സി.ടി. രവികുമാർ

(സി.ടി.രവികുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുപ്രീം കോടതി ജഡ്ജിയാണ് ജസ്റ്റിസ്‌ സി.ടി.രവികുമാർ (മുഴുവൻ പേര് - ചുടലയിൽ തേവൻ രവികുമാർ) (ജനനം:1960 ജനുവരി 5). 2009 ജനവരി 5 മുതൽ മുതൽ 2021 ആഗസ്റ്റ് 30 വരെ അദ്ദേഹം കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു.സാമൂഹ്യ പ്രതിബദ്ധത വെളിപ്പെടുത്തിയ ഒട്ടേറെ വിധികളിലൂടെ ശ്രദ്ധേയനായ ന്യായാധിപനാണ് ജസ്റ്റിസ് സി ടി രവികുമാർ.

ജീവിതരേഖ തിരുത്തുക

1960 ജനുവരി 5 ന് മാവേലിക്കര തഴക്കര ചുടലയിൽ തേവന്റേയും സരസ്വതിയുടേയും ആറ് മക്കളിൽ അഞ്ചാമനായാന്ന് രവികുമാറിന്റെ ജനനം.അച്ഛൻ കോടതിയിൽ ബഞ്ച് ക്ലാർക്കായിരുന്നു. പട്ടികജാതിയിൽപ്പെട്ട പുലയ സമുദായത്തിൽ നിന്നും സ്വപ്രയക്ത്നം കൊണ്ട് സർക്കാർ ഉദ്യോഗം നേടിയവരുടെ ആദ്യ തലമുറയിൽപ്പെട്ട ആളായിരുന്നു അദേഹത്തിന്റെ അച്ഛൻ തേവൻ. പട്ടിക ജാതിയിൽപ്പെട്ടവർക്ക് വിദ്യാഭാസം പോലും നിഷേധിക്കപ്പെട്ട അക്കാലത്ത് അദ്ദേഹം ഉയർന്ന മാർക്ക്‌ നേടി എസ്സ്.എസ്സ്. എൽ.സി പാസ്സായി. തന്റെ സമുദായത്തിൽ നിന്നും പത്തു ബി.എ ക്കാരെയെങ്കിലും കണ്ടിട്ടു വേണം മരിക്കാൻ എന്നു അയ്യങ്കാളി പറഞ്ഞ ഒരു കാലമായിരുന്നു അത്. ഒരിക്കൽ മാവേലിക്കരയിൽ എത്തിയ അയ്യങ്കാളി മിടുക്കനായ ആ വിദ്യാർത്ഥിയെ കുറിച്ച് അറിയുകയും അഭിനന്ദിക്കുകയും ചെയ്തു. പിന്നീട്‌ സർക്കാർ സർവീസിൽ കോടതിയിൽ ബെഞ്ച് ക്ലാർക്കായി നിയമനം കിട്ടി.പീരുമേട് കോടതിയിൽ മജിസ്ട്രേറ്റ് കോടതിയിൽ ആയിരുന്നു നിയമനം.

പീരുമേട്ടിൽ വെച്ചായിരുന്നു ജസ്റ്റിസ്‌ രവികുമാറിന്റെ ജനനം. അച്ഛൻ പിന്നീട്‌ ദീർഘ കാലം ചങ്ങനാശ്ശേരി കോടതിയിൽ ജോലി നോക്കിയിട്ടുണ്ട്.

ആറു മക്കളിൽ ഏറ്റവും ഇളയതായതിനാൽ "കുഞ്ഞ്" എന്നാണ് രവികുമാറിനെ ഓമനിച്ചു വിളിച്ചിരുന്നത്. അച്ഛൻ കോടതി ജീവനക്കാരനായിരുന്നത് നീതിന്യായമേഖല തിരഞ്ഞെടുക്കാൻ രവികുമാറിന് പ്രചോദനമായി. രവികുമാർ ന്യായാധിപനാകണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു. ബെഞ്ച് ക്ലാർക്ക് ആയിരുന്ന അച്ഛൻ ആഗ്രഹിച്ചതിനുപ്പുറം രാജ്യത്തിന്റെ പരമോന്നത കോടതിയിൽ എത്താൻ അദ്ദേഹത്തിനായി.

