്ടി വന്നു. അകിര കുറസോവയെ വിശ്വചലച്ചിത്രകാരനാക്കുന്നതിൽ ഏഴു സമുറായികൾ നിർണായക പങ്കുവഹിച്ചു. ഈ കഥയിൽ നിന്ന് അടർത്തിയെടുത്ത ചില ഭാഗങ്ങൾ മറ്റു രാജ്യങ്ങളിലും സിനിമകൾക്ക് വിഷയീഭവിച്ചു. ഇന്ത്യയിൽ സർവകാല റെക്കോഡുകൾ തകർത്ത്, നിറഞ്ഞോടിയ ഷോലെയ്ക്ക് സെവൻ സമുറായിയുടെ കഥയുമായി നേർസാമ്യമുണ്ട്.

Seven Samurai
Theatrical release poster
സംവിധാനംAkira Kurosawa
നിർമ്മാണംSōjirō Motoki
തിരക്കഥ
അഭിനേതാക്കൾ
സംഗീതംFumio Hayasaka
ഛായാഗ്രഹണംAsakazu Nakai
ചിത്രസംയോജനംAkira Kurosawa
സ്റ്റുഡിയോToho
വിതരണംToho
റിലീസിങ് തീയതി
  • 26 ഏപ്രിൽ 1954 (1954-04-26)
രാജ്യംJapan
ഭാഷJapanese
ബജറ്റ്ഫലകം:¥[1] ($1.1 million)
സമയദൈർഘ്യം207 minutes (with intermission)
ആകെJapan rentals: ഫലകം:¥[2][1] ($2.3 million)
USA: $833,533


കഥാതന്തു

തിരുത്തുക

ചെറിയ ഒരു കഥാതന്തുവിൽ നിന്നാണ് സെവൻ സമുറായി വികസിക്കുന്നത്. കൊയ്ത്തു കഴിഞ്ഞ ധാന്യശേഖരത്താൽ സമ്പന്നമായ പർവത ഗ്രാമം കൊള്ളയടിക്കാൻ വരുന്ന കൊള്ളക്കാരെ തുരത്താൻ രംഗത്തു വരുന്ന ഏഴു പോരാളികളുടെ കഥ പറയുന്ന ഈ ചിത്രം ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ ചലച്ചിത്ര കാവ്യമാണ്. പർവത അടിവാരത്തിലെ ഗ്രാമം ലക്ഷ്യമിട്ട് കൊള്ളക്കാർ വരുന്നിടത്തു നിന്നാണ് ചിത്രം തുടങ്ങുന്നത്. വിളവിറക്കുന്ന സമയത്താണ് കൊള്ളക്കാർ അവിടെയെത്തുന്നത്. പച്ചപുതച്ചു കിടക്കുന്ന വയലുകൾ കണ്ട് കൊള്ളത്തലവൻ അപ്പോൾ ഗ്രാമം ആക്രമിക്കാനുള്ള തീരുമാനം തിരുത്തുന്നു. നമുക്ക് വിളവെടുപ്പ് കഴിഞ്ഞു വരാം എന്ന് അയാൾ സംഘാംഗങ്ങളോട് പറയുന്നത് മറഞ്ഞിരുന്ന് ഒരു ഗ്രാമീണൻ കേൾക്കുന്നു. അയാൾ അതു ഗ്രാമത്തിലെ മറ്റു കർഷകരെ അറിയിക്കുന്നു. വിളവെടുപ്പ് കഴിയുന്നതിന് മുൻപ് കൊള്ളക്കാരെ പ്രതിരോധിക്കാനുള്ള നീക്കമാണ് പിന്നീട്. ഇവിടെ നിന്ന് വികസിക്കുന്ന കഥ, ക്ലൈമാക്‌സിലെത്തുമ്പോഴേക്കും സംഘട്ടനവും ഏറ്റുമുട്ടലും പ്രണയവും ദുഃഖവും പകയുമൊക്കെയുള്ള ഒരു ഉശിരൻ ത്രില്ലറായി മാറുന്നു. കർഷകരായ മാൻസോ, റിക്ചി, യോഹേ എന്നിവർ ചേർന്ന് കൊള്ളക്കാർ ആക്രമിക്കാൻ തയാറെടുക്കുന്ന വിവരം ഗ്രാമമുഖ്യനായ ഗിസാകുവിനെ അറിയിക്കുന്നു. ഗ്രാമത്തെ രക്ഷിക്കാൻ പോരാളികളെ കൂലിയ്ക്ക് വിളിക്കാമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. അവർക്ക് കൂലിയായി ഭക്ഷണമല്ലാതെ മറ്റൊന്നും നൽകാൻ കഴിയില്ലെന്നും അതു കൊണ്ടു തന്നെ വിശന്ന് ആർത്തി പൂണ്ട യോദ്ധാക്കളെ കണ്ടെത്തി കൊണ്ടുവരാനും അദ്ദേഹം കർഷകരോട് പറയുന്നു. അവർ നേരെ പട്ടണത്തിലേക്ക് ചെന്ന് പേരാളികളായ ചിലരെ കണ്ട് കാര്യം പറയുന്നു. കൂലിയായി വെള്ളയരി മാത്രമേ ലഭിക്കൂവെന്നറിഞ്ഞ പേരാളികൾ അവരെ ഒഴിവാക്കി വിടുന്നു.

