വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട് സ്വാതന്ത്രാനന്തരം ഇന്ത്യയിൽ രൂപപ്പെടുത്തപ്പെട്ട നിയമനിർമ്മാണങ്ങളെയാണ് ഹിന്ദു കോഡ് ബില്ലുകൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് തുടക്കം കുറിച്ച[1] ഈ പദ്ധതി 1950-കളിലാണ് നിലവിൽ വരുന്നത്. ഇന്ത്യയിൽ നിലനിന്ന ഹിന്ദു വ്യക്തിനിയമങ്ങളുടെ ഏകീകരണമാണ് ഇതുവഴി ലക്ഷ്യമിട്ടത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർക്കാറാണ് ഇതിന് നേതൃത്വം കൊടുത്തത്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം ഹിന്ദു സമൂഹത്തെ ആധുനികവൽക്കരിക്കുന്നതിനും രാജ്യത്തിൻറെ ഐക്യം രൂപപ്പെടുത്തുന്നതിനും വേണ്ടി ഹിന്ദു കോഡ് പരിഷ്കരിക്കണമെന്ന് നെഹ്റു ഭരണകൂടം കരുതി. ആദ്യ ഭരണകാലത്ത് ഈ രംഗത്ത് കാര്യമായ എതിർപ്പുകൾ ഇതിന് നേരിട്ടിരുന്നു. എന്നാൽ 1952-ലെ പൊതുതെരഞ്ഞെടുപ്പിൽ ഈ വിഷയം ഉയർത്തിക്കൊണ്ട് നെഹ്റു ജയിച്ചുകയറിയതോടെ എതിർപ്പുകൾ വഴിമാറുകയായിരുന്നു[2]. തുടർന്ന് ഹിന്ദു വിവാഹ നിയമം, ഹിന്ദു ദത്തെടുക്കൽ-ജീവനാംശ നിയമം, ഹിന്ദു പിന്തുടർച്ചാനിയമം, ഹിന്ദു മൈനർ-രക്ഷാകർതൃനിയമം എന്നീ നിയമങ്ങൾ നിലവിൽ വന്നു[3]. ഹിന്ദു എന്നതിന്റെ വിശാലതയിലേക്ക് ജൈനരെയും, ബുദ്ധമതക്കാരെയും സിഖുകാരെയും ഇതോടെ ഉൾപ്പെടുത്തപ്പെട്ടു[4].

ക്രിസ്ത്യൻ-മുസ്‌ലിം-പാർസി വ്യക്തിനിയമങ്ങൾ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് കൈമാറപ്പെട്ട രൂപത്തിൽ ഏറെക്കാലം നിലനിന്നു[5]. ആവശ്യമായ മേഖലകളിൽ നിയമഭേദഗതികളും പുതിയ നിയമങ്ങളും ഈ വ്യക്തിനിയമങ്ങളിലും വന്നുകൊണ്ടിരുന്നു.

പുതിയ ഹിന്ദുനിയമങ്ങൾ വന്നതോടെയാണ് ഹിന്ദു വ്യക്തിനിയമങ്ങൾക്ക് ഒരു ക്രോഡീകരണം സംഭവിക്കുന്നത്. ആംഗ്ലോ-ഹിന്ദു നിയമങ്ങളുടെ തുടർച്ചയും വികാസവുമായിരുന്നു ഹിന്ദു കോഡ് ബില്ലുകൾ.

പശ്ചാത്തലം

തിരുത്തുക

പൊതുവെ ജീവിതത്തിന്റെ പൊതുതന്തു ഹിന്ദുസമൂഹം നിലനിർത്തിയിരുന്നെങ്കിലും, ഏകതാനമായ ഒരു നിയമസംഹിതയോ മറ്റോ നിലവിലുണ്ടായിരുന്നില്ല. വംശീയവും ജാതീയവുമായ വ്യതിരിക്തതകൾ സമൂഹത്തിലെ വ്യക്തിനിയമങ്ങളെ സ്വാധീനിച്ചുവന്നു.

ഹിന്ദുക്കൾ വംശം, മന:ശാസ്ത്രം, ആവാസവ്യവസ്ഥ, തൊഴിൽ, ജീവിതശൈലി തുടങ്ങി എല്ലാ മേഖലകളിലും പരമാവധി വ്യതിരിക്തത പുലർത്തുന്നവരാണ് എന്ന് ഞങ്ങൾ കണ്ടെത്തി[6].

വിവാഹം, ദത്തെടുക്കൽ, കൂട്ടുകുടുംബം, മൈനറുകൾ, പിന്തുടർച്ചാവകാശം, മതപരമായ സംഭാവനകൾ, ജാതി പദവി എന്നിവയിലൊക്കെ ധർമ്മശാസ്ത്രത്തെ അടിസ്ഥാനമാക്കുമെങ്കിലും പരസ്പരവിരുദ്ധമായ വ്യാഖ്യാനങ്ങൾ വ്യാപകമായിരുന്നു[7]. പലപ്പോഴും പരസ്പരം പൊരുത്തപ്പെടാത്ത വകുപ്പുകൾ തഥടിസ്ഥാനത്തിൽ രൂപപ്പെട്ടു.

ബ്രിട്ടീഷ് ഭരണത്തിന്റെ നിയമനടപടികളിലൂടെ ഹിന്ദു നിയമങ്ങൾ ഏകദേശം ക്രോഡീകരിക്കപ്പെട്ട് തുടങ്ങിയിരുന്നു. ഏതെങ്കിലും മേഖലയിൽ കാണപ്പെടുന്ന ന്യൂനതകൾ പരിഹരിക്കാനായി നിലവിലുള്ള മറ്റു നിയമങ്ങളെയും ബ്രിട്ടീഷ് ന്യായാധിപർ ആധാരമാക്കി വന്നു. എന്നാൽ പോലും നിരവധി പൊരുത്തക്കേടുകൾ ഈ ക്രോഡീകരിക്കപ്പെട്ട ആംഗ്ലോ-ഹിന്ദു നിയമങ്ങളിലും കാണപ്പെട്ടുവന്നു[7][8][9][10].

  1. Williams 2006, പുറം. 18.
  2. Williams 2006, പുറം. 107.
  3. Smith, Donald Eugene (1963), India as a Secular State, Princeton University Press, pp. 280–281, ISBN 978-1-4008-7778-2
  4. Popkin, William D. (2001), "Some Continuing Issues", in Larson, Gerald James (ed.), Religion and Personal Law in Secular India: A Call to Judgment, Indiana University Press, p. 334, ISBN 0-253-21480-7
  5. Williams 2006, പുറം. 28
  6. J.duncan M.derrett (1957). Hindu Law Past And Present.
  7. 7.0 7.1 John D. M. Derrett. Hindu Law Past and Present. 1957. Calcutta. pp. 1–80.
  8. John D. M. Derrett. The Administration of Hindu Law by the British for Comparative Studies in Society & History. 1961. pp. 10–52.
  9. M. Galanter. Hindu Law and the Development of the Modern Indian Legal System. 1964.
  10. L. I. and S. H. Rudolph. Barristers and Brahmans in India. 1965.
"https://ml.wikipedia.org/w/index.php?title=ഹിന്ദു_കോഡ്_ബില്ലുകൾ&oldid=3950472" എന്ന താളിൽനിന്ന് ശേഖരിച്ചത്