ഹപി
പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം നൈൽ നദിയിൽ ഉണ്ടാകുന്ന വാർഷിക പ്രളയത്തിന്റെ അധിപ ദേവതയാണ് ഹപി (ഇംഗ്ലീഷ്: Hapi). നൈലിൽ ഉണ്ടാകുന്ന വെള്ളപൊക്കം കാരണമാണ് അതിന്റെ തീരങ്ങളിൽ ഫലഭൂയിഷ്ടമായ എക്കൽമണ്ണ് നിക്ഷേപിക്കപ്പെടുന്നതും, ഈജിപ്റ്റിൽ കൃഷി സാധ്യമാകുന്നതും.[1] ചതുപ്പിലും മറ്റും വളരുന്ന മത്സ്യങ്ങളുടെയും പക്ഷികളുടേയും ദേവതയായും ഹപിയെ കരുതിയിരുന്നു. മിശ്രലിംഗരൂപത്തിലുള്ള ഒരു ദേവനായാണ് ഹപിയെ ചിത്രീകരിക്കാറുള്ളത്.[2]
നൈലിലെ വെള്ളപ്പൊക്കത്തെ ഹപിയുടെ വരവായ് പുരാതന ഈജിപ്ഷ്യർ കരുതിയിരുന്നു.[3] ഈ വെള്ളപ്പൊക്കമാണ് ഈജിപ്റ്റിലെ നൈൽ നദിക്കരയിലെ ഫലഭൂയിഷ്ടമായ മണ്ണിന്റെ കാരണം, ആയതിനാൽ ഹപിയെ ഫലപുഷ്ടിയുടെ ദേവനായും സങ്കല്പിച്ചിരുന്നു. ബൃഹത്തും സമ്പുഷ്ടവുമായ വിളവ് കൊണ്ടുവരുന്ന ദേവൻ എന്ന സങ്കല്പത്തിൽ, ഹപിയെ വലിയ സ്തനങ്ങളോടെയാണ് ചിത്രീകരിച്ചിരുന്നത്. ഫലപുഷ്ടിയുടെ മൂർത്തിരൂപം എന്ന നിലയിൽ ചിലപ്പോഴൊക്കെ ഹപിയെ "ദൈവങ്ങളുടെ പിതാവ്" എന്നും വിശേഷിപ്പിച്ചിരുന്നു.[3]
നൈലിന്റെ ഉദ്ഭവസ്ഥാനമായി കരുതിയിരുന്ന അസ്വാനിനടുത്തുള്ള ഒരു ഗുഹയിലാണ് ഹപി വസിക്കുന്നത് എന്ന് ഈജിപ്ഷ്യർ വിശ്വസിച്ചിരുന്നു.[4] എലിഫന്റൈനാണ് ഹപിയുടെ പ്രധാന ആരാധനാകേന്ദ്രം. സ്ഥിരമായ ജലനിരപ്പ് ലഭിക്കുന്നാതിനായുള്ള പ്രാർഥനങ്ങൾ എലിഫന്റൈനിലെ പുരോഹിതർ നടത്തിയിരുന്നു.