ബ്രിട്ടീഷിന്ത്യയിലെ പ്രശസ്തനായ സസ്യശാസ്ത്രജ്ഞനും വർഗീകരണ ശാസ്ത്രജ്ഞനുമായിരുന്നു സർ ചാൾസ് ആൽഫ്രഡ് ബാർബർ എന്ന ഡോ.സി.എ. ബാർബർ. 1860 ൽ സൗത്ത് ആഫ്രിക്കയിലെ വൈൻബർഗ് എന്ന സ്ഥലത്താണ് ഡോ.സി.എ. ബാർബർ ജനിച്ചത്. കാംബ്രിഡ്ജ് സർവകലാശാലയിലെ പഠനത്തിനു ശേഷം സസ്യശാസ്ത്രജ്ഞനായി ബ്രിട്ടീഷ് സർക്കാർ ഇദ്ദേഹത്തെ മദ്രാസിലേക്കയച്ചു. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യാ ഡയരക്ടറായി പിന്നീട് സ്ഥാനക്കയറ്റം നൽകി. ഇന്ത്യയിലെ ആദ്യ സർക്കാർ കരിമ്പ് വിദഗ്ദ്ധനായി നിയമിതനായ ഇദ്ദേഹമാണ് കോയമ്പത്തൂരിലെ കരിമ്പ് ഗവേഷണ കേന്ദ്രത്തിൻറെ സ്ഥാപക ഡയറക്ടർ. 1912 മുതൽ 1918 വരെ കോയമ്പത്തൂർ കരിമ്പ് ഗവേഷണ കേന്ദ്രത്തിൽ ശാസ്ത്രജ്ഞനായിരുന്നു. ഇക്കാലത്താണ് ജനിതക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിവിധയിനം സങ്കരയിനം കരിമ്പു വർഗങ്ങൾ വളർത്തിയെടുത്തത്. കരിമ്പിലെ ഒരു സങ്കര ഇനമായ സക്കാറം ബാർബെറി ക്ക് ഈ പേരു നൽകിയത് ഡോ.സി.എ. ബാർബറുടെ ബഹുമാനാർത്ഥമാണ്. മദ്രാസ് പ്രസിഡൻസിയിലെ സസ്യജാതികൾ എന്ന പഠനത്തിൻറെ ഭാഗമായി കണ്ണൂർ ജില്ലയിലെ കരിമ്പത്ത് താമസിക്കാനിടയായ ഡോ.ബാർബർ ഇവിടെ ഒരു കൃഷിത്തോട്ടം നിർമ്മിക്കുന്നതിൽ നേതൃത്വം നൽകി.ഈ കൃഷിത്തോട്ടമാണ് ഇപ്പോഴത്തെ ജില്ലാ കാർഷിക തോട്ടമായത്. തൃണ വർഗത്തെക്കുറിച്ച് ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1933 ഫെബ്രുവരി 23 ന് അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=സി.എ._ബാർബർ&oldid=2787604" എന്ന താളിൽനിന്ന് ശേഖരിച്ചത്