ചെറുപ്പകാലത്ത് കാണപ്പെട്ട് തുടങ്ങുന്ന ഒരു ചലനവൈകല്യമാണ് സെറിബ്രൽ പാൾസി (സി.പി). ഇതിൻറെ ലക്ഷണങ്ങളും അടയാളങ്ങളും വ്യക്തികൾക്കും പഴക്കത്തിനുമനുസരിച്ച് വ്യത്യസ്ഥമായി കാണപ്പെടുന്നു[1][3]. സ്വാധീനക്കുറവ്, പേശികൾ മുറുകൽ, ബലക്കുറവ്, വിറയൽ എന്നിവയൊക്കെ സാധാരണയായി കാണപ്പെട്ടുവരുന്നു. സ്പർശനം, കാഴ്ച, കേൾവി, സംസാരം, വിഴുങ്ങൽ എന്നീ കഴിവുകളിലും സെറിബ്രൽ പാൾസി പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം[1]. സമ പ്രായത്തിലുള്ള മറ്റു കുട്ടികളെ അപേക്ഷിച്ച് ഇഴയാനും ഇരിക്കാനും നടക്കാനും ഈ രോഗമുള്ള കുട്ടികൾക്ക് പ്രയാസമാണ്. യുക്തിപരമായി ചിന്തിക്കാനും പ്രവർത്തിക്കാനും ചില രോഗികൾക്ക് സാധിക്കാതെ വരുന്നു. അപസ്മാരവും കാണപ്പെടാറുണ്ട്[1].

സെറിബ്രൽ പാൾസി
സെറിബ്രൽ പാൾസി ബാധിച്ച കുട്ടിയും ഡോക്ടറും
സ്പെഷ്യാലിറ്റിപീഡിയാട്രിക്സ്, ന്യൂറോളജി, ഫിസിയാട്രി
ലക്ഷണങ്ങൾസ്വാധീനക്കുറവ്, പേശി വലിവ്, പേശി ബലക്കുറവ്, അപസ്മാരം, വിറയൽ[1]
സങ്കീർണതഅപസ്മാരം, ബൗദ്ധികവളർച്ച കുറവ്[1]
സാധാരണ തുടക്കംശൈശവത്തിൽ[1]
കാലാവധിജീവിതകാലം മുഴുവൻ[1]
കാരണങ്ങൾഅജ്ഞാതം[1]
അപകടസാധ്യത ഘടകങ്ങൾതികയാതെയുള്ള പ്രസവം, ഇരട്ടക്കുട്ടികളുള്ള ഗർഭധാരണം, ഗർഭകാലത്തെ ഇൻഫെക്ഷനുകൾ, പ്രയാസപൂർണ്ണമായ പ്രസവം[1]
ഡയഗ്നോസ്റ്റിക് രീതിവളർച്ച വിലയിരുത്തിക്കൊണ്ട്[1]
Treatmentഫിസിക്കൽ തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഓർത്തോടിക്സ്, ശസ്ത്രക്രിയ[1]
മരുന്ന്ഡയസെപാം, ബാക്ലോഫെൻ, ബോടുലിനം ടോക്സിൻ[1]
ആവൃത്തി2.1 per 1,000[2]