പോരാളികൾക്കിടയിൽ ഏറ്റവും പരിചയ സമ്പന്നനായ കാംബേ കള്ളൻമാർ തടവിലാക്കിയ ബാലനെ അതിവിദഗ്ദ്ധമായി മോചിപ്പിക്കുന്നു. ഇതിൽ ആകൃഷ്ടനായ കറ്റാസുഹിറോയെന്ന ചെറുപ്പക്കാരൻ പോരാളി കാംബേയുടെ ശിഷ്യനാകാൻ സമ്മതം തേടുന്നു. ഇതിനിടെ ആദ്യം ഗ്രാമത്തിലേക്ക് പോകാൻ വൈമനസ്യം കാട്ടിയ കാംബേ പിന്നീട് ഇതു സമ്മതിക്കുന്നതോടെ ഗ്രാമം ആനന്ദലഹരിയിലാകുന്നു. കാംബേ പഴയ സുഹൃത്ത് ഷിചിറോയെയും കറ്റാസുഹിറോയുടെ സഹായത്തോടെതന്ത്രശാലിയും രസികനുമായ ഗൊറേബേ, നന്മകൾ ഏറെയുള്ള ഹെഹാച്ചി, ക്യൂസോ എന്നിങ്ങനെ മറ്റു മൂന്നു പടയാളികളെയും തനിക്കൊപ്പം ചേർക്കുന്നു. ഏഴു പേരില്ലാതെ ഒന്നും നടക്കില്ലെന്ന് കാംബേയ്ക്ക് അറിയാമായിരുന്നു. കൊള്ളക്കാരുടെ ആക്രമണത്തിനുള്ള സമയവും അടുത്തു. അങ്ങനെ കാറ്റാസുഹിറോയെ ആറാമനായി ഒപ്പം ചേർത്തു. പൊങ്ങച്ചക്കാരനും കുഴപ്പക്കാരനുമായി കികുച്ചിയോ എന്ന പോരാളി എത്ര ആട്ടിയോടിച്ചിട്ടും പിന്മാറാതെ കാംബയ്ക്ക് ഒപ്പം കൂടിയതോടെ സംഘബലം ഏഴായി.

