സ്ഥാനഭ്രംശ ടൺ അളവ് (കപ്പൽ)

കപ്പലിന്റെ ഭാരം കാരണം വിസ്ഥാപനം സംഭവിക്കുന്ന വെള്ളത്തിന്റെ ഭാരം

സ്ഥാനഭ്രംശ ടൺ അളവ് (കപ്പൽ)

ഭാരം കയറ്റുന്തോറും കപ്പൽ വെള്ളത്തിലേക്ക് താഴ്ന്നു പോകും. കപ്പലിന്റെ സുരക്ഷിതത്വം അപകടത്തിലാകാത്ത വിധം കയറ്റാവുന്ന പരമാവധി ഭാരത്തിന്റെ അളവ് കണ്ടറിയാനാണ് ഈ സ്‌കെയിൽ ഉപയോഗിക്കുന്നത്.

കപ്പലിൽ വേണ്ടത്ര ഇന്ധനം നിറച്ച്, അത് വഹിച്ചു കൊണ്ടു പോകാനുള്ളവയെല്ലാം കയറ്റിക്കഴിയുമ്പോൾ കപ്പലിന്റെ ഭാരം കാരണം വിസ്ഥാപനം സംഭവിക്കുന്ന വെള്ളത്തിന്റെ ഭാരമാണ് ആ കപ്പലിന്റെ സ്ഥാനഭ്രംശം അഥവാ സ്ഥാനഭ്രംശ ടൺ അളവ് എന്നറിയപ്പെടുന്നത്. ആർക്കിമിഡീസ് തത്ത്വമനുസരിച്ച് ദ്രാവകത്തിൽ ഒരു വസ്തുവിന്റെ ഭാരനഷ്ടവും അത് ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരവും തുല്യമായിരിക്കും.

കടലിലെ ഉപ്പു വെള്ളത്തിന്റേയും, ശുദ്ധജലത്തിന്റേയും സാന്ദ്രതയിൽ വ്യത്യാസം ഉള്ളതിനാൽ കടൽ ജലത്തിന്റെ സാന്ദ്രതയുടെ അടിസ്ഥാനത്തിൽ ഭാരം കയറ്റിച്ചെല്ലുന്ന കപ്പൽ എന്തെങ്കിലും കാരണവശാൽ ശുദ്ധജലം പ്രവഹിക്കുന്ന നദിയിലേക്കു കയറാനിടയായാൽ കപ്പൽ കൂടുതൽ താഴ്ന്നു പോകും. സമുദ്രത്തിന്റെ ഉപരിതലത്തിൽ, ഉപ്പു വെള്ളത്തിന്റെ സാന്ദ്രത 1025 kg/m³ (10.25 lb/ga, 8.55 lb/US gallon) ഉം, ശുദ്ധജലത്തിന്റെ സാന്ദ്രത 1000 kg/m³ (10.00 lb/ga, 8.35 lb/US gallon) ഉം ആണെന്ന് നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്.

ഉദാഹരണത്തിന് 100 ടൺ ഭാരം കയറ്റി കടലിൽ യാത്ര ചെയ്യുന്ന ചരക്കു കപ്പൽ കാരണം ഉണ്ടാകുന്ന ജലത്തിന്റെ സ്ഥാനഭ്രംശം 100 ടൺ ആയിരിക്കും. യാത്രാ മധ്യേ ആ കപ്പൽ ശുദ്ധജലം പ്രവഹിക്കുന്ന നദിയിലേക്കു പ്രവേശിക്കാനിടയായാൽ, ശുദ്ധജലത്തിന്റെ സാന്ദ്രത ഉപ്പു വെള്ളത്തിന്റെ സാന്ദ്രതയേക്കാൾ കുറവായതിനാൽ കപ്പൽ 100 ടണ്ണിലധികം ജലത്തെ സ്ഥാനഭ്രംശം ചെയ്യുകയും, അതു കാരണം കപ്പൽ ജലനിരപ്പിൽ നിന്നും കുറേക്കൂടെ താഴേക്ക് പോകുകയും ചെയ്യും.

കപ്പൽ വെള്ളത്തിലിറക്കുമ്പോൾ ജലത്തിനു സംഭവിക്കുന്ന സ്ഥാനഭ്രംശം അളക്കുവാൻ 1950-നു ശേഷം കമ്പ്യൂട്ടറുകളുടെ സഹായം തേടുന്നതിനാൽ സ്ഥാനഭ്രംശ നിർണ്ണയം താരതമ്യേന എളുപ്പമായിട്ടുണ്ട്.