അതി പുരാതനങ്ങളായ മൂന്ന് ഈജിപ്ഷ്യൻ മഹാനഗരങ്ങളെ അപ്പാടെ വിഴുങ്ങിയ കടൽ വ്യാളിയാണ് അബുകിർ ഉൾക്കടൽ. കനോപസ് ( Canopus), മെനൌതിസ് ( Menouthis) പിന്നെ ഹെറാക്ളിയോൺ ( Herakleion–Thonis) എന്നിവയാണ് ആ ഭാഗ്യംകെട്ട നഗരങ്ങൾ. ഈജിപ്ത്തിൻറെ മെഡിറ്ററേനിയൻ തീരത്തുള്ള അബുകിർ ഉൾക്കടൽ (Abū Qīr Bay) ഒരു ചരിത്രാന്വേഷിയെ സംബന്ധിച്ചടുത്തോളം അത്ഭുതങ്ങളുടെ കലവറയാണ്. മെഡിറ്ററേനിയൻ കടലിലേക്കുള്ള നൈൽ നദിയുടെ അനേകം മുഖങ്ങളിൽ ഒന്നായ റോസറ്റ (Rosetta) ക്കും പുരാതന നഗരമായ അലക്സാണ്ട്രിയക്കും ഇടയിൽ ആണ് അനേകം തുരുത്തുകൾ നിറഞ്ഞ അബുകിർ ഉൾക്കടൽ സ്ഥിതി ചെയ്യുന്നത് . പുരാതന കാലത്തെ അനേകം കടൽ യുദ്ധങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നതല്ല അബുകിർ ഉൾക്കടൽ നമ്മുക്ക് ഒരു അത്ഭുതമായി തോന്നുന്നത് .

രണ്ടായിരമാണ്ടിന്റെ തുടക്കം. പ്രശസ്ത ചരിത്ര ഗവേഷകനും , മുങ്ങൽ വിദഗ്ദ്ധനും ആയ ഫ്രാങ്ക് ഗോഡിയോയും ( Franck Goddio) സംഘവും അബുകിർ ഉൾക്കടലിൽ പര്യവേഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു . ലക്ഷ്യം, 1798 ൽ ബ്രിട്ടനും ഫ്രാൻസും തമ്മിൽ ഈ ഉൾക്കടലിൽ വെച്ചു നടന്ന നൈൽ യുദ്ധത്തിൽ (The Battle of the Nile—Napoleon’s lost fleet from the battle against Admiral Nelson ) മുങ്ങിപ്പോയ ഫ്രഞ്ച് പടക്കപ്പലുകളുടെ അവശിഷ്ടങ്ങൾ കണ്ടുപിടിക്കുക. കാര്യം നടന്നു, കപ്പലുകൾ കിട്ടി. ഒന്നും രണ്ടുമല്ല ഏതാണ്ട് അറുപത്തി നാലെണ്ണം. ഇതിൽ ഫ്രഞ്ച് -ബ്രിട്ടീഷ് കപ്പലുകൾ അല്ലാത്തവയും ഉണ്ടായിരുന്നു . അവയെ ചുറ്റിപ്പറ്റി വീണ്ടും മുങ്ങി നോക്കിയപ്പോൾ ചിലത് പുരാതന ഗ്രീക്ക് കച്ചവട കപ്പലുകൾ ആണെന്ന് ബോധ്യമായി . അങ്ങനെയെങ്കിൽ ഇവിടെ ഒരു പുരാതന തുറമുഖമോ മറ്റോ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ഗോഡിയോ ഊഹിച്ചു . പിന്നെ കപ്പലുകൾക്കിടയിൽ ആയി അന്വേഷണം. അവസാനം തീരത്ത് നിന്നും ഏകദേശം നാല്കി -അഞ്ച് കിലോ മീറ്ററുകൾ അകലെ; അതുവരെ മോഡേൺ മനുഷ്യന് പിടികൊടുക്കാതെ ഒളിഞ്ഞു കിടന്നിരുന്ന ഒരു നഗരം ഗോഡിയോയുടെയും സഹപ്രവർത്തകരുടെയും മുന്നിൽ തെളിഞ്ഞു വന്നു . അനേകം ശിൽപ്പങ്ങൾ, പുരാതന ഈജിപ്ഷ്യൻ ദേവന്മ്മാരുടെ വിഗ്രഹങ്ങൾ,പാത്രങ്ങൾ, പണി ആയുധങ്ങൾ, ക്ഷേത്രാവശിഷ്ടങ്ങൾ, ചില അപൂർവ്വ ലിഖിതങ്ങൾ, അങ്ങനെ ഓരോന്നായി സമുദ്രത്തിൽ നിന്നും ഉയർന്നു വന്നുകൊണ്ടിരുന്നു .