പടയാളികൾ ഗ്രാമത്തിലെത്തിയപ്പോൾ അവർക്ക് തണുപ്പൻ സ്വീകരണമാണ് ലഭിച്ചത്. ഗ്രാമീണർ അവരുടെ വീടുകളിൽ പുറത്തിറങ്ങാൻ തയ്യാറാകാതെ പതുങ്ങിയിരുന്നു. തങ്ങൾ അപമാനിക്കപ്പെട്ടതു പോലെ പടയാളികൾക്ക് തോന്നി. കികുചിയോ ഒരു തന്ത്രം പ്രയോഗിച്ചു. അയാൾ അപായമണി മുഴക്കി. ഗ്രാമീണർ പുറത്തേക്ക് ഓടി. തങ്ങളുടെ സഹായമില്ലാതെ ഗ്രാമീണർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് കികുചിയോ അപായ സൂചന നൽകിയതിലൂടെ ചെയ്തത്. അങ്ങനെ സംഘത്തിൽ ഏഴാമനായി കികുചിയോ സ്ഥാനമുറപ്പിച്ചു. നേരത്തേ ഗ്രാമത്തിൽ കൊല്ലപ്പെട്ട ഒരു പോരാളിയുടെ ആയുധങ്ങളുമായി എത്തിയ കികുചിയോയ്ക്ക് നേരെ മറ്റുള്ളവർ ചീറിയടുക്കുന്നു. താൻ ഒരു കർഷകന്റെ മകനായിരുന്നുവെന്നും പിന്നീട് അനാഥനായതാണെന്നും കികുചിയോ വെളിപ്പെടുത്തുന്നതോടെ അവനോടു എല്ലാവർക്കും സഹതാപമാകുന്നു. കൊള്ളക്കാരുടെ ആക്രമണം നേരിടുന്നതിന് ഗ്രാമീണരെ പോരാളികൾ പരിശീലിപ്പിക്കുന്നു. ഒപ്പം തന്നെ പ്രതിരോധത്തിനായി മതിലും കിടങ്ങും നിർമ്മിക്കുന്നു. ഗ്രാമീണരെ രണ്ടു സംഘമായി തിരിച്ച് പരസ്പരം വിശ്വാസം വളർത്തിയെടുത്തു. കർഷകരിൽ പ്രമുഖനായ മാൻസോയുടെ മകൾ ഷിനോയുമായി ഇതിനിടെ കറ്റാസുഹിറോ പ്രണയത്തിലാകുന്നു. പോരാളികൾ വളയ്ക്കാൻ ശ്രമിയ്ക്കുമെന്ന് ഭയന്ന് അറിയാമായിരുന്ന മാൻസോ മകളെ ആൺവേഷം കെട്ടിച്ചാണ് നടത്തിയിരുന്നത്. അതു പൊളിച്ചതോടെയാണ് കറ്റാസുഹിറോയും ഷിനോയും പ്രണയത്തിലായത്. കൊള്ളക്കാർ ആക്രമണം നടത്തുന്നതിന് മുന്നോടിയായി ഗ്രാമത്തിലേക്കയച്ച ചാരന്മാരിൽ രണ്ടുപേരെ പോരാളികൾ വധിച്ചു. മറ്റൊരാൾ മരിക്കുന്നതിന് മുൻപ് കൊള്ളക്കാരുടെ താവളത്തെപ്പറ്റിയുള്ള വിവരം നൽകി. റിക്ചിയുടെ നേതൃത്വത്തിൽ കൊള്ളക്കാരുടെ താവളത്തിലേക്ക് നടത്തിയ പ്രാഥമിക ആക്രമണത്തിനിടെ ഹെഹാച്ചി കൊല്ലപ്പെടുന്നു. താവളം അഗ്നിക്കിരയാക്കി. അതിനിടെ ഒരു യുവതി ആ അഗ്നിയിൽ ചാടി ജീവനൊടുക്കി. അത് റിക്ചിയുടെ ഭാര്യയായിരുന്നു. കൊള്ളക്കാർ തടവിലാക്കിയ അവൾ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടിരുന്നു.

