ഹബ്ബിൾ നിയമം
വിദൂരഗാലക്സികളിൽ നിന്നും വരുന്ന പ്രകാശത്തിന്റെ ചുവപ്പുനീക്കം (redshift) പ്രസ്തുതഗാലക്സിയിലേക്കുള്ള ദൂരത്തിനു ആനുപാതികമാണ് എന്നു പ്രസ്താവിക്കുന്ന പ്രശസ്തമായ ഒരു ജ്യോതിശാസ്ത്രനിയമമാണ് ഹബ്ബിൾ നിയമം. ഏതാണ്ട് പത്തോളം വർഷത്തെ നിരന്തരഗവേഷണത്തിനു ശേഷം 1929-ൽ എഡ്‌വിൻ ഹബ്ബിളും മിൽട്ടൺ ഹുമാസണുമാണു ഈ നിയമം രൂപവത്കരിച്ചത്. വികസിക്കുന്ന പ്രപഞ്ചത്തിന്റെ ആദ്യത്തെ നിരീക്ഷണചരിത്രം ഇവരുടെ നിരീക്ഷണപഠനങ്ങളാണെന്നു കരുതപ്പെടുന്നു. മഹാസ്ഫോടന സിദ്ധാന്തത്തിന്റെ ഏറ്റവും ശക്തമായ തെളിവുകളിലൊന്നായാണ് ഇന്നു ഈ നിയമം കൂടുതൽ പ്രശസ്തം.
ഹബ്ബിൾ നിയമത്തിന്റെ ഗണിതരൂപം താഴെ കാണുന്ന പ്രകാരമാണ്.
സൂത്രവാക്യത്തിലെ H0 എന്ന ആനുപാതിക സ്ഥിരാങ്കം (proportionality constant) ഹബ്ബിൾ സ്ഥിരാങ്കം എന്നറിയപ്പെടുന്നു. 2003-ൽ WMAP എന്ന ഉപഗ്രഹമുപയോഗിച്ച് നടത്തിയ പഠനമനുസരിച്ച് ഈ ഹബ്ബിൾ സ്ഥിരാങ്കത്തിന്റെ മൂല്യം 71 ± 4 (km/s)/megaparsec ആണ്. 2006ൽ നാസയുടെ ചന്ദ്ര എക്സ്റേ ഒബ്‌സർവേറ്ററി ഉപയോഗിച്ച് നടത്തിയ കുറച്ച് കൃത്യത കുറഞ്ഞ പഠനത്തിൽ കിട്ടിയ മൂല്യം 77 (km/s)/Mpc എന്നാണു. പക്ഷെ ഈ മൂല്യത്തിനു ± 15% വരെ വ്യത്യാസമുണ്ടാകാമെന്നു പ്രസ്തുത പഠനത്തിൽ പറയുന്നു. ഹബ്ബിൾ സ്ഥിരാങ്കത്തിന്റെ കൃത്യമായ മൂല്യം നിർണ്ണയിക്കുക എന്നത് ജ്യോതിശാസ്ത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു സംഗതിയാണ്. കാരണം അതുപയോഗിച്ചാണ് പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കുന്നത്. നേരിയ വ്യത്യാസം പോലും കോടിക്കണക്കിനു വർഷത്തെ വ്യത്യാസം പ്രായത്തിൽ വരുത്തും.