അങ്ങനെ കിട്ടിയ ഒരു ശിലാ ലിഖിതം വായിച്ചെടുത്തപ്പോൾ ആണ് അന്നുവരെ വെറും മിത്ത് മാത്രം ആണെന്ന് കരുതിയിരുന്ന ഹെറാക്ളിയോൺ എന്ന തുറമുഖ നഗരം ആയിരുന്നു അതെന്ന് ലോകത്തിന് മനസ്സിൽ ആയത്. ദേവന്മ്മാരുടെയും മനുഷ്യരുടെയും കഥകൾ പരസ്പ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ഗ്രീക്ക് -ഈജിപ്ഷ്യൻ കഥകളിൽ നിന്നും യാഥാർത്ഥ്യം ഏത് സത്യം ഏത് എന്ന് മനുഷ്യർക്ക്‌ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ് . സംഭവങ്ങളിൽ അതിശയോക്തി കലർന്നിട്ടുണ്ടെങ്കിലും കഥകളിൽ പറയുന്ന നഗരങ്ങൾ യാഥാർത്ഥ്യം തന്നെ ആയിരുന്നു എന്ന് ട്രോയ് പോലുള്ള നഗരങ്ങളുടെ അവശിഷ്ടങ്ങൾ തുർക്കിയിൽ നിന്നും കണ്ടെടുത്തപ്പോൾ ചരിത്രകാരൻമ്മാർക്ക് ബോധ്യപ്പെട്ടത് ആണ് . ഹെറോഡോട്ടസിൻറെ പരാമർശങ്ങളിലും , ഹോമറിന്റെ ഇലിയഡിലും പിന്നെ വിരലിൽ എണ്ണാവുന്ന ചില ശിലാഫലകങ്ങളിലും മാത്രം കാണപ്പെട്ട ഹെറാക്ളിയോൺ എന്ന നഗരം വെറും മിത്ത് മാത്രമായി ഗവേഷകർ മറന്നു കളഞ്ഞതായിരുന്നു . ഈ നഗരത്തെ തിരിച്ചറിയാൻ തടസ്സമായ മറ്റൊരു പ്രധാന കാരണം ഹെറാക്ളിയോൺ നഗരത്തിന് മറ്റൊരു പേര് കൂടി ഉണ്ടായിരുന്നു എന്നതാണ്. നഗരത്തിൻറെ ഗ്രീക്ക് നാമം ഹെറാക്ളിയോൺ എന്നായിരുന്നു എങ്കിൽ ഈജിപ്ഷ്യൻ പേര് തോണിസ് (Thonis) എന്നായിരുന്നു . ഈ രണ്ടു പേരുകളും ഒരുമിച്ചു തന്നെ ഗോഡിയോക്കും സംഘത്തിനും കിട്ടിയ ഫലകങ്ങളിൽ ഉണ്ടായിരുന്നതാണ് എല്ലാ സംശയങ്ങൾക്കും അറുതി വരുത്തിയത് . ക്രിസ്തുവിനു മുൻപ് എട്ടാം നൂറ്റാണ്ടിൽ നിലവിൽ വന്ന ഈ തീര നഗരം ക്രിസ്തുവിന് ശേഷം മൂന്നോ അല്ലെങ്കിൽ അഞ്ചോ നൂറ്റാണ്ടിൽ അത്ഞാതങ്ങളായ കാരണങ്ങളാൽ മെഡിറ്ററേനിയനിൽ മുങ്ങി പോവുകയായിരുന്നു .

മിത്തുകൾ തിരുത്തുക

ഇലിയഡിലെ കാമുകീകാമുകന്മാരായ ഹെലനും പാരിസും ക്രൂദ്ധനായ മെനലാസിൻറെ കൈകളിൽ നിന്നും രക്ഷപെടാൻ ഹെറാക്ളിയോൺ ദ്വീപ് നഗരത്തിൽ വന്നു താമസിച്ചിരുന്നു . അതിനും മുൻപ് ഹെലൻ മെനലാസിൻറെ കൂടെ ആയിരുന്നപ്പോൾ അവരും ഇവിടെ വന്നു താമസിച്ചിരുന്നതായി മഹാകവി ഹോമർ പാടുന്നു . റോമൻ വീരസിംഹം ആയിരുന്ന ഹെർക്കുലീസ് ഇവിടെ കാലു കുത്തിയാതായും അദ്ദേഹം ഇവിടെ ഒരു ക്ഷേത്രം നിർമ്മിച്ചതായും ആണ് അടുത്ത കഥ . ഹെർക്കുലീസിന്റെ ഗ്രീക്ക് പേരായ ഹെരാക്ളിസിൽ (Heracles) നിന്നും ആണ് നഗരത്തിന് പേര് ലഭിച്ചത് .

{ Warning ! Off topic >>>> ഹെർക്കുലീസ് പേർഷ്യസിൻറെ ( Remember the film “Clash of the Titans”) great-grandson ആണ് . ഹെറോഡോട്ടസ് പറയുന്നത് പേർഷ്യക്ക് ആ പേര് ലഭിച്ചത് പേർഷ്യസിൽ നിന്നാണ് എന്നാണ് . ഈ രണ്ടുപേരുടെയും പിതാവ് സീയുസ് തന്നെ ആയതിനാൽ മുതുമുത്തച്ചനും പേരക്കുട്ടിയും അർദ്ധസഹോദരന്മ്മാർ കൂടി ആണ് !! }.