പിന്നെ കൊള്ളക്കാരുടെ പ്രത്യാക്രമണമായിരുന്നു. എന്നാൽ, പോരാളികൾ നിർമിച്ചിരുന്നമതിലും കിടങ്ങും കൊള്ളക്കാർക്ക് അപരിചിതമായിരുന്നു. കൊള്ള സംഘാംഗങ്ങളിൽ ചിലർ കിടങ്ങ് ചാടിക്കടക്കാൻ ശ്രമിച്ച് അതിനുള്ളിൽ വീണു മരിച്ചു. കാംബേയുടെ തന്ത്രപരമായ നീക്കങ്ങളിൽ അനേകം കൊള്ളക്കാർ കൊല്ലപ്പെട്ടു. ഗ്രാമപ്രാന്തത്തിലുള്ള വീടുപേക്ഷിച്ച് പോകാൻ ഗ്രാമത്തലവനായ ഗിസാകു തയ്യാറാകുന്നില്ല. അയാളെയും കുടുംബത്തെയും കൊള്ളക്കാർ കൊന്നൊടുക്കി. ഒരു ചെറുമകൻ മാത്രം രക്ഷപ്പെട്ടു. കൊള്ളക്കാരുടെ കൈവശം മൂന്ന് തോക്കുണ്ടായിരുന്നു. അവരുടെ സങ്കേതത്തിൽ നുഴഞ്ഞു കയറി ക്യോസോ അതിലൊരെണ്ണം കൈവശപ്പെടുത്തി. അസൂയ മുഴുത്ത കികുചിയോ തന്റെ കീഴിലുള്ള താവളം ഉപേക്ഷിച്ച് കൊള്ളസങ്കേതത്തിൽ നിന്ന് മറ്റൊരു തോക്ക് മോഷ്ടിക്കാനായി പോയി. ഇതോടെ തലവനില്ലാതായ താവളത്തിലേക്ക് കൊള്ളക്കാരുടെ ആക്രമണം ഉണ്ടാകുന്നു. യോഹേൽ അടക്കം കൊല്ലപ്പെട്ടു. കാംബേ ആ താവളത്തിലേക്ക് കൂടുതൽ അംഗങ്ങളെ അയയ്ക്കാൻ തീരുമാനിച്ചു. അതോടെ പ്രാധാന താവളത്തിൽ അംഗസംഖ്യ കുറഞ്ഞു. അവിടെ കൊള്ളത്തലവന്റെ ആക്രമണത്തിൽ ഗോറോബേൽ കൊല്ലപ്പെട്ടു. കൊള്ളക്കാരുടെ അംഗസംഖ്യ കുറഞ്ഞു വരുന്നതിനിടെ അന്നുരാത്രി അന്തിമ ഏറ്റുമുട്ടലിന് തയാറെടുക്കാൻ കാംബേ, കികുചിയോ അടക്കം എല്ലാവർക്കും നിർദ്ദേശം നൽകുന്നു. അതിനിടെ മാൻസോ ഷിനോയുടെയും കറ്റാസുഹിറോയുടെയും പ്രണയം കൈയോടെ പിടിച്ചു. അയാൾ അവളെ ക്രൂരമായ മർദിക്കുന്നു. ഒടുക്കം ഗ്രാമീണർ ഇടപെട്ടതോടെ ആ പ്രണയം അംഗീകരിക്കാൻ അയാൾ തയ്യാറാകുന്നു. പിറ്റേന്ന് രാവിലെ കൊടുങ്കാറ്റും പേമാരിയും ചീറിയടിക്കുന്നതിനിടെ അവശേഷിക്കുന്ന കൊള്ളക്കാരെ ഗ്രാമത്തിലേക്ക് കടക്കാൻ കാംബ അനുവദിക്കുന്നു. ഒട്ടേറെപ്പേർ കൊല്ലപ്പെടുന്നു. എന്നാൽ, കൊള്ളത്തലവൻ ഗ്രാമത്തിലെ ഒരു പറ്റം സ്ത്രീകളെ ഒരു കുടിലിൽ തോക്കിൻമുനയിൽ തടവിലാക്കുന്നു. രക്ഷിക്കാൻ ശ്രമിച്ച ക്യോസോ വെടിയേറ്റ് മരിക്കുന്നു. കോപം പൂണ്ട കികുചിയോ കൊള്ളത്തലവന് നേരെ പാഞ്ഞടുക്കുന്നു. അയാളു വെടിയേറ്റ് കികുചിയോയ്ക്ക് മാരകമായി മുറിവേൽക്കുന്നു. എന്നിട്ടും, താൻ മരിക്കുന്നതിന് മുമ്പ് കികുചിയോ കൊള്ളത്തലവനെ കൊലപ്പെടുത്തുന്നു. കാംബേയും ഷിജിറോയും ഒരിക്കൽ കൂടി ജീവനോടെ രക്ഷപ്പെടുന്നു. മറ്റൊരു കൃഷിക്ക് വിളവിറക്കുന്നതിന് കർഷകർ സന്തോഷത്തോടെ തയാറെടുക്കുന്നത് അവശേഷിക്കുന്ന പോരാളികൾ കണ്ടു നിൽക്കുന്നിടത്താണ് സിനിമ തീരുന്നത്. മൂന്നു ചങ്ങാതിമാരെ നഷ്ടപ്പെടതിന്റെ വേദനയിലും കർഷകരാണ് യഥാർഥ വിജയികൾ എന്ന സത്യം അവർ തിരിച്ചറിയുകയായിരുന്നു.

