സേവിംഗ്സ് ബാങ്ക് അക്കൗണ്ട്

ഒരു റീട്ടെയിൽ ബാങ്കിലെ ബാങ്ക് അക്കൗണ്ട് തരങ്ങളിൽ ഒന്നാണ് സേവിംഗ്സ് അക്കൗണ്ട്. പരിമിതമായ എണ്ണം പിൻവലിക്കലുകൾ, ചെക്ക്, ലിങ്ക് ചെയ്ത ഡെബിറ്റ് കാർഡ് സൗകര്യങ്ങൾ, പരിമിതമായ ട്രാൻസ്ഫർ ഓപ്‌ഷനുകൾ, ഓവർഡ്രോ ചെയ്യാനുള്ള കഴിവില്ലായ്മ എന്നിവ ഇത്തരം അക്കൗണ്ടുകളുടെ പൊതുവായ സവിശേഷതകളിൽ ഉൾപ്പെടുന്നു. പരമ്പരാഗതമായി, സേവിംഗ്‌സ് അക്കൗണ്ടുകളിലെ ഇടപാടുകൾ ഒരു പാസ്‌ബുക്കിൽ വ്യാപകമായി രേഖപ്പെടുത്താറുണ്ട്, അത്തരം ഇടപാടുകൾ സാധാരണയായി ഇലക്ട്രോണിക് ആയി രേഖപ്പെടുത്തുകയും ഓൺലൈനിൽ ആക്സസ് ചെയ്യാവുന്നതുമാണ്.

പല തരത്തിലുള്ള സേവിംഗ്സ് അക്കൗണ്ടുകൾ ഉണ്ട്, പലപ്പോഴും പ്രത്യേക ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്നു. ഇതിൽ സാലറി സേവിംഗ്സ് അക്കൗണ്ട്, വിരമിച്ചവർക്കുള്ള അക്കൗണ്ടുകൾ, സീറോ ബാലൻസ് അക്കൗണ്ട് എന്നിവ ഉൾപ്പെട്ടേക്കാം. ചില സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് പോലുള്ള പ്രത്യേക ആവശ്യകതകളും ഉണ്ട്.

പ്രത്യേകതകൾ തിരുത്തുക

പണം സൂക്ഷിക്കാൻ സുരക്ഷിതമായ ഇടം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ ആളുകൾ സേവിംഗ്സ് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നു. അക്കൗണ്ടിലെ തുക ഏത് സമയവും പിൻവലിക്കാനാകും.[1] സേവിംഗ്‌സ് അക്കൗണ്ടുകൾ സാധാരണയായി പലിശയും നൽകുന്നു.[1] ചെക്ക് ബുക്കുകൾ, ഡെബിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, എന്നിവ പോലെയുള്ള സൗകര്യങ്ങൾ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിനൊപ്പം ഉപയേക്താക്കൾക്ക് ലഭിക്കും.[1] ഒരാൾക്ക് ഒന്നിലധികം സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാവുന്നതാണ്.[2]

നിരവധി രാജ്യങ്ങൾ സേവിംഗ്സ് അക്കൗണ്ടുകൾ ഡെപ്പോസിറ്റ് ഇൻഷുറൻസിലൂടെ പരിരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നു, ചില രാജ്യങ്ങൾ അക്കൗണ്ട് ബാലൻസിന്റെ ഒരു ഭാഗത്തിനെങ്കിലും സർക്കാർ ഗ്യാരണ്ടി നൽകുന്നു. ഇന്ത്യയിൽ കേന്ദ്രസർക്കാർ ഡിപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ വഴി അഞ്ച് ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ നൽകി വരുന്നു.[3] അമേരിക്കൻ ഐക്യനാടുകളിൽ പരമ്പരാഗത സേവിംഗ്സ് അക്കൗണ്ടുകൾ ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (FDIC) ആണ് ഇൻഷ്വർ ചെയ്യുന്നത്.[4]