കാരണങ്ങൾ തിരുത്തുക

ചലനം, സന്തുലനം, ശരീരഭാവം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളിലെ തകരാറ് മൂലമാണ് സെറിബ്രൽ പാൾസി ഉണ്ടാവുന്നത്[1] [4]. ഗർഭസ്ഥശിശുവായിരിക്കെ തന്നെയോ ജനിച്ചയുടനെയോ ഇവയുടെ തുടക്കം കാണുന്നത്[1]. ഇത്തരം പ്രശ്നങ്ങളുടെ മൂലകാരണം ഇപ്പോഴും അവ്യക്തമായി തുടരുന്നു[1]. ഇരട്ടക്കുട്ടികളുള്ള ഗർഭധാരണം, മാസം തികയാതെയോ പ്രയാസകരമോ ഉള്ള പ്രസവം എന്നിവയും ടോക്സോപ്ലാസ്മോസിസ്, റുബെല്ല എന്നീ അണുബാധകളും സെറിബ്രൽ പാൾസിക്ക് സാധ്യത കൂട്ടുന്നു. മീഥൈൽമെർക്കുറി പോലുള്ള രാസവസ്തുക്കളുമായുള്ള സമ്പർക്കവും കുഞ്ഞായിരിക്കുമ്പോൾ തലക്കേൽക്കുന്ന ആഘാതങ്ങളും മറ്റു കാരണങ്ങളാണ്[1]. ജനിതക കാരണങ്ങളും ചെറിയതോതിൽ ഉണ്ടാവാറുണ്ട്[5].

വിവിധതരം സെറിബ്രൽ പാൾസികൾ തിരുത്തുക

അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾക്കനുസരിച്ച് ഈ രോഗത്തെ ചില ഉപവിഭാഗങ്ങളായും കണക്കാക്കുന്നുണ്ട്. അറ്റാക്സിക് സെറിബ്രൽ പാൾസി (സ്വാധീനക്കുറവ് പ്രധാന ലക്ഷണമായുള്ളവ), സ്പാസ്റ്റിക് സെറിബ്രൽ പാൾസി (പേശികൾ മുറുകൽ പ്രധാന ലക്ഷണമായവ) എന്നിങ്ങനെ തരംതിരിക്കാറുണ്ട്[1].

രോഗനിർണ്ണയം തിരുത്തുക

കുട്ടികളുടെ വളർച്ച വിലയിരുത്തിയാണ് രോഗത്തെ തിരിച്ചറിയുന്നത്. തുടർന്ന് രോഗകാരണങ്ങളെ കണ്ടെത്താനായി രക്തപരിശോധനകളും മെഡിക്കൽ ഇമേജിങ്ങുകളും ഉപയോഗപ്പെടുത്തുന്നു[1].

പ്രതിരോധമാർഗ്ഗങ്ങൾ തിരുത്തുക

അമ്മക്ക് നൽകപ്പെടുന്ന പ്രതിരോധ കുത്തിവെപ്പുകളിലൂടെയും തലക്ക് ആഘാതമേൽക്കാതിരിക്കാനുള്ള കരുതലിലൂടെയും ഒരു പരിധിവരെ സി.പി യെ പ്രതിരോധിക്കാനാവും[1].

ചികിത്സ തിരുത്തുക

ചികിത്സകളൊന്നും തന്നെ രോഗത്തെ മാറ്റാനായി നിലവിലില്ല. എന്നാൽ ലക്ഷണങ്ങളെ ചികിത്സിക്കാനുള്ള മരുന്നുകളും സർജറികളും മറ്റു സംവിധാനങ്ങളും (ഫിസിക്കൽ തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയൊക്കെ) പ്രശ്നം രൂക്ഷമാകാതിരിക്കാനായി ഉപയോഗിക്കപ്പെടുന്നു[1]. ഡയസെപാം, ബാക്ലോഫെൻ, ബോട്ടുലിനം ടോക്സിൻ തുടങ്ങിയ മരുന്നുകൾ പേശികൾ മുറുകുന്നത് അയവ് വരുത്താൻ സഹായിക്കും[1]. പേശികൾ നീട്ടാനും, ഞരമ്പുകൾ ക്രമപ്പെടുത്താനും സർജറികൾ ഉപയോഗിക്കപ്പെടുന്നു. പുറമേയുള്ള ബലപ്പെടുത്താനും മറ്റുമായുള്ള ബ്രേസിങ്, തുടങ്ങിയ സംവിധാനങ്ങളും ഇവരുടെ ജീവിതം എളുപ്പമാക്കാനായി ഉപയോഗിക്കുന്നു. ബദൽ ചികിത്സകളും പലരും പരീക്ഷിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായി അവ തെളിയിക്കപ്പെട്ടിട്ടില്ല.