അണിയറ പ്രവർത്തകർ

തിരുത്തുക

1954 ഏപ്രിൽ 26 ന് റിലീസ് ചെയ്ത ഈ ചിത്രം ജാപ്പനീസ് ഭാഷയിലുള്ളതായിരുന്നു. അഞ്ചുലക്ഷം ഡോളർ ചിലവിട്ട് തോഹോ സ്റ്റുഡിയോസ് ആണ് ചിത്രം നിർമിച്ചത്. സംവിധായകൻ അകിര കുറസോവയും ഷിനോബു ഹാഷിമോട്ടോയും ഹിഡിയോ ഒഗുനിയും ചേർന്ന് തിരക്കഥ രചിച്ചു. കുറസോവ തന്നെയാണ് എഡിറ്റിംഗും നിർവഹിച്ചത്. ഫുമിയോ ഹയാസാകയാണ് സംഗീതമൊരുക്കിയത്. തോഷിറോ മിഫ്യൂൺ, തകാഷി ഷിമുറ, കേയ്‌കോ സുഷിമ, യുകികോ ഷിമസാകി എന്നിവരായിരുന്നു അഭിനേതാക്കൾ. കുറസോവ സംവിധാനം ചെയ്ത ആദ്യ സമുറായ് സിനിമയായിരുന്നു ഇത്. ഒരു സമുറായിയുടെ ജീവിതത്തിലെ ഒരു സമ്പൂർണദിനം സിനിമയാക്കുവാനാണ് ആദ്യം കുറസോവ തീരുമാനിച്ചത്. പിന്നീട് അദ്ദേഹം നടത്തിയ ഗവേഷണത്തിലാണ് ഗ്രാമീണരെ രക്ഷിക്കാനെത്തുന്ന ഒരു സമുറായിയെപ്പറ്റി അറിഞ്ഞത്. നടൻ തോഷിറോ മിഫ്യൂൺ പറയുന്നു: ഈ സിനിമ ആദ്യം സിക്‌സ് സമുറായി എന്ന പേരാണ് തീരുമാനിച്ചിരുന്നത്. അതിൽ ക്യോസോയുടെ വേഷം മിഫ്യൂണിനായിരുന്നു. ആറാഴ്ച നീണ്ടു നിന്ന തിരക്കഥാ രചനയിൽ കുറസോവയ്ക്കും സഹപ്രവർത്തകർക്കും തോന്നി. ആറെന്നുള്ളത് ഒരു ബോറൻ ഏർപ്പാടാണ്. അങ്ങനെ സമുറായ് ഏഴായി. കുറസോവ മിഫ്യൂണിന് വേണ്ടി മറ്റൊരു കഥാപാത്രം സൃഷ്ടിച്ചു. അതാണ് കികുചിയോ. സെഗി മിയാഗുചിയാണ് മിഫൂണിന് വച്ചിരുന്ന ക്യോസോയുടെ കഥാപാത്രം അവതരിപ്പിച്ചത്. മൂന്നുമാസത്തെ പ്രി-പ്രൊഡക്ഷൻ ജോലി കഴിഞ്ഞ് 148 ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. ബജറ്റ് നേരത്തേ നിശ്ചയിച്ചതിൽ നിന്നും നാലുതവണ മറികടന്നു. ടോഹോ സ്റ്റുഡിയോ രണ്ടു തവണ നിർമ്മാണം നിർത്തി വച്ചു. കുറസോവയാകട്ടെ ഒന്നും സംഭവിക്കാത്തതു പോലെ ചൂണ്ടയിടാൻ പോയി. വൻ തുക ഈ പ്രൊജക്ടിനായി അപ്പോൾ തന്നെ ചിലവഴിച്ചിട്ടുള്ള സ്റ്റുഡിയോ ഉടമ ചിത്രം പൂർത്തിയാക്കാൻ അനുവദിക്കുമെന്ന ആത്മവിശ്വാസമായിരുന്നു അദ്ദേഹത്തിന്. ചിത്രത്തിന്റെ ക്ലൈമാക്‌സിലെ യുദ്ധം വേനൽക്കാലത്ത് ചിത്രീകരിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ, ഇത് ഷൂട്ട് ചെയ്തത് ഫെബ്രുവരിയിലെ കൊടുംതണുപ്പിലായിരുന്നു. കഥ നടക്കുന്ന ഗ്രാമം സ്റ്റുഡിയോയിൽ സെറ്റിടാനായിരുന്നു നിർമ്മാണകമ്പനിയ്ക്ക് താൽപര്യം. ഇസു ഉപദ്വീപിലെ ടഗാറ്റ എന്ന സ്ഥലത്താണ് അദ്ദേഹം ഗ്രാമമൊരുക്കിയത്. നിർമ്മാണചെലവ് കൂടുമെന്നു പറഞ്ഞ് നിർമാതാക്കൾ എതിർപ്പു പ്രകടിപ്പിച്ചു. സെറ്റിന്റെ ഗുണനിലവാരം അഭിനേതാക്കളുടെ പ്രകടനം മെച്ചപ്പെടുത്തുമെന്ന ഒരേ പിടിവാശിയിൽ കുറസോവ ഉറച്ചു നിന്നു. ഞാൻ സെറ്റിട്ടിരിക്കുന്നത് യഥാർഥമായത് എങ്ങനെയോ അങ്ങനെയാണ്. ഇത് ഷൂട്ടിംഗിന് ചിലവേറ്റുമായിരിക്കാം. പക്ഷേ, വിശ്വാസ്യത അതുല്യമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ ഒന്നിലധികം കാമറകൾ അദ്ദേഹം ഉപയോഗിച്ചു. ഇതു പിന്നീട് അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിൽ തുടർന്നു പോരുകയും ചെയ്തു. ജപ്പാന്റെ ചലച്ചിത്ര മേഖലയ്ക്ക് ഒരു പുത്തനുണർവും ലോകനിലവാരവും സമ്മാനിച്ചു സെവൻസമുറായി. റോട്ടൻടൊമാറ്റോ എന്ന ചലച്ചിത്ര വിമർശന വെബ്‌സൈറ്റ് സെവൻ സമുറായിക്ക് ലോകസിനിമയിൽ ആറാം സ്ഥാനമാണ് നൽകിയത്. ഈ സൈറ്റിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ചിത്രവും ഇതു തന്നെ. കിഴക്കിന്റെ സിനിമയായി ഇതിനെ എഴുതി തള്ളാൻ പാശ്ചാത്യസിനിമാലോകവും ഒരുക്കമായിരുന്നില്ല. 1960 ൽ ദ മാഗ്നിഫിസന്റ് സെവൻ എന്ന പേരിൽ സെവൻ സമുറായി ജോൺ സ്റ്റർജ്‌സ് എന്ന സംവിധായകൻ ഇംഗ്ലീഷിൽ പുനർ നിർമിച്ചു. സീനുകളിൽപ്പോലും സെവൻസമുറായിയെ വികലമായി അനുകരിക്കുകയാണ് ഈ ചിത്രം ചെയ്തത്. ഏഴുപോരാളികൾക്ക് പകരം ഏഴു കവണയേറുകാരാണ് ചിത്രത്തിലുണ്ടായിരുന്നത്. 1982 ൽ ലോകത്തിലെ മഹത്തായ സിനിമകൾ കണ്ടെത്താൻ സൈറ്റ് ആൻഡ് സൗണ്ട് എന്ന ഇംഗ്ലീഷ് സിനിമ മാസിക നടത്തിയ വോട്ടെടുപ്പിൽ സെവൻ സമുറായിക്ക് മൂന്നാം സ്ഥാനമായിരുന്നു. 1992 ൽ മാസിക നടത്തിയ മികച്ച സംവിധായകരുടെ തെരഞ്ഞെടുപ്പിൽ കുറസോവയ്ക്ക് പത്താം സ്ഥാനവും 2002 ൽ നടത്തിയപ്പോൾ ഒമ്പതാം സ്ഥാനവുമായിരുന്നു. ഈ രണ്ടു വിലയിരുത്തലുകളിലും കുറസോവയുടെ തന്നെ റഷോമോൺ എന്ന സിനിമയുമായി സെവൻ സമുറായി റാങ്ക് പങ്കിട്ടു. ലോകത്തെ 100 മികച്ച സിനിമകൾ കണ്ടെത്താൻ എമ്പയർ മാഗസിൻ നടത്തിയ വോട്ടെടുപ്പിൽ സെവൻ സമുറായിക്കായിരുന്നു ഒന്നാം സ്ഥാനം.