പരമോന്നത കോടതിയിൽ എത്തുന്നതു കാണാൻ അച്ഛൻ ഇല്ലാതെ പോയതിന്റെ നൊമ്പരം അദേഹത്തിന്റെ മനസ്സിൽ ഉണ്ട്. എല്ലാ ഉയർച്ചയ്ക്കും കാരണം അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥനയും ഈശ്വരാനുഗ്രഹവുമാണെന്ന് അദ്ദേഹം പറയുന്നു. സഹോദരങ്ങളും മാതാപിതാക്കളും നൽകിയ സ്നേഹത്തെയും പിന്തുന്നയെയും കുറിച്ചു പറഞ്ഞ പ്പോൾ ഹൈക്കോടതി നൽകിയ ഫുൾ കോർട്ട് റിഫ്രൻസിൽ അദ്ദേഹം വിതുമ്പി. അകാലത്തിൽ മരിച്ചു പോയ മൂത്ത സഹോദാരി രാധാമണിയെ കുറിച്ച് കണ്ണ് നിറഞ്ഞാണ് അദ്ദേഹം അന്ന് സംസാരിച്ചത്. സ്വർഗത്തിൽ ഇരുന്ന് അവർ തന്റെ നേട്ടം കാണുന്നുണ്ടാക്കും എന്നും പറഞ്ഞു.

വിദ്യാഭാസം തിരുത്തുക

പ്രഥമിക വിദ്യാഭാസം അച്ഛൻ തേവൻ ജോലി ചെയ്തിരുന്ന പീരുമേട്ടിലും തുടർന്ന് മാവേലിക്കരയിലും ആയിരുന്നു.തുടർന്ന് ചങ്ങനാശ്ശേരി എസ്.ബി.കോളേജിൽ നിന്ന് ബി.എ സ്സ്.സി ബോട്ടാണി ബിരുദം നേടി.തുടർന്ന് കോഴിക്കോട് ഗവ.ലോ കോളേജിൽ നിന്നും നിയമ ബിരുദം നേടി.

അഭിഭാഷക വൃത്തി തിരുത്തുക

1986-ൽ അഭിഭാഷകനായി എൻറോൾ ചെയ്ത അദ്ദേഹം മാവേലിക്കരയിൽ അഡ്വ.പി.എസ്. വാസുദേവന്റെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. തുടർണ് പിന്നീട്‌ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ കെ.ജി.ബാലകൃഷ്ണന്റെ ഉപദേശപ്രകാരം ഹൈക്കോടതിയിലേക്ക് പ്രാക്ടീസ് മാറ്റി. അവിടെ അഡ്വ.എം.കെ.ദാമോദരന്റെ കീഴിൽ വർഷങ്ങളോളം പ്രവർത്തിച്ചു. ഹൈക്കോടതിയിലും കീഴ്‌കോടതികളിലും ട്രൈബ്യൂണലുകളിലും പ്രാക്ടീസ് തുടർന്നു. സിവിൽ, ക്രിമിനൽ, സർവീസ് കേസുകളിൽ പ്രാഗൽഭ്യം തെളിയിച്ചു.

