സൊണറില സുൽഫേയി
പശ്ചിമഘട്ടത്തിൽ നിന്നു 2020 ൽ കണ്ടെത്തിയ പുതിയ സസ്യമാണ് സൊണറില സുൽഫേയി. നീലഗിരി ജൈവ മണ്ഡലത്തിന്റെ ഭാഗമായ വയനാട്ടിലെ കാട്ടിമട്ടം ചോലവനത്തോട് ചേർന്നുകിടക്കുന്ന തൊള്ളായിരം മേഖലയിൽ നിന്നാണു സൊണറില ജനുസിൽ പെടുന്ന പുതിയ സസ്യത്തെ കണ്ടെത്തിയത്. സ്വർണയില എന്നറിയപ്പെടുന്ന ജനുസിലെ ഇതര സസ്യങ്ങളിൽ നിന്നും വിഭിന്നമായി ശാഖകളായി പിരിയുന്ന പൂങ്കുലയാണു ഇവയുടെ പ്രത്യേകത. മഴക്കാലങ്ങളിൽ അരുവികളോടു ചേർന്നുകിടക്കുന്ന പാറക്കെട്ടുകളിൽ പറ്റി വളരുന്ന ഇവയ്ക്ക് മാംസളമായ കിഴങ്ങും അതിമനോഹരമായ ഇലകളും പൂക്കളും ഉണ്ടാവും. 4 മാസത്തോളമാണ് ആയുർദൈർഘ്യം.[1]
കണ്ടെത്തൽ
തിരുത്തുകപുത്തൂർവയൽ ഡോ. എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനിലെ പിച്ചൻ എം.സലിം, ആലപ്പുഴ സനാതന ധർമ കോളജിലെ സസ്യശാസ്ത്ര അധ്യാപകനായ ഡോ. ജോസ് മാത്യു, തൃശൂർ കേരള ഫോറസ്റ്റ് റിസർച് സെന്ററിലെ ഡോ. ഹൃതിക് എന്നിവരാണു സസ്യത്തെ കണ്ടെത്തിയത്. പരിസ്ഥിതി സംരക്ഷണ പ്രവർത്തകനും സൗദി അറേബ്യയിലെ പ്രിൻസ് സത്തം ബിൻ അബ്ദുൽ അസീസ് സർവകലാശാലയിലെ പ്രഫസറുമായ ഡോ. എം.എം. സുൽഫിയോടുള്ള ആദരവിന്റെ ഭാഗമായാണ് സസ്യത്തിനു സൊണറില സുൽഫേയി എന്നു പേരിട്ടത്.