അഭിനേതാക്കൾ

തിരുത്തുക

സമുറായികൾ

തിരുത്തുക
  • ടോഷിറോ മിഫ്യൂൺ -കിക്കുചിയോ ഒരു സമുറായി ആണെന്ന് കള്ളം പറയുന്ന, എന്നാൽ ഒടുവിൽ അവന്റെ മൂല്യവും കഴിവും മറ്റുള്ളവർ തിരിച്ചറിയുന്നു
  • തകാഷി ഷിമുര -കാംബെ ഷിമാഡ യുദ്ധത്തിൽ ക്ഷീണിതനും ,മാന്യനും തന്ത്രജ്ഞനും, ഏഴ് സാമുറായികളുടെ നേതാവ്
  • ഡെയ്‌സുകെ കാറ്റെ -ശിചിരാജി കംബെയുടെ പഴയ സുഹൃത്തും മുൻ ലെഫ്റ്റനന്റുമായ സാമുറായി
  • ഐസാവോ കിമുറ- കട്സുഷിറ ഒകാമോട്ടോ - സമ്പന്നനായ സമുറായിയുടെ പരീക്ഷിക്കപ്പെടാത്ത മകൻ, കാംബെ മനസ്സില്ലാമനസ്സോടെ ശിഷ്യനായി സ്വീകരിച്ചു
  • മിനോരു ചിയാക്കി -ഹെയ്‌ഷാച്ചി ഹയാഷിദ കഴിവു കുറഞ്ഞ പോരാളിയാണ്, പ്രതികൂല സാഹചര്യങ്ങളിൽ സഖാക്കളുടെ മനോവീര്യം കാത്തുസൂക്ഷിക്കുകയും വിവേകത്തോടെ പെരുമാറുകയും ചെയ്തു.
  • സെയ്ജി മിയാഗുച്ചി- ക്യോസേ, ഗൗരവമുഖമുള്ള, ഏറ്റവും വിദഗ്ദ്ധനായ വാൾക്കാരൻ
  • യോശിയോ ഇനാബ -ഗോറിബെ കട്ടയാമ ഒരു കഴിവുറ്റ വില്ലാളിയാണ്, കാംബെയുടെ രണ്ടാമത്തെ കമാൻഡായി പ്രവർത്തിക്കുകയും ഗ്രാമത്തിന്റെ പ്രതിരോധത്തിനായി മാസ്റ്റർ പ്ലാൻ സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യുന്നു

ഗ്രാമീണർ

തിരുത്തുക
  • യോഷിയോ സ്യൂച്ചിയ -റിക്കിച്ചി
  • ബുക്സൻ ഹിദറി - യോഹി
  • യൂക്കിക്കോ ഷിമാസാക്കി -റിക്കിച്ചിയുടെ ഭാര്യ
  • കാമത്താരി ഫുജിവാര -മൻസൊ സമുറായിയിൽ നിന്ന് അവളെ സംരക്ഷിക്കാൻ മകളെ ആൺകുട്ടിയുടെ വേഷം ധരിപ്പിക്കുന്ന ഒരു കർഷകൻ
  • കെയ്കോ സുഷിമ -ഷിനോ മാൻസൊയുടെ മകൾ
  • കൊക്കുട്ടൻ കാഡെ -ഗിസാക്കു , ഗ്രാമത്തിലെ ഗോത്രപിതാവ്, "ഗ്രാൻഡാഡ്" എന്ന് വിളിക്കപ്പെടുന്നു
  • യോഷിയോ കൊസുഗി - മൊസൂകായി സമുറായികളെ വാടകയ്‌ക്കെടുക്കാൻ പട്ടണത്തിലേക്ക് അയച്ച കർഷകരിലൊരാൾ

മറ്റുള്ളവർ

തിരുത്തുക
  • ഷിൻപേയ് തകഗി - കൊള്ളക്കാരുടെ തലവൻ
  • ഷിൻ ഒട്ടോമോ - കൊള്ളക്കാരുടെ രണ്ടാമത്തെ തലവൻ
  • ഹാരുവോ നകാജിമ - കൈസോ വധിച്ചു കൊള്ളക്കാരുടെ സ്കൗട്ട്
  • ഈജിരി ടോണോ - കള്ളൻ
  • അറ്റ്സുഷി വതനാബെ -ബൺ വിൽപ്പനക്കാരൻ
  • ജൂൺ ടാറ്റാര -തൊഴിലാളി
  • സച്ചിയോ സകായ് -തൊഴിലാളി
  • തകേഷി സെക്കി -തൊഴിലാളി
  • തത്സൂയ നകാദായി- നഗരത്തിലൂടെ അലഞ്ഞുനടക്കുന്ന ഒരു സമുറായ്