തരങ്ങൾ തിരുത്തുക

റെഗുലർ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തിരുത്തുക

ഒരു ബാങ്കിൽ അക്കൗണ്ട് തുടങ്ങുന്നവർ ആരംഭിക്കുന്ന അക്കൗണ്ടാണിത്. ഇത്തരം അക്കൗണ്ടുകളിൽ നിശ്ചിത സമയങ്ങളിൽ നിശ്ചിത തുക നിക്ഷേപിക്കണം എന്ന നിബന്ധന ഇല്ല. പൈസ കയ്യിൽ കിട്ടുന്നത് പോലെ നിക്ഷേപിക്കുകയും ആവശ്യം വരുമ്പോൾ പണം പിൻവലിക്കാവുന്നതുമാണ്. പക്ഷേ അക്കൗണ്ടിൽ എപ്പോഴും കുറഞ്ഞ തുക സൂക്ഷിക്കണമെന്ന് മിക്ക ബാങ്കുകളും നിബന്ധന ചെലുത്താറുണ്ട്. ഇത് ചെയ്തില്ലെങ്കിൽ വർഷാവർഷം പെനാൽറ്റി ഇനത്തിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്യാൻ ബാങ്കിന് അധികാരമുണ്ട്. അങ്ങനെ സസ്പെൻഡ് ചെയ്യപ്പെട്ടാൽ അക്കൗണ്ടുടമ ബന്ധപ്പെട്ട ബ്രാഞ്ചുമായി ഇടപെട്ട് ബാങ്ക് ആവശ്യപ്പെടുന്ന തുക അടച്ച് സേവിംഗ്സ് അക്കൗണ്ട് സേവനങ്ങൾ പുന:രാംഭിക്കാവുന്നതാണ്‌.

സാലറി സേവിംഗ്സ് അക്കൗണ്ട് തിരുത്തുക

സ്വകാര്യ കമ്പനികളും മറ്റ് വാണിജ്യ വ്യാപാര സ്ഥാപനങ്ങളും അവരുടെ ജോലിക്കാർക്ക് ശമ്പളം നൽകുന്നതിനായി ആരംഭിക്കുന്ന അക്കൗണ്ടാണിത്. സാലറി അക്കൗണ്ടുകൾ ജോലിക്കാർ അവരുടെ താത്പര്യത്തിനനുസരിച്ചാണ് കൈകാര്യം ചെയ്യുന്നത്. സാലറി അക്കൗണ്ടുകളിൽ മിനിമം ബാലൻസ് വേണമെന്ന് ബാങ്ക് നിർദ്ദേശിക്കുന്നില്ല.[5] മാസ ശമ്പളം അക്കൗണ്ടുകളിൽ വരുന്നത് മുടങ്ങിയാൽ ഇത്തരം അക്കൗണ്ടുകൾ റെഗുലർ സേവിംഗ്‌സ് അക്കൗണ്ടുകളായി മാറ്റപ്പെടും.[5]

മുതിർന്ന പൗരന്മാർക്കുള്ള സേവിംഗ്‌സ് അക്കൗണ്ട് തിരുത്തുക

സാധാരണ സേവിംഗ്സ് അക്കൗണ്ട് പോലെ തന്നെയാണിത്.

കുട്ടികൾക്കുള്ള സേവിംഗ്സ് അക്കൗണ്ട് തിരുത്തുക

വളർന്ന് വരുന്ന സ്കൂളിലും കോളേജിലും പഠിക്കുന്ന വിദ്യാർത്ഥികളെ ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചും ലഘു സമ്പാദ്യ പദ്ധതികളെകുറിച്ചും ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ്. ഈ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതില്ല. പത്ത് വയസ് മുതലുള്ള കുട്ടികൾക്ക് ഈ പദ്ധതിയിൽ ചേരാൻ കഴിയും.

മഹിളാ സേവിംഗ്സ് അക്കൗണ്ട് തിരുത്തുക

സ്ത്രീ സംരഭകർക്ക് ഉപകാരപ്രദമാവുന്ന വിധത്തിലുള്ള പലിശനിരക്ക്, സംരഭം തുടങ്ങാൻ ആവശ്യമായ വായ്പ്പകൾ, വിവിധ തരത്തിലുള്ള നിക്ഷേപ പദ്ധതികൾ തുടങ്ങിയവ മഹിളാ സേവിംഗ്‌സ് അക്കൗണ്ടുകൾ വഴി ബാങ്കുകൾ നൽകി വരുന്നു.

സീറോ ബാലൻസ് അക്കൗണ്ട് തിരുത്തുക

മിനിമം ബാലൻസ് വേണമെന്ന നിർബന്ധം ഇല്ലാത്ത തരം സേവിംഗ്‌സ് അക്കൗണ്ടുകളാണ് സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ടുകൾ എന്ന് അറിയപ്പെടുന്നത്.[6]സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങുന്നയാൾക്ക് നിശ്ചിത തുക ബാലൻസായി സൂക്ഷിക്കാതെ തന്നെ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യാൻ കഴിയും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഈ അക്കൗണ്ട് പ്രയോജനകരമാണ്.

