ഹൈപ്പർ സ്‌പെക്ടറൽ ഇമേജിംഗ് സാറ്റലൈറ്റ്
ഇന്ത്യയുടെ ഏറ്റവും ഭാരമേറിയതും അതിനൂതനവുമായ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് 'ഹൈസിസ്' (ഹൈപ്പർ സ്‌പെക്ടറൽ ഇമേജിംഗ് സാറ്റലൈറ്റ്). ഐ.എസ്.ആർ.ഒ വിജയകരമായി വിക്ഷേപിച്ചു. 29 നവംബർ 2018 ന് രാവിലെ 9.58 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് പി.എസ്.എൽ.വി-സി-43 റോക്കറ്റാണ് ഹൈസിസും 30 വിദേശ ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്.[1]
ലക്ഷ്യം
തിരുത്തുകഭൂമിയുടെ ഉപരിതലം കൂടുതൽ മികവോടെ പഠിക്കുകയാണ് ഹൈസിസ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. കൃഷി, വനം, തീരദേശ മേഖലകളുടെ നിർണ്ണയം, ഉൾനാടൻ ജലാശയങ്ങൾ തുടങ്ങിയവയ്ക്കും സൈനിക ആവശ്യങ്ങൾക്കുമായിരിക്കും ഹൈസിസ് ഉപയോഗപ്പെടുത്തുക.[2]
സവിശേഷതകൾ
തിരുത്തുക380 കിലോഗ്രാമാണ് ഹൈസിസിന്റെ ഭാരം. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ വ്യക്തമായ ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ഈ ഉപഗ്രഹത്തിന്റെ കാലാവധി അഞ്ച് വർഷമാണ്. അഞ്ചാം ദിവസം മുതൽ ഹൈസിസ് ചിത്രങ്ങൾ അയച്ചു തുടങ്ങും. വാർത്താവിനിമയം, ഭൗമ നിരീക്ഷണം, ശാസ്ത്ര പഠനങ്ങൾ, ഗതിനിർണ്ണയം എന്നിവയ്ക്കായി ഇന്ത്യയുടെ 47 ഉപഗ്രഹങ്ങളാണ് ഇപ്പോൾ പ്രവർത്തനസജ്ജമായിട്ടുള്ളത്. ഭൗമോപരിതലത്തിൽ നിന്ന് 600 കിലോമീറ്റർ ഉയരത്തിലാണ് ഹൈസിസ് ഭൂമിയെ വലംവെക്കുന്നത്. കൃഷിയിടങ്ങളിലെ ആരോഗ്യമുള്ള വിളകളെയും അല്ലാത്തവയെയും തിരിച്ചറിയാൻ ഹൈസിസിൽ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങൾ സഹായിക്കും. ഭൂമിയെ പല തുണ്ടുകളായി നിരീക്ഷിക്കുന്ന ഹൈസിസ് ഭൗമോപരിതലത്തേയും അതിന് താഴെയുള്ളതിനെയും തിരിച്ചറിയും. ഹൈസിസിൽ സ്ഥാപിച്ചിട്ടുള്ള സിന്തറ്റിക് അപ്പർച്ചർ റഡാറിന് കുറഞ്ഞത് ഒരുമീറ്റർ വരെ വലിപ്പമുള്ള വസ്തുക്കളെ വ്യക്തമായി പകർത്താൻ സാധിക്കും.
- ഹൈസിസിന് മഞ്ഞിൽ കൂടെയൊ ചെളിയിൽ കൂടെയോ പോകുന്ന ഒരു കാറിന്റെ ടയർ പതിഞ്ഞ പാടുകൾ കൃത്യമായി പകർത്താനാകും
- മണ്ണിനടിയിലെ ധാതുക്കളുടേയും ലോഹവസ്തുക്കളുടെയും സാന്നിധ്യം കണ്ടെത്താനും സാധിക്കും.
- നിയർ ഇൻഫ്രാറെഡ്, ഷോർട്ട്‌വേവ് ഇൻഫ്രാറെഡ് കാമറകളാണ് ഇതിന്റെ പ്രത്യേകത. മണ്ണിനടിയിലെ അഞ്ച് സെന്റീമീറ്റർ ആഴത്തിലുള്ള കാര്യങ്ങൾ വരെ ചുഴിഞ്ഞ് നിരീക്ഷിക്കാൻ ഇവ സഹായിക്കും.
- ശത്രുക്കൾ സ്ഥാപിച്ചിട്ടുള്ള മൈനുകൾ കണ്ടെത്താൻ ഹൈസിസിന് സാധിക്കും.
- വലിയ നിബിഡ മരങ്ങൾക്കടിയിലൂടെ പോകുന്ന നീരൊഴുക്കിനേപ്പോലും തിരിച്ചറിയാനാകും.
- ദൃശ്യപ്രകാശത്തിന്റെയും ഇൻഫ്രാറെഡ് തരംഗത്തിന്റെയും പരിധിയിൽ കൃത്യമായ നിരീക്ഷണം നടത്താം
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- ഐ.എസ്.ആർ.ഒ വെബ്സൈറ്റ് Archived 2018-11-30 at the Wayback Machine.