പുരസ്‌കാരങ്ങൾ

തിരുത്തുക

1954 ലെ വെനീസ് ചലച്ചിത്രമേളയിൽ കുറസോവയ്ക്ക് സംവിധായകനുള്ള സിൽവർ ലയൺ ബഹുമതി, 1955 ലെ മൈൻഷി ചലച്ചിത്രമേളയിൽ മികച്ച സഹനടനുള്ള പുരസ്‌കാരം സെജി മിയാഗുചി, 1956 ലെ ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡിൽ മികച്ച ചിത്രത്തിനുള്ള നാമനിർദ്ദേശം എന്നിവ ലഭിച്ചു. 1957 ലെ അക്കാദമി അവാർഡിന് രണ്ടു നോമിനേഷനുകൾ ഉണ്ടായിരുന്നു. 1959 ൽ ജൂസി അവാർഡിൽ മികച്ച വിദേശ സംവിധായകനുള്ള പുരസ്‌കാരം കുറസോവയ്ക്കും നടനുള്ള പുരസ്‌കാരം തകാഷി ഷിമുറയ്ക്കും ലഭിച്ചു. അകിര കുറസോവ 1943 മുതൽ 1993 വരെ മുപ്പതോളം സിനിമ സംവിധാനം ചെയ്തു. ചിത്രകാരനായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. പക്ഷേ, ആ രംഗത്ത് അദ്ദേഹം ഒട്ടും ശോഭിച്ചില്ല. 1936ലാണ് കുറസോവ ചലച്ചിത്ര രംഗത്തേക്ക് കടന്നത്. ആദ്യകാലത്ത് സഹസംവിധായകനായും തിരക്കഥാകൃത്തായും നിരവധി സിനിമകളിൽ പ്രവർത്തിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജനപ്രിയ ചിത്രമായ സാൻഷിറോ സുഗാതയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. യുദ്ധാനന്തരം, അക്കാലത്ത് പുതുമുഖമായിരുന്ന ടോഷിരോ മിഫുൻ എന്ന നടനെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്ത കുടിയൻ മാലാഖ എന്ന ചിത്രം അദ്ദേഹത്തിന് ഏറെ നിരൂപണ പ്രശംസ നൽകി. ടോഷിരോ മിഫുൻ തന്നെ അഭിനയിച്ച് 1950ൽ ടോകിയോവിൽ പ്രദർശിപ്പിച്ച റാഷോമോൻ എന്ന സിനിമ അപ്രതീക്ഷിതമായി 1951ലെ വെനീസ് ചലച്ചിത്രോത്സവത്തിൽ സുവർണ സിംഹ പുരസ്‌കാരം സ്വന്തമാക്കുകയും തുടർന്ന് യൂറോപ്പിലും വടക്കേ അമേരിക്കയിലും പുറത്തിറക്കുകയും ചെയ്തു. 1950കളിലും 1960കളിലെ തുടക്കത്തിലും എല്ലാ വർഷവും കുറസോവ സിനിമ ചെയ്തു. ക്ലാസിക് സിനിമകളായി പരക്കെ അംഗീകരിക്കപ്പെട്ട ഇകിരു (1952), ഏഴു സാമുറായികൾ (1954), യോജിമ്പോ (1961) തുടങ്ങിയവ ഈ കാലത്ത് നിർമ്മിക്കപ്പെട്ടതാണ്. 1960കളുടെ പകുതിക്ക് ശേഷം ഒരുപാട് മങ്ങിപ്പോയെങ്കിലും സിനിമാ ജീവിതത്തിന്റെ അവസാന കാലങ്ങളിൽ, പ്രത്യേകിച്ചും 1980 ൽ കഗേമുഷാ, 85-ൽ റാൻ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന് വീണ്ടും അംഗീകാരം നേടിക്കൊടുത്തു. 1990ൽ ആജീവനാന്ത സംഭാവനക്കുള്ള ഓസ്‌കാർ പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കി. 1998 സെപ്റ്റംബർ ആറിന് 88ാം വയസിൽ അന്തരിച്ചു

  1. 1.0 1.1 Sharp, Jasper (7 May 2015). "Still crazy-good after 60 years: Seven Samurai". British Film Institute. Retrieved 16 February 2015.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Kinema എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സെവൻ_സമുറായി&oldid=3678036" എന്ന താളിൽനിന്ന് ശേഖരിച്ചത്