പ്രധാനമന്ത്രി ജൻധൻ യോജന സേവിംഗ്‌സ് അക്കൗണ്ട് തിരുത്തുക

ഇന്ത്യയിലുള്ള പൗരന്മാർക്ക് അർഹതപ്പെട്ട സാമ്പത്തിക സഹായങ്ങളും സർക്കാരിൻ്റെ അംഗീകാരങ്ങളും ധനസഹായങ്ങളും മറ്റും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചവയാണ് പ്രധാനമന്ത്രി ജൻധൻ യോജന സേവിംഗ്‌സ് അക്കൗണ്ട്. സീറോ ബാലൻസ് അക്കൗണ്ടുകളായ ഈ അക്കൗണ്ടുകൾ വഴി ഒരു വിധത്തിലുമുള്ള ചാർജുകളുമില്ലാതെ പൈസ നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യാവുന്നതാണ്.[6]

ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് തിരുത്തുക

മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതില്ലാത്തതും എന്നാൽ ഇടപാടുകളുടെ എണ്ണം പോലെ ചില കാര്യങ്ങൾ പരിമിതപ്പെടുത്തിയതുമായ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആണ് ബി.എസ്.ബി.ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ്.[7] ബി.എസ്.ബി.ഡി എന്ന് അറിയപ്പെടുന്നു. ഇന്ത്യയിൽ, ഒരു സ്വകാര്യ, പൊതുമേഖല ബാങ്കിൽ അക്കൗണ്ട് ആരംഭിക്കാനാഗ്രഹിക്കുന്ന എല്ലാവർക്കും അതാത് ബാങ്കുകൾ ഈ സേവനത്തെ കുറിച്ച് അറിവ് നൽകണമെന്നാണ് റിസർവ് ബാങ്കിൻ്റെ നിർദ്ദേശം. ഇന്ത്യയിലെ എല്ലാ വാണിജ്യ ബാങ്കുകളിലും ഇന്ത്യയിൽ ശാഖകളുള്ള വിദേശ ബാങ്കുകളിലും ബി.എസ്.ബി.ഡി അക്കൗണ്ടുകൾ തുടങ്ങാവുന്നതാണ്.

പെൻഷൻ അക്കൗണ്ട് തിരുത്തുക

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമ പെൻഷനുകൾക്ക് അർഹരായവർക്ക് അത് ലഭ്യമാക്കുന്നത് പെൻഷൻ അക്കൗണ്ട് വഴിയാണ്. പെൻഷൻ അക്കൗണ്ട് തുടങ്ങുന്നതിന് മിനിമം ബാലൻസ് ആവശ്യമില്ല.

മിനിമം ബാലൻസ് തിരുത്തുക

ചിലതരം സേവിംഗ്സ് അക്കൗണ്ടുകളിൽ സൂക്ഷിക്കേണ്ട കുറഞ്ഞ തുകയാണ് മിനിമം ബാലൻസ് എന്ന് അറിയപ്പെടുന്നത്.[4] വ്യത്യസ്ത ബാങ്കുകൾക്കും അക്കൗണ്ടുകൾക്കുമിടയിൽ മിനിമം ബാലൻസ് വ്യത്യാസപ്പെട്ടേക്കാം.[4] കൂടാതെ പ്രദേശത്തിന് അനുസരിച്ച് ഒരു ബാങ്കിന്റെ തന്നെ മിനിമം ബാലൻസ് പരിധികളിൽ മാറ്റമുണ്ടാകും. അതായത്, ഗ്രാമീണ മേഖലയിലെ ബ്രാഞ്ചുകളിലെ അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് പരിധി കുറവും നഗര മേഖലയിൽ കൂടുതലുമായിരിക്കും.[8]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "ഈ ബാങ്ക് അക്കൗണ്ടുകളിൽ ഏതാണ് നിങ്ങൾക്ക് ലാഭം? എന്താണ്‌ വ്യത്യാസം?". Retrieved 2023-10-30.
  2. "ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ പുലിവാലാകുമോ, എന്തെങ്കിലും നേട്ടമുണ്ടോ?". Retrieved 2023-10-30.
  3. "ബാങ്ക് അക്കൗണ്ടിൽ എത്ര രൂപ വരെ നിക്ഷേപിക്കാം?". Retrieved 2023-10-30.
  4. 4.0 4.1 4.2 "How a traditional savings account can help protect and grow your money". Fortune Recommends (in ഇംഗ്ലീഷ്).
  5. 5.0 5.1 "സാലറി അക്കൗണ്ട് ഉള്ളവരാണോ നിങ്ങൾ? എങ്കിൽ ഈ നേട്ടങ്ങൾ അറിയാതെ പോകരുത്". Retrieved 2023-10-30.
  6. 6.0 6.1 Joshi, Armaan (13 ജൂലൈ 2023). "Best Zero Balance Savings Account 2023". Forbes Advisor INDIA (in ഇംഗ്ലീഷ്).
  7. "തികച്ചും സൗജന്യ നിരക്കിൽ സേവിങ്സ് അക്കൗണ്ട്". Retrieved 2023-10-30.
  8. "ഇങ്ങനെയാണെങ്കിൽ ബാങ്ക് നിങ്ങളിൽ നിന്ന് ഉറപ്പായും പിഴയീടാക്കും". Retrieved 2023-10-30.