ഹമീദ ജവാൻഷിർ

അസർബൈജാനി ജീവകാരുണ്യ പ്രവർത്തക

ഹമീദ അഹ്മദ് ബേ ക്വിസി ജവാൻഷിർ (അസർബൈജാനി: ഹാമിദ കാവൻസിർ, ജീവിതകാലം: 19 ജനുവരി 1873 - 6 ഫെബ്രുവരി 1955) ഒരു അസർബൈജാനി ജീവകാരുണ്യ പ്രവർത്തകയും വനിതാവകാശ പ്രവർത്തകയുമായിരുന്നു. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജലീൽ മമ്മദ്‌ഗുലുസാദെയുമായായിരുന്നു അവരുടെ രണ്ടാമത്തെ വിവാഹം.

ഹമീദ ജവാൻഷിർ
പ്രമാണം:Hamida Javanshir.jpg
Hamida Javanshir in the 1890s
ജനനം(1873-01-19)ജനുവരി 19, 1873
Kahrizli, near Agjabadi (in present-day Azerbaijan)
മരണംഫെബ്രുവരി 6, 1955(1955-02-06) (പ്രായം 82)
വിദ്യാഭ്യാസംHomeschooled
ജീവിതപങ്കാളി(കൾ)Ibrahim bey Davatdarov (†1901)
Jalil Mammadguluzadeh (†1932)
കുട്ടികൾMina Davatdarova
Muzaffar Davatdarov
Midhat Mammadguluzadeh
Anvar Mammadguluzadeh

ആദ്യകാലജീവിതം

തിരുത്തുക

കഹ്രിസ്ലി ഗ്രാമത്തിലെ കുടുംബത്തിന്റെ പൂർവ്വിക എസ്റ്റേറ്റിൽ ജനിച്ച ഹമീദ ജവാൻഷീർ, അസേരി ചരിത്രകാരനും വിവർത്തകനും റഷ്യൻ ഇംപീരിയൽ ആർമിയുടെ ഉദ്യോഗസ്ഥനുമായിരുന്ന അഹ്മദ് ബേ ജവാൻഷീറിന്റെയും (1828–1903) അദ്ദേഹത്തിന്റെ പത്നി മുൽക്കിജഹാന്റേയും  മൂത്തകുട്ടിയായിരുന്നു. കരാബാക്കിലെ അവസാന ഭരണാധികാരിയായ ഇബ്രാഹിം ഖലീൽ ഖാന്റെ തലമുറയിലെ അനന്തരവളായിരുന്നു അവർ. ഹമീദയും അനുജനും വീട്ടിലിരുന്നു വിദ്യാഭ്യാസം നേടി. അവർക്ക് ഒൻപത് വയസ്സുള്ളപ്പോൾ, റഷ്യൻ അദ്ധ്യാപകരുടെ ഒരു കുടുംബം അവരോടൊപ്പം താമസിക്കാനെത്തുകയും അവരുടെ വിദ്യാഭ്യാസത്തിനു മേൽനോട്ടം വഹിക്കുകയും ചെയ്തു. പതിനാലു വയസ്സായപ്പോൾ യൂറോപ്യൻ, ഇസ്ലാമിക സാഹിത്യങ്ങളുമായി അവർക്കു പരിചയമുണ്ടാകുകയും കൂടാതെ റഷ്യൻ, ഫ്രഞ്ച് ഭാഷകൾ ഒഴുക്കായി സംസാരിക്കുകയും ചെയ്തു.

1889 ൽ ഹമീദ ജവാൻഷീർ ബർദ സ്വദേശിയായ ലെഫ്റ്റനന്റ് കേണൽ ഇബ്രാഹിം ബേ ദാവത്‌ദാരോവിനെ വിവാഹം കഴിച്ചു. അവർ ഇന്നത്തെ ബെലാറസിലുൾപ്പെട്ട ബ്രെസ്റ്റ്-ലിറ്റോവ്സ്കിൽ താമസമാക്കി. താമസിയാതെ അവരുടെ രണ്ട് മക്കളായ മിനയും മുസാഫറും ജനിച്ചു. ജവാൻഷീർ നൃത്തശാലയിലേയ്ക്കുള്ള നൃത്തച്ചുവടുകൾ പഠിക്കുകയും ഒപ്പം ജർമ്മൻ, പോളിഷ് ഭാഷകൾ പഠിക്കുകയും ചെയ്തു. 1900-ൽ കുടുംബം കാർസിലേക്ക് താമസം മാറ്റുകയും അവിടെ ദാവത്‌ദാരോവിനെ ഒരു സൈനിക കോട്ടയുടെ കമാൻഡറായി നിയമിക്കപ്പെടുകയും ചെയ്തു. ഒരു വർഷത്തിനുശേഷം കേവലം 28 വയസ്സുള്ള ഭാര്യയെ ഒരു വിധവയായി ഉപേക്ഷിച്ചുകൊണ്ട് അദ്ദേഹം മരണമടഞ്ഞു. മോസ്കോയിൽ വൈദ്യശാസ്ത്രം പഠിക്കാനുള്ള തന്റെ ആഗ്രഹം സാക്ഷാത്കരിക്കാനാവില്ലെന്ന് അവർക്ക് തോന്നി.[1]