രേഖകൾ തിരുത്തുക

പുരാതന ചരിത്രകാരന്മ്മാരായ Diodorus , Strabo , Herodotus എന്നിവർ ഹെറാക്ളിയോൺ എന്ന തുറമുഖ നഗരത്തെ പറ്റി രേഖപ്പെടുത്തിയിട്ടുണ്ട് .പുരാതന ഈജിപ്ഷ്യൻ ശിലാഫലകമായ Stele of Naukratis’ ൽ (Twin steles of Decree of Nectanebo I) തോണിസിനെ കുറിച്ച് പരാമർശമുണ്ട് . ഗ്രീക്കിലും ഈജിപ്ഷ്യനിലും ഉള്ള ദ്വിഭാഷ ലിഖിതമായ Decree of Canopus ആണ് ഈ നഗരത്തെ പേരെടുത്ത് പരാമർശിക്കുന്ന മറ്റൊരു പുരാതന രേഖ .

നിർമ്മാണവും ഘടനയും തിരുത്തുക

നൈൽ മെഡിറ്ററേനിയനുമായി കൂട്ടി മുട്ടുന്ന ഇവിടം അനേകം ചെറു ദ്വീപുകളും,തുരുത്തുകളും, കൈവഴികളും, കനാലുകളും ഉള്ള ഒരു ഡെൽറ്റആണ് (നമ്മുടെ സുന്ദർബാൻസ് പോലെ അല്ലെങ്കിൽ ഏകദേശം കൊച്ചി പോലെ ) . അതിൽ പല ദ്വീപുകളിലായി ചിതറിയാണ് ഹെറാക്ളിയോൺ നഗരം സ്ഥിതി ചെയ്തിരുന്നത് . പ്രധാന ദ്വീപിൽ ഈജിപ്ഷ്യൻ ചന്ദ്രദേവൻ ആയിരുന്ന Khonsou വിന്റെ ഒരു വലിയ ക്ഷേത്രം ഉണ്ടായിരുന്നു . ചുറ്റുമുള്ള ചെറു ദ്വീപുകളിൽ ആളുകൾ താമസിക്കുകയും കച്ചവടം ചെയ്യുകയും ചെയ്തു പോന്നിരുന്നു . ഗ്രീസിൽ നിന്നുമുള്ള അനേകം കച്ചവട കപ്പലുകൾ സദാസമയവും ഇവിടെ ഉണ്ടായിരുന്നു

തിരോധാനം തിരുത്തുക

നൈലിന്റെ അഴിമുഖത്ത് ഉണ്ടായിരുന്ന ഹെറാക്ളിയോൺ ഉൾപ്പെടെ മൂന്ന് നഗരങ്ങൾ കടലിനടിയിൽ ആയത് എങ്ങനെ എന്നതിന് ഏകാഭിപ്രായം ഇതുവരെ ഉരുത്തിരിഞ്ഞിട്ടില്ല . ബലം കുറഞ്ഞ പൂഴിയിൽ നില നിന്നിരുന്ന ദ്വീപുകൾ നൈലിൽ ഉണ്ടായ ഏതോ കൂറ്റൻ ജലപ്രളയ കാലത്ത് തകർന്നു പോയതാവാം എന്നാണ് ഭൂരിഭാഗം പേരും ചിന്തിക്കുന്നത് . കൂട്ടത്തിൽ ഭൂകമ്പവും സുനാമിയും കൂടി ചേരുമ്പോൾ ഉണ്ടായ അൺബാലൻസിംഗ് മറ്റൊരു കാരണം ആവാം . എന്തായാലും ഇപ്പോഴും കടലിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന പുരാവസ്തുക്കൾ എല്ലാം കൂടി ചേർത്ത് ചിന്തിക്കുമ്പോൾ സമീപ ഭാവിയിൽ തന്നെ ഇതിനൊരു ഉത്തരം ഗവേഷകർക്ക്‌ തരാൻ സാധിക്കും എന്ന് പ്രതീക്ഷിക്കാം.

അവലംബം തിരുത്തുക

1- http://www.franckgoddio.org/projects/sunken-civilizations/heracleion.html 2- https://www.atlasobscura.com/places/the-lost-city-of-heracleion 3- https://www.theguardian.com/cities/2016/aug/15/lost-cities-6-thonis-heracleion-egypt-sunken-sea 4- http://www.telegraph.co.uk/news/earth/environment/archaeology/10022628/Lost-city-of-Heracleion-gives-up-its-secrets.html 5- https://www.youtube.com/watch?v=bDTtJmN3ooo

"https://ml.wikipedia.org/w/index.php?title=ഹെറാക്ളിയോൺ&oldid=3090826" എന്ന താളിൽനിന്ന് ശേഖരിച്ചത്