സൊറോസ്റ്റർ

പേർഷ്യൻ പ്രവാചകൻ

അവെസ്തയുടെ ഏറ്റവും പുരാതനമായ ഭാഗമായ ഗാഥാകളിൽ (Gathas) പരാമർശിക്കപ്പെടുന്ന ഒരു പുരോഹിതനാണ്‌ 'സറാത്തുസ്ട്ര അഥവാ സൊറോസ്റ്റർ'. ദൈവങ്ങൾ തന്നെ തിരഞ്ഞെടുത്ത ആദ്യത്തെ മനുഷ്യപുരോഹിതനാണ് സറാത്തുസ്ത്ര എന്നാണ് വിശ്വാസം.സറാത്തുസ്ത്രയുടെ ജീവിതകാലത്തെക്കുറിച്ചും ജന്മദേശത്തെക്കുറിച്ചും വാസ്തവത്തിൽ അദ്ദേഹം ജീവിച്ചിരുന്നോ എന്നു പോലും തർക്കങ്ങളുണ്ട്. ബി.സി.ഇ. രണ്ടാം സഹസ്രാബ്ദമാണ്‌ അദ്ദേഹത്തിന്റെ ജീവിതകാലം എന്നാണ്‌ ഒരു മതം. എന്നാൽ ഏതാണ്ട് ബി.സി.ഇ. 600-നടുത്താണെന്നാണ്‌ എന്നാണ്‌ മറ്റൊരു വാദം.ഗാഥാകളിലെ ഭാഷയും, ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനകാലത്ത് രചിക്കപ്പെട്ടിട്ടുള്ള ഋഗ്വേദത്തിലെ ഭാഷയും തമ്മിലുള്ള സാരമായ സാദൃശ്യം, ആദ്യത്തെ വാദത്തിന്‌ ആക്കം കൂട്ടുന്ന ഒന്നാണ്‌.

സറാത്തുസ്ത്ര

പരമ്പരാഗതമായി സറാത്തുസ്ട്ര, ബാക്‌ട്രിയയിലാണ്‌ ജീവിച്ചിരുന്നത് എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്. അഫ്ഘാനിസ്താന്റെ വടക്കൻ പ്രദേശങ്ങളുടെ പുരാതനനാമമാണ്‌ ബാക്ട്രിയ. കിഴക്കൻ ഇറാനിലും ഇന്നത്തെ അഫ്ഘാനിസ്താനിലുമുള്ള നിരവധി പ്രദേശങ്ങൾ അവെസ്തയിൽ പരാമർശിക്കപ്പെടുന്നെങ്കിലും അവെസ്തയുടെ പ്രസ്തുതഭാഗങ്ങളെല്ലാം പിൽക്കാലത്ത് രചിക്കപ്പെട്ടതിനാൽ സറാത്തുസ്ത്ര ഈ പ്രദേശത്തല്ല ജീവിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു. വടക്കുപടിഞ്ഞാറൻ ഇറാനിലുള്ള അസർബയ്ജാനുമായും സറാത്തുസ്ട്രയുടെ പേര്‌ ബന്ധപ്പെടുത്തിക്കാണുന്നുണ്ട്. ഇറാന്റെ കിഴക്കോ വടക്കുകിഴക്കോ ഉള്ള ഏതോ ഒരു പ്രദേശത്ത്, ബാഹ്യലോകവുമായി വലിയ ബന്ധമൊന്നുമില്ലാത്ത, മൃഗപരിപാലനം തൊഴിലാക്കിയവരുടെ കൂട്ടത്തിലാണ്‌ ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=സൊറോസ്റ്റർ&oldid=3907742" എന്ന താളിൽനിന്ന് ശേഖരിച്ചത്