സേഫ്റ്റി ഗ്ലാസ്സ്
സെല്ലുലോയ്ഡ് പാളികൾ ചേർത്തു വച്ച് രണ്ടോ അതിലധികമോ ചില്ലുകൾ ഒട്ടിച്ചാണ് സേഫ്റ്റിഗ്ലാസ്സ് നിർമ്മിക്കുന്നത്. ചില്ലിന്മേൽ അടികൊള്ളുമ്പോൾ അവ പൊട്ടുമെങ്കിലും സെല്ലുലോയ്ഡ് പാളി അവയെ പൊട്ടിച്ചിതറുന്നതിൽ നിന്ന് തടഞ്ഞു നിർത്തുന്നു. വാഹനങ്ങളുടെ മുന്നിലും പിന്നിലും ഉപയോഗിക്കുന്ന ചില്ലുകളിൽ രണ്ടു പാളി ഗ്ലാസ്സുകളാണുള്ളത്. ഗ്ലാസ്സുകളുടെ പാളി കൂടുന്നതനുസരിച്ച് അവയുടെ ശക്തികൂടുകയും ചെയ്യും. ബുള്ളറ്റ് പ്രൂഫ് ചില്ലുകളിൽ രണ്ടിലധികം പാളികളുണ്ട്. ടഫൻഡ് ഗ്ലാസ്സ്, ലാമിനേറ്റഡ് ഗ്ലാസ്സ്, വയർമെഷ് ഗ്ലാസ്സ്, എൻഗ്രേവെഡ് ഗ്ലാസ്സ് എന്നീ നാലുതരം ഗ്ലാസ്സുകൾ സേഫ്റ്റി ഗ്ലാസ്സിന്റെ വിഭാഗത്തിൽ ഉൾപ്പെടുന്നു. 1903-ൽ ഫ്രഞ്ച് ശാസ്ത്രജ്ഞനായ എഡ്വർഡ് ബെനഡിക്റ്റ്സ് ആണ് ലാമിനേറ്റഡ് ഗ്ലാസ്സ് കണ്ടുപിടിച്ചത്.[1] വയർമെഷ് ഗ്ലാസ്സ് കണ്ടുപിടിച്ചത് ഫ്രാൻക് ഷുമാൻ ആണ്.[2][3]
ചരിത്രം
തിരുത്തുക1903-ൽ, ഫ്രഞ്ച് ശാസ്ത്രജ്ഞനായ എഡ്വർഡ് ബെനഡിക്റ്റ്സ് തന്റെ ലാബിൽ പരീക്ഷണത്തിൽ മുഴുകുകയായിരുന്നു. പെട്ടെന്ന് ഭാര്യ എന്തോ പറഞ്ഞു വന്നപ്പോൾ അദ്ദേഹം ചാടിപിടഞ്ഞെഴുന്നേറ്റു. എഴുന്നേല്ക്കുന്നതിനിടയിൽ മേശപ്പുറത്തിരുന്നിരുന്ന സെല്ലുലോയ്ഡ് നിറച്ച ഫ്ലാസ്ക് നിലത്തേക്ക് മറിഞ്ഞുവീണു. നിലംനിറയെ ചില്ലുകൾ ചിതറികിടക്കുന്നതു പ്രതീക്ഷിച്ച ബെനഡിക്റ്റ്സും ഭാര്യയും ചില്ലുകൾ ഫ്ലാസ്കിന്റെ രൂപത്തിൽ കൂടികിടക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. ഉടൻ തന്നെ ബെനഡിക്റ്റ്സിന്റെ ഗവേഷകബുദ്ധി പ്രവർത്തിച്ചു. ചില്ലുകൾ പൊട്ടിച്ചിതറാഞ്ഞതിന്റെ കാരണം കണ്ടെത്താൻ അദ്ദേഹം തീരുമാനിച്ചു. കുറച്ചുദിവസത്തെ ഗവേഷണത്തിനുശേഷം ഫ്ലാസ്കിലെ സെല്ലുലോയ്ഡാണ് ചില്ലുകൾ പൊട്ടിച്ചിതറാതെ സൂക്ഷിച്ചതെന്നന്ന് അദ്ദേഹം കണ്ടെത്തി. ഗവേഷണം തുടർന്ന അദ്ദേഹം രണ്ട് ഗ്ലാസ്സുകൾ ഒരു സെല്ലുലോയ്ഡ് പാളി കൊണ്ട് ഒട്ടിച്ച് പരീക്ഷിച്ചുനോക്കി. ആ പരീക്ഷണം വിജയമായിരുന്നു. അങ്ങനെ ആദ്യത്തെ സേഫ്ടി ഗ്ലാസ്സ് പിറന്നു.
ബെനഡിക്റ്റ്സിന്റെ കണ്ടുപിടിത്തത്തിന് അന്ന് ആർക്കും വലിയ താല്പര്യമൊന്നും തോന്നിയിരുന്നില്ല. എന്നാൽ ഒന്നാം ലോകമഹായുദ്ധക്കാലത്ത് അമേരിക്കൻ കരസേന ഗ്യാസ് മുഖംമൂടികളുടെ ചില്ലുകൾ സേഫ്റ്റി ഗ്ലാസ്സ് ഉപയോഗിച്ച് നിർമ്മിക്കാൻ തുടങ്ങിയതോടെ ഇവയ്ക്ക് പ്രചാരം വന്നു. ഇന്ന് സേഫ്റ്റിഗ്ലാസ്സുകളില്ലാത്ത വാഹനങ്ങളില്ല. വൻകെട്ടിടങ്ങൾക്കു ചുറ്റും വിരിച്ചിരിക്കുന്ന ഗ്ലാസ്സുകൾ പോലും സേഫ്റ്റിഗ്ലാസ്സുകളാണ്.
അവലംബം
തിരുത്തുക- ↑ Édouard Bénédictus (October 1930), Glaces et verres; revue technique, artistique, pratique, 3 (18): 9. Jean-Marie Michel (April 27, 2012) Contribution à l'Histoire Industrielle des Polymères en France, published on-line by the Société Chimique de France, see Chapter A3: Le verre renforcé Triplex, page 7. French patent 405,881 (registered November 25, 1909).
- ↑ Frank Shuman, "Process of embedding wire-netting in glass," U.S. Patent no. 483,021 (filed: July 6, 1892 ; issued: September 20, 1892).
- ↑ Brief Profiles of 2012 Inductees