ചരിത്രം തിരുത്തുക

കുട്ടികളിലെ ഏറ്റവും സാധാരണമായ ചലന വൈകല്യമാണ് സെറിബ്രൽ പാൾസി.[6] 10,000 ജനനങ്ങളിൽ 21 കുട്ടികളിൽ സി.പി വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്[2]. ബി.സി. അഞ്ചാം നൂറ്റാണ്ടിലെ ഹിപ്പോക്രാറ്റസിന്റെ കൃതികളിലാണ് കണ്ടെത്തിയതിൽ ആദ്യത്തെ സെറിബ്രൽ പാൾസിയെക്കുറിച്ചുള്ള വിവരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്[7]. 19-ആം നൂറ്റാണ്ടിൽ വില്യം ജോൺ ലിറ്റിൽ ഈ അവസ്ഥയെക്കുറിച്ചുള്ള വിപുലമായ പഠനം ആരംഭിക്കുകയും, അന്ന് "ലിറ്റിൽസ് രോഗം" എന്ന് ഈ രോഗം വിളിക്കപ്പെടുകയും ചെയ്തു. [7] വില്യം ഓസ്ലർ ആണ് ഇതിന് ആദ്യം "സെറിബ്രൽ പാൾസി" എന്ന് പേരിട്ടത്. ജർമ്മൻ ഭാഷയിൽ നിന്നാണ് ഈ പേര് വന്നത്[8]. സ്റ്റെം സെൽ തെറാപ്പി ഉൾപ്പെടെ നിരവധി ചികിത്സാരീതികൾ ഇന്നും പരീക്ഷണ ഘട്ടത്തിലാണ്[1].

അവലംബം തിരുത്തുക

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 1.17 1.18 1.19 1.20 1.21 "Cerebral Palsy: Hope Through Research". National Institute of Neurological Disorders and Stroke. July 2013. Archived from the original on 21 February 2017. Retrieved 21 February 2017.
  2. 2.0 2.1 Oskoui, M; Coutinho, F; Dykeman, J; Jetté, N; Pringsheim, T (Jun 2013). "An update on the prevalence of cerebral palsy: a systematic review and meta-analysis". Developmental Medicine & Child Neurology. 55 (6): 509–19. doi:10.1111/dmcn.12080. PMID 23346889.
  3. Haak, Peterson; Lenski, Madeleine; Hidecker, Mary Jo Cooley; Li, Min; Paneth, Nigel (October 2009). "Cerebral palsy and aging". Developmental Medicine & Child Neurology (in ഇംഗ്ലീഷ്). 51: 16–23. doi:10.1111/j.1469-8749.2009.03428.x. PMC 4183123. PMID 19740206.
  4. "Cerebral Palsy: Overview". National Institutes of Health. Archived from the original on 15 February 2017. Retrieved 21 February 2017.
  5. "CEREBRAL PALSY, SPASTIC QUADRIPLEGIC, 1; CPSQ1". Online Mendelian Inheritance in Man. 28 June 2016. Archived from the original on 1 October 2019. Retrieved 26 January 2018.
  6. "How many people are affected?". National Institutes of Health. 5 September 2014. Archived from the original on 2 April 2015. Retrieved 4 March 2015.
  7. 7.0 7.1 Panteliadis, C; Panteliadis, P; Vassilyadi, F (Apr 2013). "Hallmarks in the history of cerebral palsy: from antiquity to mid-20th century". Brain & Development. 35 (4): 285–92. doi:10.1016/j.braindev.2012.05.003. PMID 22658818.
  8. "What is cerebral palsy?". The Cerebral Palsied Association of the Philippines Inc. Archived from the original on 20 December 2016. Retrieved 4 December 2016.
"https://ml.wikipedia.org/w/index.php?title=സെറിബ്രൽ_പാൾസി&oldid=3979653" എന്ന താളിൽനിന്ന് ശേഖരിച്ചത്