പിൽക്കാല ജീവിതവും ആക്ടിവിസവും

തിരുത്തുക

പിതാവിൽ നിന്ന് കഹ്രിസ്ലി എസ്റ്റേറ്റ് പാരമ്പര്യമായി നേടിയ അവർ പരുത്തി വ്യാപാരം തുടർന്നു. അദ്ദേഹത്തിന്റെ ഇച്ഛയ്ക്ക് അനുസൃതമായി, ഗെയ്‌റാത്ത് പബ്ലിഷിംഗ് ഹൌസിൽ അച്ചടിക്കുന്നതിനായി അദ്ദേഹത്തിന്റെ ചരിത്രപരമായ കൃതിയായ ‘ഓൺ ദ പൊളിറ്റിക്കൽ അഫയേർസ് ഓഫ് ദ കരാബാഖ് ഖാനേറ്റ് ഇൻ 1747–1805’ എന്ന രചനയുടെ കൈയെഴുത്തുപ്രതി ടിഫ്ലിസിലേക്ക് (ഇന്നത്തെ ജോർജിയയുടെ തലസ്ഥാനം) കൊണ്ടുപോയി. അവിടെവച്ച് 1905 ഒക്ടോബറിൽ, അസേരി ഭാഷാ പത്രമായ ഷാർഗ്-ഇ റുസിന്റെ പംക്തിയെഴുത്തുകാരനായിരുന്ന ജലീൽ മമ്മദ്‌ഗുലുസാദെയുമായി കണ്ടുമുട്ടി. 1907-ൽ അവർ വിവാഹം കഴിക്കുകയും (അക്കാലത്ത് മമ്മദ്‌ഗുലുസാദെ രണ്ടുതവണ വിഭാര്യനായിരുന്നു)[2] 1920 വരെ ടിഫ്‌ലിസിൽ താമസിക്കുകയും ചെയ്തു. 1908 ൽ മിഡ്‌ഹാത്ത് 1911 ൽ അൻവർ എന്നിങ്ങനെ അവർക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു.[3]

1907 ലെ കരാബക്ക് ക്ഷാമകാലത്ത് പട്ടിണിയിലായിരുന്ന ഗ്രാമീണർക്ക് ഹമീദ ജവാൻഷീർ മാവും ചാമയും വിതരണം ചെയ്തതു കൂടാതെ രണ്ട് വർഷക്കാലത്തെ പരസ്പരമുള്ള കൂട്ടക്കൊലയ്ക്ക് ശേഷം പ്രാദേശിക അർമേനിയക്കാരും അസേരിസും തമ്മിലുള്ള ഒരു മധ്യസ്ഥയായും പ്രവർത്തിച്ചു.[4] 1908-ൽ അവൾ സ്വന്തം ഗ്രാമമായ കഹ്രിസ്ലിയിൽ ഒരു സഹവിദ്യാഭ്യാസ വിദ്യാലയം സ്ഥാപിക്കുകയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ ക്ലാസ് മുറിയിൽ പഠിക്കാൻ കഴിയുന്ന ആദ്യത്തെ അസേരി സ്കൂളായി ഇത് മാറുകയും ചെയ്തു. 1910 ൽ ജവാൻഷീർ, നഗരത്തിലെ അസേരി പ്രഭുക്കന്മാരുടെ വനിതാ കുടുംബാംഗങ്ങൾക്കൊപ്പം മുസ്‌ലിം വിമൻസ് കൊക്കേഷ്യൻ ബെനവലന്റ് സൊസൈറ്റി സ്ഥാപിച്ചു.[5] സോവിയറ്റ് കാലഘട്ടത്തിലെ ഒരു വസൂരി പകർച്ചവ്യാധിയുടെ സമയത്ത്, അവർ വാക്സിനുകൾ വാങ്ങി കഹ്രിസ്ലിയിലെ ആളുകളെ പരിചരിക്കുകയും ചെയ്തു.

1921-ൽ തബ്രിസിൽ ഒരു വർഷത്തോളം താമസിച്ച ശേഷം കുടുംബം ബാക്കുവിലേക്ക് താമസം മാറ്റുകയും അവിടെവച്ച് തന്റെ ഓർമ്മക്കുറിപ്പുകൾ എഴുതുകയും ഭർത്താവിന്റെ കൃതികൾ വിവർത്തനം നടത്തുകയും ചെയ്തു. അവൾ തന്റെ രണ്ടു മക്കളേക്കാൾ കൂടുതൽ കാലം ജീവിച്ചിരുന്നു (1923 ൽ മിനയും, 1935 ൽ മിദാത്തും അന്തരിച്ചു).[6] 1955 ൽ ബാക്കുവിൽ വച്ചാണ് അവർ അന്തരിച്ചത. അവരുടെ ജീവിതവും കൃതികളും സംബന്ധമായ ഒരു മ്യൂസിയം കഹ്രിസ്ലിയിൽ പ്രവർത്തിക്കുന്നു.

  1. (in Azerbaijani) Megastar and Her Light. An interview with Hamida Javanshir's granddaughter Dr. Mina Davatdarova. Gender-az.org
  2. (in Russian) Truth Told by Nasreddin the Wiseman Archived 2007-09-28 at the Wayback Machine.. Nash vek. #21(260). 28 May 2004. Retrieved 1 December 2007
  3. (in Russian) Our Pride: Jalil Mammadguluzadeh Archived 2007-11-07 at the Wayback Machine. by Galina Mikeladze. Azerbaijanskie izvestia. 4 January 2007. Retrieved 1 December 2007
  4. (in Azerbaijani) Megastar and Her Light. An interview with Hamida Javanshir's granddaughter Dr. Mina Davatdarova. Gender-az.org
  5. (in Azerbaijani) Megastar and Her Light. An interview with Hamida Javanshir's granddaughter Dr. Mina Davatdarova. Gender-az.org
  6. (in Russian) Our Pride: Jalil Mammadguluzadeh Archived 2007-11-07 at the Wayback Machine. by Galina Mikeladze. Azerbaijanskie izvestia. 4 January 2007. Retrieved 1 December 2007
"https://ml.wikipedia.org/w/index.php?title=ഹമീദ_ജവാൻഷിർ&oldid=3288994" എന്ന താളിൽനിന്ന് ശേഖരിച്ചത്