സെവൻസ് ഫുട്ബോൾ
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, വിശേഷിച്ചും കേരളത്തിലെ മലബാർ ജില്ലകളിൽ ഏറെ പ്രചാരമുള്ള ഫുട്ബോൾ രൂപമാണ് സെവൻസ് ഫുട്ബോൾ. അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷന്റെ നേരിട്ടുള്ള അംഗീകാരം ഇല്ലെങ്കിലും ദക്ഷിണേന്ത്യയിൽ ഫുട്‌ബോൾ എന്ന കായികഇനത്തെ സെവൻസ് പ്രതിനിധീകരിക്കുന്നു. അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ എന്ന സംഘടനയാണ് പൊതുവിൽ സെവൻസിലെ നിയമങ്ങളും മറ്റും തീരുമാനിക്കുന്നത്. സെവൻസിൽ കളി തുടങ്ങിയ പലരും ദേശീയ ടീം വരെ എത്തിയിട്ടുണ്ട്.
കളിരൂപം
തിരുത്തുകഓരോ ടീമുകളിലും ഏഴു വീതം കളിക്കാരാണ് സെവൻസിൽ അണിനിരക്കുക. ഗോൾകീപ്പർ, സ്റ്റോപ്പർ ബാക്ക്, രണ്ട് വിംഗ് ബാക്കുകൾ, ഒരു അറ്റാക്കർ, രണ്ട് സപ്പോട്ടിംഗ് അറ്റാക്കർമാർ എന്നിങ്ങനെയാണ് ടീം ഘടന. മിഡ്‌ഫീൽഡ് ജനറൽ ഇല്ല എന്നതാണ് പ്രൊഫഷണൽ ഇലവൻസ് ഫുട്‌ബോളിൽ നിന്ന് പ്രൊഫഷണൽ സെവൻസിനെ വ്യത്യസ്‌തമാക്കുന്നത്. ഓഫ്‌സൈഡ് നിയമത്തിലും സെവൻസും ഇലവൻസും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. 60 മിനുട്ടു വരെയാണ് കളിസമയം.
സ്വാധീനം
തിരുത്തുകകായിക വിനോദമെന്ന നിലക്ക് സെവൻസിന് ബെംഗളൂരു മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ വൻ സ്വാധീനമാണുള്ളത്. കൊയ്‌ത്ത് കഴിഞ്ഞ വേനൽക്കാലങ്ങളിൽ പാടങ്ങളിൽ താൽക്കാലികമായി നിർമ്മിക്കുന്ന സ്റ്റേഡിയങ്ങളിലാണ് അഖിലേന്ത്യാ സെവൻസ് നടക്കുന്നത്. സമീപ വർഷങ്ങളിൽ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയങ്ങളിലും കളി നടക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാദേശിക ക്ഷേമപ്രവർത്തനങ്ങൾക്കുമുള്ള ധനസമാഹരണാർത്ഥം സെവൻസ് ടൂർണമെന്റുകൾ സംഘടിപ്പിക്കുക പതിവാണ്. ഇന്ത്യക്കു പുറമെയുള്ള രാജ്യങ്ങളിൽ അവിടെയുള്ള മലയാളികൾ ലോക്കൽ സെവൻസ് ടൂർണമെന്റുകൾ സംഘടിപ്പിച്ചു വരുന്നു.[1] കേരളം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന ആഫ്രിക്കൻ വിദ്യാർത്ഥികളും(പണ്ട്) ജൂനിയർ വേൾഡ് കപ് വരെ കളിച്ച ആഫ്രിക്കൻ ഇന്റർനാഷണൽ താരങ്ങളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സെവൻസ് ടൂർണമെന്റുകളിലെ സ്ഥിര സാന്നിധ്യമാണ്.
ക്ലബ്ബുകൾ, കളിക്കാർ
തിരുത്തുകസൂപ്പർ സ്റ്റുഡിയോ മലപ്പുറം,യുനൈറ്റഡ് എഫ്.സി മുംബൈ, ചെന്നൈ എഫ്.സി, സബാൻ കോട്ടക്കൽ, ഉഷ എഫ്.സി ആലുക്കാസ് തൃശൂർ, കെ.ആർ.എസ് കോഴിക്കോട്, അൽമദീന ചെർപ്പുളശ്ശേരി, റോയൽ ട്രാവൽസ് ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോട്,ഫിഫ മഞ്ചേരി, ജിംഖാന തൃശൂർ, എഫ്.സി തൃക്കരിപ്പൂർ, ഹിറ്റാച്ചി തൃക്കരിപ്പൂർ, എ.എഫ്.സി അമ്പലവയൽ, ജവഹർ മാവൂർ, എ.വൈ.സി ഉച്ചാരക്കടവ്,ടോപ്മോസ്റ്റ് തലശ്ശേരി, ഹണ്ടേഴ്‌സ് കൂത്തുപറമ്പ്, ലക്കി സോക്കർ കൊട്ടപ്പുറം, എഫ്.സി കോയമ്പത്തൂർ, ബെയ്സ് പെരുമ്പാവൂർ, ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട്, സോക്കർ ഷൊർണ്ണൂർ, തുടങ്ങിയവ അറിയപ്പെട്ട സെവൻസ് ക്ലബ്ബുകളാണ്. ദേശീയ തലത്തിൽ കളിച്ചിട്ടുള്ള യു. ഷറഫലി, ഐ.എം വിജയൻ, സത്യൻ, സി.വി പാപ്പച്ചൻ, ബൈചുങ് ബൂട്ടിയ, സുനിൽ ഛേത്രി, അനസ് എടത്തൊടിക, ആഷിഖ് കുരുണിയൻ, സി.കെ വിനീത്, മുഹമ്മദ് റാഫി, സഹൽ അബ്ദുൽ സമദ്, ജോപോൾ അഞ്ചേരി തുടങ്ങിയ കളിക്കാർ സെവൻസിൽ പലപ്പോഴായി സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോൾ വിവിധ ദേശീയ ക്ലബ്ബുകളിലുള്ള എം.പി സക്കീർ, സിറാജുദ്ദീൻ, ജിൻഷാദ്, ഉസ്മാൻ ആഷിഖ്, ഗനി അഹമ്മദ്, ഫഹീം അലി, പ്രദീഷ് ഡിങ്കൻ, റിസുവാൻ അലി, കെ.പി രാഹുൽ, സുബൈർ തുടങ്ങിയവരും സെവൻസ് ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുള്ളവരാണ്.