ഹൈക്കോടതിയിൽ ഗവ.പ്ലീഡർ, അഡീഷണൽ ഗവ.പ്ലീഡർ, സ്പെഷ്യൽ ഗവ.പ്ലീഡർ (എസ്.സി/എസ് ടി) എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഹൈക്കോടതി ജഡ്ജി തിരുത്തുക

കേരള ഹൈക്കോടതിയിൽ സീനിയർ ഗവ.പ്ലീഡർ ആയിരിക്കെ 2009 ജനുവരി 5ന് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി നിയമിതനായി.തുടർന്ന് 2010 ജനുവരി 15ന് സ്ഥിരം ജഡ്ജിയായി. പന്ത്രണ്ടര വർഷ കാലം അദ്ദേഹം ഹൈക്കോടതി ജഡ്ജിയായിരുന്നു.സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെടുമ്പോൾ അദ്ദേഹം കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ സീനിയർ ജഡ്ജിയായിരുന്നു.

സീനിയർ ജഡ്ജിയെന്ന നിലയിൽ അദ്ദേഹം കേരള ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന്റെ തലവനായിരുന്നു. കേരള ലീഗൽ സർവീസസ് അതോറിറ്റി(കെൽസ)യുടെ എക്സിക്യൂട്ടീവ് ചെയർമാൻ,കേരള ജൂഡീഷ്യൽ അക്കാഡാമി പ്രസിഡണ്ട്‌, കേരള മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ സെന്റർ പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചു.

ഒന്നാം മാറാട് കലാപത്തിൽ കീഴ്‌കോടതി ശിക്ഷിച്ചവരുടെ അപ്പീലിന്മേലുള്ള വിധി, ശബരിമല വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നതിന് അനുമതി നൽകിയ വിധിയടക്കം ദേവസ്വം വിഷയങ്ങളിലുൾപ്പെടെ ഒട്ടേറെ ശ്രദ്ധേയ വിധികൾ പുറപ്പെടുവിച്ചു. ബാർ ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ സുഹൃത്തായ അഭിഭാഷകൻ സ്വാധീനിക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തി കേസിൽനിന്ന് പിൻമാറിയത് ഏറെ ചർച്ചചെയ്യപ്പെട്ടു. ചെറിയകാര്യങ്ങളിൽപ്പോലും കാട്ടിയ നീതിബോധമാണ്‌  അദ്ദേഹത്തെ പരമോന്നത നീതിപീഠത്തിലേക്കെത്തിച്ചത്‌.

സുപ്രീം കോടതി ജഡ്ജി തിരുത്തുക

2021 ഓഗസ്റ്റ് 17-ന് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. കേരള ഹൈക്കോടതിയിൽ നിന്ന് ചീഫ് ജസ്റ്റിസാക്കാതെ നേരിട്ട് സുപ്രീം കോടതി ജഡ്ജിയാക്കുന്ന അഞ്ചാമത്തെ ന്യായാധിപനാണ് ജസ്റ്റിസ് രവികുമാർ.2021 ആഗസ്റ്റ് 31ന് ചീഫ് ജസ്റ്റിസ്‌ എൻ വി രമണ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. സുപ്രീം കോടതി ജഡ്ജിയാക്കുന്ന പതിനഞ്ചാമത്തെ മലയാളിയാന്നു രവികുമാർ.

കുടുംബം തിരുത്തുക

അച്ഛൻ കെ.തേവൻ അമ്മ:സരസ്വതി ഭാര്യ:അഡ്വ.സൈറ രവികുമാർ (ഹൈകോടതി അഭിഭാഷക) മക്കൾ: അഡ്വ.നീതു,നീനു(ഗവേഷക)

സഹോരദരങ്ങൾ: 1) സി.ഡി.മുരളീധരൻ റിട്ട.അധ്യാപകൻ 2) സി.ഡി.രാധാമണി കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട് 3) സി. ടി.രാജൻ റിട്ട.സോണൽ മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 4) സി.ടി.ശശികുമാർ റിട്ട.അധ്യാപകൻ 5) സി.ടി.ജയകുമാരി, തലയോലപ്പറമ്പ്

"https://ml.wikipedia.org/w/index.php?title=സി.ടി._രവികുമാർ&oldid=3941193" എന്ന താളിൽനിന്ന് ശേഖരിച്ചത്